തടികളില്‍ കടഞ്ഞെടുത്ത കച്ചവടം

തടികളില്‍ കടഞ്ഞെടുത്ത കച്ചവടം

സംരംഭക കേരളത്തിന് കടച്ചിലിന്റെ കരുത്തില്‍ നിന്ന് വരുമാനമെത്തിച്ച ചരിത്രമാണ് ഫര്‍ണിച്ചര്‍ സിറ്റി എന്നറിയപ്പെടുന്ന നെല്ലിക്കുഴിക്കുള്ളത്. ഫര്‍ണിച്ചര്‍ വ്യവസായ രംഗത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ നെല്ലിക്കുഴി ഇടക്കാലത്തെ മാന്ദ്യത്തിന് ശേഷം ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.

നാനൂറോളം ഫര്‍ണിച്ചര്‍ വില്‍പ്പന കേന്ദ്രങ്ങള്‍, അത്രതന്നെ നിര്‍മാണ യൂണിറ്റുകള്‍ പതിനായിരത്തിലധികം തൊഴിലാളികള്‍, പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം. ഒരു ഗ്രാമത്തിന്റെ വരുമാന വഴിയുടെ ഏകദേശ ചിത്രമാണിത്. എറണാകുളം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി എന്ന ഗ്രാമമാണ് ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ കരുത്തില്‍ വരുമാനം കൊയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യവസായ കേന്ദ്രമാണ് നെല്ലിക്കുഴി. ഒരു കാലത്ത് വലുപ്പത്തില്‍ ഏഷ്യയിലെ മൂന്നാം സ്ഥാനവും ഫര്‍ണിച്ചര്‍ സിറ്റി എന്നറിയപ്പെടുന്ന ഈ ഗ്രാമത്തിനായിരുന്നു. ഒരു ഗ്രാമത്തിന്റെയാകെ വരുമാനം തടിയില്‍ നിന്നുല്‍ഭവിച്ച ചരിത്രമാണ് നെല്ലിക്കുഴിയുടേത്.

ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തേക്കുള്ള സഞ്ചാര വഴിയിലാണ് നെല്ലിക്കുഴി സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ ആലുവ-മൂന്നാര്‍ റോഡില്‍. ഓടയ്ക്കാലി എന്ന സ്ഥലം കഴിയുന്നതോടെ മുന്നില്‍ നിരത്തിയ ഫര്‍ണിച്ചറുകളുമായി വില്‍പ്പനശാലകള്‍ കണ്ടുതുടങ്ങും. നെല്ലിക്കുഴിയാകുമ്പോഴേക്കും റോഡിന് ഇരുവശവും ഫര്‍ണിച്ചര്‍ കടകള്‍ മാത്രമാകും കാഴ്ചകളില്‍. ഏകദേശം നാല് കിലോമീറ്ററോളം ഫര്‍ണിച്ചര്‍ വില്‍പ്പനശാലകള്‍ തന്നെ. രണ്ട് പതിറ്റാണ്ട് മുമ്പാണ് നെല്ലിക്കുഴി, ഫര്‍ണിച്ചര്‍ വ്യവസായത്തിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിക്കുന്നത്. ഏതാനും കടകള്‍ മാത്രം ഉണ്ടായിരുന്നിടത്ത് നിന്ന് പൊടുന്നനെയുള്ള വളര്‍ച്ചയാണ് പിന്നീടുണ്ടായത്. ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ വരുമാന സാധ്യത മനസിലാക്കി നിരവധി നവസംരംഭകരും തൊഴിലാളികളും ഫര്‍ണിച്ചര്‍ വ്യവസായത്തില്‍ പങ്ക്‌കൊണ്ടതോടെ നെല്ലിക്കുഴിയുടെ വളര്‍ച്ചയ്ക്ക് ഫര്‍ണിച്ചര്‍ അകമ്പടിയായി. ഇന്ന് നെല്ലിക്കുഴിയിലെ 80 ശതമാനം വീടുകളിലെയും ഒരാളെങ്കിലും ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക വീടുകളോടും ചേര്‍ന്ന് നിര്‍മാണ യൂണിറ്റുകളും പോളിഷിംഗ് യൂണിറ്റുകളും മറ്റും സജീവമായി പ്രവര്‍ത്തനം തുടരുന്നു. അതിനൊപ്പം തന്നെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ പണിയെടുക്കുന്നുണ്ട്. മരവ്യവസായത്തില്‍ പേരുകേട്ട പെരുമ്പാവൂരിന്റെ സമീപപ്രദേശമാണെന്നത് ഫര്‍ണിച്ചര്‍ നിര്‍മാണത്തിനാവശ്യമായ തടിയുടെ ലഭ്യതയ്ക്ക് സഹായകമാണ്. കേരളത്തിനകത്തും പുറത്തുമായി വിപണി ഉറപ്പിച്ചിരിക്കുന്ന നെല്ലിക്കുഴി ഫര്‍ണിച്ചറിന് വിദേശ മാര്‍ക്കറ്റുകളിലും സ്വീകാര്യത ഏറെയുണ്ട്. എല്ലാത്തരത്തിലും വ്യത്യസ്ത വിലയിലുമുള്ള ഫര്‍ണിച്ചറുകള്‍ ഇവിടെ സുലഭമാണ്. അതിനാല്‍ തന്നെ കുറഞ്ഞ ബജറ്റുമായെത്തുന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവരാറില്ല. അതിനൊപ്പം തന്നെ ആഡംബരം നിറഞ്ഞവ വേണ്ടവര്‍ക്ക് ആ ഇനത്തിലുള്ളവയും യഥേഷ്ടം ലഭിക്കും.

നെല്ലിക്കുഴിയിലെ 80 ശതമാനത്തിലധികം വീടുകളിലെയും ഒരാളെങ്കിലും ഫര്‍ണിച്ചറുമായി ബന്ധപ്പെട്ട മേഖലയിലാണ് പണിയെടുക്കുന്നത്. ഇതിനൊപ്പം പതിനായിര കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അത്താണിയാകുന്നു ഈ ഫര്‍ണിച്ചര്‍ വ്യവസായം

ഫര്‍ണിച്ചറുകള്‍ക്ക് പുറമെ തടികൊണ്ടുള്ള അലങ്കാര വസ്തുക്കളും ഇവിടെ സുലഭം. വിദേശ ഫര്‍ണിച്ചറുകള്‍ വേണ്ടവര്‍ക്കായി ഇറക്കുമതി ചെയ്ത് നല്‍കുന്നതിനുള്ള സജ്ജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ള ട്രെന്‍ഡുകളും നെല്ലിക്കുഴി വഴി കയറിയിറങ്ങുന്നു. വിപണിയിലെ മാറ്റങ്ങള്‍ മനസിലാക്കി അതിനനുസരിച്ചുള്ള ഡിസൈനുകളില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ നെല്ലിക്കുഴി നിര്‍മാണ യൂണിറ്റുകള്‍ പ്രശസ്തമാണ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം നിരധി ഹോള്‍സെയില്‍ കച്ചവടക്കാര്‍ ദിനംപ്രതി നെല്ലിക്കുഴിയില്‍ എത്തുന്നുണ്ട്. ഫര്‍ണിച്ചര്‍ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇവിടത്തെ വ്യാപാരം തുണയാകുന്നു. പോളിഷിംഗ് പണിക്കാര്‍, കെട്ടിട ഉടമകള്‍, ലോറി ജീവനക്കാര്‍, ഹോട്ടല്‍, നിരവധി ബ്രോക്കര്‍മാര്‍, തടിക്കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഇവിടെ നിന്നും വരുമാനം വഴിതിരിഞ്ഞ് ഒഴുകുന്നുണ്ട്. കൊത്തുപണികള്‍ക്ക് പേരുകേട്ട യുപിയിലെ സഹാറന്‍പൂരില്‍ നിന്നുള്ള നിരവധി തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. കൊത്തുപണികളിലെ നൈപുണ്യവും നവീന രീതികളും മനസിലാക്കി വ്യവസായികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഇവിടേക്ക് നയിക്കുകയായിരുന്നു. ആദ്യമെത്തിയവര്‍ ഇവിടത്തെ സുരക്ഷിതാവസ്ഥ മനസിലാക്കിയതോടെ കൂടുതല്‍ പേരെ ഇവിടേക്ക് എത്തിച്ചു. ഇതോടെ നെല്ലിക്കുഴിയുടെ ഫര്‍ണിച്ചറുകളില്‍ രണ്ട് സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ കൂടി തെളിഞ്ഞുവരികയായിരുന്നു. ഉത്തര്‍പ്രദേശിന്റെ തനത് രീതികളും കേരളത്തനിമയും ഒത്തുചേര്‍ന്നപ്പോള്‍ നെല്ലിക്കുഴി ഫര്‍ണിച്ചറുകള്‍ തന്റേതായ രീതി നിര്‍മിച്ചെടുത്തു. ഉല്‍പ്പന്നത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതിനും വഴിവെച്ചു. ഇതോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച കുതിപ്പാണ് നെല്ലിക്കുഴിയിലെ വ്യാപാരത്തിലുണ്ടായത്. വലുപ്പത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ മൂന്നാം സ്ഥാനം വരെയെത്തിയ പ്രസ്ഥാനത്തിന്റെ മര്‍മത്തിലേറ്റ അടിയായി നോട്ട് നിരോധനം എത്തിയത് തിരിച്ചടിയായി എന്നു വ്യവസായികള്‍ പറയുന്നു. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന വ്യവസായത്തില്‍ നിന്ന് നഷ്ടക്കണക്കുകള്‍ മാത്രം പുറത്ത് വരാനാരംഭിച്ചതും ഇക്കാലത്താണ്. ഇല്ലെങ്കില്‍ ഇന്ന് നിശ്ചയമായും നെല്ലിക്കുഴി ഫര്‍ണിച്ചര്‍ ആഗോളതലത്തില്‍ എത്തുമായിരുന്നു. ഉല്‍പ്പാദകര്‍ എത്താതായതോടെ ഫര്‍ണിച്ചറുകള്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. മികച്ച രീതിയില്‍ പണിയെടുത്തിട്ടും നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ഉടമസ്ഥര്‍ക്ക് നിര്‍ബന്ധപൂര്‍വം പിരിച്ചുവിടേണ്ടിവന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു വ്യവസായത്തിന്റെ പതനം അവിടെ ആരംഭിച്ചു എന്നു പറയാം. എങ്കിലും ഒരു വര്‍ഷത്തിന് ശേഷം വിപണി ഇപ്പോള്‍ കര കയറിക്കൊണ്ടിരിക്കുകയാണ്. പഴയ വില്‍പ്പന തിരിച്ചെത്തിയിട്ടില്ലങ്കിലും നഷ്ടക്കണക്ക് കുറഞ്ഞതായി വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

ഫര്‍ണിച്ചറുകള്‍ക്ക് പുറമെ തടികൊണ്ടുള്ള അലങ്കാരവസ്തുക്കളും ഇവിടെ സുലഭം. വിദേശ ഫര്‍ണിച്ചറുകള്‍ വേണ്ടവര്‍ക്കായി ഇറക്കുമതി ചെയ്ത് നല്‍കുന്നതിനുള്ള സജ്ജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ള ട്രെന്‍ഡുകളും നെല്ലിക്കുഴി വഴി കയറിയിറങ്ങുന്നു

തടിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ക്ക് പുറമെ സ്റ്റീല്‍ ഫര്‍ണിച്ചറുകളും ഇവിടെ ലഭ്യമാണ്. ഫര്‍ണിച്ചര്‍ വാങ്ങുകയാണ് ലക്ഷ്യമെങ്കില്‍ ഏത് ഇനത്തില്‍ പെട്ടതായാലും നെല്ലിക്കുഴിയില്‍ സജ്ജമാണ്. ഇടക്കാലത്തേറ്റ പ്രഹരത്തില്‍ നിന്ന് കര കയറാന്‍ വ്യവസായികളും പ്രയത്‌നിക്കുന്നതിനാല്‍ നവീന ട്രെന്‍ഡുകളും ഉല്‍പ്പന്നത്തിന്റെ നിലവാരവും ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. ഇതിനൊപ്പം എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്ന സംസ്ഥാന ഫര്‍ണിച്ചര്‍ ഹബ്ബിന്റെ ആസ്ഥാനം നെല്ലിക്കുഴിയില്‍ സജ്ജമാക്കണമെന്ന് സ്ഥലം എംഎല്‍എ ആന്റണി ജോണ്‍ വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന് നിവേദനം നല്‍കിയിരിക്കുകയാണ്. ഇതും യാഥാര്‍ത്ഥ്യമാകുന്നതോടെ നെല്ലിക്കുഴി കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിക്കും. മര ഉരുപ്പടികളുടെ പേരില്‍ ഇത്രത്തോളം പ്രസിദ്ധിയാര്‍ജ്ജിച്ച ഇടം എന്ന നിലയില്‍, നെല്ലിക്കുഴി തന്നെയാണ് ഫര്‍ണിച്ചര്‍ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിക്കുന്ന സ്ഥലം. ഒരു കാലത്ത് വീടിനോടടുത്ത് തയാറാക്കിയ ഷെഡ്ഡുകളിലും മറ്റും നിര്‍മിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ പിന്നീട് ഒരു ഗ്രാമത്തിന്റെ തന്നെ മുഖഛായയായി മാറിയ ചരിത്രമാണ് നെല്ലിക്കുഴിയുടേത്. തേക്കിന്‍ തടിയില്‍ ആഞ്ഞുരയ്ക്കുന്ന ചിന്തേരിന്റെയും കലാസൃഷ്ടികള്‍ വിരിയിക്കുന്ന ഉളിയുടെയും താളം നെല്ലിക്കുഴിയുടെ ഹൃദയമിടിപ്പിന് ഒപ്പമായിട്ട് കാലമേറെയായി. ഇടക്കാലത്തെ മാന്ദ്യം മറികടക്കാനുള്ള ശക്തി ഈ താളത്തിനുണ്ടെന്ന് നെല്ലിക്കുഴിക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

 

Comments

comments

Categories: FK Special, Slider