റിയല്‍ എസ്‌റ്റേറ്റ് വിദേശനിക്ഷേപം: ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം

റിയല്‍ എസ്‌റ്റേറ്റ് വിദേശനിക്ഷേപം:   ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ലോകരാജ്യങ്ങളുടെ റേറ്റിങ്ങില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അസോസിയേഷന്‍ ഓഫ് ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഇന്‍ റിയല്‍ എസ്‌റ്റേറ്റിന്റെ 2017ലെ സര്‍വെയുടെ റിപ്പോര്‍ട്ടില്‍ ടോപ്പ് എമര്‍ജിംഗ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. മുന്‍ വര്‍ഷം ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തായിരുന്ന ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീലാണ് ഈ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. മുന്‍ വര്‍ഷം ബ്രസീല്‍ മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന മെക്‌സിക്കോ ഇന്ത്യക്ക് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനം പങ്കിട്ടു. കൊളംബിയയാണ് അഞ്ചാം സ്ഥാനത്ത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഒന്നാമതായിരുന്ന ന്യൂയോര്‍ക്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലണ്ടന്‍ ഇക്കുറി ഒന്നാമതെത്തി. കഴിഞ്ഞ തവണ ലണ്ടന്‍ മൂന്നാം സ്ഥാനത്തായിരുന്നു. ബെര്‍ലിന്‍, ലോസ് ഏഞ്ചലസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെത്തിയത്.


റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യു എസ് തന്നെയാണ് ഇക്കുറിയും ഒന്നാം സ്ഥാനത്ത്. ജര്‍മനി, കാനഡ, യു കെ, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളാണ് രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
മൂലധന നിക്ഷേപ വളര്‍ച്ചക്കുള്ള മികച്ച അവസരങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഒന്നാം സ്്ഥാനം നിലനിര്‍ത്തി. ബ്രസീല്‍, ചൈന, സ്‌പെയിന്‍, യു കെ എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
വാഷിംഗ്ടണ്‍ ആസ്ഥാനമായ റിയല്‍ എസ്‌റ്റേറ്റ് ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സ് അസോസിയേഷന് 22 രാജ്യങ്ങളില്‍ അംഗങ്ങളുണ്ട്. അസോസിയേഷനിലെ അംഗങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം രണ്ടു ട്രില്യണ്‍ ഡോളര്‍ വരും.

 

Comments

comments