‘മായം ചേര്‍ക്കലിനുള്ള മറുപടിയാണ് ഫാംലി’

‘മായം ചേര്‍ക്കലിനുള്ള മറുപടിയാണ് ഫാംലി’

കേരളത്തിലെ മുന്‍നിര റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലയായ ബിസ്മി ഫാംലി എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിച്ച് തുടങ്ങി. ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ് സ്റ്റോറുകളിലൂടെ മാത്രം ലഭ്യമാകുന്ന ഫാംലി, 100 ശതമാനം ശുദ്ധമായ, മായം ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് അവകാശവാദം

സംസ്ഥാനത്തിന്റെ ബിസിനസ് ചരിത്രത്തില്‍ ആദ്യമായി ഒരു റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖല ക്ഷീരോല്‍പ്പാദനത്തിലേക്ക് കടന്നിരിക്കുന്നു. ഫാംലി എന്ന ബ്രാന്‍ഡില്‍ ബിസ്മി ഗ്രൂപ്പ് വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍, ലാഭത്തേക്കാള്‍ ഉപരി ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സംതൃപ്തിക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ മുന്‍നിര ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡ് ആകുക എന്നതാണ് ഫാംലിയിലൂടെ ബിസ്മി ലക്ഷ്യമിടുന്നത്. ഫാംലി ലക്ഷ്യമിടുന്ന വിപണിയെയും വിപണി സാധ്യതകളെയും കുറിച്ച് വി എ അജ്മല്‍ ഫ്യുച്ചര്‍ കേരളയോട് സംസാരിക്കുന്നു

ക്ഷീരോല്‍പ്പാദന മേഖലയിലേക്ക് കടക്കാനുണ്ടായ സാഹചര്യം?

കേരളത്തിന്റെ ഭക്ഷ്യ വിപണി അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ശുദ്ധമായ പശുവിന്‍ പാലിന്റെ ലഭ്യതക്കുറവ്. ദിനംപ്രതി വാങ്ങി ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഉപഭോക്താക്കള്‍ക്ക് എന്നും പരാതിയാണ്. ബിസ്മി ഹെപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് തന്നെ ദിനംപ്രതി ഈ പരാതി ഞങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതാണ്. ജനങ്ങളുടെ സമ്പത്തിനെയും ആരോഗ്യത്തെയും ഒരേ പോലെ ചൂഷണം ചെയ്യുന്ന മായം ചേര്‍ക്കലിനുള്ള മറുപടി എന്ന നിലയ്ക്കാണ് ക്ഷീരോല്‍പ്പാദന മേഖലയിലേക്ക് കടക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചത്. എന്നാല്‍ വിചാരിച്ച ഉടന്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു കാര്യമായിരുന്നില്ല അത്. ഒരു ഫാം ഹൗസ് തുടങ്ങി, ഉയര്‍ന്ന നിലവാരമുള്ള ക്ഷീരോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് വേണ്ടത്ര പഠനം നടത്തിയ ശേഷമാണ് ഫാംലി എന്ന ബ്രാന്‍ഡിന് ഞങ്ങള്‍ രൂപം കൊടുക്കുന്നത്. ലാഭേച്ഛ കൂടാതെ, ഉപഭോക്താക്കളുടെ സംതൃപ്തിയും ആരോഗ്യവും മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ബിസ്മിയുടെ ഉപബ്രാന്‍ഡ് ആയി ഫാംലി വിപണിയില്‍ എത്തുന്നത്.

ഫാമില്‍ നിന്നും ഫാമിലിയിലേക്ക് എന്ന അര്‍ത്ഥത്തിലാണ് ഫാംലി എന്ന പേര് സ്വീകരിച്ചത്. ഗുണമേന്മ ചോദ്യചിഹ്നമാകുന്ന ഈ കാലഘട്ടത്തില്‍ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന പാലും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുക എന്നതായായിരുന്നു പ്രധാന ലക്ഷ്യം
വി എ അജ്മല്‍, മാനേജിംഗ് ഡയറക്റ്റര്‍, ബിസ്മി ഗ്രൂപ്പ്

ഫാംലി വിപണിയില്‍ എത്തിക്കുന്നതിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ ?

വിപണിയെക്കുറിച്ചും സാധ്യതകളെ കുറിച്ചും ക്ഷീരോല്‍പ്പാദന മേഖലയെക്കുറിച്ചും നല്ല രീതിയില്‍ പഠനം നടത്തിയ ശേഷമാണ് ബിസ്മി ഫാംലി എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. ഗുണമേന്മ ചോദ്യചിഹ്നമാകുന്ന ഈ കാലഘട്ടത്തില്‍ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന പാലും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുക എന്നത് തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി പെരുമ്പാവൂരിനടുത്ത് കുറുപ്പന്തറയില്‍ 500 പശുക്കള്‍ ഉള്ള ഒരു ഫാം നിര്‍മിച്ചു. ഏകദേശം ഒരു വര്‍ഷത്തോളം എടുത്താണ് ഫാമിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫാമില്‍ നിന്നും ഫാമിലിയിലേക്ക് എന്ന അര്‍ത്ഥത്തിലാണ് ഫാംലി എന്ന പേര് സ്വീകരിച്ചത്.

 

മറ്റു ക്ഷീര ബ്രാന്‍ഡുകളില്‍ നിന്നും ഫാംലിയെ വ്യത്യസ്തമാക്കുന്നത് എന്താണ്?

നൂറു ശതമാനം പരിശുദ്ധമായ പാല്‍ ആണ് ഫാംലി. കുറുപ്പന്തറയിലുള്ള ഫാമില്‍ നിന്നും പിറവത്തുള്ള ചില്ലറ യൂണിറ്റിലേക്ക് എത്തിക്കുന്നത് ഊഷ്മാവില്‍ വ്യതിയാനം വരാത്ത രീതിയില്‍ ശീതീകരിച്ച വാഹനത്തിലാണ്. അവിടെ നിന്നും ഹോമോജെനൈസിംഗ്, പാസ്ചറൈസേഷന്‍ തുടങ്ങിയ ഘട്ടങ്ങള്‍ക്ക് ശേഷം പാക്കറ്റുകളിലാക്കിയ പാല്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നു. വിപണിയില്‍ നിലവില്‍ ലഭ്യമായ പാലുകളില്‍ വെച്ച് ഏറ്റവും കുറവ് മാര്‍ക്കറ്റ് ലൈഫ് ഉള്ളത് ഫാംലിക്കാണ്. പാല്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുന്നതിനായി കോസ്റ്റിക്ക് സോഡാ പോലുള്ള പ്രിസര്‍വേറ്റിവുകള്‍ ഒന്നും തന്നെ ഇതില്‍ ചേര്‍ക്കുന്നില്ല എന്നതിനാലാണ് ഇത്. പാലിന് പുറമെ, തൈര്, ഫ്‌ളേവേര്‍ഡ് കര്‍ഡ്, ചീസ്, പനീര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വരും മാസങ്ങളില്‍ ഫാംലി ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തും. പാല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച ശേഷം ഇതേ ബ്രാന്‍ഡില്‍ തന്നെ ഓര്‍ഗാനിക് പച്ചക്കറികളും ബിസ്മി വിപണിയില്‍ എത്തിക്കും. ജൈവകര്‍ഷകരുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

പാലിന് പുറമെ, തൈര്, ഫ്‌ളേവേര്‍ഡ് കര്‍ഡ്, ചീസ്, പനീര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വരും മാസങ്ങളില്‍ ഫാംലി ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തും. പാല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച ശേഷം ഇതേ ബ്രാന്‍ഡില്‍ തന്നെ ഓര്‍ഗാനിക് പച്ചക്കറികളും ബിസ്മി വിപണിയില്‍ എത്തിക്കും. ജൈവകര്‍ഷകരുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു

ഫാംലിയുടെ വിപണിയെപ്പറ്റി ഒന്ന് വിശദീകരിക്കാമോ?

ഫാംലി ബിസ്മിയുടെ ഒരു യുഎസ്പിയാണ്. ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി മാത്രമാണ് ഫാംലി ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വിപണിയില്‍ എത്തി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 2000 പാക്കറ്റ് പാല്‍ വിറ്റു പോകുന്നുണ്ട്. പ്രതിദിനം 3000 ലിറ്റര്‍ പാലിന്റെയും 500 ലിറ്റര്‍ തൈരിന്റെയും വിപണനമാണ് ബിസ്മി ഫാംലിയിലൂടെ ലക്ഷ്യമിടുന്നത്. തൃശൂര്‍, ആലപ്പുഴ, വൈറ്റില, കലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ബിസ്മി സ്റ്റോര്‍ വഴി ഇപ്പോള്‍ പാല്‍ ലഭ്യമാണ്. വരും ദിവസങ്ങളില്‍ കേരളത്തിലെ മറ്റു ബിസ്മി സ്റ്റോറുകളിലേക്കും പാല്‍ എത്തിക്കും.

Comments

comments