ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ബ്ലോക്ക് ചെയ്ന്‍ വരെ 2018-ല്‍ ശ്രദ്ധിക്കാന്‍ 5 ടെക്‌നോളജി ട്രെന്‍ഡുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ബ്ലോക്ക് ചെയ്ന്‍ വരെ 2018-ല്‍ ശ്രദ്ധിക്കാന്‍ 5 ടെക്‌നോളജി ട്രെന്‍ഡുകള്‍

ഈ വര്‍ഷം ടെക്‌നോളജി രംഗം സാക്ഷ്യംവഹിക്കാന്‍ പോകുന്നത് അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ക്കായിരിക്കുമെന്നാണ് പ്രവചനം. ബിഗ് ഡേറ്റകളുടെ ലഭ്യതയും, കമ്പ്യൂട്ടിംഗ് ശക്തിയുടെ വര്‍ധനയുമൊക്കെ സാങ്കേതികവിദ്യയുടെ പുരോഗതിക്കു വേഗതയുണ്ടാക്കിയിരിക്കുന്നു.

പുതുതലമുറ ടെക്‌നോളജികളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍, 3 ഡി പ്രിന്റിംഗ്, വെര്‍ച്വല്‍ റിയല്‍റ്റിയും ഓഗ്‌മെന്റഡ് റിയല്‍റ്റിയും കൂടി ചേരുന്ന മിക്‌സഡ് റിയല്‍റ്റി, ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയവ ബിസിനസ് മോഡലുകളെയും, വ്യക്തികളുടെ ജീവിതരീതികളെയും പരിവര്‍ത്തനപ്പെടുത്തുക മാത്രമല്ല, gig economy-യില്‍ വന്‍ പ്രാധാന്യം കൈവരിക്കുകയും ചെയ്യുകയാണ്.

സ്ഥിര ജോലി എന്ന ആശയത്തിന് എതിരായി കരാര്‍ അധിഷ്ഠിത തൊഴിലിന് പ്രാധാന്യം നല്‍കുന്ന സമ്പദ് വ്യവസ്ഥയാണു gig economy. ഇത്തരം സമ്പദ് വ്യവസ്ഥയ്ക്കു അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ സ്വീകാര്യതയേറി വരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2020- ആകുമ്പോഴേക്കും അമേരിക്കയില്‍ തൊഴില്‍മേഖലയില്‍ 40 ശതമാനവും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരായിരിക്കുമെന്നാണ് പ്രവചനം. ഈ പ്രവണതയ്ക്കു കാരണമായി പറയുന്നതു ഡിജിറ്റൈസേഷനാണ് (Digitization ). ഇന്നു ഡിജിറ്റല്‍ യുഗത്തില്‍, ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റാന്‍ സാധിക്കും വിധമുള്ള തൊഴിലാളി സമൂഹമാണുള്ളത്. ഒരു തൊഴില്‍ എവിടെ നിന്നു വേണമെങ്കിലും നിര്‍വഹിക്കാനാകും. അതിനാല്‍ തന്നെ ജോലി സ്ഥലത്തിന് ഇന്ന് പ്രാധാന്യമില്ല. ഇതിനര്‍ഥം ലോകത്തിന്റെ ഏതു ഭാഗത്തുള്ള തൊഴിലും പ്രൊജക്റ്റുമൊക്കെ ഫ്രീലാന്‍സ് ആയി അഥവാ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാമെന്നാണ്. ഇതിലൂടെ തൊഴില്‍ദാതാവിന് അവരുടെ പദ്ധതികള്‍ നിര്‍വഹിക്കാന്‍ മികച്ച തൊഴിലാളിയെ തന്നെ കണ്ടെത്താനുള്ള അവസരവും കൈവരുന്നു. ജിഗ് ഇക്കോണമിക്കു സ്വീകാര്യതയേറുന്ന മറ്റൊരു കാര്യം ഡിജിറ്റൈസേഷനാണ്. ഒരുകാലത്തു മണിക്കൂറുകളും, ദിവസങ്ങളുമെടുത്തു മനുഷ്യന്‍ ചെയ്തിരുന്ന ചില ജോലികള്‍ വളരെ ചെറിയ സമയമെടുത്തു കമ്പ്യൂട്ടറുകള്‍ക്കു നിര്‍വഹിക്കാനാകും. ഓഫീസ് സ്‌പേസ്, തൊഴില്‍ പരിശീലനം, തൊഴിലാളികള്‍ക്കു നല്‍കേണ്ടി വരുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനാകുമെന്നതാണു ജിഗ് ഇക്കോണമികളുടെ പ്രത്യേകതകളായി ചൂണ്ടിക്കാണിക്കുന്നത്. ടെക്‌നോളജി ട്രെന്‍ഡുകളിലേക്കു വീണ്ടും വരാം. 2018-ല്‍ ശ്രദ്ധേയമാകാന്‍ പോകുന്ന ടെക്‌നോളജി ട്രെന്‍ഡുകളിലൊന്നു തീര്‍ച്ചയായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ്.

Accenture Plc എന്ന ആഗോള മാനേജ്‌മെന്റ് കണ്‍സല്‍റ്റിംഗ് & പ്രഫഷണല്‍ സര്‍വീസ് കമ്പനി സമീപകാലത്തു പുറത്തുവിട്ട ഗവേഷണ ഫലം സൂചിപ്പിക്കുന്നതു തൊഴിലിന്റെ സ്വഭാവം മാറ്റത്തിനു വിധേയമാക്കുന്നതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു സമ്മാനിക്കാന്‍ പോകുന്നത് 60,68,150 കോടി രൂപയുടെ നേട്ടമായിരിക്കുമെന്നാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യ അസാധാരണമാം വിധം പുരോഗതി കൈവരിക്കുകയുണ്ടായി. അതിനുള്ള ഒന്നാമത്തെ കാരണമെന്നു പറയാവുന്നത് മെഷീന്‍, ഡീപ് ലേണിംഗ് അല്‍ഗോരിഥത്തിലുണ്ടായ പുരോഗതിയാണ്. രണ്ടാമതായി അതിരു കവിഞ്ഞ, ഭീമമായ ഡാറ്റകളുടെ (Big Data) ലഭ്യതയാണ്. മൂന്നാമതായി, കൂടുതല്‍ കാര്യക്ഷമമായ കമ്പ്യൂട്ടര്‍ പ്രോസസ്സിംഗ് യൂണിറ്റുകളുടെയും, ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റുകളുടെയും കമ്പ്യൂട്ടിംഗ് ശക്തിയിലുണ്ടായ നാടകീയ വര്‍ധന. ഈ മൂന്നു ഘടകങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ ഫലം ദൃശ്യമായി. അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗൂഗിളിന്റെ പേരന്റല്‍ കമ്പനിയായ ആല്‍ഫബെറ്റിന്റെ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് വിഭാഗമായ ഡീപ് മൈന്‍ഡിന്റെ ആല്‍ഫ സീറോ അല്‍ഗോരിഥം കൈവരിച്ച വിജയം. വെറും നാല് മണിക്കൂര്‍ കൊണ്ട് ചെസ് കളിയിലെ നിയമങ്ങള്‍ പഠിച്ചെടുത്തതിനു ശേഷം ആല്‍ഫ സീറോ അല്‍ഗോരിഥം, ലോകത്തിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കുന്ന ഓപണ്‍ സോഴ്‌സ് ചെസ് എന്‍ജിനായ സ്റ്റോക്ക് ഫിഷിനെ പരാജയപ്പെടുത്തി.ഡീപ് മൈന്‍ഡിന്റെ തന്നെ ആല്‍ഫ ഗോ സീറോ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചതാണ് ആല്‍ഫ സീറോ. ഗോ എന്ന ചൈനീസ് കളിയില്‍ ആല്‍ഫ ഗോ സീറോ ലോക ചാംപ്യനെ പരാജയപ്പെടുത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൈവരിച്ച പുരോഗതി നമ്മള്‍ക്കു സമ്മാനിച്ചിരിക്കുന്നത് സ്മാര്‍ട്ട് പേഴ്‌സണല്‍ അസിസ്റ്റന്റുകളും, മികച്ച സെര്‍ച്ച് എന്‍ജിനുകളും, ഡ്രൈവര്‍ലെസ് കാറുകളും, ട്രാന്‍സ്‌ലേഷന്‍ ടൂളുകളുമൊക്കെയാണ്. Accenture Plc എന്ന ആഗോള മാനേജ്‌മെന്റ് കണ്‍സല്‍റ്റിംഗ് & പ്രഫഷണല്‍ സര്‍വീസ് കമ്പനി സമീപകാലത്തു പുറത്തുവിട്ട ഗവേഷണ ഫലം സൂചിപ്പിക്കുന്നതു തൊഴിലിന്റെ സ്വഭാവം മാറ്റത്തിനു വിധേയമാക്കുന്നതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു സമ്മാനിക്കാന്‍ പോകുന്നത് 60,68,150 കോടി രൂപയുടെ നേട്ടമായിരിക്കുമെന്നാണ്.

 

3 D പ്രിന്റിംഗ്

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രചാരത്തിലുള്ളതാണ് 3 ഡി പ്രിന്റിംഗ്. ആഭരണങ്ങള്‍, ടൂത്ത് ബ്രഷുകള്‍ എന്നിവ നിര്‍മിക്കാന്‍ വേണ്ടി മാത്രമല്ല, ഫുട്‌ബോള്‍ ബൂട്ടുകള്‍, റേസിംഗ് കാറുകളുടെ പാര്‍ട്‌സുകള്‍, ഭക്ഷ്യ വസ്തുക്കള്‍, തോക്കുകള്‍, എയര്‍ക്രാഫ്റ്റ് പാര്‍ട്‌സുകള്‍, വീടുകള്‍ എന്നിവയുടെ നിര്‍മാണ ഘട്ടത്തിലും 3 ഡി പ്രിന്റിംഗ് ഉപയോഗപ്പെടുത്തുന്നുണ്ട്. 2021 ആകുമ്പോഴേക്കും ഇന്ത്യയിലെ 3 ഡി പ്രിന്റര്‍ വിപണി 79 ദശലക്ഷം ഡോളറിലെത്തുമെന്നാണ് 6Wresearch എന്ന ഗവേഷണ സ്ഥാപനം പ്രവചിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രചാരണമായിരിക്കും ഈ മേഖലയുടെ വളര്‍ച്ചയ്ക്കു സഹായകരമാവുകയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇന്ന് ഇന്ത്യയില്‍ മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍, ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍, എയ്‌റോ സ്‌പേസ്, മിലിട്ടറി തുടങ്ങിയ മേഖലകളില്‍ 3 ഡി പ്രിന്ററുകള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതില്‍ തന്നെ ഓട്ടോമോട്ടീവ് രംഗത്താണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്.

 

 

ബ്ലോക്ക് ചെയ്ന്‍ (Block chain)

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം ഒരു വലിയ ഇടിവിലേക്കു വഴുതി വീഴുന്നതിനു മുന്‍പ്, 2017-വര്‍ഷത്തില്‍ 20 മടങ്ങ് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ബിറ്റ്‌കോയിനിനു സ്ഥിരതയില്ലാത്ത നിക്ഷേപമെന്ന വിശേഷണവും ഇതിലൂടെ ലഭിച്ചു. നേരേ മറിച്ച്, ബിറ്റ്‌കോയ്‌നിനെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയ്‌നിനെ ഏറ്റെടുക്കുന്നത് ലോകമെങ്ങുമുള്ള വ്യവസായങ്ങളുടെ ശീലമായി മാറിയിരിക്കുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായി കാണപ്പെടുന്നത്. ബിറ്റ് കോയിനിന്റെ അടിസ്ഥാനം ബ്ലോക്ക് ചെയ്‌നാണ്. ബിറ്റ് കോയിന്‍ ശൃംഖലയിലുള്ള ഓരോ കണ്ണിയും ബ്ലോക്ക് ചെയ്‌നുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ബിറ്റ് കോയിന്‍ ഇടപാടുകളും ബ്ലോക്ക് ചെയ്‌നില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നു. 2016-ല്‍ Visa Inc. എന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ധനകാര്യസേവന കോര്‍പറേഷന്‍ അറിയിക്കുകയുണ്ടായി, അവരുടെ ഡിജിറ്റല്‍ പേമെന്റ് നടപടിക്രമങ്ങള്‍ ബ്ലോക്ക് ചെയ്ന്‍ ഉപയോഗിച്ചു മെച്ചപ്പെടുത്താന്‍ പോവുകയാണെന്ന്. അതേവര്‍ഷം നവംബറില്‍ ബ്ലോക്ക് ചെയ്ന്‍ അടിസ്ഥാനമായ ബിസിനസ്-ടു-ബിസിനസ് പേമെന്റ് സേവനമായ B2B Connect പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്തു. തങ്ങളുടെ ബാങ്കിംഗ് സേവനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ പോവുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും അറിയിച്ചിരിക്കുകയാണ്. ബ്ലോക്ക് ചെയ്‌ന്റെ ഗുണങ്ങള്‍ ബാങ്കുകള്‍ക്കോ, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കോ മാത്രമല്ല ലഭിക്കുന്നത്. മറ്റു സ്ഥാപനങ്ങള്‍ക്കും പ്രയോജനകരപ്പെടുത്താന്‍ സാധിക്കുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബാങ്കിംഗ് സേവനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ പോവുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്.

 

റോബോട്ടിക്‌സ് & ഓട്ടോമേഷന്‍

2017 ഒക്ടോബറില്‍ മനുഷ്യനെ പോലിരിക്കുന്ന റോബോട്ട് സോഫിയയ്ക്കു സൗദി അറേബ്യ പൗരത്വം നല്‍കുകയുണ്ടായി. 2017 ജനുവരിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. അതായത് ഓട്ടോണമസ് ബോട്ടുകള്‍ക്ക് ഭാവിയില്‍ ഇലക്ട്രോണിക് പേഴ്‌സന്‍ സ്റ്റാറ്റസ് അനുവദിച്ചു നല്‍കണമെന്നതായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. ചുരുക്കിപ്പറഞ്ഞാല്‍ വരുന്ന കാലം റോബോട്ടിക്‌സിന്റെയും ഓട്ടോമേഷന്റെയുമായിരിക്കുമെന്നാണ്. ഇന്ന് പിസകളും പാക്കേജുകളും ഡെലിവറി ചെയ്യുന്ന റോബോട്ടുകളുണ്ട്. ജപ്പാനിലും ജര്‍മനിയിലും മതപരമായ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുതിര്‍ന്നവരെ പരിചരിക്കുന്ന റോബോട്ടുകള്‍ സാധാരണമായിരിക്കുന്നു. ഹാംബെര്‍ഗര്‍ പോലുള്ള ഭക്ഷ്യവിഭവങ്ങള്‍ പാചകം ചെയ്യുന്ന റോബോട്ടുകളുണ്ട്. ലേഖനങ്ങള്‍ എഴുതുന്ന, സിനിമ തിരക്കഥയെഴുതുന്ന സോഫ്റ്റ് വെയര്‍ബോട്ടുകളും ഇന്ന് സര്‍വസാധാരണമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ ഗവേഷണത്തിലുണ്ടായ മുന്നേറ്റം റോബോട്ടിക്‌സ് രംഗത്തും വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

 

മിക്‌സഡ് റിയല്‍റ്റി

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും, യുഎസ് സ്റ്റാര്‍ട്ട് അപ്പായ മാജിക് ലീപ്പും ഓഗ്‌മെന്റഡ് റിയല്‍റ്റിയെയും, വെര്‍ച്വല്‍ റിയല്‍റ്റിയെയും സംയോജിപ്പിച്ച് മിക്‌സഡ് റിയല്‍റ്റി ലോകത്തിനു സമ്മാനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാങ്കേതികവിദ്യയ്ക്കു അടുത്ത വലിയ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാകാന്‍ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ പുറത്താണു പരീക്ഷണം പുരോഗമിക്കുന്നത്. വെര്‍ച്വല്‍ റിയല്‍റ്റി എന്നത്, കമ്പ്യൂട്ടറുകളുടെയോ ഇന്റര്‍നെറ്റിന്റെയോ സഹായത്തോടെ സൃഷ്ടിക്കുന്നതാണു വെര്‍ച്വല്‍ റിയല്‍റ്റി. അതേസമയം, ഓഗ്‌മെന്റഡ് റിയല്‍റ്റി എന്നത് യഥാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. അതോടൊപ്പം വെര്‍ച്വല്‍ ലോകത്തെയും ഉള്‍ക്കൊള്ളിക്കുന്നു. യഥാര്‍ഥ ലോകത്തില്‍ സാങ്കല്‍പികത സൃഷ്ടിക്കുന്നു. അതാണ് ഓഗ്‌മെന്റഡ് റിയല്‍റ്റി. പോക്കിമോന്‍ ഗോ എന്ന ഗെയ്ം ഓഗ്‌മെന്റഡ് റിയല്‍റ്റിക്ക് ഉദാഹരണമാണ്. 800 മില്യന്‍ തവണയാണ് ഈ ഗെയ്ം ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇതിനര്‍ഥം ഓഗ്‌മെന്റഡ് റിയല്‍റ്റിയുടെ സാധ്യത വളരെയധികമുണ്ടെന്നതാണ്. ഓഗ്‌മെന്റഡ് റിയല്‍റ്റിയെയും, വെര്‍ച്വല്‍ റിയല്‍റ്റിയെയും സംയോജിപ്പിക്കുന്ന മിക്‌സഡ് റിയല്‍റ്റിയില്‍ ഗവേഷണം പുരോഗമിപ്പിക്കുന്ന ഭീമന്മാരാണ് ഇന്റലും, എച്ച്ടിസിയും, മൈക്രോസോഫ്റ്റും, ഗൂഗിളും, സാംസങും, ഫേസ്ബുക്കുമൊക്കെ. 2023-ാടെ, മിക്‌സഡ് റിയല്‍റ്റിയുടെ ആഗോള വിപണി 2.8 ദശലക്ഷം ഡോളറിന്റേതായിരിക്കുമെന്നു ഗവേഷണ സ്ഥാപനമായ Reportbuyer.com സൂചിപ്പിക്കുന്നു.

 

Comments

comments

Categories: FK News, Tech, Top Stories

Related Articles