നഗരത്തിരക്കില്‍ വെല്ലുവിളി നേരിടുന്ന പാഴ്‌സല്‍ നീക്കം

നഗരത്തിരക്കില്‍ വെല്ലുവിളി നേരിടുന്ന പാഴ്‌സല്‍ നീക്കം

ഓണ്‍ലൈന്‍ വിപണി അരങ്ങുവാഴും കാലത്ത് ചരക്കുനീക്കം വേഗത്തിലാക്കാന്‍ കമ്പനികള്‍ സാങ്കേതിക സൗകര്യങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണം

ഓണ്‍ലൈന്‍ ഷോപ്പിംഗും പാഴ്‌സല്‍ സര്‍വീസുകളും സര്‍വവ്യാപകമായി മാറിയ കാലത്ത് വന്‍കിട ഡോര്‍ ടു ഡോര്‍ ഡെലിവറി കമ്പനികളിലെ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാത്തത്. ഒരു മണിക്കൂറിനുള്ളില്‍ നൂറുകണക്കിനു ചരക്കുകള്‍ 20 ഇടങ്ങളില്‍ വരെ ഡെലിവറി ചെയ്ത ശേഷം നഗരമധ്യത്തില്‍ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥലം ലഭിക്കാന്‍ ഏകദേശം തത്തുല്യസമയം ചുറ്റിത്തിരിയേണ്ടി വരുന്നതോടെ കാര്യക്ഷമത കുറഞ്ഞുവെന്ന ചീത്തപ്പേരാകും കമ്പനിക്കു കിട്ടുക. പലപ്പോഴും സ്ഥലം ലഭിക്കാത്തതിനാല്‍ പാതയോരത്ത് താല്‍ക്കാലികമായി വാഹനം നിര്‍ത്തിയിട്ട് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കേണ്ടിയും പൊലീസ് കേസ് നേരിടേണ്ടിയും വരുന്നുവെന്നതു പാഴ്‌സല്‍ വാഹന ഡ്രൈവര്‍മാരുടെ സ്ഥിരം പരാതിയാണ്. പല വന്‍നഗരങ്ങളിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് വളര്‍ച്ച നേടാത്തതിനു പ്രധാന കാരണവും ഇതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2014- 16 കാലത്ത് പാഴ്‌സല്‍ സര്‍വീസിന്റെ വ്യാപ്തി ആഗോളമായി 50 ശതമാനം ഉയര്‍ന്നതായി ടെക്കമ്പനിയായ പിറ്റ്‌നിബോവ്‌സ് വിലയിരുത്തുന്നു. 2021 ആകുമ്പോഴേക്കും വാര്‍ഷികവളര്‍ച്ച 17- 28 ശതമാനമായി ഉയരുമെന്നാണു കരുതുന്നത്. വര്‍ധിച്ചുവരുന്ന ചരക്കുകൈമാറ്റം, അതിദ്രുതവളര്‍ച്ചയിലേക്കു കുതിക്കുന്ന ആഗോളനഗരങ്ങളില്‍ ഗതാഗതമേഖലയെയും പരിസ്ഥിതി മലിനീകരണത്തെയും സംബന്ധിച്ച ആശങ്ക കൂട്ടുന്നു.

പുനര്‍വിചിന്തനത്തിനു നിര്‍ബന്ധിതമാകുന്നു

ലോകത്തിലെ പല വന്‍ നഗരങ്ങളിലും ചില പ്രത്യേക സമയത്ത് ചരക്കുഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പകല്‍ സമയത്ത് കൂറ്റന്‍ ട്രക്കുകള്‍ ദേശീയപാതയിലൂടെ കടന്നു പോകുന്നത് നിരോധിച്ചിരിക്കുന്നത് ഗതാഗതത്തിരക്ക് ഒഴിവാക്കാനാണ്. പകരം നഗരങ്ങളില്‍ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണത്തിനാണ് കമ്പനികള്‍ ശ്രദ്ധയൂന്നുന്നത്. ഇതിനായി മില്യണ്‍ കണക്കിനു പണമാണ് കമ്പനികള്‍ ചെലവാക്കുന്നത്. ഇതോടൊപ്പം കമ്പനികള്‍ ശബ്ദകോലാഹലമൊഴിവാക്കാനും പരിസ്ഥിതി സൗഹൃദകരമായ ഉപകരണങ്ങള്‍ ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു. കാറുകള്‍ നിരത്തുകള്‍ വാഴുന്ന, ജനസാന്ദ്രതകൂടിയ നഗരകേന്ദ്രങ്ങളുള്ള അമേരിക്കയില്‍ ഓണ്‍ലൈന്‍ പാഴ്‌സല്‍ കൈമാറ്റഗതാഗതത്തിരക്ക് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ കാര്യമായി തുടങ്ങിയിട്ടുണ്ട്. തിരക്ക് വര്‍ധിക്കുന്നതിന്റെ സമ്മര്‍ദ്ദം നഗരങ്ങള്‍ക്കു താങ്ങാനാകാത്തതാണ് മുമ്പില്ലാത്ത വിധം ഇത്തരം ചര്‍ച്ചകള്‍ക്ക് കമ്പനികളെ നിര്‍ബന്ധിതരാക്കുന്നതെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സപ്ലൈ ചെയിന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സെന്ററിന്റെ മേധാവി പ്രൊഫ. ആന്‍ ഗുഡ്‌ചൈല്‍ഡ് വിശദീകരിക്കുന്നു. തങ്ങള്‍ ആവിഷ്‌കരിച്ച പദ്ധതിക്ക് മുനിസിപ്പല്‍ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

യുഎസിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന് കടകളിലൂടെയുള്ള ചില്ലറവില്‍പ്പനയെ അപേക്ഷിച്ച് വളരെ ചെറിയ ഭാഗം മാത്രമേ സ്വന്തമാക്കാനായിട്ടുള്ളൂ. ദേശീയ വിപണിയുടെ 10 ശതമാനം മാത്രമാണ് അമേരിക്കന്‍ ഓണ്‍ലൈന്‍ വിപണി കൈയാളുന്നത്. ചൈനയില്‍ ഇത് 15-ഉം ബ്രിട്ടണില്‍ 17-ഉം ദക്ഷിണകൊറിയയില്‍ 18-ഉം ശതമാനമായിരിക്കുമ്പോഴാണിത്. എങ്കിലും യുഎസ് ഇക്കാര്യത്തില്‍ മുന്നേറുകയാണ്. ഈ വര്‍ഷം രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം 16 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഷോപ്പിംഗ് ശീലങ്ങള്‍ മാറി വരുന്നതായി പ്രമുഖ പാഴ്‌സല്‍ കമ്പനിയായ യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസില്‍ 28 വര്‍ഷമായി ഡ്രൈവറായ തോമസ് ചു ചൂണ്ടിക്കാട്ടുന്നു. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ വരവോടെ വീട്ടുപടിക്കല്‍ വന്ന് ഡെലിവറി നടത്തുന്നത് ഏറെ വളര്‍ന്നിരിക്കുന്നു. താന്‍ ജോലി തുടങ്ങിയ കാലത്ത് കുടിവെള്ളത്തിനു വേണ്ടി ആരെങ്കിലും ഓര്‍ഡര്‍ നല്‍കുമോ എന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് സൂര്യനു കീഴെയുള്ള എന്തും ഓര്‍ഡര്‍ ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ലോകത്തിലെ പല വന്‍ നഗരങ്ങളിലും ചില പ്രത്യേക സമയത്ത് ചരക്കുഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പകല്‍ സമയത്ത് കൂറ്റന്‍ ട്രക്കുകള്‍ ദേശീയപാതയിലൂടെ കടന്നു പോകുന്നത് നിരോധിച്ചിരിക്കുന്നത് ഗതാഗതത്തിരക്ക് ഒഴിവാക്കാനാണ്. പകരം നഗരങ്ങളില്‍ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചുള്ള വിതരണത്തിനാണ് കമ്പനികള്‍ ശ്രദ്ധയൂന്നുന്നത്. ഇതിനായി മില്യണ്‍ കണക്കിനു പണമാണ് കമ്പനികള്‍ ചെലവാക്കുന്നത്

പാരിസ്ഥിതി അനുഭവിക്കുന്ന സമ്മര്‍ദ്ദം

വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കായി കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. ചരക്ക് കടത്താന്‍ വിമാനങ്ങള്‍ വാങ്ങാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷങ്ങള്‍ ചെലവിടുന്നു. ജോലിസമയത്തെ വാരാന്ത്യ മണിക്കൂറുകള്‍ വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. ഡെലിവ് പോലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ രംഗപ്രവേശം ചെയ്തതതോടെ അവധിനാളുകള്‍ പോലും തിരക്കേറിയതായി മാറി. ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചാണ് കമ്പനി ഈ വെല്ലുവിളി മറികടന്നത്. എന്നാല്‍ ഇതു കൊണ്ടായില്ല. കഴിഞ്ഞ ദിവസം പാഴ്‌സല്‍ ട്രക്കുമായി കമ്പനികേന്ദ്രത്തില്‍ നിന്നു പുറപ്പെട്ട തോമസ് ചുവിന് 1.5 മൈല്‍ മാത്രം അകലെയുള്ള ആദ്യ വിതരണ കേന്ദ്രത്തിലെത്താന്‍ 30മിനുറ്റോളം വേണ്ടിവന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ടതാണു കാരണം. വാഹനം നിര്‍ത്തി ചരക്കിറക്കാന്‍ രണ്ടു മണിക്കൂറെടുക്കുകയും ചെയ്തു. ചുവിനു മാത്രമല്ല, അവിടെ ആ സമയത്തെത്തിയ മുന്‍നിര കൊറിയര്‍ കമ്പനി ഫെഡറല്‍എക്‌സ്പ്രസ്, യുഎസ് തപാല്‍ വകുപ്പ് എന്നിവയുടെ ജീവനക്കാര്‍ക്കും ഇതേ പോലെ സമയനഷ്ടം അനുഭവിക്കേണ്ടി വന്നു. ഇത് പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം ചെറുതല്ല. ഏറെ നേരം വഴിയില്‍ വാഹനം ഓണ്‍ ചെയ്തിടുന്നത് വലിയ തോതില്‍ ഇന്ധനം കത്തിത്തീരാനും അതുവഴി വായു, ശബ്ദമലിനീകരണങ്ങള്‍ക്കും ഇടയാക്കുന്നു.

കമ്പനി പരിഹാരമാര്‍ഗങ്ങള്‍

ചെലവു ചുരുക്കി, കാര്യക്ഷമമായി ഡെലിവറി നടത്താനുള്ള പരീക്ഷണങ്ങള്‍ക്കാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ലോക്കറുകള്‍ സ്ഥാപിച്ചും തെരഞ്ഞെടുത്ത ഇടങ്ങളില്‍ ഇ- സൈക്കിള്‍ മുഖേനയും സ്റ്റോറുകളില്‍ വന്ന് വാങ്ങാന്‍ പ്രേരിപ്പിച്ചും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം കൈമാറാനുള്ള മാര്‍ഗങ്ങളാണ് അവര്‍ നോക്കുന്നത്. ഡെലിവറികള്‍ പരാജയപ്പെടാതിരിക്കാന്‍ വീടിനകത്ത് വരെ പാഴ്‌സല്‍ എത്തിക്കാനാകുന്ന സ്മാര്‍ട്ട് ലോക്കുകള്‍ ആമസോണ്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആമസോണിന്റെ സുരക്ഷാപൂട്ട്, താക്കോല്‍, കാമറ എന്നിവ അടങ്ങിയ സംവിധാനമാണിത്. വീട്ടുടമയുടെ അനുമതിയോടെ താക്കോല്‍ ഉപയോഗിച്ച് വീടു തുറന്ന് താല്‍ക്കാലിക പ്രവേശനമൊരുക്കുകയാണ് ആമസോണ്‍ സ്മാര്‍ട്ട് ലോക്ക്. ഇതുപയോഗിച്ച് നിങ്ങള്‍ അനുവദിക്കുന്ന ആര്‍ക്കും നിങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ പ്രവേശിച്ച് ജോലി ചെയ്യാം. വീടു പൂട്ടി പോയതിനാല്‍ പാഴ്‌സലുകള്‍ കൈപ്പറ്റാനാകില്ലെന്ന വിഷമവും വേണ്ട. പൂട്ടിനെ ആമസോണിന്റെ സുരക്ഷാകാമറയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ദുരുപയോഗപ്പെടുത്തുമെന്ന ഭയവും വേണ്ട. എന്നാല്‍ പാഴ്‌സല്‍ വീട്ടുപടിക്കലെത്തിക്കുന്നതു വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ സ്വകാര്യമേഖലയ്ക്കു മാത്രമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് പ്രൊഫ. ഹോള്‍ഗ്വിന്‍ വെറസ് ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നം സങ്കീര്‍ണവും ഗൗരവമര്‍ഹിക്കുന്നതുമാണ്. ഒരു വിഭാഗത്തിനു മാത്രമായി ഇതിനു പരിഹാരം കാണാനാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഈ ശരത്കാലത്ത് തിരക്കു പരിഗണിച്ച് ന്യൂയോര്‍ക്കിലെ പ്രധാന പാതകളിലൂടെയുള്ള പാഴ്‌സല്‍ ഡെലിവറി പരീക്ഷണാടിസ്ഥാനത്തില്‍ നിരോധിച്ചിരുന്നു. തിരക്കേറിയ സമയത്തെ ഗതാഗതം കുറയ്ക്കാനുള്ള മേയറുടെ ഉത്തരവനുസരിച്ച് നഗര ഗതാഗത വകുപ്പ് 900 ബിസിനസ് സ്ഥാപനങ്ങളോട് അവരുടെ ഉല്‍പ്പന്നകൈമാറ്റം, തിരക്കു കുറഞ്ഞ സമയത്തേക്ക് മാറ്റാനാവശ്യപ്പെട്ടു. ഇന്നിവിടെ 400 പേരാണ് പ്രവര്‍ത്തിക്കുന്നത്. സംവിധാനം കാര്യക്ഷമമായി എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് തങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്‍ ഡിനീസ് പീറ്റേഴ്‌സ് പറയുന്നു.

യുഎസിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന് കടകളിലൂടെയുള്ള ചില്ലറവില്‍പ്പനയെ അപേക്ഷിച്ച് വളരെ ചെറിയ ഭാഗം മാത്രമേ സ്വന്തമാക്കാനായിട്ടുള്ളൂ. ദേശീയ വിപണിയുടെ 10 ശതമാനം മാത്രമാണ് അമേരിക്കന്‍ ഓണ്‍ലൈന്‍ വിപണി കൈയാളുന്നത്. ചൈനയില്‍ ഇത് 15-ഉം ബ്രിട്ടണില്‍ 17-ഉം ദക്ഷിണകൊറിയയില്‍ 18-ഉം ശതമാനമായിരിക്കുമ്പോഴാണിത്. എങ്കിലും യുഎസ് ഇക്കാര്യത്തില്‍ മുന്നേറുകയാണ്. ഈ വര്‍ഷം രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം 16 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്‌

വേറിട്ട പരിഹാരമാര്‍ഗങ്ങള്‍

യൂറോപ്യന്‍ നഗരങ്ങള്‍ മറ്റു രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നുണ്ട്. ഉദാഹരണത്തിന് പാരിസ് നഗരം ലോജിസ്റ്റിക്‌സ് ഹബ്ബുകളുടെ പ്രായോജകരാകുന്നു. ലണ്ടനിലെ ഒരു ബസ് കമ്പനി പാഴ്‌സല്‍ ഗതാഗതത്തിന്റെ സാധ്യതകള്‍ തേടുന്നു. എന്നാല്‍ പാഴ്‌സല്‍ സര്‍വീസുകള്‍ ഭൂരിഭാഗവും സ്വകാര്യമേഖലയെ ആശ്രയിക്കുന്ന യുഎസിലാകട്ടെ, വിദേശത്തു നിന്നുള്ള ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക ബുദ്ധിമുട്ടാണ്. പരാജയപ്പെട്ട കൊറിയര്‍ ഡെലിവറി വാഹന ട്രിപ്പുകള്‍ വെട്ടിച്ചുരുക്കുന്നതിലും കെട്ടിടങ്ങളുടെ ഉള്ളില്‍ ഡെലിവറി ജീവനക്കാര്‍ ചെലവാക്കുന്ന സമയം കുറയ്ക്കുന്നതിലുമാണ് അവരുടെ ജോലി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ശ്രമങ്ങളെ രൂപീകരിക്കുന്നത് പുതിയ സാങ്കേതികവിദ്യയുപയോഗിച്ചാണ്. ഉല്‍പ്പന്ന കൈമാറ്റത്തിനു ചെലവേറിയ ഇന്നത്തെ സാഹചര്യത്തില്‍ ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ആമസോണ്‍ പോലുള്ള കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. ഉല്‍പ്പന്നകൈമാറ്റത്തിന് കമ്പനികള്‍ റോബോട്ടുകളെയും ആളില്ലാ വിമാനങ്ങളും ഇ- കാറുകളും ഉപയോഗിക്കുന്ന സാഹചര്യം ഉടനുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നഗര ഭരണാധികാരികള്‍ ഇക്കാര്യങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നാണ് മക്കിന്‍സിയുടെ സ്‌റ്റെഫാന്‍ ക്‌നുപ്പര്‍ പറയുന്നത്. നഗരങ്ങളിലെ ഉല്‍പ്പന്നകൈമാറ്റത്തിന്റെ ആക്കം കൂട്ടാന്‍ സി 40 എന്ന പട്ടണങ്ങളുടെ ശൃംഖല ഒരുക്കിയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അവകാശവാദം. തങ്ങള്‍ക്കിത് വിപ്ലവാത്മകമായ ഒരു തുടക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അടുത്തത് എവിടെ?

സാങ്കേതികമുന്നേറ്റം നഗരങ്ങളിലെ ഗതാഗത, മലിനീകരണ പ്രശനങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന ചോദ്യത്തിന് പക്ഷെ, ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. ഓണ്‍ലൈന്‍ വിപണിയിലെ കിടമല്‍സരം ചില്ലറവില്‍പ്പനശാലകള്‍ പൂട്ടിച്ചതോടെ ഉപഭോക്താക്കളുടെ കടസന്ദര്‍ശനയാത്രകളും കച്ചവട അടിസ്ഥാനത്തിലുള്ള ഡെലിവറികളും കുറയ്ക്കാനും ഗതാഗതത്തിരക്കിനു പരിഹാരം കാണാനും സഹായിക്കും. എന്നാല്‍, ഓണ്‍ലൈന്‍ ചില്ലറവില്‍പ്പനക്കാര്‍ കടകളില്‍ കൂടുതല്‍ നിക്ഷേപിക്കാനാരംഭിച്ചതോടെ വെറും മൗസ് ക്ലിക്കുകള്‍ക്ക് ആളുകളുടെ കടയിലേക്കുള്ള ഒഴുക്കിനു പകരമാകാന്‍ പറ്റില്ലെന്ന തരത്തിലുള്ള പഠനങ്ങളും വരാന്‍ തുടങ്ങി. ഇപ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അതിയന്ത്രവല്‍ക്കരണം സമീപഭാവിയില്‍ ഇതിനു മാറ്റം വരുത്തുകയും ചില്ലറവില്‍പ്പനക്കാര്‍ വില്‍പ്പനശാലകള്‍ ഒന്നൊന്നായി പൂട്ടുകയും ചെയ്യുന്നതോടെ വളരെ താല്‍പര്യം ജനിപ്പിക്കുന്ന ചിത്രമാണ് തെളിയാന്‍ പോകുന്നതെന്ന് ഹോഫ്ത്ര സര്‍വകലാശാലയിലെ പ്രൊഫ. ജീന്‍പോള്‍ റോഡ്രിഗ് പ്രവചിക്കുന്നു. ആമസോണ്‍ പോലുള്ള കമ്പനികള്‍ ഡെലിവറി ചെലവുകള്‍ക്കുള്ള കിഴിവുകള്‍ ഉപേക്ഷിക്കുകയും പകരം, ഉപഭോക്താക്കള്‍ക്കായി ഉല്‍പ്പന്നങ്ങളുടെ വിലശ്രേണി അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇപ്പോഴെന്തായാലും ഉയര്‍ന്നു വരുന്ന ആവശ്യത്തിന്റെ പ്രഭാവം വളരെ വ്യക്തമാണ്. ന്യൂയോര്‍ക്കില്‍ ഉയരുന്ന ഓരോ അംബരചുംബിയും ഡെലിവറി ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നത് ഇവയുടെ പണി പൂര്‍ത്തീകരിക്കുന്നതോടെ ഓരോ ട്രക്ക് വേണ്ടിവരുമെന്നാണ്.

Comments

comments

Related Articles