വെന്റിലേറ്ററിലായ ചോക്കലേറ്റിന് കേരളം ലൈഫ് ലൈനാകും

വെന്റിലേറ്ററിലായ ചോക്കലേറ്റിന് കേരളം ലൈഫ് ലൈനാകും

ചോക്കലേറ്റിന് 2050 വരെ പരമാവധി ആയുസ് നീട്ടിക്കൊടുത്തു കൊണ്ട് പുറത്തിറങ്ങിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ലോകമെമ്പാടുമുള്ള ചോക്കലേറ്റ് പ്രേമികളെ ദുഖിപ്പിക്കുകയും കൊക്കോ കര്‍ഷകരെയും ചോക്കലേറ്റ് നിര്‍മാതാക്കളേയും ആശങ്കയിലാക്കുകയും ചെയ്തിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രതീക്ഷയോടെ കൊക്കോ ചെടികള്‍ വളര്‍ത്താനാരംഭിച്ച കേരളത്തിലെ കര്‍ഷകര്‍ക്ക് വീണ്ടും നിരാശരാവേണ്ടി വരുമോ അതോ ലോകത്തിന്റെ ചോക്കോ ബാറായി കേരളം മാറുമോ?

ആമസോണ്‍ വനാന്തരങ്ങളിലും ദക്ഷിണ അമേരിക്കയിലും വളര്‍ന്നിരുന്ന കൊക്കോച്ചെടി ചോക്കലേറ്റ് രൂപത്തില്‍ ലോകത്തിന് പ്രിയപ്പെട്ടതായിട്ട് ഏതാനും നൂറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂ. വിശിഷ്ട ഗന്ധവും ഉത്തേജിപ്പിക്കുന്ന രുചിയും ചോക്കലേറ്റിന് ‘ദൈവത്തിന്റെ ഭക്ഷണം’ എന്ന പദവിയും നല്‍കി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം സ്വീഡന്‍കാരനായ സസ്യശാസ്ത്രജ്ഞന്‍ കരോലസ് ലിനസാണ് ‘തിയോബ്രോമ’ എന്ന ഗ്രീക്ക് പേര് ശാസ്ത്രീയ നാമമായി കൊക്കോചെടിക്ക് നല്‍കിയത് (തിയോസ്- ദൈവം, ബ്രോമ-ഭക്ഷണം). ദൈവികമായ അനുഭൂതി സമ്മാനിച്ച് കുട്ടികളടക്കം എല്ലാവരുടെയും നാവിലലിഞ്ഞു ചേര്‍ന്നിരുന്ന ചോക്കലേറ്റ് 40 വര്‍ഷങ്ങള്‍ക്കപ്പുറം ദൈവത്തിന്റെ മാത്രം ഭക്ഷണമായി അവശേഷിക്കുമെന്ന മുന്നറിയിപ്പോടെ ചില പഠന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. പ്രണയിനിക്ക് സമ്മാനിക്കാന്‍ ചോക്കലേറ്റുമായി പോകുന്ന കാമുകന്‍മാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയയായി അവസാനിക്കുമോ? പിണക്കങ്ങളും വിരഹങ്ങളും ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഒരുപോലെ അലിയിച്ചു ചേര്‍ക്കാന്‍ ഒപ്പം നിന്ന ചോക്കലേറ്റ് അകാലത്തില്‍ പൊലിഞ്ഞ ഉറ്റചങ്ങാതിയാകുമോ?

അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റമോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ പഠനമാണ് ചോക്കലേറ്റിനെ ബാധിച്ച ഗുരുതര രോഗം ചൂണ്ടിക്കാട്ടി ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്. 2013ല്‍ ലാഡെറാകും മാര്‍ട്ടിനെസ് വാലേയും ഷ്രോത്തും കാസ്‌ട്രോയും ചേര്‍ന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ ഒന്നുകൂടി ശരിവെച്ചിരിക്കുകയാണ് എന്‍ഒഎഎയുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും കൊക്കോ കൃഷിയുടെ അന്തകനാവുമെന്ന് ഈ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കാര്‍ബണടക്കം ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്നത് വര്‍ദ്ധിക്കുന്നതും കൃഷിഭൂമിയുടെ വ്യാപ്തി കുറയുന്നതും ചെടികളെ വ്യാപകമായി ബാധിച്ചേക്കാവുന്ന ഫംഗസ് രോഗങ്ങളുമാണ് കൊക്കോ കൃഷിയെ ഭീഷണിപ്പെടുത്തുന്നത്. ഭൂമദ്ധ്യരേഖയില്‍ നിന്ന് 20 ഡിഗ്രി പരിധിയില്‍ വടക്കും തെക്കുമുള്ള മഴക്കാടിന്റെ സ്വഭാവമുള്ള പ്രദേശങ്ങളില്‍ മാത്രമാവും കൊക്കോ ചെടികള്‍ ഭാവിയില്‍ വളരുക. സമശീതോഷ്ണ കാലാവസ്ഥയും സമൃദ്ധമായ മഴയും പരിമിതമായ വേനലും നൈട്രജന്‍ മൂലകത്താല്‍ പോഷകസമ്പുഷ്ടമായ മണ്ണും ചൂടുകാറ്റിന്റെ അഭാവവുമെല്ലാം ചേര്‍ന്ന ഇത്തരം പ്രദേശങ്ങള്‍ നിലവില്‍ കൃഷി നടക്കുന്നതിന്റെ 10 ശതമാനത്തില്‍ താഴെയേ ഉണ്ടാവൂ. ചുരുക്കത്തില്‍ നിലവിലെ കൊക്കോ കൃഷിയുടെ 90 ശതമാനത്തില്‍ ഏറെ ഭാഗം വരുന്ന നാല് പതിറ്റാണ്ടിനിടയില്‍ നശിക്കും. ലോകത്തെ ആകെ കൊക്കോ ഉത്പാദനത്തിന്റെ 50 ശതമാനത്തിലേറെ നിര്‍വഹിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ ഐവറി കോസ്റ്റും ഘാനയുമാകും ഇതിന്റെ തിരിച്ചടി നേരിട്ട് ഏറ്റുവാങ്ങുക. ഇപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്ന് 100-150 മീറ്റര്‍ ഉയരങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊക്കോ കൃഷി ഇരു രാജ്യങ്ങള്‍ക്കും 450-500 മീറ്റര്‍ ഉയരമുള്ള പ്രദേശത്തേക്ക് മാറ്റേണ്ടി വരും. ഈ പ്രദേശങ്ങളാവട്ടെ അവശേഷിക്കുന്ന സംരക്ഷിത വനങ്ങളാണ്. ജിഡിപിയുടെ സിംഹഭാഗവും കൊക്കോ കൃഷിയില്‍ നിന്ന് നേടുന്ന ഇരു രാജ്യങ്ങളും നിര്‍ബന്ധപൂര്‍വം ഇത് നടപ്പാക്കാന്‍ തുനിഞ്ഞാല്‍ വന-ജൈവ സമ്പത്തിന്റെ പരിഹരിക്കാനാവാത്ത നാശമാവും ഉണ്ടാവുക. പിന്നീട് ലോകം നുണയുന്ന ചോക്കലേറ്റുകളില്‍ പ്രകൃതിയുടെ കണ്ണീര് ഉപ്പായി കലര്‍ന്നിരിക്കും. സമാനമോ ഇതിലും ഗുരുതരമോ ആയ സാഹചര്യമാവും ലോകത്തെങ്ങും നിലവില്‍ വരികയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ആശങ്ക നിറഞ്ഞ ഇത്തരം വാര്‍ത്തകളൊക്കെ വരുന്നതിനിടെ കേരളത്തിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊക്കോ കൃഷി വ്യാപകമാവുകയാണ്. അറുപതുകളിലും എഴുപതുകളിലും മലയാളി കര്‍ഷകന്‍ കൂടെ കൂട്ടിയ കൃഷിയാണ് കൊക്കോ. ബ്രിട്ടണ്‍ ആസ്ഥാനമായ കാഡ്ബറീസ് കമ്പനിയാണ് ഇടുക്കിയിലെയും വയനാട്ടിലെയുമൊക്കെ മലയോര കര്‍ഷകര്‍ നട്ടു വളര്‍ത്തിയ കൊക്കോ ആദ്യകാലങ്ങളില്‍ വിലക്കെടുത്തതും പ്രോത്സാഹനം നല്‍കിയതും. എന്നാല്‍ എണ്‍പതുകളില്‍ വില കിലോക്ക് 5 രൂപയിലേക്ക് താഴ്ന്നതോടെ മലയാളി കൊക്കോ കൃഷി ഉപോക്ഷിച്ച് റബ്ബറിലേക്കും കുരുമുളകിലേക്കും കാപ്പിയിലേക്കുമൊക്കെ തിരിഞ്ഞു. 2010 കഴിഞ്ഞതോടെ റബ്ബറടക്കം മലയോര വിളകളുടെ വില കൂപ്പു കുത്തിയതോടെയാണ് അനാഥമായിക്കിടന്ന കൊക്കോയെ വീണ്ടും പരിഗണിക്കാനാരംഭിച്ചത്. കാഡ്ബറീസിന്റെ കുത്തക അവസാനിപ്പിച്ച് കൊക്കോ സംഭരണത്തിന് കാംപ്‌കോയും നെസ്ലെയും അമുലിന്റെ ഉത്പാദകരായ ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനുമൊക്കെ രംഗത്തെത്തിയതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമായി. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 11,583 ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന കേരളത്തിലെ കൊക്കോ കൃഷി 2016-17 എത്തിയപ്പോള്‍ 15,894 ഹെക്ടറിലേക്ക് വര്‍ധിച്ചു. കൊക്കോ ബീന്‍സ് ഉത്പാദനം 6105 മെട്രിക് ടണ്ണില്‍ നിന്ന് 7150 മെട്രിക് ടണ്ണായും ഒരു ഹെക്ടറില്‍ നിന്നുള്ള ഉത്പാദനം 663ല്‍ നിന്ന് 750 കിലോഗ്രാമായും കൂടി. സമാനമായി തന്നെ തമിഴ്‌നാട്ടിലെ കൃഷി 17889 ഹെക്ടറില്‍ നിന്ന് 29205 ഹെക്ടറിലേക്കും ആന്ധ്രപ്രേദശിലേത് 17510ല്‍ നിന്ന് 24156 ഹെക്ടറിലേക്കും കര്‍ണാടകയിലെ കൃഷി 9533 ഹെക്ടറില്‍ നിന്ന് 13684 ഹെക്ടറിലേക്കും വ്യാപിച്ചെന്ന് കൊക്കോ വികസന ഡയറക്ടറേറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭൂമദ്ധ്യരേഖയില്‍ നിന്ന് 20 ഡിഗ്രി പരിധിയില്‍ വടക്കും തെക്കുമുള്ള മഴക്കാടിന്റെ സ്വഭാവമുള്ള പ്രദേശങ്ങളില്‍ മാത്രമാവും കൊക്കോ ചെടികള്‍ ഭാവിയില്‍ വളരുക. സമശീതോഷ്ണ കാലാവസ്ഥയും സമൃദ്ധമായ മഴയും പരിമിതമായ വേനലും നൈട്രജന്‍ മൂലകത്താല്‍ പോഷകസമ്പുഷ്ടമായ മണ്ണും ചൂടുകാറ്റിന്റെ അഭാവവുമെല്ലാം ചേര്‍ന്ന ഇത്തരം പ്രദേശങ്ങള്‍ നിലവില്‍ കൃഷി നടക്കുന്നതിന്റെ 10 ശതമാനത്തില്‍ താഴെയേ ഉണ്ടാവൂ.

പ്രതീക്ഷയോടെ തന്നെ കൊക്കോയെ കണ്ട് ദക്ഷിണേന്ത്യയിലെ കര്‍ഷകര്‍ മുന്നോട്ടു പോവുകയാണെന്ന് സാരം. ആഗോള തലത്തിലും ഇന്ത്യയിലും ചോക്കലേറ്റ് ഉപഭോഗത്തിന്റെയും ആവശ്യത്തിന്റെയും കണക്കുകള്‍ക്ക് അടുത്തെങ്ങുമില്ല ഉത്പാദനമെന്നത് കര്‍ഷകര്‍ക്ക് ധൈര്യം പകരുന്ന വസ്തുതയാണ്. 4.552 ദശലക്ഷം ടണ്‍ കൊക്കോയാണ് 2016-17 സാമ്പത്തിക വര്‍ഷം ലോകമെങ്ങും ഉത്പാദിപ്പിച്ചത്. 7.3 ദശലക്ഷം ടണ്‍ ചോക്കലേറ്റായിരുന്നു ഉപഭോഗം. 2018-19ല്‍ 7.7 ദശലക്ഷം ടണ്‍ ചോക്കലേറ്റ് ലോകത്തിന് ആവശ്യമാണെന്നും കണക്കാക്കപ്പെടുന്നു. ഉത്പാദനം കാര്യമായി വര്‍ധിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആവശ്യമുയരുന്നത്. ചോക്കലേറ്റ് ഉത്പാദക രാജ്യമായ സ്വിറ്റ്‌സര്‍ലന്റിലെ പ്രതിശീര്‍ഷ ഉപയോഗം പോയ വര്‍ഷങ്ങളില്‍ 9.5 കിലോ ചോക്കലേറ്റായിരുന്നു. യൂറോപ്യന്‍ രാജ്യമായ ജര്‍മനിയില്‍ ഓരോ വ്യക്തിയും 8 കിലോ ചോക്കലേറ്റ് കഴിക്കുന്നു. ബ്രിട്ടീഷുകാരും അയര്‍ലാന്റുകാരും ഏഴര കിലോ ചോക്കലേറ്റ് അകത്താക്കും. ചൈനയും ഇന്ത്യയുമാണ് അതിവേഗം ചോക്കലേറ്റ് ഉപയോഗത്തില്‍ മുന്നോട്ടു കുതിക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയില്‍ പാരമ്പര്യ മധുരപലഹാരങ്ങളെയെല്ലാം പിന്തള്ളി ദീപാവലി വിപണികളിലെ താരമായി കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ചോക്കലേറ്റ് മാറിയിട്ടുണ്ട്. 30,000 കിലോ കൊക്കോ ഇന്ത്യക്ക് ആവശ്യമുള്ളപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 16,500 ടണ്‍ മാത്രം. വന്‍ വിപണന സാധ്യതകള്‍ കൊക്കോ കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നതാണ് കൂടുന്ന ചോക്കലേറ്റ് പ്രേമത്തിന്റെ ഈ കണക്കുകള്‍.

എന്നാല്‍ ഉപഭോഗത്തിലുള്ള ഈ വര്‍ധനയുടെ ഗുണങ്ങളൊന്നും നിലവില്‍ കര്‍ഷകരുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കുന്നില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ വര്‍ഷം കൊക്കോ വില ഇടിഞ്ഞത് 11 ശതമാനമാണ്. പച്ച കൊക്കോ ബീന്‍സിന് കിലോ 60 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 35-45 രൂപയിലേക്ക് താഴ്ന്നിരിക്കുന്നു. കിലോക്ക് 225 രൂപ വരെ വിലയുണ്ടായിരുന്ന പുളിപ്പിച്ചുണക്കിയ ഒന്നാംതരം കൊക്കോ ബീന്‍സിന്റെ വില 160-180ലേക്കാണ് ഇടിഞ്ഞത്. റബ്ബര്‍ വിലയിടില്‍ കൊക്കോയിലേക്ക് ചുവടുമാറ്റിയ കേരളത്തിലെ കര്‍ഷകരെ അല്‍പം ആശങ്കയിലാക്കുന്നതാണ് ഈ വിലയിടിവ്. എന്നാല്‍ പരിഭ്രമിക്കാനില്ലെന്നും വരാനിരിക്കുന്നത് കൊക്കോയുടെ നല്ല നാളുകള്‍ തന്നെയാണെ്‌നും ഈ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ആവശ്യമായ റബ്ബര്‍, ഉത്പാദക രാജ്യങ്ങളില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒപ്പം പെട്രോളിയത്തിന്റെ ഉപോത്പന്നമായി കൃത്രിമ റബ്ബറും ലഭ്യമാണ്. റബ്ബറുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍തന്നെ ആവശ്യത്തിന് ഉത്പാദനം ഇല്ലാത്ത കൊക്കോയും കൃത്രിമമായ ബദലുകളൊന്നും നിര്‍മിക്കപ്പെട്ടിട്ടില്ലാത്ത ചോക്കലേറ്റും കര്‍ഷകന് കൂടുതല്‍ കരുത്താവുന്ന സാഹചര്യമാണ് വാസ്തവത്തിലുളളത്. വടക്കന്‍ അര്‍ദ്ധ ഗോളത്തില്‍ 10 ഡിഗ്രി അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന കേരളം കൊക്കോ ഉത്പാദിപ്പിക്കാനുള്ള ഏറ്റവും നല്ല കാലാവസസ്ഥയും സാഹചര്യങ്ങളുമുള്ള പ്രദേശമാണ്. ഭാവിയില്‍ ലോകത്തിന്റെ ചോക്കലേറ്റ് ഖനിയായി മാറാന്‍ കേരളത്തിന് സാധ്യതകളുണ്ടെന്ന് വ്യക്തം. ഇത് മുന്നില്‍ കണ്ട് വ്യക്തമായ പദ്ധതികളോടെ നീങ്ങിയാല്‍ കൊക്കോയും ചോക്കലേറ്റും ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണ നല്‍കുന്ന വിഭവമായി മാറും. കൊക്കോ കൃഷിയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഹൈബ്രിഡ് വിത്തുകളും ഉപയോഗിക്കുകയും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണം. കൊക്കോ സംസ്‌കരണത്തിലും ചോക്കലേറ്റ് ഉത്പാദനത്തിലും ലോകോത്തര നിലവാരവുമായി കിടപിടിക്കുന്ന സംവിധാനങ്ങളൊരുക്കി വരുമാനം വര്‍ധിപ്പിക്കാനും വിപണി പിടിച്ചടക്കാനും ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. കൊക്കോ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ തന്നെ കേന്ദ്രീകരിച്ച് ചെറുകിട സംരംഭങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള മേഖലയാണിത്. കുടില്‍ വ്യവസായമായി ചോക്കലേറ്റ് ഉത്പാദനം വളരെ കുറഞ്ഞ അളവില്‍ രാജ്യത്ത് നടക്കുന്നുണ്ട്. മെച്ചപ്പെട്ട സാങ്കേതിക വിദ്യയും സാമ്പത്തിക പിന്തുണയും ലഭ്യമാക്കിയാല്‍ കൂടുതല്‍ നേട്ടം ഈ മേഖലയില്‍ ഉണ്ടാക്കാനാവും.

ഉത്പാദനം കാര്യമായി വര്‍ധിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആവശ്യമുയരുന്നത്. ചോക്കലേറ്റ് ഉത്പാദക രാജ്യമായ സ്വിറ്റ്‌സര്‍ലന്റിലെ പ്രതിശീര്‍ഷ ഉപയോഗം പോയ വര്‍ഷങ്ങളില്‍ 9.5 കിലോ ചോക്കലേറ്റായിരുന്നു. യൂറോപ്യന്‍ രാജ്യമായ ജര്‍മനിയില്‍ ഓരോ വ്യക്തിയും 8 കിലോ ചോക്കലേറ്റ് കഴിക്കുന്നു.

ഘാനയിലെ പ്രകൃതി സംരക്ഷണ ഗവേഷണ കൗണ്‍സിലിലെ ഗവേഷകനായ ജോണ്‍ മേസന്റെ പ്രവചനം 2030ഓടെ ചോക്കലേറ്റെന്ന വിഭവം സാധാരണക്കാരന് അപ്രാപ്യമാകുമെന്നതാണ്. ഉത്പാദനത്തില്‍ വന്‍ ഇടിവും ആവശ്യത്തില്‍ കുത്തനെ വര്‍ധനവുമുണ്ടാകുന്ന ‘ദൈവിക ഭക്ഷണം’ സമ്പന്നരുടെ മാത്രം വിഭവമായി അപ്പോഴേക്കും മാറുമെന്നാണ് അദ്ദേഹം 2010ല്‍ അഭിപ്രായപ്പെട്ടത്. ചോക്കലേറ്റ് ഇല്ലാതാകുന്നതൊഴിവാക്കാല്‍ വിവിധ രാജ്യങ്ങള്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ചോക്കലേറ്റ് കമ്പനിയായ മാര്‍സിന്റെ സാമ്പത്തിക സഹായത്തോടെ കൊക്കോ ചെടികളില്‍ അനുകൂലമായ ജനിതകമാറ്റം സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥാ മാ്റ്റത്തെ ചെറുക്കുന്ന കൊക്കോ തെടി ഉത്പാദിപ്പിക്കാനുള്ള ശ്രമം പൂര്‍ണ വിജയമായിട്ടില്ല. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ദീര്‍ഘകാല പരിഹാരമാവില്ലെന്നും പ്രകൃതിയോടിണങ്ങിയ മാര്‍ഗത്തിലൂടെ വിള സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും സസ്യഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കൊക്കോ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാമതുള്ള ഐവറി കോസ്റ്റില്‍ രാജ്യത്തിന്റെ 25 ശതമാനമുണ്ടായിരുന്ന മഴക്കാടുകളാണ് ദുര മൂത്ത് നാട്ടുകാര്‍ വെട്ടിത്തെളിച്ചത്. ഇപ്പോള്‍ രാജ്യത്തുള്ള 4 ശതമാനം വനം കൂടി വെളുപ്പിച്ച് കൊക്കോ കൃഷി ചെയ്യണമെന്നാണ് ആവശ്യം. നിയമവിരുദ്ധമായി, പരിസ്ഥിതിയെ മുഴുവന്‍ നശിപ്പിച്ച് ഐവറി കോസ്റ്റില്‍ ചെയ്യുന്ന കൊക്കോ കൃഷിയില്‍ നിന്നുണ്ടാക്കുന്ന ചോക്കലേറ്റ് അധാര്‍മികമാണെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു. ബ്രസീലില്‍ പരീക്ഷിച്ച് വിജയിച്ച, മരത്തണലുകളില്‍ കൊക്കോ വളര്‍ത്തുകയെന്ന ‘കാബ്രുക്ക’ രീതിയിേേലാക്ക് അധികം വൈകാതെ ലോകത്തിന് തിരിയേണ്ടി വരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അറ്റ്‌ലാന്റിക് മഴക്കാടുകളിലെ മരങ്ങളെ സംരക്ഷിച്ചു നിര്‍ത്തി അവയുടെ തണലില്‍ കൊക്കോ വളര്‍ത്തുന്ന രീതിയാണിത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അന്തരീക്ഷതാപത്തെ പ്രതിരോധിക്കാനും മണ്ണിനെ ഊളരമാക്കി നിര്‍ത്താനും ഈ കൃഷിരീതി കൊണ്ട് സാധിക്കുന്നു. കൊക്കോ തനി വിളയാക്കാതെ റബ്ബറിനും തെങ്ങിനും മറ്റും ഇടവിളയായി കൃഷി ചെയ്യുന്ന തോട്ടങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. കേരളത്തിന് ഏറ്റവും അനുയോജ്യമായ രീതിയും ഇതു തന്നെയാണ്.

 

കൊക്കോ തിരികെപ്പിടിച്ച് കര്‍ഷകരുടെ കൂട്ടായ്മ

റബ്ബറിന്റെ കടന്നുവരവ് വരെ കോട്ടയത്തെയും ഇടുക്കിയിലെയും മലയോരങ്ങളുടെ പ്രിയ വിളകളിലൊന്നൊയിരുന്നു കൊക്കോ. പണം വാരുന്ന വിളയായി റബ്ബര്‍ വന്നപ്പോഴും അതിനു മുന്‍പ് പട്ടിണി മാറ്റാന്‍ സഹായിച്ച കൊക്കോയെ ഈ മേഖലയിലെ പല കര്‍ഷകരും കൈവിട്ടിരുന്നില്ല. റബ്ബറിനൊപ്പവും വീടിനോടു ചേര്‍ന്നുമെല്ലാം അവരില്‍ ചിലര്‍ ഏതാനും കൊക്കോ മരങ്ങള്‍ സംരക്ഷിച്ചിരുന്നു. രണ്ടു പതിറ്റാണ്ടോളം അരങ്ങുവാണ റബ്ബറിന് ഇന്ന് പഴയ പ്രതാപമില്ല. പെട്രോളിയത്തിന് വില കുറഞ്ഞതോടെ കൃത്രിമ റബ്ബറിന്റെ ഉത്പാദനവും വര്‍ധിച്ചു. ഭാവി പ്രവചനാതീതമാണെങ്കിലും കര്‍ഷകര്‍ക്ക് ഇപ്പോഴും റബ്ബറിന്‍മേല്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കൊക്കോ സംഭരിക്കാന്‍ രംഗത്തുള്ള കമ്പനികള്‍ വിലയിടിക്കാന്‍ കളിക്കുന്ന കളികളാണ് കര്‍ഷകരെ വീണ്ടും ഈ രംഗത്തേക്ക് കടന്നു വരാന്‍ നിരുത്സാഹപ്പെടുത്തുന്നത്. റബ്ബറിന് ഇടവിളയായി കൊക്കോ എന്ന ആശയത്തെ പ്രോത്സാഹിപ്പിച്ച് കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയായ മണിമലയില്‍ കര്‍ഷകര്‍ സംഘടിച്ചത് ഈ സാഹചര്യത്തിലാണ്. 40 വര്‍ഷമായി കൊക്കോയെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച് പരിപാലിക്കുന്ന മണിമല കൊച്ചുമുറിയില്‍ കെ ജെ വര്‍ഗീസ് എന്ന മോനായിയാണ് മണിമല കൊക്കോ ഉത്പാദക സഹകരണ സംഘമെന്ന കൂട്ടായ്മയുടെ അമരത്ത്. മോനായിയുടെ ഉത്സാഹത്തില്‍ നാല് വര്‍ഷം മുന്‍പ് മണിമലയിലാരംഭിച്ച കൂട്ടായ്മയില്‍ ഇന്ന് 1440 കര്‍ഷകര്‍ അംഗങ്ങളാണ്. കൊക്കോ മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ്മയിലൂടെ പരിഹാരം കാണാനും കര്‍ഷകരെ ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുകയുമാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. കൃഷി, സംസ്‌കരണം, വിപണനം എന്നിവക്ക് കര്‍ഷകരെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. അണ്ണാനടക്കമുള്ളവയുടെ ശല്യം എല്ലാവരും കൊക്കോ കൃഷി ചെയ്യുന്നതിലൂടെ കുറക്കാനാവുമെന്നാണ് ഇവരുടെ അനുഭവം. കര്‍ഷകര്‍ വീണ്ടും കൊക്കോയിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും ഇത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

‘കൊക്കോ സംഭരണത്തിന് രംഗത്തുള്ള ബഹുരാഷ്ട്ര കമ്പനികളാണ് വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില എത്രയായാലും അത് പരിഗണിക്കാതെ തോന്നിയ വിലയാണ് കര്‍ഷകന് നല്‍കുന്നത്. ഉത്പന്നത്തിന് ഗുണനിലവാരമില്ലെന്ന കാരണം പറഞ്ഞ് വിലയിടിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കമ്പനികളുടെ വലയിലാണ് നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ വീഴുന്നത്. കൊക്കോ 5-6 ദിവസം ഫെര്‍മന്റേഷന്‍ അഥവാ കൂട്ടിയിട്ട് പുളിപ്പിച്ച ശേഷം ഉണക്കിയാണ് സ്വാഭാവിക ഗന്ധവും ഗുണനിലവാരവും ഉറപ്പാക്കേണ്ടത്. 50 കിലോ കൊക്കോയെങ്കിലും ഒരുമിച്ചുണ്ടായാലേ ഈ രാസപ്രക്രിയ നന്നായി നടക്കൂ. 5-10 കിലോ കൊക്കോ മാത്രം ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ ഉത്പന്നം മോശമാവുന്നത് ഇതു മൂലമാണ്. ചെറുകിട കര്‍ഷകരുടെ ഗ്രൂപ്പുകളിലൂടെ കൊക്കോ സംഭരിച്ച് ഒരുമിച്ച് പുളിപ്പിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സൊസൈറ്റിക്ക് സാധിച്ചു. കര്‍ഷകര്‍ക്ക് പരമാവധി വില നല്‍കി എടുക്കുന്ന കൊക്കോ ചെറിയ മാര്‍ജിനില്‍ ലാഭമിട്ട് മെച്ചപ്പെട്ട വില നല്‍കുന്ന ഏജന്‍സിക്ക് വില്‍ക്കുന്നു. ഇപ്രകാരമാണ് ചൂഷണം ഒഴിവാക്കുന്നത്’

20 നിരക്കില്‍ ഉന്ന ഗുണനിലവാരമുള്ള വിത്ത് പാകി മുളപ്പിച്ച തൈകളും 60-100 രൂപ നിരക്കില്‍ ബഡ്ഡ് തൈകളും സൊസൈറ്റി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. മണിമലയില്‍ തന്നെ കൊക്കോ നഴ്‌സറിയും മാതൃകാ തോട്ടവും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ അംഗീകാരം ലഭിച്ച നഴ്‌സറിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്ന തൈകള്‍ക്ക് 24 രൂപ സബ്‌സിഡിയും കൃഷിഭവനില്‍ നിന്ന് ലഭിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിതര നഴ്‌സറിയില്‍ നിന്ന് കൊക്കോ തൈകള്‍ വാങ്ങാന്‍ സംസ്ഥാനത്തുടനീളം നിന്ന് കര്‍ഷകര്‍ എത്തുന്നുണ്ട്. കൊക്കോയുടെ അന്താരാഷ്ട്ര വിപണി കൂടി കണ്ടാണ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം. കൊക്കോ സംസ്‌കരിച്ച് ചോക്കലേറ്റ് ബാറുകള്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ കര്‍ഷകരുടെ കൂട്ടായ്മ പരിശോധിക്കുന്നുണ്ട്. ജൈവ രീതിയില്‍ കൃഷി ചെയ്ത കൊക്കോ തേടി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നെത്തുന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൊക്കോ ജൈവരീതിയില്‍ ഉത്പാദിപ്പിക്കാനും പരിപാടിയിട്ടിരിക്കുന്നു. കൊക്കോ കൃഷി ചെയ്ത് ആദായമെടുക്കാനുള്ള പരുവത്തില്‍ ഉടമക്ക് സകൈമാറുന്ന പദ്ധതിയും ഇവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ ഫോണ്‍- 9447184735.

 

കൊക്കോ ഗ്രാമം പദ്ധതി

കോട്ടയം ജില്ലയിലാകെ കൊക്കോ കൃഷി വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കാനിരിക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടെന്ന നിലയിലാണ് കൊക്കോ ഗ്രാമം പദ്ധതി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍ ജയരാജും ത്രിതല പഞ്ചായത്തുകളും മണിമല കൊക്കോ ഉത്പാദക സഹകരണ സംഘവും യോജിച്ചാണ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ജില്ലയില്‍ 360 ഹെക്ടര്‍ സ്ഥലത്തേക്ക് കൊക്കോ കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. കാഞ്ഞിരപ്പള്ളി നിയോജലമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, വെള്ളാവൂര്‍, വാഴൂര്‍ പഞ്ചായത്തുകളില്‍ ഒരു വീട്ടില്‍ ഒരു കൊക്കോയെങ്കിലും നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യം.സബ്‌സിഡിക്ക് അര്‍ഹരല്ലാത്ത 250 കര്‍ഷകര്‍ക്ക് 10 തൈകള്‍ വീതം സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ക്ക് സബ്‌സിഡിയോടെ ഉന്നത ഗുണനിലവാരമുള്ള കൊക്കോ തൈകള്‍ നല്‍കും. ചോക്കലേറ്റ് വിപണിയില്‍ വലിയ സാധ്യതകളാണുള്ളതെന്നും എന്നാല്‍ കൊക്കോ കര്‍ഷകരെ ദുരിതത്തിലാക്കുന്നത് കമ്പനികളുടെ ചൂഷണമാണെന്നും ഡോ. എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു.
‘കൊക്കോ സംഭരണത്തിനും കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കാനും സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണം. കാംപ്‌കോ മാതൃകയില്‍ കൊക്കോ സംഭരണത്തിന് കേരളത്തില്‍ ഏജന്‍സി ആരംഭിക്കുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാരില്‍ നിന്നോ കൃഷിഭവനുകളില്‍ നിന്നോ കൊക്കോ കര്‍ഷകര്‍ക്ക് യാതൊരു പ്രോത്സാഹനവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണ്ണുത്തിയിലെ കൊക്കോ ഗവേഷണ കേന്ദ്രം കര്‍ഷകര്‍ക്കാ യൊതു രീതിയിലും പ്രോയജനപ്പെടുന്നില്ല. ഒരു കുത്തക കമ്പനിക്ക് വേണ്ടി മാത്രമാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 2016ല്‍ പ്രഖ്യാപിച്ച കാര്‍ഷിക നയം അനുസരിച്ച് വിളകളുടെ ന്യായവില തീരുമാനിക്കാന്‍ അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഇത്തരമൊരു അതോറിറ്റി ഉണ്ടാക്കിയിട്ടില്ല. ഉത്പന്നത്തിന്റെ വില ഇടിയുമെന്ന ആശങ്ക മാറ്റിയാല്‍ കൂടുതലാളുകള്‍ ആത്മവിശ്വാസത്തോടെ കൊക്കോ കൃഷിയിലേക്ക് കടന്നു വരും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയില്‍ ലോകത്തിന്റെ ചോക്കലേറ്റ് ഖനിയായി മാറാന്‍ കേരളത്തിന് സാധ്യതകളുണ്ടെന്ന് വ്യക്തം. ഇത് മുന്നില്‍ കണ്ട് വ്യക്തമായ പദ്ധതികളോടെ നീങ്ങിയാല്‍ കൊക്കോയും ചോക്കലേറ്റും ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണ നല്‍കുന്ന വിഭവമായി മാറും.

Comments

comments

Categories: FK News, FK Special, Life, Slider
Tags: cocoa

Related Articles