എകെജി വിവാദം അവസാനിക്കുന്നില്ല; വിടി ബല്‍റാം എംഎല്‍എക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

എകെജി വിവാദം അവസാനിക്കുന്നില്ല; വിടി ബല്‍റാം എംഎല്‍എക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

പാലക്കാട് : ഫേസ്ബുക്ക് പോസ്റ്റിലൂടെ തൃത്താല എംഎല്‍എ വിടി ബല്‍റാം കെട്ടഴിച്ചുവിട്ട എകെജി വിവാദം സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു. തൃത്താലയില്‍ വിടി ബല്‍റാം പങ്കെടുത്ത പൊതുപരിപാടി സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബല്‍റാമിനെ കൈകാര്യം ചെയ്യാന്‍ സിപിഎം പ്രവര്‍ത്തകര്‍ നീങ്ങിയതോടെ സ്ഥലത്തെത്തിയിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സംരക്ഷണം തീര്‍ത്ത് രംഗത്തെത്തി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. ബല്‍റാമിന്റെ വാഹനത്തിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇരു വിഭാഗത്തിലും പെട്ട നിരവധി ആളുകള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഗോപാലസേനയുടെ ഗുണ്ടായിസത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും മാപ്പ് പറയില്ലെന്നും ബല്‍റാം പ്രതികരിച്ചു. അക്രമം നേരിടാന്‍ മതിയായ പൊലീസ് സംവിധാനം സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എംഎല്‍എക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. സിപിഎം നേതാവ് എകെ ഗോപാലന്‍ ഒളിവില്‍ കഴിഞ്ഞ കാലത്ത് 12 വയസുകാരിയായ സുശീലയെ പ്രണയിച്ചെന്നും ബാലപീഢനം നടത്തിയെന്നുമുള്ള വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ബല്‍റാം മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരാനാണ് സിപിഎം തീരുമാനം.

Comments

comments

Categories: FK News, Politics