എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം അട്ടിമറിക്കപ്പെടരുത്

എയര്‍ ഇന്ത്യയുടെ  സ്വകാര്യവല്‍ക്കരണം  അട്ടിമറിക്കപ്പെടരുത്

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇപ്പോള്‍ നടപ്പാക്കരുതെന്ന് പാര്‍ലമെന്ററി പാനല്‍ നിര്‍ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും എയര്‍ ഇന്ത്യക്ക് പുനരുജ്ജീവനത്തിനായി നല്‍കണമെന്നും പാനല്‍ നിര്‍ദേശിക്കുന്നു. എയര്‍ ഇന്ത്യയെന്ന സംരംഭത്തിന് ഇപ്പോഴുള്ള മൊത്തം കടം 48,877 കോടി രൂപയുടേതാണ്. 2017 മാര്‍ച്ചിലെ കണക്കനുസരിച്ചാണിത്. ഇതില്‍ 31,517 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പയായി എടുത്തതാണെന്നതും ശ്രദ്ധേയമാണ്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയുടെ നഷ്ടം 3,579 കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രസക്തമായ ചില കണക്കുകള്‍. വര്‍ഷങ്ങളായി നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് എയര്‍ ഇന്ത്യയെ എങ്ങനെ കരകയറ്റാം എന്നതിനെക്കുറിച്ച്. ഇതുവരെ ക്രിയാത്മകമായ ഒരിടപെടലും നടത്താന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ ബാധ്യതകളിലേക്ക് കമ്പനി പോകുകയല്ലാതെ പ്രത്യേകിച്ച് യാതൊരുവിധ പ്രയോജനവുമുണ്ടായിട്ടില്ല. ഈ നിലയ്ക്ക് ഇനിയും അഞ്ച് വര്‍ഷം എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനത്തിനായി നല്‍കണമെന്ന നിര്‍ദേശം തീര്‍ത്തും പ്രായോഗികമല്ലാത്തതാണ്.

ഈ പശ്ചാത്തലം ശരിയായി മനസിലാക്കിയാണ് എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഇനിയും പിന്തുണയ്ക്കുകയെന്നത് തീര്‍ത്തും അയുക്തമായ കാര്യമായി നിതി ആയോഗ് വിലയിരുത്തിയത്.

ഏറെ നാളായി വിവിധ കോണുകളില്‍ നിന്നും ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം. ഭരണനിര്‍വഹണത്തിലെ പാളിച്ച കൊണ്ടും നയങ്ങളിലെ വ്യക്തത കുറവ് കൊണ്ടും ബിസിനസ് മോഡലിലെ കാര്യശേഷിയില്ലായ്മ കൊണ്ടുമാണ് എയര്‍ ഇന്ത്യ ഈ അവസ്ഥയിലേക്കെത്തിയത്. ഒരു കാലത്ത് 35 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന കമ്പനിയാണിത്. എന്നാല്‍ പ്രവര്‍ത്തനത്തിലെ വീഴ്ച്ചകൊണ്ട് മാത്രമാണ് അത് 12.9 ശതമാനമായി കുറഞ്ഞത്. ഇതേ ചട്ടക്കൂടില്‍ ഇനിയും എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുക എന്നെല്ലാം പറയുന്നത് പിന്തിരിപ്പന്‍ ആശയമാണ്.

രാജ്യത്തിന്റെ ഖജനാവിന് ഈ വിമാന കമ്പനി ബാധ്യതയായി തീരുന്ന അവസ്ഥ പുരോഗമനാത്മകമായി നിലപാടുകളെടുക്കുന്ന ഒരു സര്‍ക്കാരിന് യോജിച്ചതല്ല. എയര്‍ ഇന്ത്യ പോലൊരു പൊതുമേഖല സംരംഭം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ മുന്‍ഗണനയല്ല. എയര്‍ ഇന്ത്യക്ക് വേണ്ടി ചെലവിടുന്ന തുക സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ ഫലമുണ്ടാകുകയെങ്കിലും ചെയ്യും. ഒരു സ്ഥാപനത്തെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുന്നതിന് സര്‍ക്കാര്‍ എന്തിനാണ് ഫണ്ട് ചെയ്യുന്നത്. ആ പണം കൂടുതല്‍ പ്രൊഡക്റ്റീവ് ആയി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍. എയര്‍ ഇന്ത്യയുടെ മൊത്തം ബാധ്യതയും ആരോഗ്യത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവെക്കുന്ന തുകയും ഒന്ന് പരിശോധിക്കണം ദേശീയ എയര്‍ലൈനിന്റെ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന വിമര്‍ശകര്‍. അവരുടെ എതിര്‍പ്പിനുള്ള മറുപടി ആ കണക്കുകള്‍ തന്നെ പറയും.

എയര്‍ ഇന്ത്യയെ മികച്ച രീതിയില്‍ നിയന്ത്രിച്ച് ലാഭത്തിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മികവുറ്റ മാനേജ്‌മെന്റ് എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യവുമാണ്. ഭാഗികമായെങ്കിലും കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുകയാണ് എയര്‍ ഇന്ത്യയെ നിലനിര്‍ത്താനുള്ള ഏക വഴി. അതുകൊണ്ടുതന്നെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഇപ്പോള്‍ നടപ്പാകരുതെന്ന പാര്‍ലമെന്ററി പാനലിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊള്ളരുത്. സ്വകാര്യവല്‍ക്കരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് മാത്രമാണ്.

Comments

comments