2018 ബജാജ് ഡിസ്‌കവര്‍ 110, 125 ജനുവരി 10 ന് അവതരിപ്പിക്കും

2018 ബജാജ് ഡിസ്‌കവര്‍ 110, 125 ജനുവരി 10 ന് അവതരിപ്പിക്കും

53,171 രൂപയാണ് പുതിയ 125 സിസി ഡിസ്‌കവറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : 2018 ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 മോട്ടോര്‍സൈക്കിളുകള്‍ ജനുവരി 10 ന് പുറത്തിറക്കും. ഡിസ്‌കവര്‍ നിരയില്‍ 110 സിസി പുതുമുഖമാണ്. എന്നാല്‍ നിലവിലെ 125 സിസി ബജാജ് ഡിസ്‌കവര്‍ 2018 ല്‍ കൂടുതല്‍ സുന്ദരനാകും. നിരവധി കോസ്‌മെറ്റിക് അപ്‌ഗ്രേഡുകള്‍ 125 സിസി ഡിസ്‌കവറിന് ലഭിക്കും. കൂടാതെ പള്‍സര്‍, അവഞ്ചര്‍ ബൈക്കുകളുടെ 2018 മോഡലുകള്‍ പുണെ ആസ്ഥാനമായ കമ്പനി പ്രദര്‍ശിപ്പിക്കും. ഇവയിലും കാലാനുസൃതമായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. പുതിയ 125 സിസി ഡിസ്‌കവറിന്റെ വില ബജാജ് പരിഷ്‌കരിച്ചിട്ടുണ്ട്. 53,171 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എന്നാല്‍ ഡിസ്‌കവര്‍ കുടുംബത്തിലെ പുതിയ അംഗമായ 110 സിസി ഡിസ്‌കവറിന്റെ വില ജനുവരി 10 ന് പ്രഖ്യാപിക്കും.

പുതിയ ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 മോഡലുകളുടെ ചിത്രങ്ങള്‍ ഈയിടെ പ്രചരിച്ചിരുന്നു. മൊത്തം ഡിസൈനില്‍ കൈവെച്ചിട്ടില്ലെങ്കിലും പുതിയ കളര്‍ ഓപ്ഷനും ഗ്രാഫിക്‌സും നല്‍കിയിട്ടുണ്ട്. റെഡ് ഗ്രാഫിക്‌സ് സഹിതം എബണി ബ്ലാക്ക്, ബ്ലൂ ഗ്രാഫിക്‌സ് സഹിതം എബണി ബ്ലാക്ക്, റെഡ് ഗ്രാഫിക്‌സ് സഹിതം ഫ്‌ളെയിം റെഡ് എന്നിവയാണ് പുതിയ ഡിസ്‌കവര്‍ മോട്ടോര്‍സൈക്കിളുകളുടെ മൂന്ന് കളര്‍ ഓപ്ഷനുകള്‍. ഡിസ്‌കവര്‍ 125 നും 110 നും ഒരേ നിറങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ അലോയ് വീലുകളും ബൈക്കുകള്‍ക്ക് ലഭിക്കും.

ഡൗണ്‍ട്യൂബ് ക്രാഡില്‍ ഫ്രെയിമിന് പകരം പൂര്‍ണ്ണമായും പുതിയ ഡയമണ്ട് സിംഗിള്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഓള്‍-ന്യൂ ബജാജ് ഡിസ്‌കവര്‍ 110 നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ഷാസിക്ക് ഭാരം കുറവാണ്. മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കും. ബജാജ് പ്ലാറ്റിനയ്ക്ക് മുകളില്‍ പ്രീമിയം കമ്യൂട്ടര്‍ സെഗ്‌മെന്റിലായിരിക്കും ബജാജ് ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. ടിവിഎസ് വിക്ടര്‍, ഹീറോ പാഷന്‍ പ്രോ, ഹോണ്ട ഡ്രീം സീരീസ് എന്നിവയെ വെല്ലുവിളിക്കും.

ഡിസ്‌കവര്‍ കുടുംബത്തിലെ പുതിയ അംഗമായ 110 സിസി ഡിസ്‌കവറിന്റെ വില ജനുവരി 10 ന് പ്രഖ്യാപിക്കും. പ്ലാറ്റിനയ്ക്ക് മുകളില്‍ പ്രീമിയം കമ്യൂട്ടര്‍ സെഗ്‌മെന്റിലായിരിക്കും ഡിസ്‌കവര്‍ 110 ന് സ്ഥാനം

പുതിയ 110 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോറായിരിക്കും ഓള്‍-ന്യൂ ബജാജ് ഡിസ്‌കവര്‍ 110 ന് കരുത്ത് പകരുന്നത്. 8.5 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറപ്പെടുവിക്കും. 5 സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. ഡിസ്‌കവര്‍ 125 തുടര്‍ന്നും 124.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഉപയോഗിക്കും. 11 ബിഎച്ച്പി കരുത്തും 10.8 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഈ എന്‍ജിനുമായി 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും.

Comments

comments

Categories: Auto