നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നു

നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നു

നൈറ്റ് ഷിഫ്റ്റില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഏറുന്നതായി ഗവേഷകര്‍. തുടര്‍ച്ചയായ ഷിഫ്റ്റും സ്ഥിരതയില്ലാത്ത സമയക്രമങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെ മോശമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ 19 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഏറുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐടി, നഴ്‌സിംഗ്, മാധ്യമ പ്രവര്‍ത്തനം എന്നി മേഖലകളിലാണ് പൊതുവായും നൈറ്റ് ഷിഫ്റ്റുകള്‍ ഒഴിച്ചുകൂടാനാവാതെ നിലനില്‍ക്കുന്നത്. പുരുന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും നൈറ്റ് ഷിഫ്റ്റില്‍ നിയമിച്ചതോടുകൂടി ഇവരുടെ ആരോഗ്യപ്രശ്‌നങ്ങളും ഏറിവരികയാണ്. ഇവരില്‍ നഴ്‌സിംഗ് ജോലിക്കാരിലാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യത ഉള്ളതെന്നും, വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തില്‍ നൈറ്റ് ഷിഫ്റ്റ് ജോലി ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ചൈനയിലെ ചെംഗഡു, സിച്ചുവാന്‍ സര്‍വകലാശാലയിലെ സ്യൂലെ മാ പറഞ്ഞു. രാത്ര കാലങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സിംഗ് ജോലിയുള്ള സ്ത്രീകളില്‍ പൊതുവായി ആറു തരത്തിലുള്ള കാന്‍സര്‍ രോഗങ്ങള്‍ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ശരീരം വിശ്രമം ആവശ്യപ്പെടുന്ന സമയമാണ് പൊതുവെ രാത്രികാലം. ഈ സമയത്ത് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതോടെ ശരീരത്തിന്റെ ജൈവഘടികാരത്തിലാണ് മാറ്റം സംഭവിക്കുന്നത്. ഉറക്കമില്ലായ്മയാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്‌നം. ഉറക്കം ഉണ്ടാക്കുന്ന ക്രമക്കേടുകള്‍ ക്ഷീണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവ നെറ്റ് ഷിഫ്റ്റ് ജോലിക്കാരില്‍ സൃഷ്ടിക്കുന്നതായി മുമ്പ് നടത്തിയ പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളില്‍ അമിതവണ്ണത്തിനും ആര്‍ത്തവ ക്രമക്കേടിനും ഉറക്കമില്ലായ്മ കാരണമാകുന്നുണ്ട്. ജൈവഘടികാരത്തിലെയും ന്യൂറോ എന്‍ഡോക്രൈന്‍ മെക്കാനിസത്തിലെയും താളപ്പിഴകളാണ് രാത്രികാല ജോലിക്കാരായ സ്ത്രീകളില്‍ ആര്‍ത്തവ തകരാറിന് പ്രധാനമായും കാരണമാകുന്നത്. ഇതു കൂടാതെ പ്രമേഹം, രോഗ പ്രതിരോധശേഷി നശിക്കല്‍ എന്നിവയും ഇത്തരക്കാരില്‍ ഏറി വരുന്നതായി വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്പ് , ഓസ്‌ട്രേലിയ, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു ലക്ഷത്തില്‍പരം ആളുകളെ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

Comments

comments

Categories: FK News, Life, Women