കുത്തിയുയര്‍ന്ന പന്തുകളില്‍ കളിമറന്ന് ബാറ്റ്‌സ്മാന്‍മാര്‍; കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി

കുത്തിയുയര്‍ന്ന പന്തുകളില്‍ കളിമറന്ന് ബാറ്റ്‌സ്മാന്‍മാര്‍; കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്റെ തോല്‍വി

കേപ്ടൗണ്‍ : ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍  ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ130 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ബോളര്‍മാര്‍ ഉയര്‍ത്തിയ പ്രതീക്ഷ ബാറ്റ്‌സ്മാന്‍മാര്‍ കളഞ്ഞു കുളിച്ചു. വെര്‍ണന്‍ ഫിലാണ്ടറിന്റെ വിക്കറ്റിനിരുവശത്തേക്കും സീം ചെയ്ത പന്തുകളെയും മോണെ മോര്‍ക്കലിന്റെയും കംഗീസോ റബാഡയുടെയും ബൗണ്‍സറുകളെയും നേരിടാനാവാതെ 208 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 135 റണ്‍സിന് പുറത്തായി. രണ്ടാമിന്നിംഗ്‌സില്‍ 42 റണ്‍സിന് ഇന്ത്യയുടെ 6 വിക്കറ്റുകള്‍ പിഴുത ഫിലാണ്ടറാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടിംന്നിംഗ്‌സുകളിലുമായി 75 റണ്‍സ് വിട്ടുകൊടുത്ത് 9 വിക്കറ്റുകളെടുത്ത ഫിലാണ്ടര്‍ തന്നെയാണ് കളിയിലെ താരം. സ്റ്റാര്‍ ബോളര്‍ ഡെയ്ല്‍ സ്‌റ്റെയിന് പരിക്ക് മൂലം രണ്ടാം ഇന്നിംഗ്‌സില്‍ ബോള്‍ ചെയ്യാനാവാഞ്ഞത് ദക്ഷിണാഫ്രിക്കയുടെ ആക്രമണത്തിന്റെ മുനക്ക് ഒട്ടും മൂര്‍ച്ച കുറച്ചില്ല. 208 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ഒാപ്പണര്‍മാരായ ശിഖര്‍ ധവനും മുകളി വിജയും നല്‍കിയത്. സ്‌കോര്‍ 30ല്‍ നില്‍ക്കെ 16 റണ്‍സെടുത്ത ശിഖര്‍ ധവനെ ക്രിസ് മോറിസിന്റെ കൈയിലെത്തിച്ച് മോര്‍ക്കല്‍ ആദ്യ പ്രഹരമേല്‍പിച്ചു. പിന്നാലെ 13 റണ്‍സെടുത്ത വിജയ്‌നെ ഫിലാണ്ടര്‍ പുറത്താക്കി. 4 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയും മടങ്ങിയതോടെ 39ന് 3 എന്ന നിലയില്‍ ഇന്ത്യ അപടകം മണത്തു. കടന്നാക്രമിച്ച് ക്യാപ്ടന്‍ വിരാട് കോലിയും രോഹിത് ശര്‍മയും നാലാം വിക്കറ്റില്‍ നിലയുറപ്പിച്ചതോടെ ചരിത്രം വഴിമാറുമോയെന്ന പ്രതീക്ഷ വീണ്ടുമെത്തി. കേപ് ടൗണ്ില്‍ വിജയം കാണുന്ന ആദ്യം ഏഷ്യന്‍ ടീമെന്ന ഖ്യാതി കൂടിയാണ് ഇന്ത്യ കാത്തിരുന്നത്. എന്നാല്‍ സ്‌കോര്‍ 71ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത കോലിയെ ഫിലാണ്ടര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കളിയുടെ ഗതി മാറിമറിഞ്ഞു. 10 റണ്‍സെടുത്ത രോഹിത് ശര്‍മ ഓഫ് സ്റ്റംപിന് പുറത്തു പോയിരുന്ന ഫിലാണ്ടറിന്റെ പന്ത് വിക്കറ്റിലേക്ക് തട്ടിയിട്ട് പുറത്തായതോടെ സ്‌കോര്‍ 76ന് അഞ്ച്. പിന്നാലെ ആദ്യ ഇന്നിംഗ്‌സിലെ ഹീറോ ഹാര്‍ദിക് പാണ്ഡ്യ 1 റണ്‍സിന് പുറത്തായതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. വാലറ്റത്ത് 37 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്റെ ഇന്നിംഗ്‌സില്ലായിരുന്നെങ്കില്‍ ഇന്ത്യ 100 കടക്കില്ലായിരുന്നു. മൂന്നാം ദിവസം പെയ്ത മഴ പിച്ച് കൂടുതല്‍ ദുഷ്‌കരമാക്കിയെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 285 റണ്‍സെടുക്കാന്‍ അനുവദിച്ചതാണ് ഇന്ത്യക്ക് വിനയായത്. ആദ്യ ഇന്നിംഗ്‌സിലെ അല്‍പം കൂടി മെച്ചപ്പെട്ട ബാറ്റിംഗ് സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ പാണ്ഡ്യ ഒഴിച്ചുളള ഇന്ത്യന്‍ ബാറ്റ്‌സാമാന്‍മാര്‍ക്ക് ആയില്ല. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താറുള്ള അജിങ്ക്യ രഹാനെയെ പുത്തിരുത്തിയതും ബാറ്റിംഗ് നിരയെ ദുര്‍ബലമാക്കി. നേരത്തെ പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് മൊഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ പവലിയന്‍ കയറ്റിയപ്പോള്‍ രണ്ടാമിന്നിംഗ്‌സില്‍ 65ന് രണ്ട് എന്ന നിലയില്‍ കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക 130 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ 77 റണ്‍സിന്റെ ലീഡ് കൂടി ചേര്‍ത്ത് ജയിക്കാന്‍ 208 റണ്‍സിന്റെ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ വെച്ചത്. ആദ്യ ടെസ്റ്റിലെ വിജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്ക് 1-0 ലീഡായി. രണ്ടാം ടെസ്റ്റ് 13ന് സെഞ്ചൂറിയനില്‍ നടക്കും. പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയിന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല.

സ്‌കോര്‍ : ദക്ഷിണാഫ്രിക്ക 286, 130
ഇന്ത്യ : 209, 135

Comments

comments

Categories: FK News, Sports