ഹജ്ജ് തീര്‍ഥാടനത്തിന് സമുദ്രഗതാഗതം ഉപയോഗിക്കാന്‍ ഇന്ത്യ-സൗദി ധാരണ

ഹജ്ജ് തീര്‍ഥാടനത്തിന് സമുദ്രഗതാഗതം ഉപയോഗിക്കാന്‍ ഇന്ത്യ-സൗദി ധാരണ

മക്ക : ഹജ്ജ് തീര്‍ഥാടനത്തിന് സമുദ്രഗതാഗതത്തെ വീണ്ടും ഉപയോഗിക്കാന്‍ മക്കയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൗദി അറേബ്യ ഹജജ്-ഉംറ മന്ത്രി ഡോ. മൊഹമ്മദ് ബെന്റനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. 1995ലാണ് കപ്പല്‍ മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനം നിര്‍ത്തലാക്കിയിരുന്നത്. മുബൈക്കും ജിദ്ദക്കും ഇടയിലാണ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന്റെ ചെലവ് ഏറെ കുറക്കുന്നതും പാവപ്പെട്ടവര്‍ക്ക് ഗുണകരമായതുമായ നടപടിയാണിതെന്ന് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി മക്കയില്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അകമ്പടി അഥവാ ‘മെഹറം’ ഇല്ലാതെ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അവസരമൊരുങ്ങിയതായും നഖ്വി അറിയിച്ചു. പുരുഷന്‍മാരുടെ അകമ്പടിയില്ലാതെ യാത്ര ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം താമസ സൗകര്യവും യാത്രാ സൗകര്യങ്ങളും ഒരുക്കാമെന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കി. സ്ത്രീകളായ വോളന്റിയര്‍മാരെയും സൗദി ഏര്‍പ്പെടുത്തി നല്‍കും.

45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അകമ്പടിയില്ലാതെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി 2014ല്‍ സൗദി അറേബ്യ നല്‍കിയിരുന്നു. ഇന്ത്യയിലും ഇനി സ്ത്രീകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഡിസംബര്‍ 31ന് നടത്തിയ മന്‍ കീ ബാത് റേഡിയോ പ്രഭാഷണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.

Comments

comments

Categories: Arabia, FK News, Politics, Women