യു എസ് രഹസ്യ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു

യു എസ് രഹസ്യ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു

യു എസ് ഗവണ്‍മെന്റിന്റെ രഹസ്യ ദൗത്യവുമായി സ്‌പേസ് എക്‌സ് കമ്പനി ബഹിരാകാശത്തെത്തിച്ച ഇന്റലിജന്‍സ് ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി യു എസ് അധികൃതര്‍ സ്ഥിരീകരിച്ചു. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ച ശേഷം ഫ്‌ളോറിഡയിലെ കേപ്പ് കാനവരലില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സുമ എന്ന ഉപഗ്രഹം അപ്രത്യക്ഷമായ വിവരം പുറത്തുവന്നത്. ഉപഗ്രഹത്തിന്റെ ദൗത്യം അതീവ രഹസ്യമായതിനാല്‍ ഉപഗ്രഹത്തിന്റെ തിരോധാനം ദുരൂഹത സൃഷ്ടിച്ചു. ഉപഗ്രഹം ഭ്രമണപഥത്തില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വീണെന്ന് യു എസ് വൃത്തങ്ങള്‍ പറഞ്ഞതായി എ ബി സി ന്യൂസിനോട് വെളിപ്പെടുത്തി. എന്നാല്‍ ഉപഗ്രഹത്തിന്റെ ദൗത്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ യു എസ് തയ്യാറായിട്ടില്ല.
ഫാല്‍ക്കന്‍ 9 റോക്കറ്റ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉപഗ്രഹത്തിന് എന്തു സംഭവിച്ചുവെന്നത് സ്‌പേസ് എക്‌സിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും കമ്പനിയുടെ പ്രസിഡണ്ട് ഗൈ്വന്‍ ഷോട്ട്‌വെല്‍ വിശദീകരിച്ചു. ഫാല്‍ക്കന്‍ 9 കൃത്യതയോടെ തന്നെ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയും തിരിച്ചിറങ്ങുകയും ചെയ്തു. ഫാല്‍ക്കന്‍ 9 ദൗത്യങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഡാറ്റ വിശകലനം ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുള്ളത്.

അതേസമയം വിക്ഷേപണം നടന്ന സമയത്ത് ബരിഹാകാശത്ത് സ്‌പൈറല്‍ രൂപത്തിലുള്ള ഒരു അസാധാരണമായ പ്രകാശ വിസ്‌ഫോടനമുണ്ടായെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ രംഗത്തുവന്നു. ഇതിന്റെ ചിത്രവും അവര്‍ പുറത്തിവിട്ടു. ഒരു ഡച്ച് പൈലറ്റ് ആകാശത്ത് വെച്ച് പകര്‍ത്തിയ ദൃശ്യവും സുഡാനില്‍ നിന്ന് ഒരാള്‍ പകര്‍ത്തിയ ദൃശ്യവുമാണ് പുറത്തുവന്നത്.

സാങ്കേതിക രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് ഫാല്‍ക്കന്‍ ഹെവി എന്ന പുതിയ റോക്കറ്റിന്റെ വിക്ഷേപണം ഈ മാസം നടത്താനിരിക്കെയാണ് ഫാല്‍ക്കന്‍ 9 ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹത്തിന്റെ ദൗത്യം പരാജയപ്പെട്ടിരിക്കുന്നത്. ഫാല്‍ക്കന്‍ ഹെവിയുടെ വിക്ഷേപണത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ഷോട്ട്‌വെല്‍ വ്യക്തമാക്കി.
ജനുവരി ഏഴിനാണ് സുമ എന്ന കോഡ് നാമത്തിലുള്ള ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കന്‍ 9 റോക്കറ്റ് കാനവരലില്‍ നിന്ന് വിക്ഷേപിച്ചത്.

Comments

comments

Categories: FK News, Tech, World