എസ് ബി ഐയില്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം

എസ് ബി ഐയില്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം

കൊച്ചി: ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍. തലമുടി ചീകുന്നതു മുതല്‍ എന്ത് ധരിക്കണം എങ്ങിനെ നടക്കണം എന്നതു വരെയുള്ള കാര്യങ്ങള്‍ സര്‍ക്കുലറിലുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടരുത് എന്നാണ് സര്‍ക്കുലറിലെ ഒരു നിര്‍ദേശം.

ഓഫീസിന്റെ അന്തസിന് ചേര്‍ന്ന മാതൃകാ വസ്ത്രധാരണ രീതി എല്ലാ ജീവനക്കാരും സ്വീകരിക്കണം. പുരുഷ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോര്‍മലുകളും സ്ത്രീകള്‍ ഇന്ത്യന്‍ -പാശ്ചാത്യ ഫോര്‍മല്‍ വസ്ത്രങ്ങളും വേണം ധരിക്കാന്‍. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകള്‍ക്കും മറ്റ് ബ്രാഞ്ച് തലത്തിലുള്ള സ്റ്റാഫിനും പ്രത്യേകം ഡ്രെസ്‌കോഡ് ഉണ്ടാകണം. അതുപോലെ പാന്റ്‌സിന്റെ നിറത്തിന് യോജിച്ച സോക്‌സ് വേണം ധരിക്കാന്‍. ബെല്‍റ്റും ഷൂസും ഒരേ നിറത്തിലുള്ളതാണ് നല്ലത്. ഉപഭോക്താക്കളുമായി ഇടപെടുന്ന സമയത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്. വ്യക്തിശുചിത്വം പാലിക്കണം, ഓഫീസില്‍ വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതെ വേണം ഇരിക്കാന്‍, ഓഫീസില്‍ സ്ലിപ്പര്‍ വേണ്ട ഷൂ മതി, അതും വൃത്തിയായി വെക്കണം. തലമുടി ചീകണം, താടി വടിക്കണം എന്നീ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. ജനുവരി ആറിനാണ് സര്‍ക്കുലര്‍ ഇറങ്ങിയത്. ഒരു പൊതുമേഖലാ ബാങ്ക് ആദ്യമായണ് ജീവനക്കാര്‍ക്ക് ഇത്തരമൊരു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്.

Comments

comments

Categories: Banking, FK News