ഉത്തേജക മരുന്നുപയോഗിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് അഞ്ച് മാസത്തെ വിലക്ക്

ഉത്തേജക മരുന്നുപയോഗിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് അഞ്ച് മാസത്തെ വിലക്ക്

ന്യൂഡല്‍ഹി : നിരോധിക്കപ്പെട്ട രാസവസ്തു ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിബിഐ 5 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മത്സരത്തിനിടെ മാര്‍ച്ച് 16ന് നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട ടെര്‍ബ്യൂട്ടാലീന്‍ എന്ന രാസവസ്തു പഠാന്റെ മൂത്ര സാമ്പിളുകളില്‍ കണ്ടെത്തിയത്. ചുമക്കുള്ള മരുന്നുകളിലാണ് ടെര്‍ബ്യൂട്ടാലീന്‍ ഉപയോഗിക്കാറുളളത്. ശ്വാസനാളത്തിലുണ്ടായ അണുബാധ ചികിത്സിക്കാനുപയോഗിച്ച മരുന്നിലാണ് ടെര്‍ബ്യൂട്ടാലീന്‍ അടങ്ങിയിരുന്നതെന്നും ഇത് അറിഞ്ഞുകൊണ്ടല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം ബിസിസിഐ അംഗീകരിച്ചു. ശിക്ഷ 5 മാസത്തേക്ക് ചുരുങ്ങിയത് ഇതിനാലാണ്. മനപൂര്‍വം ഉത്തജകമരുന്ന് ഉപയോഗിച്ചതാണെന്ന് തെളിഞ്ഞിരുന്നെങ്കില്‍ യൂസഫിന് കൂടുതല്‍ കാലത്തെ വിലക്ക് നേരിടേണ്ടി വരുമായിരുന്നു. 2011 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന 35കാരന്റെ ക്രിക്കറ്റ് ഇന്നിംഗ്‌സിന് അതോടെ തിരശീല വീഴുമായിരുന്നു. കേസ് വാദിക്കാനും സ്വന്തം ഭാഗം അവതരിപ്പിക്കാനും അവസരമൊരുക്കിയ ബിസിസിഐക്ക് യൂസഫ് പഠാന്‍ നന്ദി പറഞ്ഞു. മുന്‍കാല പ്രാബല്യമുള്ള വിലക്ക് ജനുവരി 14ന് അവസാനിക്കുന്നതിനാല്‍ യൂസഫിന് തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാം.

Comments

comments

Categories: FK News, Sports