നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത്  കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി

രാജഭരണകാലം മുതല്‍ക്കെ കൈത്തറി വസ്ത്രങ്ങള്‍ നെയ്തുകൊണ്ട് നെയ്ത്തുഗ്രാമം എന്ന പേരില്‍ പ്രശസ്തമാണ് കുത്താംപുള്ളി. ഗ്രാമീണക്കാഴ്ചകള്‍ക്കൊപ്പം കൈത്തറിയും കസവും വര്‍ണനൂലുകളും നിറച്ചായങ്ങളുമെല്ലാം വിന്യസിച്ചിരിക്കുന്ന കുത്താംപുള്ളി ഇന്ന് കൈത്തറി രംഗത്തെ പകരം വെക്കാനില്ലാത്ത ബ്രാന്‍ഡായി വളര്‍ന്നുകഴിഞ്ഞു.

വസ്ത്രവ്യാപാര രംഗത്ത് കൈത്തറി വസ്ത്രങ്ങളുടെ കുത്തകാവകാശം പട്ടില്‍ നെയ്‌തെടുത്ത പാരമ്പര്യമാണ് കുത്താംപുള്ളി എന്ന നെയ്ത്ത് ഗ്രാമത്തെ ആഗോളവിപണിയിലെ മൂല്യമേറിയ ബ്രാന്‍ഡ് ആക്കി മാറ്റുന്നത്. കൊച്ചി മഹാരാജാവിന് വസ്ത്രം നെയ്ത് ആരംഭിച്ച കുത്താംപുള്ളി ഇന്ന് കൈത്തറി വസ്ത്രങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ്. ചര്‍ക്കയില്‍ തീര്‍ത്ത വസ്ത്ര വിസ്മയങ്ങളില്‍ നിന്ന് ആധുനിക കാലത്ത്, കാലികമായ മാറ്റങ്ങളുമായി കുത്താംപുള്ളി വിപണിയിലെ സാന്നിധ്യം ശക്തമായി നിലനിര്‍ത്തുന്നു. ദേവാംഗ ചെട്ടിയാര്‍ വിഭാഗത്തിലുള്ള 10 കുടുംബങ്ങളെ ആദ്യകാലത്ത് രാജവസ്ത്രങ്ങളുടെ നിര്‍മാണത്തിമനായി കൊച്ചി മഹാരാജാവ് മധുരയില്‍ നിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു. ഇന്ന് അവരുടെ തലമുറകള്‍ കടന്ന് ഇവിടം പൂര്‍ണമായും ഒരു നെയ്ത്ത് ഗ്രാമമായി മാറിക്കഴിഞ്ഞു.

കൊച്ചി മഹാരാജാവിന്റെ നിത്യേനയുള്ള ക്ഷേത്രദര്‍ശനത്തിനായി പുത്തന്‍ വസ്ത്രങ്ങള്‍ നെയ്‌തെടുത്ത കുത്താംപുള്ളി അതിനൊപ്പം രചിച്ചത് കൈത്തറി മേഖലയുടെ ശക്തമായ ഭാവിയാണ്. ഇന്ന് ഇവിടെ നിന്നും വിപണിയിലെത്തുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച സ്വീകാര്യതയും വിപണിമൂല്യവും ലഭിക്കുന്നത് വസ്ത്രങ്ങളുടെ മികവും നൂതനഡിസൈനുകളും കൊണ്ടുതന്നെ. നെയ്ത്ത് ഗ്രാമമെന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഗ്രാമത്തിന്റെ കാഴ്ചകള്‍. പുത്തന്‍ തുണിത്തരങ്ങളുടെ ഗന്ധവും നെയ്ത്തുപകരണങ്ങളുടെ ശബ്ദവും നിറയുന്ന കുത്താംപുള്ളിയുടെ ദിനരാത്രങ്ങള്‍ വിപണിക്ക് മുന്നില്‍ വെക്കുന്നത് മറ്റെങ്ങും ലഭ്യമല്ലാത്ത നിലവാരത്തിലുള്ള വസ്ത്ര വൈവിധ്യങ്ങളാണ്. ഓരോ വീടുകളോടും അനുബന്ധമായി തയ്യല്‍ യൂണിറ്റുകളോ കൈത്തറി അനുബന്ധ യൂണിറ്റുകളോ ഇവിടെ കാണാം. എല്ലാ വീടുകളിലെയും ഒന്നിലധികം ആളുകള്‍ പണിയെടുക്കുന്നതും വസ്ത്ര നിര്‍മാണരംഗത്ത് തന്നെ. ഇന്ന് പുത്തന്‍ തലമുറ വിവിധ ജോലികള്‍ തേടി വിവിധ സ്ഥലങ്ങളിലേക്ക് ചേക്കേറുന്നുണ്ടെങ്കിലും കരുത്തുറ്റ കരങ്ങളുമായി ബാക്കി കുടുംബാംഗങ്ങള്‍ കൈത്തറിയുടെ വേഗം കൂട്ടിക്കൊണ്ടിരിക്കുന്നു. ആധുനികതയുടെ അതിപ്രസരവുമായി നിരവധി പുത്തന്‍ വ്യാപാര ശാലകള്‍ രംഗപ്രവേശനം നടത്തിയെങ്കിലും കുത്താംപുള്ളിയുടെ കൈത്തറിയെ വിശ്രമ ജീവിതത്തില്‍ തളച്ചിടാന്‍ അവയ്‌ക്കൊന്നും സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇന്ന് നെയ്ത്തു ശാലയ്ക്കുപരി പുതിയ തലമുറകള്‍ക്കായുള്ള പരിശീലനകളരി കൂടിയാണ് കുത്താംപുള്ളി. നെയ്ത്തു കുടുംബത്തിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നടത്തുന്ന ഒരുമിച്ചുള്ള അധ്വാനത്തിന്റെ ഫലമായാണ് ഓരോ ഉല്‍പ്പന്നവും ഇവിടെ നിന്ന് വിപണിയിലെത്തുന്നത്.

ആധുനിക ജീവിതത്തിന്റെ വസ്ത്രധാരണ ശൈലിയില്‍ വന്ന മാറ്റങ്ങള്‍ കൈത്തറിയെ ബാധിച്ചിട്ടുണ്ട്. പഴമയെയും കൈത്തറിയെയും സ്‌നേഹിക്കുന്ന ഒരു വിഭാഗം നിലനില്‍ക്കുന്നതും കേരളസാരിയുടെ മികച്ച വില്‍പ്പനയുമാണ് ഇന്നും കൈത്തറിമേഖലയ്ക്ക് പിടിവള്ളിയാവുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തത് മേഖലയ്ക്കു വെല്ലുവിളിയാകുന്നുണ്ട്

ഇതര വസ്ത്രങ്ങളേക്കാള്‍ കൂടുതല്‍ നാളുള്ള ഈടുനില്‍പ്പും ധരിക്കുമ്പോഴുള്ള കംഫര്‍ട്ടുമെല്ലാമാണ് ഇന്നും കൈത്തറി രംഗത്തേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിനൊപ്പം തന്നെ ഡിസൈനിംഗിലെ പ്രൗഢിയും കൃത്യതയും ഇവയ്ക്ക് പെരുമ വര്‍ധിപ്പിക്കുന്നു. ഒരു ദിവസത്തോളമെടുത്താണ് ഇവിടെ മുണ്ടുകള്‍ തയാറാക്കുന്നത്. അതിനൊപ്പം സാരികളുടെയും പ്രത്യേവ വിഭാഗം ഇവിടെയുണ്ട്. ഏകദേശം മൂന്നു ദിവസത്തിലാണ് സാരി നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആഗോളതലത്തില്‍ വന്‍ ഡിമാന്റ് ആണ് കുത്താംപുള്ളി സാരികള്‍ക്കുള്ളത്. കേരള സാരിയില്‍ കുത്താംപുള്ളി തീര്‍ക്കുന്ന മാന്ത്രികത ഇന്ന് ലോക പ്രശസ്തമാണ്. ഇതിനൊപ്പം തന്നെ വിദേശ സഞ്ചാരികള്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും കേരളസാരിയോടുള്ള താല്‍പ്പര്യം വര്‍ധിച്ചതും വില്‍പ്പനയിലെ വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്. എല്ലാ തരക്കാര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ വിവിധ വിലകളിലുള്ള വസ്ത്രങ്ങള്‍ ഇവിടെ നെയ്‌തെടുക്കുന്നുണ്ട്. ഇതിനുപുറമെ വെള്ളി നൂലിലും സ്വര്‍ണനൂലിലും തയാറാക്കുന്ന ആഡംബര വസ്ത്രങ്ങളും പെരുമ വര്‍ധിപ്പിക്കുന്നു. നല്‍കുന്ന വിലയ്ക്ക് ഉറപ്പുള്ള ഉല്‍പ്പന്നം എന്നതാണ് കുത്താംപുള്ളിയുടെ പാരമ്പര്യം. ഇത്രയുകാലം കൊണ്ട് അവര്‍ അത് തെളിയിച്ചുകഴിഞ്ഞു. നല്‍കുന്ന വിലയ്ക്ക് ഒരു ഗ്രാമത്തിന്റെ തന്നെ ഉറപ്പാണ് തിരികെ ലഭിക്കുക.

മൊത്തക്കച്ചവടക്കാരും ചില്ലറവ്യാപാരികളും മറ്റുമായി നിരവധി ഉപഭോക്താക്കളാണ് നിത്യേന ഇവിടെ എത്തുന്നത്. കൂടാതെ നെയ്ത്ത്ഗ്രാമം കാണുന്നതിനായി മാത്രം നിരവനധിയാളുകള്‍ എത്തുന്നുണ്ട്. ഓണക്കാലത്താണ് ഇവിടെ തിരക്കേറുന്നത്. ഓണം പ്രമാണിച്ച് നിരവധി പുത്തന്‍ ഡിസൈനുകളും സജ്ജമാക്കിയിരിക്കും. ഓരോ സീസണുകള്‍ക്കനുസരിച്ച് വ്യത്യസ്ത ഡിസൈനുകളാണ് കുത്താംപുള്ളിയില്‍ നിന്ന് വിപണിയില്‍ എത്തുന്നത്. കാലോചിതമായ നവീന മാറ്റങ്ങള്‍ മെറ്റീരിയല്‍ അടക്കമുള്ളവയിലും പ്രതിഫലിക്കുന്നു. ഓരോ നാല മാസക്കാലത്തിന്റെ ഇടവേളയ്ക്ക് ശേഷവും പുതിയ ഡിസൈനുകള്‍ കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്യും. അതിനാല്‍ വസ്ത്രങ്ങളിലെ പുതുമയ്ക്ക് ഒരിക്കലും കോട്ടം സംഭവിക്കുന്നില്ല. കുത്താംപുള്ളിയിലെത്തുന്ന ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരമുള്ള ഡിസൈനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. സാധാരണഗതിയില്‍ മെഷീന്‍ ഉപയോഗിച്ച് ദിവസേന അഞ്ച് മുണ്ടുകള്‍ വരെ നെയ്‌തെടുക്കാം. കൈത്തറിയില്‍ ഇത് ഒരെണ്ണമായി ചുരുങ്ങുമെങ്കിലും നിലവാരത്തിന്റെ കാര്യത്തില്‍ അഞ്ചിന്റെ ഫലം ഈ ഒരെണ്ണം കാഴ്ചവെക്കുമെന്നാണ് ഇവിടുത്തെ നെയ്ത്തുകാര്‍ പറയുന്നത്. രാപ്പകല്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഫലമായി ഓരോ ഉല്‍പ്പന്നവും പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. നൂലും, വാര്‍പ്പുകളും തമിഴ്‌നാട്ടില്‍ നിന്നും കസവുകള്‍ സൂററ്റില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇവ മൂന്നിന്റെയും മികച്ച തരത്തിലുള്ള സമ്മേളനത്തില്‍ നിന്നാണ് ഓരോ ഉല്‍പ്പന്നവും കുത്താംപുള്ളിയുടെ പേരില്‍ വിപണിയില്‍ ശ്രദ്ധേയമാകുന്നത്.

കേരള സാരിയില്‍ കുത്താംപുള്ളി തീര്‍ക്കുന്ന മാന്ത്രികത ഇന്ന് ലോക പ്രശസ്തമാണ്. ഇതിനൊപ്പം തന്നെ വിദേശ സഞ്ചാരികള്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും കേരളസാരിയോടുള്ള താല്‍പ്പര്യം വര്‍ധിച്ചതും വില്‍പ്പനയിലെ വര്‍ധനവിന് വഴിയൊരുക്കിയിട്ടുണ്ട്‌

ആധുനിക ജീവിതത്തിന്റെ വസ്ത്രധാരണ ശൈലിയില്‍ വന്ന മാറ്റങ്ങള്‍ കൈത്തറിയെ ബാധിച്ചിട്ടുണ്ട്. പഴമയെയും കൈത്തറിയെയും സ്‌നേഹിക്കുന്ന ഒരു വിഭാഗം നിലനില്‍ക്കുന്നതും കേരളസാരിയുടെ മികച്ച വില്‍പ്പനയുമാണ് ഇന്നും കൈത്തറിമേഖലയ്ക്ക് പിടിവള്ളിയാവുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തത് മേഖലയ്ക്കു വെല്ലുവിളിയാകുന്നുണ്ട്. ടൂറിസവുമായി ബന്ധപ്പെടുത്തി മികച്ച വില്പന ഉണ്ടാക്കിയെടുക്കാന്‍ ഈ അടുത്തകാലത്തായി കൈത്തറി ഉത്പന്നങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാര്‍ പോലുള്ള കേരളത്തിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രങ്ങളിലും അവിടങ്ങളിലേക്കുള്ള വഴികളിലും മറ്റും കൈത്തറി വ്യാപാര കേന്ദ്രങ്ങള്‍ നിറയുന്നത് തന്നെ ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നിരവധി വേഖലകള്‍ നിലവിലുള്ളപ്പോള്‍ കൈത്തറി വേറിട്ടുനില്‍ക്കുന്നത് ഇങ്ങനെയെല്ലാമാണ്. കേരള കൈത്തറിയുടെ പ്രധാന ബ്രാന്‍ഡ് ആയ കുത്താപുള്ളി ഇക്കാര്യത്തില്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. കൈത്തറിയുടെ കൈക്കരുത്തുമായി കുത്താംപുള്ളി നൂലിഴകളില്‍ വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുകയാണ്.

 

Comments

comments

Categories: FK Special, Slider, Top Stories