അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; എച്ച്-1ബി വിസയുള്ളവരെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടം

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; എച്ച്-1ബി വിസയുള്ളവരെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക് : അമേരിക്കയിലേക്ക് തൊഴിലിനായി പോയിരിക്കുന്ന ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന നടപടി തത്കാലം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. തൊഴിലെടുക്കാനായി അമേരിക്കയിലെത്തിയിരിക്കുന്നവര്‍ക്ക് നല്‍കുന്ന താത്കാലിക താമസാനുമതിയായ എച്ച്-1ബി വിസ ഉള്ളവര്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന നയം നടപ്പാക്കാന്‍ ഉദ്ദേശമില്ലെന്നാണ് അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയത്. ഇതോടെ എച്ച്-1ബി വിസ കൈവശമുളള അമേരിക്കയിലെ 7,50,000 ത്തില്‍ ഏറെ ഇന്ത്യക്കാര്‍ക്ക് തത്കാലം ആശ്വസിക്കാം. ഇവരില്‍ നിരവധി ആളുകള്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന സ്ഥിരം താമസാനുമതിയായ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയിരിക്കുന്ന എച്ച്-1ബി വിസ ഉള്ളവരേയും നിര്‍ബന്ധമായി പുറത്താക്കാനുള്ള നയം അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി നടപ്പാക്കാനൊരുങ്ങുന്നെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഐടി മേഖലയിലും ആരോഗ്യരംഗത്തും മറ്റും ജോലി ചെയ്തിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ റിപ്പോര്‍ട്ട് ആശങ്കയിലാക്കിയിരുന്നു. എച്ച്-1ബി വിസക്കെതിരെ കടുത്ത എതിര്‍പ്പുകളാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോണള്‍ഡ് ട്രംപ് ഉന്നയിച്ചിരുന്നത്. എന്നാല്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയുടെയടക്കം സമ്മര്‍ദ്ദ ഫലമായി കടുത്ത നടപടികള്‍ ട്രംപ് ഭരണകൂടം മാറ്റിവെച്ചിരിക്കുകയാണ്. അമേരിക്കന്‍ ഐടി കമ്പനികളും ട്രംപിന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

Comments

comments