2018 ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 പുറത്തിറക്കി

2018 ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 പുറത്തിറക്കി

ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 50,176 രൂപ

ന്യൂഡെല്‍ഹി : 110 സിസി സെഗ്‌മെന്റിലേക്ക് തിരിച്ചുവരവ് നടത്തി 2018 ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിള്‍ ബജാജ് ഓട്ടോ അവതരിപ്പിച്ചു. 50,176 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസ്‌കവര്‍ 125 ന്റെ 2018 മോഡല്‍ ഇതോടനുബന്ധിച്ച് കമ്പനി പുറത്തിറക്കി. ഡ്രം ബ്രേക്ക് വേരിയന്റിന് 53,171 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 55,994 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ചെറിയ പവര്‍ട്രെയ്‌നാണ് ഉപയോഗിക്കുന്നതെങ്കിലും ജ്യേഷ്ഠനായ ഡിസ്‌കവര്‍ 125 ന്റെ പല സവിശേഷതകളും ഡിസ്‌കവര്‍ 110 ന് ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിസ്‌കവര്‍ 110 വിരമിച്ചിരുന്നു. എന്നാല്‍ ഹീറോ, ഹോണ്ട, ടിവിഎസ് എന്നിവരുടെ 110 സിസി മോട്ടോര്‍സൈക്കിളുകളെ നേരിടുന്നതിനാണ് ബജാജ് ഡിസ്‌കവര്‍ 110 ഒരു വരവ് കൂടി വരുന്നത്.

125 സിസി വേര്‍ഷന്റെ ഡിസൈന്‍ തന്നെയാണ് 2018 ബജാജ് ഡിസ്‌കവര്‍ 110 ന് നല്‍കിയിരിക്കുന്നത്. സ്റ്റൈലിംഗ് സുപരിചിതമാണെന്ന് പറയാം. എന്നാല്‍ മോട്ടോര്‍സൈക്കിളിന് അല്‍പ്പം ആധുനികത്വം സമ്മാനിക്കുന്നതാണ് ഗ്രാഫിക്‌സ്. കറുപ്പില്‍ തീര്‍ത്ത 5 സ്‌പോക് അലോയ് വീലുകള്‍, പുതിയ റെഡ് ആന്‍ഡ് സില്‍വര്‍ ബോഡി ഗ്രാഫിക്‌സ് എന്നിവ കാണാം. സസ്‌പെന്‍ഷനും എന്‍ജിനും ഉള്‍പ്പെടെ ബൈക്കിന്റെ കീഴ്ഭാഗത്ത് കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. ഇത് ബൈക്കിന് സ്‌പോര്‍ടി അപ്പീല്‍ സമ്മാനിക്കുന്നു. ഇന്‍സ്ട്രുമെന്റ് പാനല്‍ അനലോഗും ഡിജിറ്റലും ഉള്‍പ്പെടുന്നതാണ്.

പുതിയ 115 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് 2018 ബജാജ് ഡിസ്‌കവര്‍ 110 ന് കരുത്ത് പകരുന്നത്. ഡിടിഎസ്-ഐ എന്‍ജിന്‍ 8.5 ബിഎച്ച്പി കരുത്തും 9.8 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കാം. 4 സ്പീഡ് ട്രാന്‍സ്മിഷനാണ് മോട്ടോറുമായി ചേര്‍ത്തിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ജോലികള്‍ കൈകാര്യം ചെയ്യും. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

2018 ഡിസ്‌കവര്‍ 125 ന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 53,171 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 55,994 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

അതേസമയം പുതിയ ബജാജ് ഡിസ്‌കവര്‍ 125 ന് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പരിഷ്‌കരിച്ച സ്റ്റൈലിംഗ്, പുതിയ ഗ്രാഫിക്‌സ് എന്നിവ ലഭിച്ചിരിക്കുന്നു. 11 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പരിഷ്‌കരിച്ച 124 സിസി എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ലോംഗ് സ്‌ട്രോക്ക് എന്‍ജിന്‍ ധാരാളം ടോര്‍ക്ക് നല്‍കും. ഇപ്പോള്‍ കൂടുതല്‍ കംഫര്‍ട്ട് തരുന്ന അതേ സസ്‌പെന്‍ഷനാണ് ഡിസ്‌കവര്‍ 125 ഉപയോഗിക്കുന്നത്. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും നല്‍കി.

Comments

comments

Categories: Auto