ഓട്ടോമാറ്റിക് കാറുകളോ മാനുവലോ..?

ഓട്ടോമാറ്റിക് കാറുകളോ മാനുവലോ..?

 

പലരും വാഹനം ഓടിക്കുന്നത് പല വിധത്തിലാണ്. ചിലര്‍ക്ക് കയറ്റങ്ങളിലും മറ്റും ഗിയര്‍ മാറ്റി വാഹനത്തിന്റെ താളത്തിനൊപ്പം സഞ്ചരിക്കാനായിരിക്കും താത്പര്യം. മറ്റു ചിലര്‍ക്കാവട്ടെ ഇടയ്ക്കിടക്ക് ഗിയര്‍ മാറുന്നത് തന്നെ ഇഷ്ടമല്ലാത്ത കാര്യവും. ഈ ഇഷ്ടാനിഷ്ടങ്ങള്‍ക്കിടയിലാണ് ഓട്ടോമാറ്റിക്, മാനുവല്‍ എന്നീ വകഭേതങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

 

ഇരുവിഭാഗങ്ങളും ലക്ഷ്യം വെക്കുന്നത് അതാത് ഉപഭോക്തൃനിരയെത്തന്നെയാണ്. മാനുവല്‍ വാഹനങ്ങള്‍ ഓടിച്ച് ശീലിച്ച എല്ലാവര്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഇഷ്ടപ്പെടണമെന്നില്ല. ബൈക്കുകളും സ്‌കൂട്ടറുകളും തമ്മിലുള്ളത് പോലത്തെ വ്യത്യാസമാണ് അക്കൂട്ടര്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വിവിധ സാഹചര്യങ്ങളില്‍ ഇവ രണ്ടും വ്യത്യസ്ത അനുഭവങ്ങള്‍ തന്നെയാണ് നല്കുന്നത്. തിരക്ക് പിടിച്ച നഗരജീവിതത്തില്‍ ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവിംഗിനെ എളുപ്പമാക്കുന്നുണ്ടെന്നത് വസ്തുതയാണ്.

നഗരത്തിരക്കില്‍ ഗിയര്‍ മാറി മടുക്കേണ്ട കാര്യവുമില്ല. ഇതിനൊപ്പം തന്നെ ബ്രേക്കില്‍ നിന്ന് കാലെടുക്കുമ്പോള്‍ തന്നെ മുന്നോട്ട് നീങ്ങുന്നതിനാല്‍ തുടക്കാര്‍ക്കും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഏത് സമയത്ത് ഗിയര്‍ മാറണമെന്നും മറ്റും കൃത്യമായി അറിവില്ലാത്തവര്‍ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് ഓട്ടോമാറ്റിക് കാറുകള്‍. ചെറുകാറുകള്‍ മുതല്‍ എസ്‌യുവികള്‍ വരെ ഓട്ടോമാറ്റിക് വിഭാഗത്തില്‍ എത്തുന്നതിനാല്‍ ആളുകള്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സാധ്യതകളും ധാരാളമാണ്. കയറ്റങ്ങളിലും മറ്റും നിര്‍ത്തി മുന്നോട്ടെടുക്കേണ്ട സാഹചര്യങ്ങളിലും ഓട്ടോമാറ്റിക് വാഹനങ്ങള്‍ നിങ്ങളെ പിന്നോട്ട് വലിക്കില്ല.

 

വാഹനത്തെ കൂടുതലായി ആസ്വദിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് സാധ്യമാകുന്നത് മാനുവല്‍ ട്രാന്‍സ്മിഷനുള്ള വാഹനഹങ്ങളിലാണെന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് മെയിന്റനന്‍സ് ചെലവില്‍ കുറവുള്ളത് മാനുവല്‍ കാറുകള്‍ക്കാണ്. അതിനൊപ്പം തന്നെ എഞ്ചിന്‍ ബ്രേക്ക് സംവിധാനങ്ങള്‍ ഓട്ടോമാറ്റിക് കാറുകളില്‍ ലഭ്യമല്ല.  യാത്രാസുഖം കൂടുതല്‍ ഓട്ടോമാറ്റിക് കാറുകളില്‍ ആണെന്നുള്ള വാദം ഒരു പരിധി വരെ ബാലിശമാണെന്നേ പറയാന്‍ സാധിക്കൂ. വളയം പിടിക്കുന്നവന്റെ കഴിവിലാണ് യാത്രക്കാരുടെ കംഫര്‍ട്ട് എന്നതിനാല്‍ തന്നെ ഓട്ടോമാറ്റിക്, മാനുവല്‍ അടിസ്ഥാനത്തില്‍ ഇത് അളക്കുന്നതില്‍ അര്‍ത്ഥമില്ല. ഇരുവിഭാങ്ങളും ഒരു പ്രത്യേക ഉപഭോക്തൃനിരയെ ലക്ഷ്യം വെച്ചുകൊണ്ടുതന്നെ വിപണിയിലെത്തിയിട്ടുള്ളവയാണ്. അതിനാല്‍ തന്നെ അവയില്‍ ഏത് തെരഞ്ഞെടുക്കണമെന്നത് ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കും ഡ്രൈവിംഗിലെ പരിചയസമ്പത്തിനും അനുസൃതമായിട്ടായിരിക്കണം തീരുമാനിക്കേണ്ടത്.

Comments

comments

Categories: Auto, FK Special