കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരുടെ വിളയാട്ടം; ദക്ഷിണാഫ്രിക്ക 130ന് പുറത്ത്; ഇന്ത്യയുടെ വിജയലക്ഷ്യം 208 റണ്‍സ്

കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാരുടെ വിളയാട്ടം; ദക്ഷിണാഫ്രിക്ക 130ന് പുറത്ത്; ഇന്ത്യയുടെ വിജയലക്ഷ്യം 208 റണ്‍സ്

കേപ്ടൗണ്‍ : ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് മൊഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ പവലിയന്‍ കയറ്റിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ വാലറ്റത്തെ അരിഞ്ഞു വീഴ്ത്തി. രണ്ടാമിന്നിംഗ്‌സില്‍ 65ന് രണ്ട് എന്ന നിലയില്‍ കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക 130 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 77 റണ്‍സിന്റെ ലീഡ് കൂടി ചേര്‍ത്ത് ജയിക്കാന്‍ 208 റണ്‍സിന്റെ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇന്ന് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും ഹാഷിം ആംലയെയും സ്‌കോര്‍ 74ല്‍ എത്തിയപ്പോള്‍ നൈറ്് വാച്ച്മാന്‍ കംഗീസോ റബാഡയെയും ഷമി മടക്കി. ക്യാപ്ടന്‍ ഫാഫ് ഡുപ്‌ളേസിയെ പൂജ്യത്തിനും ക്വിന്റണ്‍ ഡി കോക്കിനെ 8 റണ്‍സിനും മടക്കിയ ബുംറ ദക്ഷിണാഫ്രിക്കയെ കനത്ത തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഓള്‍റൗണ്ടര്‍ വെര്‍ണന്‍ ഫിലാണ്ടറും പൂജ്യത്തിന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 95ന് 7 എന്ന നിലയിലായി. എ.ബി ഡിവില്ലിയേഴ്‌സ് വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 35 റണ്‍സെടുത്ത് ടോപ്‌സ്‌കോററായ ഡിവില്ലിയേഴ്‌സിനെ ബുംറ ഭുവനേശ്വറിന്റെ കൊകളിലെത്തിത്തതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ഷമിയും ബുംറയും 3 വിക്കറ്റുകളും ഭുവവേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും 2 വിക്കറ്റുകളും വീഴ്ത്തി. മൂന്നാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഈര്‍പ്പം പിച്ച് പേസ് ബൗളിംഗിന് കൂടുതല്‍ അനുകൂലമാക്കിയതാണ് ദക്ഷിണാഫ്രിക്കക്ക് വിനയായത്.

Comments

comments

Categories: FK News, Sports