15 ഏക്കറിലെ കാര്‍ഷികപ്പെരുമയുമായി ഇരുപതുകാരന്‍

15 ഏക്കറിലെ കാര്‍ഷികപ്പെരുമയുമായി ഇരുപതുകാരന്‍

സംസ്ഥാന സര്‍ക്കാരിന്റെ ജൈവകേരളം പദ്ധതിയുടെ യുവ അംബാസഡര്‍, കാര്‍ഷിക പുരസ്‌കാരങ്ങളുടെ ജേതാവ്, 50 ഇനം ഫലവര്‍ഗങ്ങള്‍, 60 ഇനം ആയുര്‍വേദ സസ്യങ്ങള്‍, എണ്ണിയാലൊടുങ്ങാത്തത്ര പച്ചക്കറികള്‍…. സൂരജിന്റെ ലോകം ഇതാണ്. പ്രായത്തെ വെല്ലുന്ന കഠിനാധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ കൃഷിപ്പെരുമയുമായി സൂരജ് സമകാലിക യുവത്വത്തിന് മാതൃകയാവുകയാണ്

അമ്മയ്‌ക്കൊപ്പം അടുക്കളത്തോട്ടത്തില്‍ വിതച്ച വിത്തുകളില്‍ നിന്നാണ് സൂരജിലെ കൃഷിക്കാരന്റെ വളര്‍ച്ച. പച്ചമുളകും തക്കാളിയും വിളയിച്ച് തുടങ്ങിയ ആ കൃഷി ഇന്ന് കാര്‍ഷികരംഗത്തിന്റെ മുന്‍നിരയില്‍ എത്തിക്കഴിഞ്ഞു. സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞെത്തി കളിസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സൂരജിന്റെ ലക്ഷ്യം കൃഷിയിടമായിരുന്നു. വിയര്‍പ്പൊഴുക്കി പണിതെടുത്ത ഒരേക്കറില്‍ കാലത്തിന്റെ ഗതിമാറ്റത്തിനൊപ്പം സൂരജ് പൊന്ന് വിളയിച്ചു. ഇന്ന് വിവിധയിനത്തില്‍പ്പെട്ട പച്ചക്കറികള്‍ക്കൊപ്പം 50 ഇനം പഴവര്‍ഗങ്ങളും 60ല്‍ പരം വ്യത്യസ്ത ആയുര്‍വേദ സസ്യങ്ങളും സൂരജിന്റെ കൃഷിയിടത്തിലുണ്ട്.

വയനാട് മാതമംഗലം സ്വദേശിയായ സൂരജ് ഇന്ന് കാര്‍ഷിക രംഗത്ത് അറിയപ്പെടുന്ന പ്രതിഭയായി വളര്‍ന്നുകഴിഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ജൈവകേരളം പദ്ധതിയുടെ യുവ അംബാസഡറാണ് ഇന്ന് സൂരജ്. 2014ല്‍ കേരള നിയമസഭയില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ജൈവകൃഷിയെ പറ്റി സൂരജ് ക്ലാസ് എടുത്തത് പതിനാറാം വയസിലായിരുന്നു. ഇതിനൊപ്പം തന്നെ കൃഷിരത്‌ന അവാര്‍ഡ് അടക്കം രണ്ട് കേരള കര്‍ഷകപ്രതിഭാ പുരസ്‌കാരവും വയനാട് ജില്ലാ വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡും തുടങ്ങി പത്തോളം പുരസ്‌കാരങ്ങള്‍ സൂരജിനെ തേടിയെത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സംസ്‌കൃതി അഗ്രോ എന്ന പേരില്‍ സ്വന്തം കൃഷിയിടത്തിലെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കന്‍. പതിനഞ്ചാം വയസില്‍ സ്‌കൂള്‍ അവധിക്കാലത്ത് കൃഷിയെ പറ്റിയുള്ള ഒരു ക്ലാസില്‍ പങ്കെടുത്തതോടെയാണ് മേഖലയില്‍ കൂടുതലായി വ്യാപൃതമാകണം എന്ന തീരുമാനത്തില്‍ സൂരജ് എത്തുന്നത്. പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ സുഭാഷ് പാലേക്കറുടെ ആ ക്ലാസ് പണച്ചെലവില്ലാത്ത കൃഷി രീതികളെ കുറിച്ചായിരുന്നു. തുടര്‍ന്ന് ഒരേക്കറില്‍ കൃഷി തുടങ്ങിയ സൂരജ് ഇന്ന് 15 ഏക്കറിലേക്ക് പണിയിടത്തെ വ്യാപിപ്പിച്ചിരിക്കുന്നു. ഓരോ വിത്തിനങ്ങള്‍ പരീക്ഷിച്ചതിനു ശേഷവും പുതിയ വിത്തിനങ്ങള്‍ ഇറക്കിക്കാണ്ട് വ്യത്യസ്തതകള്‍ക്കുവേണ്ടി പരിശ്രമിച്ചതിനാല്‍ ഒട്ടുമിക്ക പച്ചക്കറികളും പഴവര്‍ഗങ്ങളും സൂരജിന്റെ കൃഷിയിടത്തിലുണ്ട്. പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങളാണ് സൂരജ് വിപണിയില്‍ എത്തിക്കുന്നത്. ഇതിനൊപ്പം തന്നെ എട്ടോളം വയനാടന്‍ കുള്ളന്‍ ഇനത്തില്‍പ്പെട്ട നാടന്‍ പശുക്കളെയും വളര്‍ത്തുന്നുണ്ട്.

കൃഷി ചെയ്യുന്നു എന്നത് കൊണ്ട് ആരെയും മഹത്വവല്‍ക്കരിക്കേണ്ട ആവശ്യമുള്ളതായി തോന്നിയിട്ടില്ല. പണ്ടുകാലം മുതല്‍ എല്ലാവരും ചെയ്തിരുന്ന കാര്യമാണിത്. ഓരോരുത്തരും തങ്ങള്‍ക്കാവുന്ന വിധത്തില്‍ കാര്‍ഷിക രംഗത്തേക്ക് ഇറങ്ങണം. വീട്ടുമുറ്റത്തെ കൃഷിയിടങ്ങള്‍ നിന്നു തന്നെ ഇതിനു തുടക്കമിടാം സൂരജ് യുവ സംരംഭകന്‍, സംസ്‌കൃതി  അഗ്രോ

തന്റെ കൃഷിയോടുള്ള താല്‍പര്യം കൃഷിയിടങ്ങളില്‍ മാത്രം അടക്കി നിര്‍ത്താന്‍ സൂരജ് തയാറാല്ല. ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ വഴി കൃഷിയെ പറ്റിയുള്ള കുറിപ്പുകളും വിജ്ഞാനപരമായ അറിവുകളും മറ്റും ജനങ്ങളിലേക്കെത്തിക്കാനും സൂരജ് ശ്രമിക്കുന്നുണ്ട്. കൃഷിയിടത്തിലെ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍ കൂടുതലും നാട്ടുകാരാണ്. അവര്‍ക്ക് വിതരണം ചെയ്തതിന് ശേഷം മാത്രമേ സൂരജ് വിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കൂ. കേരളത്തിനകത്തും പുറത്തുമായി ഇതിനോടകം നിരവധി ക്ലാസുകളിലും സെമിനാറുകളിലും സ്ഥിരം സാന്നിധ്യമായിക്കഴിഞ്ഞു ഈ യുവ സംരംഭകന്‍. ചിറകമ്പത്ത് പുറഞ്ചേരി മനയില്‍ സുരേഷ് – ഉഷ ദമ്പതികളുടെ മകനായ സൂരജ് ഇപ്പോള്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍, കോളെജ് ഓഫ് കേരള ഹോര്‍ട്ടികള്‍ച്ചര്‍ വെള്ളാനിക്കരയില്‍ ബിഎസ്‌സി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Comments

comments