‘ചെരിപ്പ് കള്ളന്‍മാര്‍’ക്ക് എതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം

‘ചെരിപ്പ് കള്ളന്‍മാര്‍’ക്ക് എതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം

വാഷിംഗ്ടണ്‍ : ചാരനെന്ന് മുദ്ര കുത്തി തടവിലിട്ടിരിക്കുന്ന ഇന്ത്യക്കാരനായ വ്യവസായി കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ അപമാനിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ അമേരിക്കയില്‍ വിദേശ ഇന്ത്യക്കാരുടെ വ്യത്യസ്ത പ്രതിഷേധം. വാഷിംഗ്ടണിലെ പാകിസ്ഥാന്‍ എംബസിക്ക് മുന്നില്‍ ‘ചെരിപ്പ് കള്ളന്‍ പാകിസ്ഥാന്‍’ എന്നെഴുതിയ പഌക്കാര്‍ഡുകളും പിടിച്ച് അണിനിരന്ന ഇന്ത്യക്കാര്‍ എംബസിയുടെ മുന്നില്‍ ചെരിപ്പുകളും ഉപേക്ഷിച്ചു. പാകിസ്ഥാനില്‍ സ്വാതന്ത്ര്യവാദം ഉയര്‍ത്തുന്ന പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിന്നുള്ള ആളുകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനത്തില്‍ അണിനിരന്നു. അമേരിക്കയില്‍ നിന്ന് ഡോളറുകളും ഇന്ത്യയില്‍ നിന്ന് ചെരുപ്പുകളും തട്ടിയെടുക്കുന്ന രാജ്യം മാത്രമാണ് പാകിസ്ഥാനെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പാകിസ്ഥാനെന്ന രാജ്യത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ് കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തിനോട് കാട്ടിയ മോശം പെരുമാറ്റത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച പാകിസ്ഥാനില്‍ കുല്‍ഭൂഷണ്‍ യാദവിനെ കാണാനെത്തിയ അമ്മയുടേയും ഭാര്യയുടേയും ചെരിപ്പുകള്‍ രഹസ്യ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് പാക് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ധരിച്ചിരുന്ന വസ്ത്രവും കെട്ടുതാലിയും മാറ്റാന്‍ നിര്‍ബന്ധിക്കുകയും ആചാരത്തിന്റെ ഭാഗമായി നെറ്റിയിലണിഞ്ഞിരുന്ന പൊട്ട് മായ്ക്കുകയും ചെയ്തു. 20 മിനിറ്റത്തെ കൂടിക്കാഴ്ചക്ക് ശേഷം പാക് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് കൂല്‍ഭൂഷണെയും ഇന്ത്യയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളും കുടുംബത്തോട് ചോദിച്ചു. പാകിസ്ഥാന്റെ തരംതാണ നടപടിക്കെതിരെ ഇന്ത്യയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

Comments

comments

Categories: FK News, Politics