ഓണ്‍ലൈന്‍ ടാക്‌സി വിപണിയില്‍ മാറ്റുരയ്ക്കാന്‍ കേരളത്തിന്റെ സ്വന്തം ആപ്പുകളും

ഓണ്‍ലൈന്‍ ടാക്‌സി വിപണിയില്‍ മാറ്റുരയ്ക്കാന്‍ കേരളത്തിന്റെ സ്വന്തം ആപ്പുകളും

കൊച്ചിയുടെ ബ്രോ കാബ്‌സ്, കോഴിക്കോടിന്റെ വെഹിക്കിള്‍ എസ്ടി…ഓണ്‍ലൈന്‍ ടാക്‌സി വിപണിയില്‍ കേരളം തനത് മാതൃകകള്‍ സൃഷ്ടിക്കുകയാണ്

ഓണ്‍ലൈന്‍ ടാക്‌സി എന്ന് കേള്‍ക്കുമ്പോള്‍ യുബര്‍, ഒല , തുടങ്ങിയ സര്‍വീസുകളെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന രീതിക്ക് മലയാളികള്‍ക്കിടയില്‍ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ആഗോള ഭീമന്മാരായ ഈ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃക പിന്തുടര്‍ന്ന് കേരളത്തില്‍ നിമ്മുള്ള ആപ്പുകള്‍ ഇതിനോടകം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

കൊച്ചിയിലും കോഴിക്കോടുമുള്ള രണ്ടു വ്യത്യസ്ത സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ബ്രോ കാബ്‌സ് വെഹിക്കിള്‍ എസ്ടി എന്നീ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആപ്പുകള്‍ക്ക് പിന്നില്‍. ബ്രോ കാബ്‌സ് കാര്‍ ടാക്‌സി സര്‍വീസാണ് നല്‍കുന്നത്. എന്നാല്‍ വെഹിക്കിള്‍ എസ്ടി ഓട്ടോ ടാക്‌സി സര്‍വീസ് ആണ്. കേരളത്തില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ സര്‍വീസ് ആയി ഓട്ടോറിക്ഷകള്‍ വരുന്നത്.

ഒല, യുബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ കാര്‍ ടാക്‌സി സര്‍വീസുകളുടെ ഭാഗമായിരുന്ന ഒരുകൂട്ടം ടാക്‌സി ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ബ്രോ കാബ്‌സ് എന്ന ഓണ്‍ലൈന്‍ ടാക്‌സി സംരംഭം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിലേക്ക് കൂടുതല്‍ വാഹനങ്ങളെ ആകര്‍ഷിക്കുന്നതിനായി തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന ഇന്‍സെന്റീവുകകള്‍ ഒല, യുബര്‍ കമ്പനികള്‍ പിന്‍വലിച്ചതോടെ, ലോണ്‍ എടുത്ത് വാഹനം വാങ്ങി ടാക്‌സി ഓടിക്കാന്‍ ഇറങ്ങിയവര്‍ സാമ്പത്തികമായി ഞെരുക്കത്തിലായി.

ഈ അവസ്ഥ മറികടക്കുന്നതിനായാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ബ്രോ കാബ്‌സ് എന്ന ആപ്പ് വികസിപ്പിച്ചത്. ഏറെ കാര്യക്ഷമമായ വിദേശ ആപ്പുകള്‍ പിന്തുടര്‍ന്ന് ശീലിച്ച മലയാളികള്‍ക്ക് മുന്നില്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് എങ്ങനെ സ്വീകരിക്കപ്പെടും എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും ആപ്പ് ലോഞ്ച് ചെയ്തപ്പോള്‍ അതില്ലാതായി. യുബര്‍, ഒല സര്‍വീസുകള്‍ നല്‍കുന്ന സകല സുരക്ഷാ ഫീച്ചറുകളും പാലിച്ചു കൊണ്ട് തന്നെയാണ് ബ്രോ കാബ്‌സും രൂപീകരിച്ചിരിക്കുന്നത്. ഡ്രൈവറുടെ സകല വിവരങ്ങളും സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നു. ജിപിഎസ് മുഖാന്തരം വാഹനത്തിന്റെ യാത്രാദിശ മനസിലാക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. കൊച്ചിയില്‍ മാത്രം ഏകദേശം ആയിരത്തിനടുത്ത് ടാക്‌സികളാണ് ഇപ്പോള്‍ ബ്രോ കാബ്‌സ് ആപ്ലിക്കേഷനിലൂടെ പ്രവര്‍ത്തിക്കുന്നത്-ബ്രോ കാബ്‌സ് ഭാരവാഹി സൗജല്‍ പറയുന്നു.

 

ഇനി ഓട്ടോ വരും വീട്ടുമുറ്റത്ത്

കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മിതമായ നിരക്ക് ഈടാക്കിയും ജനപ്രിയ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയരായവരാണ്. ഈ ജനപ്രീതിക്ക് കുറച്ചുകൂടി ആക്കം കൂട്ടുകയാണ് ഓണ്‍ലൈന്‍ ഓട്ടോ ബുക്കിംഗ് ആപ്ലിക്കേഷനായ വെഹിക്കിള്‍ എസ്ടി. കോഴിക്കോട് നഗരത്തിലെ 80 ശതമാനം ഓട്ടോകളും വെഹിക്കിള്‍ എസ്ടി സംവിധാനത്തിന് കീഴിലേക്ക് മാറിക്കഴിഞ്ഞു. ഇനി വീട്ടില്‍ ഇരുന്നു ആപ്പ് വഴി ഓട്ടോ ബുക്ക് ചെയ്യാം. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് വെഹിക്കിള്‍ എസ്ടി ആപ്പിന് പിന്നില്‍.

പ്‌ളേസ്റ്റോറില്‍ നിന്നും വെഹിക്കിള്‍ എസ്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കുറഞ്ഞ നിരക്കില്‍ ഈ സേവനം ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ആപ്പ് ഇറക്കിയത് എങ്കിലും ജനങ്ങള്‍ക്ക് ആപ്പിനോട് പൂര്‍ണ സഹകരണമാണ്. ഓട്ടോയില്‍ ഘടിപ്പിച്ചിരിക്കുന്ന മോണിറ്ററില്‍ ഡ്രൈവറിന്റെയും വാഹനത്തിന്റെയും വിവരങ്ങളും വാഹനത്തിന്റെ വേഗതയും കാണാന്‍ കഴിയും. ജിപിഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ട്രാഫിക് പൊലീസിന് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനം ട്രാക്ക് ചെയ്യുവാനും കഴിയും. ഓണ്‍ലൈനായും നേരിട്ടും പണം നല്‍കാം എന്നതും വെഹിക്കിള്‍ എസ്ടിയുടെ പ്രത്യേകതയാണ്.

ഓണ്‍ലൈന്‍ കാര്‍ ടാക്‌സികളെക്കുറിച്ച് കേട്ടിട്ടുണ്ട്, എന്നാല്‍ അത് ഓട്ടോയിലും ഉപയോഗിക്കാം എന്ന് വെഹിക്കിള്‍ എസ്ടി വന്നതിന് ശേഷമാണ് മനസിലായത്. രാത്രികാലങ്ങളില്‍ ഇതുമൂലം ഓട്ടം വര്‍ധിച്ചിട്ടുണ്ട്. ആപ്പ് കൂടുതല്‍ ജനകീയമാകുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും എന്ന് കരുതുന്നു-വെഹിക്കിള്‍ എസ്ടിയുടെ ഭാഗമായ അബ്ദുല്‍ വഹാബ് പറയുന്നു.

 

Comments

comments

Categories: Auto, FK News, Tech