ചോക്കുകളില്‍ ചെറു ശില്‍പ്പങ്ങളുടെ മായാജാലം

ചോക്കുകളില്‍ ചെറു ശില്‍പ്പങ്ങളുടെ മായാജാലം

ഐടി പ്രൊഫഷന്‍ ഉപേക്ഷിച്ച് ചോക്കും പെന്‍സില്‍ ലെഡും ക്രയോണ്‍സിലുമായി ശില്‍പങ്ങള്‍ നിര്‍മിച്ച് വിപണി സാധ്യത തേടുകയാണ് കോട്ടയം സ്വദേശി തോമസ് ജേക്കബ്. ഇപ്പോള്‍ അരിമണികളിലാണ് പുതിയ പരീക്ഷണം. പരീക്ഷണങ്ങള്‍ പലതായാലും തുടക്കമിട്ട ചോക്കിന്‍ കഷണങ്ങളിലാണ് നിര്‍മാണങ്ങള്‍ ഏറെയും

മനസിന്റെ കാന്‍വാസിലെ വലിയ രൂപം ചെറു വിരലിന്റെ വലുപ്പമുള്ള ശില്‍പ്പങ്ങളിലേക്കു ചുരുക്കുന്നവരാണ് മൈക്രോ ആര്‍ട്ടിസ്റ്റുകള്‍. കലയും കരവിരുതും സമന്വയിക്കുന്ന അസുലഭ അവസരം. കണ്ണിന് ഇമ്പം തരുന്ന കാഴ്ചകളാണ് ഓരോ മൈക്രോ ആര്‍ട്ടും കാഴ്ചക്കാര്‍ക്കു സമ്മാനിക്കുന്നത്. പഠന കാലം മുതല്‍ക്കെ ശില്‍പ്പ നിര്‍മാണത്തില്‍ താല്‍പര്യമുണ്ടായിരുന്ന തോമസ് ജേക്കബ് മൈക്രോ ആര്‍ട്ട് എന്താണെന്നു പോലും അറിയാത്ത സ്‌കൂള്‍ പഠനകാലത്താണ് ഈ മേഖലയിലേക്ക് എത്തുന്നത്. ടീച്ചര്‍ ക്ലാസ് മുറികളില്‍ ഉപേക്ഷിച്ചു പോയ ചോക്ക് കഷണങ്ങളിലായിരുന്നു തുടക്കം. ചോക്കുകളില്‍ കോംപസ് ഉപയോഗിച്ച് കോറിയിട്ടു തുടങ്ങിയ സ്വയം പരിശീലനം. അത് പിന്നീട് പെന്‍സില്‍ ലെഡിലും പേപ്പറിലും പരീക്ഷിക്കപ്പെട്ടു. പഠനം കഴിഞ്ഞ് പത്തുവര്‍ഷക്കാലം ഐടി കമ്പനിയില്‍ ജോലി ചെയ്‌തെങ്കിലും കലയോടുള്ള പ്രണയം മൂലം ജോലി ഉപേക്ഷിച്ചു. പിന്നീട് പൂര്‍ണ ശ്രദ്ധ മൈക്രോ ആര്‍ട്ടിലേക്കായി. 25 വര്‍ഷത്തോളമായി തോമസ് ശില്‍പ്പ നിര്‍മാണം തുടങ്ങിയിട്ട്. വിദേശങ്ങളില്‍ വളരെ ഡിമാന്റുള്ള മൈക്രോ ആര്‍ട്ട് കേരളത്തില്‍ വളര്‍ച്ച പ്രാപിച്ചു വരുന്നേയുള്ളൂ. ഭൂരിഭാഗം ആളുകള്‍ക്കും മേഖലയെ കുറിച്ച് വലിയ ധാരണ ഇന്നും വന്നിട്ടില്ല. അത് മാറ്റിയെടുക്കാനാണ് കോട്ടയം സ്വദേശി തോമസിന്റെ ശ്രമം. കുടുംബസമേതം കൊച്ചിയില്‍ കാക്കനാട് താമസിക്കുന്ന അദ്ദേഹം മൈക്രോ ആര്‍ട്ടിനേകുറിച്ചും ഈ മേഖലയിലേക്കുള്ള കടന്നു വരവിനേകുറിച്ചും ഫ്യൂച്ചര്‍കേരളയോട് പങ്ക് വെക്കുന്നു.

മൈക്രോ ആര്‍ട്ടിലേക്കുള്ള കടന്നു വരവിനെകുറിച്ച് ?

ആദ്യം മുതല്‍ക്കെ ചിത്രം വരയ്ക്കാറുണ്ടായിരുന്നു. പത്താം വയസില്‍ ആണ് ആദ്യമായി ചോക്കില്‍ ഒരു ശില്‍പ്പം നിര്‍മിച്ചത്. ഒരു പെണ്ണിന്റെ മുഖമായിരുന്നു അത്. ആ സമയത്ത് മൈക്രോ ആര്‍ട്ട് എന്ന പേര് കേട്ടിട്ടു പോലുമില്ല. ടീച്ചര്‍ ക്ലാസില്‍ ഉപേക്ഷിച്ചു പോകുന്ന ചോക്കു കഷണങ്ങളിലായിരുന്നു ആദ്യ പരീക്ഷണം. ആയുധമായി ഉപയോഗിച്ചത് കോംപസും. ആദ്യമായി ചോക്കില്‍ ഒരു മുഖ രൂപം കൊത്തിയെടുത്തപ്പോള്‍ പിന്നീടതു കൗതുകമായി. തുടര്‍ന്ന് പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. പഠനകാലം മുഴുവനായും വടക്കേ ഇന്ത്യയില്‍ ആയിരുന്നു. അവിടെ കളിമണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ വീട്ടിലെ ചപ്പാത്തി മാവില്‍ ശില്‍പ്പങ്ങള്‍ പരീക്ഷിച്ചിരുന്നു. പ്രൊഫഷണലായി മൈക്രോ ആര്‍ട്ട് പഠിച്ചിട്ടില്ല.

ടീച്ചര്‍ ക്ലാസില്‍ ഉപേക്ഷിച്ചു പോകുന്ന ചോക്കു കഷണങ്ങളിലായിരുന്നു ആദ്യ പരീക്ഷണം. ആയുധമായി ഉപയോഗിച്ചത് കോംപസും. ആദ്യമായി ചോക്കില്‍ ഒരു മുഖ രൂപം കൊത്തിയെടുത്തപ്പോള്‍ പിന്നീടതു കൗതുകമായി. തുടര്‍ന്ന് പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. പ്രൊഫഷണലായി മൈക്രോ ആര്‍ട്ട് പഠിച്ചിട്ടില്ല.

തോമസ് ജേക്കബ്, മൈക്രോ ആര്‍ട്ടിസ്റ്റ്

വലിയ രൂപങ്ങള്‍ ചെറു രൂപങ്ങളിലേക്ക് ഒരുക്കുന്ന ഈ മേഖലയുടെ നിലവിലെ സാധ്യതകള്‍ ?

വിദേശ രാജ്യങ്ങളില്‍ വളരെ ഏറെക്കാലമായി വലിയ ഡിമാന്റ് ഉള്ളവയാണ് മൈക്രോ ആര്‍ട്ടുകള്‍. എന്നാല്‍ കേരളത്തില്‍ ഇവയൊക്കെ അറിഞ്ഞു തുടങ്ങിയിട്ട് കുറച്ച് കാലങ്ങളെ ആയിട്ടുള്ളൂ. നിലവില്‍ ഏതാനും ആളുകള്‍ മാത്രമാണ് ഇവിടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഏറെ പ്രചാരം ലഭിക്കുന്ന മൈക്രോ ആര്‍ട്ടിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ബെംഗളൂരില്‍ നിന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ മികച്ച തുക നല്‍കിയാണ് മൈക്രോ ആര്‍ട്ടിലെ ഓരോ ശില്‍പങ്ങളും ആളുകള്‍ വാങ്ങുന്നത്. ആ രീതിയിലേക്ക് കേരളത്തിലെ വിപണിയും വളര്‍ച്ച പ്രാപിച്ചാല്‍ വലിയ സാധ്യതകള്‍ മൈക്രോ ആര്‍ട്ടിനെ തേടി എത്തും.

ഐടി ജോലിയില്‍ നിന്നും മൈക്രോ ആര്‍ട്ടിസ്റ്റിലേക്കുള്ള ചുവടുമാറ്റം ?

പത്താം വയസു മുതല്‍ ആര്‍ട്ടിനോട് താല്‍പര്യം ഉണ്ടായിരുന്നു. പിന്നീട് പഠനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി എന്‍ജിനീയറിംഗ്, എംബിഎ പഠനവുമായി മുന്നോട്ടു പോകുമ്പോഴാണ് വീണ്ടും മൈക്രോ ആര്‍ട്ടിലേക്കുള്ള കടന്നു വരവ്. പത്തു വര്‍ഷക്കാലം ഐടി കമ്പനിയില്‍ ജോലി ചെയ്തു. അപ്പോഴൊക്കെയും ഇത് ഒരു പാര്‍ട്ട് ടൈം ഹോബിയായാണ് കൊണ്ടു പോയിരുന്നത്. വര്‍ഷത്തില്‍ ഒരു ശില്‍പ്പമൊക്കെയേ അന്ന് നിര്‍മിച്ചിരുന്നുള്ളു. ഇപ്പോള്‍ ഐടി കമ്പനിയിലെ ജോലി താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. പൂര്‍ണമായും ശ്രദ്ധ മൈക്രോ ആര്‍ട്ടിനു നല്‍കി. ഒരു ബിസിനസിലേക്ക് എത്തുന്നതിനു മുമ്പ് ഇത് ആളുകളിലേക്ക് എത്തിക്കാനായി ഒരു ആര്‍ട്ട് എക്‌സിബിഷന്‍ ആണ് ഇപ്പോള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. മൈക്രോ ആര്‍ട്ടിനെ പ്രോല്‍സാഹിപ്പിക്കുന്ന ആളുകളെ സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്.

ശില്‍പ്പ നിര്‍മാണത്തെകുറിച്ച് ? നിര്‍മാണത്തിനിടെ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെട്ട ഏതെങ്കിലും ശില്‍പ്പമുണ്ടോ?

വളരെ ശ്രദ്ധയോടും ക്ഷമയോടും കൂടി മാത്രമേ ഒരു മൈക്രോ ആര്‍ട്ടിനെ രൂപപ്പെടുത്തി എടുക്കാന്‍ കഴിയൂ. ഒരു പ്രത്യേകതരം മാനസിക അവസ്ഥയില്‍ ഇരുന്നു വേണം ഇവയുടെ നിര്‍മാണം. ശില്‍പ്പത്തിന്റെ ചില ഭാഗങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പലപ്പോഴും ശ്വാസമടക്കി ഇരിക്കേണ്ടി വരും. ഒരു ചെറിയ ശ്വാസത്തിന്റെ കാറ്റില്‍ പോലും പൊട്ടിപോകുന്ന ശില്‍പ്പങ്ങള്‍ ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. ദിവസങ്ങളും മണിക്കൂറുകളുമെടുത്താണ് പല ശില്‍പ്പങ്ങളും ഉണ്ടാക്കുന്നത്. ചോക്കുകള്‍, പെന്‍സില്‍ ലെഡ്, ക്രയോണ്‍സ് എന്നിവയാണ് ശില്‍പ്പ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ചോക്കുകളിലാണ് ഏറെ ശില്‍പ്പങ്ങളുടേയും നിര്‍മാണം. ചോക്കില്‍ തീര്‍ത്ത പുലിമുരുകന്‍, ബാഹുബലി, കബാലി എന്നിവ ആളുകളുടെ ശ്രദ്ധ കൂടുതല്‍ നേടിയിട്ടുണ്ട്. വിവാഹം, ആനിവേഴ്‌സറി തുടങ്ങിയ ആഘോഷങ്ങളില്‍ ഗിഫ്റ്റ് നല്‍കാനാണ് ആളുകള്‍ കൂടുതലായി മൈക്രോ ആര്‍ട്ടുകള്‍ അന്വേഷിക്കുക. കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നത് പെന്‍സില്‍ ലെഡില്‍ പേരുകള്‍ എഴുതി നല്‍കുന്നതിനാണ്. ഏതു തരം ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നതിനും വളരെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അവ പരിസമാപ്തിയില്‍ എത്തുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയാണ് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം. അത് ഞാന്‍ അനുഭവിക്കാറുണ്ട്. ഇതുവരെ ചെയ്ത നിര്‍മിതികളില്‍ ഏറ്റവും സങ്കീര്‍ണമായി തോന്നിയത്, രണ്ടു കാലില്‍ നില്‍ക്കുന്ന ഒരു കുതിരയെ ചോക്കില്‍ സൃഷ്ടിച്ചപ്പോഴാണ്.

 

Comments

comments