സംസ്ഥാന ബജറ്റ് : പ്രവാസികളുടെ പ്രതീക്ഷകള്‍ വാനോളം ലോകകേരളസഭയില്‍ നയം വ്യക്തമാകും

സംസ്ഥാന ബജറ്റ് :  പ്രവാസികളുടെ പ്രതീക്ഷകള്‍ വാനോളം ലോകകേരളസഭയില്‍ നയം വ്യക്തമാകും

ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ രൂപീകരണ സമ്മേളനം അടുത്ത ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രവാസി ക്ഷേമ നടപടികള്‍ക്കുള്ള നാന്ദി കുറിക്കലാകുമെന്ന് കരുതപ്പെടുന്നു

കിഫ്ബിയിലൂടെ കഴിഞ്ഞ ബജറ്റില്‍ പ്രവാസി മലയാളികളെ വലിയ തോതില്‍ ആശ്രയിച്ച ഡോ. തോമസ് ഐസക്ക് അടുത്ത ബജറ്റില്‍ പ്രവാസി മലയാളികള്‍ക്ക് തിരിച്ചു നല്‍കാന്‍ പോകുന്നത് എന്തായിരിക്കും. തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന ലോകകേരള സഭയുടെ രൂപീകരണ സമ്മേളനത്തില്‍ ഇതിനൊരു മറുപടി ലഭിച്ചേക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച ലോകകേരള സഭ അടുത്ത ബജറ്റിന് തൊട്ടുമുമ്പ് യാഥാര്‍ഥ്യമാകുമ്പോള്‍ പ്രവാസി മലയാളികള്‍ വലിയ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ തന്നെയാണ് കടത്തിന്‍മേല്‍ കടം കയറിയ ഒരു സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന ഡോ. തോമസ് ഐസക്കിന്റെ പ്രധാന വെല്ലുവിളിയും.

ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ രൂപീകരണ സമ്മേളനം അടുത്ത ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രവാസി ക്ഷേമ നടപടികള്‍ക്കുള്ള നാന്ദി കുറിക്കലാകുമെന്ന് കരുതപ്പെടുന്നു. കിഫ്ബിയിലൂടെ 20,000 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്ന സര്‍ക്കാരിന് പ്രതീക്ഷിച്ച തോതില്‍ ധനസമാഹരണം നടത്തണമെങ്കില്‍ അതിന് ആനുപാതികമായി പ്രവാസികളുടെ ക്ഷേമത്തിന് എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രവാസി പുനരധിവാസത്തിന് 18 കോടി രൂപയാണ് വകയിരുത്തിയിരുന്നത്്. നോര്‍ക്കയ്ക്ക് 61 കോടി രൂപയും സാന്ത്വനം പദ്ധതിക്ക് 13 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് ആറ് കോടി രൂപയും വകയിരുത്തിയിരുന്നു. പ്രവാസി പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇക്കുറി പ്രവാസി ക്ഷേമത്തിനുള്ള ബജറ്റ് വിഹിതത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ബജറ്റിലെ പ്രധാന ആകര്‍ഷണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബി തന്നെയായിരുന്നു. എന്നാല്‍ അടുത്ത ബജറ്റ് ഒരു കിഫ്ബി ബജറ്റാകില്ലെന്നാണ് സൂചന. ഉല്‍പാദന ക്ഷമതയില്ലാത്ത മേഖലകളില്‍ കിഫ്ബി ഫണ്ടുകള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ തന്നെ നല്‍കുന്നുണ്ട്

ഉല്‍പാദന ക്ഷമതയില്ലാത്ത മേഖലകളില്‍ കിഫ്ബി ഫണ്ടുകള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ തന്നെ നല്‍കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ പൊതുമരാമത്ത് ജോലികളടക്കം കിഫ്ബി ഫണ്ടില്‍ നിന്ന് വകയിരുത്തിയത് ശരിയായ ദിശാസൂചനയായി പലരും കാണുന്നില്ല.

കിഫ്ബി ഏറ്റെടുത്ത പദ്ധതികള്‍ അതിബൃഹത്താണെങ്കിലും പ്രതീക്ഷിച്ച പോലെ കിഫ്ബിയിലേക്ക് ഫണ്ട് വരാത്തതിനാല്‍ ഇവയുടെ പൂര്‍ത്തീകരണത്തിന് കാലതാമസമുണ്ടാകും. പ്രവാസി മലയാളികളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ ഒരു വികസന വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ കഴിയുമെന്ന തോന്നല്‍ കിഫ്ബി ഉണ്ടാക്കിയെങ്കിലും കേരളം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി കിഫ്ബിയെയും പ്രതികൂലമായി ബാധിച്ചു. 50,000 കോടി രൂപ ചെലവു വരുന്ന ചെറുതും വലുതുമായ 314 പദ്ധതികളാണ് കിഫ്ബിയുടെ പരിഗണനയിലുള്ളത്. ഇതില്‍ 20,000 കോടിയോളം രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ഘട്ടത്തിലാണെങ്കിലും കിഫ്ബിയില്‍ ഉള്ളത് 3000 കോടി രൂപ മാത്രമാണ്. ബാക്കി തുക വായ്പയെടുക്കേണ്ട സാഹചര്യമാണുള്ളത്. ഇത് പല പദ്ധതികളെയും പ്രതിസന്ധിയിലാക്കി. അതുകൊണ്ടു തന്നെ അടുത്ത ബജറ്റില്‍ പുതിയ കിഫ്ബി പദ്ധതികള്‍ ഉണ്ടാകില്ലെന്ന വ്യക്തമായ സൂചന ധനമന്ത്രി തന്നെ നല്‍കിക്കഴിഞ്ഞു. അംഗീകരിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാകും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുക. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള സെസിന്റെയും വാഹന നികുതിയുടെയും വിഹിതവും കിഫ്ബിക്ക് ലഭിക്കുന്നുണ്ട്. പ്രവാസി ചിട്ടി കൂടി യാഥാര്‍ഥ്യമാകുന്നതോടെ കിഫ്ബിയില്‍ ആവശ്യമായ ഫണ്ട് വരുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ. അഞ്ച് വര്‍ഷം കൊണ്ട് 40,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പ്രവാസി ചിട്ടിയിലാണ് കിഫ്ബിയുടെ മുഴുവന്‍ പ്രതീക്ഷയും.

 

പ്രതീക്ഷ ഉണര്‍ത്തി പ്രവാസി ചിട്ടി

കിഫ്ബിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി ചിട്ടി ബജറ്റിന് തൊട്ടു പിന്നാലെ ഉദ്ഘാടനം ചെയ്യപ്പെടുന്നത് വലിയ പ്രതീക്ഷകളോടെയാണ്. പ്രവാസി ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ആകര്‍ഷിക്കുന്നതിനായി യു എ ഇയില്‍ വെച്ചാണ് പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നടത്തുന്നത്. ഇതിന് മുന്നോടിയായി പ്രവാസി ബന്ധു സംഗമങ്ങള്‍ നാടെങ്ങും നടന്നു. വിദേശത്ത് പ്രവാസികള്‍ക്കിടയിലും പ്രചാരണം നടക്കുന്നുണ്ട്. ഒരു വര്‍ഷം ലക്ഷം കോടി രൂപ നാട്ടിലേക്കയക്കുന്ന പ്രവാസികള്‍ക്ക് വേണ്ടത്ര നിക്ഷേപാവസരം സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമായി കൂടിയാണ് പ്രവാസി ചിട്ടി അവതരിപ്പിക്കപ്പെടുന്നത്. പ്രവാസി ചിട്ടിയില്‍ അടക്കുന്ന മാസ ഗഡുക്കള്‍ ബോണ്ടുകളായി സ്വമേധയാ കിഫ്ബിയില്‍ നിക്ഷേപിക്കപ്പെടുകയാണ്. നിക്ഷേപ തട്ടിപ്പുകളില്‍ പെട്ട് പണം നഷ്ടമാകുന്നവര്‍ക്ക് കെ എസ് എഫ് ഇ ചിട്ടി ഉറപ്പുള്ളൊരു സമ്പാദ്യ പദ്ധതിയാണ്. ലോകത്തെവിടെയിരുന്നും മലയാളിക്ക് ഓണ്‍ലൈനായി പ്രവാസി ചിട്ടിയില്‍ ചേരാനും മാസതവണകള്‍ അടക്കാനും ചിട്ടി വിളിക്കാനുമുള്ള സൗകര്യമുണ്ടാകും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ ഓഫീസും സജ്ജമാക്കിയിട്ടുണ്ട്. ലേലം വിളിച്ചെടുക്കുന്ന പണം കിഫ്ബിയില്‍ ബോണ്ടുകളായി നിക്ഷേപിച്ച് ആദായം നേടാം. ബന്ധപ്പെട്ട ശാഖയില്‍ ചിട്ടിയില്‍ ചേരുന്ന ആള്‍ അധികാരപ്പെടുത്തുന്ന ആള്‍ക്ക് വസ്തുജാമ്യം നല്‍കാനും ചിട്ടിപ്പണം പ്രവാസി എക്കൗണ്ടില്‍ ഓണ്‍ലൈനായി ലഭ്യമാക്കാനും സംവിധാനമുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയര്‍ പ്രവാസി ചിട്ടിക്കായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ചിട്ടിയുടെ പ്രൈസ് സംഖ്യ ഉപയോഗപ്പെടുത്തി പെന്‍ഷന്‍ പദ്ധതിയും ഇന്‍ഷ്വറന്‍സ് പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.20,000 കോടി രൂപ പ്രവാസി ചിട്ടിയിലൂടെ മൂന്നു വര്‍ഷം കൊണ്ട്് സമാഹരിക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. ആകെയുള്ള 24 ലക്ഷം പ്രവാസി മലയാളികളില്‍ 10 ലക്ഷം പ്രവാസികള്‍ ചിട്ടിയില്‍ ചേരുമെന്നും ഇവരുടെ സെക്യൂരിറ്റി തുക, സ്ഥിരം നിക്ഷേപങ്ങള്‍, ഫോര്‍മാന്‍ കമീഷന്‍ തുടങ്ങിയവയെല്ലാംകൂടി 10,000 കോടി രൂപ കിഫ്ബി ബോണ്ടുകളിലേക്ക് വരുമെന്നുമാണ് പ്രതീക്ഷ. ഫോര്‍മാന്‍ കമ്മീഷന്‍ ഒഴികെയുള്ള നിക്ഷേപ തുക ചിട്ടി വട്ടമെത്തുമ്പോള്‍ തിരിച്ചു കൊടുക്കേണ്ടിവരുമെങ്കിലും അതിനുള്ളില്‍ പുതിയ കുറികളുടെ വിഹിതം കിഫ്ബിയിലേക്ക് വരും. ഇതൊരു തുടര്‍ പ്രക്രിയയായതിനാല്‍ കിഫ്ബിയില്‍ ആവശ്യത്തിന് പണം എപ്പോഴും ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

ലോകകേരളസഭ ബജറ്റിന്റെ ദിശ നിര്‍ണയിക്കും

പ്രവാസികള്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളിലേക്കു പൊതു സമൂഹത്തിന്റെയും, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും, രാജ്യാന്തര ഏജന്‍സികളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും പരിഹാരം തേടാനമുള്ള വേദിയായിരിക്കും ലോകകേരളസഭ. പ്രവാസി കാര്യവകുപ്പ് രൂപീകരിച്ച ശേഷം ഈ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ലോകകേരളസഭ. ഒരു സ്ഥിരം സഭയായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 351 അംഗങ്ങളായിരിക്കും ലോകകേരളസഭയില്‍ ഉണ്ടാകുക. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 178 അംഗങ്ങളെ കേരളസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇപ്രകാരം നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 100 പേര്‍ പുറംരാജ്യങ്ങളില്‍ നിന്നും 6 പേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍ നിന്നും 30 പേര്‍ വിവിധ വിഷയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും. പ്രഥമ സമ്മേളനം തയ്യാറാക്കുന്ന മാര്‍ഗരേഖയായിരിക്കും തുടര്‍ന്നുള്ള അതിന്റെ പ്രവര്‍ത്തനങ്ങളുടെ ആധാരശിലയായി മാറുക.

 

പുനരധിവാസം ഭാവിയുടെ വെല്ലുവിളി

ള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് വഴികണ്ടെത്തുന്നതിനുള്ള ഫലപ്രദമായ വേദികൂടിയായി സഭ മാറും. ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ മടക്കയാത്ര ആരംഭിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യം കേരളത്തിന്റെ മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്. ആളുകള്‍ തിരിച്ചുവരുന്നതിനൊപ്പം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള പണത്തിന്റെ വരവും കുറഞ്ഞുകൊണ്ടിരിക്കുന്നു

പ്രവാസികള്‍ അയയ്ക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളം വരും എന്നാണ് കണക്ക്. ഇനിയങ്ങോട്ട് ഈ കണക്കുകള്‍ മാറി മറിഞ്ഞേക്കാം. ഗള്‍ഫ് ഇനിയങ്ങോട്ട് രക്ഷാമാര്‍ഗമാകില്ലെന്ന തിരിച്ചറിവില്‍ ഗള്‍ഫ് വ്യവസായികള്‍ പോലും നിക്ഷേപം മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ കൂട്ടത്തോടെ മടങ്ങിവരേണ്ടുന്ന സാഹചര്യം സംജാതമാകുന്നുണ്ട്. ഈ വലിയ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്ന വേദിയാകും ലോകകേരളസഭ. പ്രഥമ സമ്മേളനത്തില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുകയും തുക വകയിരുത്തുകയും ചെയ്യുക.

 

പെന്‍ഷന്‍ വര്‍ധിച്ചേക്കും

കഴിഞ്ഞ ബജറ്റില്‍ പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രവാസികളുടെ കൈയടി നേടിയിരുന്നു. പെന്‍ഷന്‍ തുകയില്‍ ഇക്കുറിയും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്‌

പെന്‍ഷന്‍ 5000 രൂപയാക്കണമെന്നാണ് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശത്ത് രണ്ടു വര്‍ഷത്തിലധികം ജോലി ചെയ്ത് തിരിച്ചെത്തിയ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യം മുന്‍ സര്‍ക്കാരിന്റെ സജീവപരിഗണനയി ലുണ്ടായിരുന്നതാണ്. പ്രവാസിക്ഷേമത്തിനുള്ള പല പദ്ധതികളും കടലാസില്‍ ഒതുങ്ങുകയാണെന്നും പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് ചൂണ്ടിക്കാട്ടി.

 

Comments

comments