പാലം കടന്നെത്തിയ രാജ്യാന്തര കച്ചവടങ്ങള്‍

പാലം കടന്നെത്തിയ രാജ്യാന്തര കച്ചവടങ്ങള്‍

ഒരു നാടിന്റെ വ്യാവസായിക വളര്‍ച്ചയിലും നഗരവല്‍ക്കരണത്തിലും അവിടുത്തെ പാലങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കച്ചവടത്തെ കൈപിടിച്ച് ഇക്കരെയെത്തിച്ച പാലങ്ങള്‍ വരുമാനത്തിന്റെ സഞ്ചാരപഥമായി മാറിയിട്ട് കാലമേറെയായി. കേരളത്തിലെ തന്ത്ര പ്രധാന വ്യവസായ കേന്ദ്രമായ എറണാകുളത്തിന്റെ വികസനത്തിലും പാലങ്ങളുടെ പ്രസക്തിയേറെയാണ്. അക്കൂട്ടത്തിലെ ചില പ്രധാനികള്‍ക്കൊപ്പം ഒരു സഞ്ചാരം…

കുത്തിയൊഴുകുന്ന ആറിന് കുറുകെ കടത്തുവഞ്ചിയില്‍ ജീവിതം മുറുകെ പിടിച്ച് മറുകര എത്തിയ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഒരു പ്രദേശത്തിന്റെയാകെ നിത്യജീവിതത്തിലെ പ്രധാന കടമ്പയായി പുഴകള്‍ നിന്നിടത്താണ് പാലം എന്ന ആശയം ഉദിക്കുന്നത്. നദിക്ക് നടുവിലുറപ്പിച്ച കൂറ്റന്‍ തൂണുകള്‍ക്ക് മേല്‍ പാലങ്ങള്‍ നിവര്‍ന്ന് കിടന്നപ്പോള്‍ കരകയറിയത് ഒരു സമൂഹത്തിന്റെ സഞ്ചാരസ്വപ്‌നങ്ങളാണ്. ഈ സ്വപ്‌നത്തിനൊപ്പം പാലങ്ങള്‍ കടന്നുചെന്നത് നാടിനും നാട്ടുകാര്‍ക്കും ഗുണമുണ്ടാകുന്ന വിവിധ മേഖലകളിലേക്കാണ്. ഇതില്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട മേഖലയാണ് കച്ചവടം. ഇരുകരകള്‍ക്കപ്പുറം പാതിവഴിയില്‍ നിന്നിരുന്ന കച്ചവടങ്ങള്‍ പാലം കയറിയിറങ്ങിയതൊടെ, കടത്തുവള്ളം വഴി നടന്നതിലും ഇരട്ടിയിലേറെ വ്യാപാരവിനിമയ സാധ്യതകള്‍ സൃഷ്ടിക്കപ്പെട്ടു. മലയോര ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും തിരിച്ചും കച്ചവടത്തിന്റെ വേഗത കൂട്ടാനും ഈ പാലങ്ങള്‍ കാരണമായി. മധ്യകേരളത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങള്‍ പലതും നിലകൊള്ളുന്ന എറണാകുളം ജില്ലയില്‍ തന്നെ ഇതിനുള്ള ഉദാഹരണങ്ങള്‍ ഏറെയാണ്. ഹൈറേഞ്ചിന്റെ മലഞ്ചെരിവുകളില്‍ വിളഞ്ഞ നാണ്യവിളകളെ കൊച്ചിയിലെത്തിച്ച് കപ്പല്‍ കയറ്റിയ നേര്യമംഗലം പാലം മുതല്‍ കപ്പലുകളെ കടത്തിവിടാന്‍ പാലം പൊക്കിക്കൊടുത്ത മട്ടാഞ്ചേരി വരെയുണ്ട് ആ പട്ടികയില്‍.

കടത്തുവഞ്ചികളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ വരെയുള്ള കേരള വ്യാവസായിക ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഇടപെടലുകള്‍ നടത്തിക്കൊണ്ടാണ് ഇരുകരകളെ പരസ്പരം ബന്ധിപ്പിച്ച് പാലങ്ങള്‍ നിവര്‍ന്നു കിടക്കുന്നത്. ദിവസേന ലക്ഷങ്ങളുടെ വരുമാനം ഇക്കരെയെത്തിക്കുന്ന ഈ പാലങ്ങള്‍, വ്യാവസായിക പുരോഗതിക്കൊപ്പം നഗര വളര്‍ച്ചയിലും മികച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്

 

റാണിപ്പെരുമയുമായി ‘നേര്യമംഗലം’

ആഗോളവിപണിയില്‍ കേരളത്തിന്റെ തുറുപ്പുചീട്ടായ സുഗന്ധവ്യജ്ഞനങ്ങളെ കൊച്ചി തീരത്ത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്, എറണാകുളം ജില്ലയെ ഇടുക്കിയുമായി ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലമാണ്. ആലുവ- മൂന്നാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പാലം ഇന്ന് കൊച്ചിയിലേക്കുള്ള കച്ചവടങ്ങളുടെ സഞ്ചാരപഥം കൂടിയാണ്. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഹൈറേഞ്ചില്‍ നിന്നും കൊച്ചിയിലേക്കും മറ്റുമുള്ള സഞ്ചാരത്തിനായി അവര്‍ നിര്‍മിച്ച ആലുവ- മാങ്കുളം റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ഇതിന് പകരമായിട്ടാണ് 1935ല്‍ റാണി സേതുലക്ഷ്മി ഭായ് നേര്യമംഗലം പാലത്തിന്റെ നിര്‍മാണം സാധ്യമാക്കിയത്. പാലം നിര്‍മിച്ചിരിക്കുന്നത് ശര്‍ക്കരയും ചുണ്ണാമ്പും കലര്‍ത്തിയുണ്ടാക്കിയ സുര്‍ഖിയും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു. ഇന്നും ചില്ലറ മിനുക്കുപണികള്‍ ഒഴികെ കാര്യമായ പുതുക്കിപ്പണികളുടെയൊന്നും പിന്‍ബലം ഇല്ലാതെയാണ് പാലം നിലകൊള്ളുന്നത്. 1935ന് ശേഷം കൊച്ചി- ഹൈറേഞ്ച് വ്യാപാര ബന്ധങ്ങളുടെ വളര്‍യ്ക്കും ഹൈറേഞ്ചിലേക്കുള്ള കാര്‍ഷിക കുടിയേറ്റത്തിനുമെല്ലാം നേര്യമംഗലം പാലം വഴിയൊരുക്കുകയായിരുന്നു. കേരളത്തിലെ പ്രഥമ ആര്‍ച്ച് പാലം കൂടിയാണിത്. ഒരു ജനതയുടെ തന്നെ കാര്‍ഷിക വ്യാപാര രംഗത്തെ വളര്‍ച്ചയില്‍ ഒരു പാലത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് നേര്യമംഗലം പാലം.

 

മൂന്ന് ആറുകള്‍ക്ക് കുറുകെ ഒരു ചരിത്രപ്പാലമായി ‘മൂവാറ്റുപുഴ’

മൂന്ന് ആറുകളുടെ സംഗമസ്ഥാനം ആയതിനാലാണ് മൂവാറ്റുപുഴക്ക് ആ പേര് ലഭിച്ചതെന്ന് ചരിത്രം. ഏറണാകുളം ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരകേന്ദ്രമായി അറിയപ്പെടുന്ന മൂവാറ്റുപുഴക്ക് കച്ചവട കരുത്തിലേക്കെത്താന്‍ ആദ്യ കാലം മുതല്‍ക്കെ ഒരു പാലം സജ്ജമായിരുന്നു. ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചുകൊണ്ട് മൂവാറ്റുപുഴ ചരിത്രത്താളുകളില്‍ കയറിപ്പറ്റിയത് 1914ലാണ്. അതിനുമുമ്പ് കല്‍ക്കരി വണ്ടികള്‍ക്ക് കടന്നുപോകാന്‍ ഒരു തടിപ്പാലം ഇവിടെ ഉണ്ടായിരുന്നുവെങ്കിലും യാത്രക്കാര്‍ക്കു വേണ്ടിയുള്ള ചെറു വാഹനങ്ങളായിരുന്നു പ്രധാനമായും കടത്തിവിട്ടിരുന്നത്. തുടര്‍ന്ന് കൂടുതല്‍ കരുത്തുള്ള പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായതോടെ ശ്രീമൂലം തിരുനാള്‍ രാജാവ് പാലത്തിനുള്ള അനുമതി നല്‍കി. ഇംഗ്ലണ്ടുകാരനായ എമറാള്‍ഡ് എന്ന ചീഫ് എന്‍ജിനീയറിനായിരുന്നു നിര്‍മാണ ചുമതല. തുടര്‍ന്ന് സര്‍വേകളും മറ്റും നടത്തി അദ്ദേഹം നല്‍കിയ ഒന്നര ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് രാജാവ് അനുവദിച്ചതോടെ പാലം പണി ആരംഭിച്ചു. ആര്‍ച്ചുകള്‍ സജ്ജമാക്കിയാണ് പാലം പണിതത്. കൂടുതല്‍ ഭാരം കയറുന്ന സാഹചര്യങ്ങളില്‍ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ ഭാരം തുല്യമായി വിന്യസിക്കാന്‍ ഈ ആര്‍ച്ചുകള്‍ സഹായിക്കും എന്നത് അക്കാലത്ത് ഒരു പുതിയ അറിവായിരുന്നു. പാലത്തിനടിയില്‍ ഒരു വള്ളത്തില്‍ എമറാള്‍ഡും കുടുംബവും ഇരുന്ന് പാലത്തിലൂടെ 12 ആനകളെ നടത്തിക്കൊണ്ടാണ് തന്റെ നിര്‍മിതിയുടെ കരുത്ത് അദ്ദേഹം ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞത്. സായിപ്പിന്റെ ആര്‍ക്കിടെക് മികവില്‍ നിന്ന് മൂവാറ്റുപുഴക്ക് ലഭിച്ചത് കച്ചവടത്തിന്റെ പുത്തന്‍ സാധ്യതകളാണ്. കൂടുതല്‍ ഭാരം കയറ്റാമെന്ന സ്ഥിതി വന്നതോടെ ചരക്ക് വണ്ടികളുടെ സുഗമമായ സഞ്ചാരവും സാധ്യമായി. ഇടുക്കി, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന മൂവാറ്റുപുഴയ്ക്ക് കച്ചവടകാര്യത്തിലും ഈ ബഹുമുഖ പട്ടം ചാര്‍ത്തി നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവയെയെല്ലാം പരസ്പരം ബന്ധിപ്പിച്ച പാലമാണ്.

 

കടലിനക്കരേക്ക് ‘ഗോശ്രീ’

ആഗോള വിപണിയിലേക്ക് കേരളത്തിന്റെ വ്യാപാരത്തെ കപ്പല്‍ കയറ്റുന്നിടമായ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് വഴിയൊരുക്കുന്ന മൂന്ന് പാലങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഗോശ്രീ പണി കഴിപ്പിച്ചിരിക്കുന്നത്. ബോള്‍ഗാട്ടി, വല്ലാര്‍പാടം, വൈപ്പിന്‍ ദ്വീപുകളിലേക്കുള്ള വാഹന ഗതാഗതത്തിന് വേഗം കൂട്ടിയതും ഈ പാലങ്ങള്‍ തന്നെ. മറൈന്‍ഡ്രൈവിന് സമീപത്ത് നിന്നാരംഭിക്കുന്ന ആദ്യപാലം മുതല്‍ക്കെ ഗോശ്രീ വിവിധങ്ങളായ ഉദ്ദേശ്യങ്ങള്‍ നടപ്പിലാക്കിയാണ് അക്കരെയെത്തുന്നത്. ഗോശ്രീ ഐലന്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ 2000 ഡിസംബര്‍ 29ന് പണിയാരംഭിച്ച ഈ പാലങ്ങളുടെ ശ്യംഖലയില്‍ ആദ്യത്തേത് സഞ്ചാരയോഗ്യമായത് 2003 ഡിസംബര്‍ 23ന് ആയിരുന്നു. 2004 ജൂണ്‍ അഞ്ചോടെ എല്ലാ പാലങ്ങളുടെയും പണി പൂര്‍ത്തീകരിക്കപ്പെട്ടു. ബോള്‍ഗാട്ടി, വല്ലാര്‍പാടം ദ്വീപുകളിലേക്ക് റോഡ്മാര്‍ഗമുള്ള സഞ്ചാരം സാധ്യമാക്കിയത് ഗോശ്രീയുടെ വരവോടെയായിരുന്നു. കേരളത്തിലെ അന്തര്‍ദേശീയ വ്യാപാരത്തിന്റെ പ്രധാന ഉറവിടമായ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായത് തന്നെ ഗോശ്രീ പാലങ്ങള്‍ നിലവിലുള്ളതുകൊണ്ടു മാത്രമാണ്. ഇത് വളരെ എളുപ്പത്തിലും കാര്യക്ഷമവുമായ അന്താരാഷ്ട്ര ചരക്ക് വിനിമയത്തിനു വഴിവെച്ചു. ഇന്ന് കോടികളുടെ വ്യാപാരമാണ് വല്ലാര്‍പാടം വഴി സംസ്ഥാനത്തിന് ലഭിക്കുന്നത്. അതില്‍ ഗോശ്രീ പാലങ്ങള്‍ നല്‍കുന്ന പിന്തുണ വിസ്മരിക്കാവുന്നതല്ല. കച്ചവടത്തിനപ്പുറം കൊച്ചിയിലെ വിവിധ കായല്‍ സമീപപ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്നതും കണ്ടെയ്‌നര്‍ റോഡ് നിലവില്‍ വരാന്‍ കാരണമായതും ഈ പാലങ്ങളാണ്. കൊച്ചിയില്‍ നിന്ന് ചെറായി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഒഴുക്കിനു ചുക്കാന്‍ പിടിക്കാനും ഗോശ്രീക്ക് സാധിച്ചു. ഒരുപക്ഷേ ഈ പാലങ്ങളിലൂടെയാണ് കേരളത്തിലേക്ക് ഏറ്റവുമധികം വരുമാനമെത്തുന്നതും.

ബോള്‍ഗാട്ടി, വല്ലാര്‍പാടം ദ്വീപുകളിലേക്ക് റോഡ്മാര്‍ഗമുള്ള സഞ്ചാരം സാധ്യമാക്കിയത് ഗോശ്രീയുടെ വരവോടെയായിരുന്നു. കേരളത്തിലെ അന്തര്‍ദേശീയ വ്യാപാരത്തിന്റെ പ്രധാന ഉറവിടമായ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായത് തന്നെ ഗോശ്രീ പാലങ്ങള്‍ നിലവിലുള്ളതുകൊണ്ടു മാത്രമാണ്

 

മാനം മുട്ടെ ‘മട്ടാഞ്ചേരി’

വില്ലിംഗ്ടണ്‍ ഐലന്‍ഡിനെയും ഫോര്‍ട്ട്‌കൊച്ചിയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 1940ല്‍ ബ്രിട്ടീഷ് എന്‍ജിനീയറായ റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോ പണിതുയര്‍ത്തിയ ചരിത്ര നിര്‍മിതിയാണ് മട്ടാഞ്ചേരി പാലം. വേമ്പനാട്ട് കായലിന് കുറുകെ പണികഴിപ്പിച്ച പാലം, സ്വയം ഉയര്‍ത്താനാവുന്ന കേരളത്തിലെ ആദ്യ പാലവും കൂടിയായിരുന്നു. കൊച്ചി പോര്‍ട്ടിലേക്ക് ചരക്കുകപ്പലുകള്‍ക്കും മറ്റും കടന്നുപോകത്തക്ക വിധത്തില്‍ പാലത്തിന്റെ നടുവിലെ സ്പാന്‍ മുകളിലേക്ക് ഉയര്‍ത്താവുന്ന വിധത്തിലായിരുന്നു നിര്‍മാണം. ഇതുവഴി കപ്പലുകള്‍ക്ക് തടസമില്ലാതെ പോര്‍ട്ടിലേക്ക് എത്താനും വാഹനങ്ങള്‍ക്ക് ഇരുകരകളിലേക്കും യഥേഷ്ടം സഞ്ചരിക്കാനും കഴിഞ്ഞു. മരത്തടികളും ഇരുമ്പും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പാലം ഇന്നും സഞ്ചാരയോഗ്യമാണ്. കേരളത്തിന്റെ ആദ്യകാല അന്താരാഷ്ട്ര കച്ചവടങ്ങളത്രയും കടന്നുപോയത് മട്ടാഞ്ചേരി പാലത്തിനടിയിലൂടെ ആയിരുന്നു. ഇതിനുപുറമെ കൊച്ചിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും നേവി ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്കുമുള്ള സഞ്ചാരം സാധ്യമായതും ഈ പാലം വഴിതന്നെ. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അത്തരത്തില്‍ മട്ടാഞ്ചേരിപാലം സംസ്ഥാനത്തിന് നേടിത്തന്ന വരുമാനം വളരെ വലുതാണ്. 1998ല്‍ പുതിയ പാലം സജ്ജമായതോടെ ഇതുവഴിയുള്ള സഞ്ചാരം കൂടുതല്‍ കാര്യക്ഷമമായി. ഇന്നും പഴയ പാലം വഴി ചെറുവാഹനങ്ങളും, അടിയിലൂടെ കപ്പലുകളും കടന്നുപോകുന്നുണ്ട്. ഇത്തരത്തില്‍ ജലഗതാഗതത്തിനും കരഗതാഗതത്തിനും ഒരുപോലെ വേദിയൊരുക്കുന്ന മട്ടാഞ്ചേരി പാലം ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള വരുമാനം കേരളത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

 

പടിഞ്ഞാറന്‍ കച്ചവടത്തെ കൊച്ചിയിലെത്തിച്ച ‘മാര്‍ത്താണ്ഡവര്‍മ്മ’

പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നുള്ള കച്ചവടത്തിന് കൊച്ചിയിലേക്കുള്ള കവാടമായി നിലകൊണ്ട പാലമാണ് ആലുവയില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മ പാലം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയാണ് 1940-42 കാലഘട്ടത്തില്‍ പെരിയാറിന് കുറുകെ പാലം നിര്‍മിച്ച് കൊച്ചിയിലേക്കുള്ള പ്രവേശന കവാടമാക്കി മാറ്റിയത്. കേരളത്തിന്റെ പ്രധാന കച്ചവടകേന്ദ്രമെന്നിരിക്കെ, കൊച്ചിയിലേക്കുള്ള സഞ്ചാരപഥത്തില്‍ ഈ പാലം ചെലുത്തിയ സ്വാധീനം ചെറുതല്ല. വിവിധ മേഖലകളില്‍ നിന്നാണ് കൊച്ചിയുടെ മണ്ണിലേക്ക് വരുമാനമെത്തുന്നത്. കച്ചവട, വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളിലെല്ലാം കൊച്ചി സൃഷ്ടിക്കുന്ന വരുമാനം ചെറുതല്ല. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വാഹനങ്ങള്‍ ഇന്ന് ആലുവ പാലം വഴി കൊച്ചിയിലെത്തുന്നുണ്ട്. ഓരോ മേഖലകളില്‍ നിന്നായി ഇവ സംസ്ഥാനത്ത് കൊണ്ടെത്തിക്കുന്നതാകട്ടെ ലക്ഷങ്ങളുടെ വരുമാനവും. 2002 ജൂണ്‍ 23ന് സമാന്തരമായി പുതിയ പാലം തുറന്നുനല്‍കിയതോടെ വണ്‍വേ ആയി ഗതാഗതം പരിഷ്‌കരിക്കപ്പെട്ടു. ഇതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനും വഴിയൊരുങ്ങി. ഒരു നഗരത്തിന്റെ വളര്‍ച്ചയില്‍ പാലം വഹിക്കുന്ന പങ്കിന് മികച്ച ഉദാഹരണമാണ് ആലുവ പാലം. ആലുവ നഗരത്തിന്റെ വ്യാവസായിക- സാംസ്‌കാരിക വളര്‍ച്ചയിലെല്ലാം മാര്‍ത്താണ്ഡവര്‍മ്മ പാലം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പടിഞ്ഞാറിന്റെ കച്ചവടത്തെ കൊച്ചിയുടെ മണ്ണിലേക്കെത്തിച്ചുകൊണ്ട് അത് ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു.

Comments

comments

Categories: FK News, FK Special