ജോണ്‍ ലെനന്‍ ഉപയോഗിച്ച മങ്കി ബൈക്ക് ലേലം ചെയ്യും

ജോണ്‍ ലെനന്‍ ഉപയോഗിച്ച മങ്കി ബൈക്ക് ലേലം ചെയ്യും

1969 മുതല്‍ 1971 വരെ ജോണ്‍ ലെനന്റെ ഉടമസ്ഥതയിലായിരുന്നു 1969 മോഡല്‍ ഹോണ്ട ഇസഡ്50എ കെ1 ‘ഷോര്‍ട്ട് ടെയ്ല്‍’

വാറിംഗ്ടണ്‍ (യുകെ) : ബീറ്റില്‍സ് സംഗീത സംഘത്തിലെ വിഖ്യാത ഗായകനും ഗാനരചയിതാവുമായിരുന്ന ജോണ്‍ ലെനന്‍ ഉപയോഗിച്ച 1969 മോഡല്‍ ഹോണ്ട മങ്കി ബൈക്ക് ലേലം ചെയ്യും. മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ലേലത്തില്‍ 30,000 ലധികം പൗണ്ട് (25 ലക്ഷത്തില്‍ക്കൂടുതല്‍ രൂപ) ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1969 മുതല്‍ 1971 വരെ ജോണ്‍ ലെനന്റെ ഉടമസ്ഥതയിലായിരുന്നു 1969 ഹോണ്ട ഇസഡ്50എ കെ1 ‘ഷോര്‍ട്ട് ടെയ്ല്‍’. സറേയിലെ തന്റെ കണ്‍ട്രി ഹൗസില്‍ സഞ്ചരിക്കുന്നതിന് ഈ ബൈക്കാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. 1971 ല്‍ ദ ബീറ്റില്‍സ് ന്യൂ യോര്‍ക്കിലേക്ക് മാറിയ അതേ വര്‍ഷം ജോണ്‍ ലെനന്‍ തന്റെ മങ്കി ബൈക്ക് ഹെന്റി ഗ്രഹാമിന് വിറ്റു. ഗ്രഹാം അതേ വര്‍ഷം നിലവിലെ ഉടമ ജോണ്‍ ഹാരിംഗ്ടണ് വില്‍ക്കുകയായിരുന്നു. കഴിഞ്ഞ 47 വര്‍ഷമായി വിവിധ പരിപാടികളില്‍ ഈ ബൈക്ക് പ്രദര്‍ശിപ്പിച്ചുവരികയാണ് ഹാരിംഗ്ടണ്‍.

ഹോണ്ടയുടെ ഇസഡ്50 സീരീസ് മിനി ബൈക്കുകളുടെ രണ്ടാം തലമുറയില്‍പ്പെട്ടതാണ് ഹോണ്ട ഇസഡ്50എ. 49 സിസി, എയര്‍ കൂള്‍ഡ്, 4-സ്‌ട്രോക്, ഓവര്‍ഹെഡ് കാം എന്‍ജിനാണ് ബൈക്കിന് കരുത്ത് പകര്‍ന്നത്. 3-സ്പീഡ് സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരുന്നു. ഇസഡ്50എ 1973 ല്‍ ഇസഡ്50ജെ എന്ന് പുനര്‍നാമകരണം ചെയ്തു. 1999 വരെ യൂറോപ്പിലും ജപ്പാനിലും ലഭ്യമായിരുന്നു.

എച്ച് ആന്‍ഡ് എച്ച് ക്ലാസ്സിക്‌സാണ് ജോണ്‍ ലെനന്റെ മങ്കി ബൈക്ക് ലേലത്തിന് വെയ്ക്കുന്നത്. മാര്‍ച്ച് 4 നാണ് ലേലം

എച്ച് ആന്‍ഡ് എച്ച് ക്ലാസ്സിക്‌സാണ് ജോണ്‍ ലെനന്റെ മങ്കി ബൈക്ക് ലേലത്തിന് വെയ്ക്കുന്നത്. മാര്‍ച്ച് 4 നാണ് ലേലം. ബൈക്ക് ഇപ്പോഴും ഓടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ്. 2,360 കിലോമീറ്ററാണ് ഓഡോമീറ്ററില്‍ കാണുന്നത്. ജോണ്‍ ലെനന്റെ ബൈക്ക് ഇതാദ്യമല്ല ലേലത്തിന് വെയ്ക്കുന്നത്. 2008 ല്‍ ഹോണ്ട 160ഇസഡ് ബൈക്ക് 30,000 പൗണ്ടിനാണ് ലേലത്തില്‍ വിറ്റത്.

Comments

comments

Categories: Auto