ആഡംബര കാര്‍ : 2017 ല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച

ആഡംബര കാര്‍ : 2017 ല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച

2017 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് (38,989 യൂണിറ്റ്) കൈവരിച്ചത്

ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യയില്‍ ആഡംബര വാഹന വില്‍പ്പനയില്‍ വന്‍ വര്‍ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കൈവരിച്ചത്. നോട്ട് അസാധുവാക്കല്‍, ഡീസല്‍ വാഹന നിരോധനം എന്നിവയെതുടര്‍ന്ന് 2016 ല്‍ വില്‍പ്പനയിലുണ്ടായ തളര്‍ച്ച മറികടക്കുന്നതിന് വാഹന നിര്‍മ്മാതാക്കള്‍ ഗിയര്‍ മാറ്റുന്നതിന് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചു. 2017 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്. 38,989 യൂണിറ്റെന്ന റെക്കോഡ് വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്.

2016 ല്‍ രാജ്യമാകെ 33,050 ആഡംബര വാഹനങ്ങളാണ് വിറ്റത്. 2015 നേക്കാള്‍ എട്ട് ശതമാനം ഇടിവ്. ദേശീയ തലസ്ഥാന മേഖലയില്‍ വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചതും അടിസ്ഥാനസൗകര്യ വികസനത്തിന് സെസ്സ് ചുമത്തിയതും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതുമാണ് 2016 ല്‍ ആഡംബര കാറുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കാന്‍ കാരണമായത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 2015 ല്‍ 12.8 ശതമാനവും 2014 ല്‍ 5.7 ശതമാനവും 2013 ല്‍ 5 ശതമാനവുമായിരുന്നു വില്‍പ്പന വളര്‍ച്ച.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2017 ല്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ 15,330 വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 16 ശതമാനം (13,231 യൂണിറ്റ്) വളര്‍ച്ച. 2017 ല്‍ നിശ്ചയിച്ച പോലെ വില്‍പ്പന നടന്നതായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്വറി കാര്‍ ബ്രാന്‍ഡായി മെഴ്‌സിഡസ് ബെന്‍സ് മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും നാളുകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും കൂടുതല്‍ പേരെ ഉപയോക്താക്കളാക്കി മാറ്റുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായ മെഴ്‌സിഡസ് ബെന്‍സ് 2017 ല്‍ ഇന്ത്യയില്‍ 12 മോഡലുകളാണ് അവതരിപ്പിച്ചത്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

എതിരാളിയായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ മുന്‍ വര്‍ഷത്തേക്കാള്‍ 2017 ല്‍ 25 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. 9,800 യൂണിറ്റ് വാഹനങ്ങള്‍ വില്‍ക്കാന്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയ്ക്ക് കഴിഞ്ഞു. എക്‌സ്1, എക്‌സ്5 എന്നീ സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡാണ് ബിഎംഡബ്ല്യുവിന് തുണയായത്. ബിഎംഡബ്ല്യു ഇന്ത്യ 9,379 വാഹനങ്ങളും മിനി 421 വാഹനങ്ങളുമാണ് വിറ്റത്.

അതേസമയം 2017 ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ അസ്സംബ്ലിംഗ് തുടങ്ങിയ സ്വീഡിഷ് കാര്‍ കമ്പനി വോള്‍വോ 28 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2,029 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. 2018 ല്‍ ഇതേ വളര്‍ച്ച തുടരുമെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു. ഈയിടെ അവതരിപ്പിച്ച എക്‌സ്‌സി 60 ഈ വര്‍ഷം മുഴുവന്‍ വില്‍ക്കാന്‍ കഴിയുമെന്നും 2018 പകുതിയോടെ പുതിയ എക്‌സ്‌സി 40 പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

2017 ല്‍ ഇന്ത്യയില്‍ ഔഡി രണ്ട് ശതമാനവും (7,876 യൂണിറ്റ്) ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 49 ശതമാനവും (3,954 യൂണിറ്റ്) വില്‍പ്പന വളര്‍ച്ച നേടി. ഈ മാസം ഔഡി ക്യു5, റേഞ്ച് റോവര്‍ വെലാര്‍ എന്നീ മോഡലുകള്‍ പുറത്തിറക്കുന്നതോടെ 2018 ല്‍ ഇരു കമ്പനികളും നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto