കാലത്തിനൊത്ത് മാറുന്ന ക്യാമറ ലോകം

കാലത്തിനൊത്ത് മാറുന്ന ക്യാമറ ലോകം

 

ഇരുട്ടുമുറികളില്‍ കഴുകിയെടുത്ത് വെളിച്ചം കണ്ടിരുന്ന ഫോട്ടോഗ്രാഫിയുടെ കാലത്ത് നിന്ന് ഇന്ന് ഛായാഗ്രഹണ മേഖല പുത്തന്‍തലങ്ങളിലേക്ക് മാറിക്കഴിഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ക്യാമറകളും ഉപയോക്താവിന് കൂടുതല്‍ വഴങ്ങുന്ന വിധത്തിലേക്ക് വഴിമാറി. ഇന്ന് മികച്ച വരുമാനം നേടിയെുക്കാവുന്ന തൊഴില്‍ മേഖലയായി ഫോട്ടോഗ്രാഫി വളര്‍ന്നുകഴിഞ്ഞു.

 

ഉപകരണങ്ങളും മികച്ച നിലവാരത്തോടെ വിപണിയില്‍ സുലഭമായപ്പോള്‍ മികച്ച ചിത്രങ്ങളുടെ പിറവിയിലേക്ക് അത് വഴി തെളിക്കുകയായിരുന്നു. കാനന്‍, നിക്കോണ്‍, സോണി തുടങ്ങിയവയെല്ലാം സജീവ സാന്നിധ്യമായി വിപണിയിലുള്ളപ്പോള്‍ ഹസല്‍ബ്ലാഡ്, ഒളിംപസ്, പെന്റാക്‌സ്, മിനിയോള്‍ട്ട, ലെയ്ക തുടങ്ങിയ വമ്പന്മാരും രംഗത്ത് വിലസുന്നുണ്ട്. കേരളത്തില്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് കാനന്‍, നിക്കോണ്‍, സോണി തുടങ്ങിയവയുടെ ക്യാമറകള്‍ തന്നെയാണ്. ഓരോരുത്തരും അവരവരുടെ ഉപയോഗത്തിന് അടിസ്ഥാനമായാണ് ക്യാമറകള്‍ തെരഞ്ഞെടുക്കുന്നത്. 20000 മുതല്‍ ലക്ഷങ്ങള്‍ വരെ നീണ്ട വിലകളില്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് ഇന്ന് കേരളത്തില്‍ അധികം ഫോട്ടോഗ്രാഫര്‍മാരും ചെയ്യുന്ന മേഖല. ചിത്ര ആല്‍ബങ്ങള്‍ക്കൊപ്പം വീഡിയോകളും ഇന്ന് വ്യത്യസ്തതകളുടെ പാതയിലേക്ക് മാറിക്കഴിഞ്ഞു. പാന്‍ റൈറ്റ്, പാന്‍ ലെഫ്റ്റ്, അപ്, ഡൗണ്‍ എന്നിങ്ങനെ ചലിച്ചിരുന്ന വെഡിംഗ് വീഡിയോഗ്രഫി ഇന്ന് തുടങ്ങുന്നത് തന്നെ ആകാശത്ത് നിന്നും മറ്റുമാണ്. ഡ്രോണുകളും മറ്റും ഇന്ന് ഇതിനായി സജീവമായിത്തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.

 

ഷോട്ടുകളുടെ വ്യത്യസ്തതയ്ക്കാണ് ഇന്നത്തെ ഉപഭോക്താക്കളും പ്രാധാന്യം നല്കുന്നത്. ജിംബല്‍, സ്ലൈഡര്‍, ഗ്ലൈഡര്‍, ഡ്രോണ്‍ എന്നിവയെല്ലാം അതിന് മുതല്‍ക്കൂട്ടാണ്. ഇത്തരം ഉപകരണങ്ങള്‍, വാങ്ങുന്നതിന് അല്പം പണച്ചെലവുള്ള കാര്യമാണെങ്കില്‍കൂടി ഉപഭോക്താക്കളുടെ ആവശ്യകത  അതിരുകള്‍ക്കപ്പുറത്തായതിനാല്‍ തന്നെ മുടക്കമുതല്‍ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ടെമന്‍ഷന്റെ ആവശ്യമില്ല. ഓണ്‍ലൈന്‍ വിപണിയിലും മറ്റും വന്‍ വിലക്കുറവില്‍ ഈ ഉപകരണങ്ങള്‍ എല്ലാം തന്നെ ലഭ്യമാണ്. നിസ്സാര വില മുതല്‍ വന്‍വില വരെ നീളുന്ന നിരവധി ബ്രാന്‍ഡുകള്‍ ഇവിടെ ലഭ്യമാണ്. വിലക്കുറവ് മാത്രം നോക്കി അത്തരത്തിലുള്ളവ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം വിലയിലെ കുറവിനൊപ്പം തന്നെ ഉപയോഗത്തിലും റിസള്‍ട്ടിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. വില കുറഞ്ഞ ഉപകരണങ്ങള്‍ ആകുമ്പോള്‍ അവ താങ്ങുന്ന ഭാരവും മറ്റും തീരെ കുറവായിരിക്കും. അത് ചിത്രീകരണത്തിലും റിസള്‍ട്ടിലും വിറയലും മറ്റുമുണ്ടാക്കും. അതിന് പുറമെ അവ എത്രകാലം ഉപയോഗിക്കാന്‍ സാധിക്കുമെന്ന കാര്യത്തിലും ഉറപ്പൊന്നുമുണ്ടാവില്ല.

ഈയടുത്ത കാലത്ത് വെഡ്ഡിംഗ് വീഡിയോകളിലും മറ്റും ഏറ്റവുമധികം വളരെ ഉപയോഗിക്കുന്ന ഷോട്ടുകളാണ് സ്റ്റഡി ക്യാം അഥവാ ഗ്ലൈഡറുകള്‍ ഉപയോഗിച്ചുള്ളവ. കുലുക്കമില്ലാത്ത വീഡിയോയും ഒഴുകുന്നത് പോലുള്ള ഷോട്ടുകളും മറ്റും നിഷ്പ്രയാസം ഇതിലൂടെ ചെയ്യാവുന്നതാണ്. ഇന്ന് ഗ്ലൈഡറുകളുടെ സ്ഥാനത്തേക്ക് ജിംബലുകള്‍ കടന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സ്വാധീനമുള്ളവയാണ് സ്ലൈഡറുകള്‍. ക്യാമറ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് നീക്കിക്കൊണ്ടുള്ള ഷോട്ടുകള്‍ക്കായാണ് ഇത് ഉപയോഗിക്കുന്നത്. ഒരു തരത്തിലുമുള്ള കുലുക്കം ബാധിക്കില്ലാത്ത ഈ ഷോട്ടുകള്‍ റെയില്‍ ഉപയോഗപ്പെടുത്തിയവ പോലയായിരിക്കും റിസള്‍ട്ടില്‍ പ്രതിഫലിക്കുക. ട്രൈപോഡുകള്‍ക്ക് മുകളിലോ നിലത്തോ എല്ലാം ഉറപ്പിക്കാവുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിരിക്കുന്നത്. അതിനാല്‍ തന്നെ വിവിധോദ്ദേശങ്ങള്‍ക്ക് പ്രാപ്തമാണ് സ്ലൈഡറുകള്‍. വെഡ്ഡിംഗ് ഷൂട്ടുകള്‍ക്കും മറ്റും സിനിമാറ്റിക് ഫീല്‍ നല്കുന്നതിനും കൂടുതല്‍ മനോഹരമാക്കുന്നതിനും ഇവ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഇതിനൊപ്പം തന്നെ ഉപയോഗിക്കുന്ന ലെന്‍സുകളും ചിത്രീകരണത്തില്‍ വഹിക്കുന്നത് വലിയ പങ്ക് തന്നെയാണ്. ഓരോ ഷോട്ടുകള്‍ക്കും അനുയോജ്യമായവ ഏതെന്ന് മനസിലാക്കി അവയെ മികച്ച രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. ബ്ലോക്ക് ലെന്‍സുകളും ടെലി ലെന്‍സുകളുമെല്ലാം ഇത്തരത്തില്‍ ചിത്രീകരണത്തിന് കൂടുതല്‍ ചാരുത നല്കുന്ന ഘടകങ്ങളാണ്. ബ്ലോക്ക് ലെന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗ്ലൈഡര്‍ ഷോട്ടുകള്‍ മാത്രം മതി ഇതിന് ഉദാഹരണമായി. ഇതിനൊപ്പം തന്നെ ലൈറ്റ് യൂണിറ്റുകളും വിപുലമായ ശ്രേണിയുമായി സജീവമാണ്. വിപണിയിലെ പുതിയ ഉത്പന്നങ്ങളെ തിരിച്ചിറിയുകയും ട്രെന്‍ഡുകള്‍ മനസിലാക്കിക്കൊണ്ട് അവയിലേക്ക് പരിണമിക്കുകയും ചെയ്യുന്നതിലൂടെയ മാത്രമേ ഇന്നത്തെ കാലത്ത് ചിത്രീകരണ രംഗത്ത് പിടിച്ച് നില്പ്പ് സാധ്യമാകൂ. കാരണം ഇന്ന് ആളുകള്‍ കല്യാണഷൂട്ടുകള്‍ ഉള്‍പ്പടെ ബുക്ക് ചെയ്യുന്നത് ഉപകരണങ്ങളുടെ അടിസ്ഥാനത്തിലാണ്. കാലത്തിനൊപ്പം മാറുന്ന സംരംഭങ്ങളില്‍ ഇന്ന് മുന്‍പന്തിയിലാണ് ചിത്രീകരണ രംഗം.

Comments

comments

Categories: FK Special, Tech