ഉയരം കൂടുംതോറും ഡ്രൈവിംഗിന് ഹരവും കൂടും

ഉയരം കൂടുംതോറും ഡ്രൈവിംഗിന് ഹരവും കൂടും

 

വണ്ടിയുമെടുത്ത് കുന്നു കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാന്‍ പ്രാപ്തമായ പ്രദേശമാണ് ഉളുപ്പുണി. വാഗമണ്ണിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഉളുപ്പുണി മികച്ച വിനോദസഞ്ചാര കേന്ദ്രത്തിനൊപ്പം തന്നെ ഒന്നാംതരം ഓഫ്‌റോഡ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

 

 

വണ്ടിയെടുക്കണം, കുന്നു കയറണം, കുറ്റിച്ചെടികളും വന്‍മരങ്ങളും വകഞ്ഞ് മാറ്റി കുത്തനെ കയറുന്ന മലയുടെ ഓരത്ത് വരെ ചെന്നെത്തണം. വഴി തീരുന്നിടത്ത് വണ്ടി നിര്‍ത്തി ആകാശം മുതല്‍ താഴെ അഗാധ ഗര്‍ത്തം വരെയുള്ള കാഴ്ചകളിലേക്ക് നോക്കിയിരിക്കണം. വാഹന ഭ്രാന്തിനൊപ്പം അല്പം ഓഫ് റോഡിംഗ് കമ്പം കൂടിയുള്ളവര്‍ പലപ്പോഴും കാണുന്ന സ്വപ്‌നമാണ് ഇത്. എസ്‌യുവികളും മറ്റും കയ്യിലുണ്ടെങ്കിലും എവിടെ പോയാല്‍ സ്വസ്ഥമായി ഈ സ്വപ്നത്തെ സാക്ഷാത്കരിക്കാം എന്നതിനെ പറ്റി ധാരണയില്ലാത്തതാണ് പ്രധാന പ്രശ്‌നം. മീശപ്പുലിമല ഇത്തരത്തില്‍ ഓഫ് റോഡ് സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം നല്കുന്നയിടമായിരുന്നുവെങ്കിലും ജനത്തിരക്കേറിയതോടെ അവിടേക്ക് പ്രൈവറ്റ് വാഹനങ്ങള്‍ കടത്തിവിടാത്ത സ്ഥിയായിക്കഴിഞ്ഞു. ഓഫ്‌റോഡിംഗ് മത്സരങ്ങൡും മറ്റും ഇന്നനുഭവപ്പെടുന്ന കാണികളുടെ തിരക്ക് തന്നെ ആളുകളുടെ ഓഫ്‌റോഡിംഗ് താത്പര്യത്തെ തുറന്നു കാണിക്കുന്നുണ്ട്. ഇത്തരത്തില്‍ വണ്ടിയുമെടുത്ത് കുന്നു കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാന്‍ പ്രാപ്തമായ പ്രദേശമാണ് ഉളുപ്പുണി. വാഗമണ്ണിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഉളുപ്പുണി മികച്ച വിനോദസഞ്ചാര കേന്ദ്രത്തിനൊപ്പം തന്നെ ഒന്നാംതരം ഓഫ്‌റോഡ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

 

ഇരുവശങ്ങളും  പുല്‍ച്ചെടികള്‍ നിറഞ്ഞ, ചക്രപ്പാടുകള്‍ മാത്രമുള്ള ജീപ്പ്ചാലിലൂടെയാണ് ഉളുപ്പുണിയിലേക്കുള്ള പാത തുടങ്ങുന്നത്. ഇവിടെ നിരവധിയായ ടാക്‌സി ജീപ്പുകളും സര്‍വീസ് നടത്തുന്നുണ്ട്. അവരെല്ലാവരും ഇവിടത്തെ കുന്നുകളില്‍ വളയം പിടിച്ച് തഴക്കം വന്നിട്ടുള്ളവരുമാണ്. അതിനാല്‍ തന്നെ അവരുടെ രീതികളും വേഗതയുമെല്ലാം പരീക്ഷിക്കാന്‍ നില്ക്കരുതെന്ന് പ്രത്യേകം പറയോണ്ടതില്ലല്ലോ. ഓഫ് റോഡിംഗില്‍ പരിചയം കുറവുള്ളവര്‍ സാവധാനം വാഹനം ഓടിക്കുന്നതാണ് നല്ലത്. വാഹനത്തിനൊപ്പം തന്നെ യാത്രക്കാര്‍ക്കും സംഭവിച്ചേക്കാവുന്ന ‘കേടുപാടുകള്‍’ക്ക് ഒരു പരിധി വരെ തടയിടാന്‍ ഇതുകൊണ്ട് സാധിക്കും. അതിനൊപ്പം തന്നെ വാഹനത്തില്‍ ആവശ്യമായ ടൂള്‍സ് സജ്ജമാക്കിയിരിക്കണം. മല കയറുന്നതിമന് മുമ്പ് തന്നെ ടയറിലെ കാറ്റ് അല്പം കുറയ്ക്കുന്നത് നല്ലതാണ്. നിലവുമായുള്ള പിടുത്തം വര്‍ദ്ധിപ്പിക്കുന്നതിനും വാഹനം തെറിച്ച് ചാടുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. തുടക്കത്തില്‍ സാധാരണ പാതയാവുന്ന ഉളുപ്പുണി മുന്നോട്ട് ചെല്ലുംതോറും കൂടുതല്‍ പരുക്കനായിക്കൊണ്ടിരിക്കും. മഴയുള്ള സമയത്താണെങ്കില്‍ ഇതിന്റെ കാഠിന്യം ഇരട്ടിയാകും. വിശാലമായ കുന്നിന്‍ പുറങ്ങളിലൂടെ കയറിച്ചെല്ലുന്ന പാത ചെങ്കുത്തായ മലയുടെ മുകളില്‍ ചെന്നാണ് അവസാനിക്കുന്നത്. ഇവിടെയാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടി വരുന്നതും. ചെറിയ കയറ്റത്തില്‍ നിന്ന് പൊടുന്നനെ കുത്തനെ മലയിലേക്കുള്ള കയറ്റത്തില്‍ ഫോര്‍ വീല്‍ ഡ്രൈവിന്റെ മികവ് മനസിലാക്കാം.

മലമുകളില്‍ കയറിയാല്‍ മറുവശത്ത് അഗാധഗര്‍ത്തമാണ്. കയറിവന്ന വഴിയും ദൂരസ്ഥലങ്ങളിലേക്ക് പരന്നുകിടക്കുന്ന വ്യത്യസ്ത ഭൂപ്രദേശങ്ങളുമെല്ലാം ഇവിടെ നിന്ന് കാണാന്‍ സാധിക്കും. വാഹനത്തിന്റെ കരുത്തും ഡ്രൈവറുടെ കഴിവും തന്നെയാണ് ഇത്തരത്തിലുള്ള പാതകളില്‍ അവിഭാജ്യഘടകമായി മാറുന്നത്. മലമുകളിലേക്ക് വന്ന വഴിയിലൂടെയല്ല തിരിച്ചിറങ്ങുന്നത്. കയറിയതിന് അല്പം മാറിയുള്ള കുത്തനെ ഇറക്കത്തിലൂടെ താഴേക്കിറങ്ങുന്ന വഴി ചെന്നെത്തുന്നത് കുത്തനെയുള്ള മറ്റൊരു കയറ്റത്തിന് ചുവട്ടിലാണ്. ഇത്തരത്തില്‍ വ്യത്യസ്ത പാതകളിലൂടെയുള്ള വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗാണ് ഉളുപ്പുണി നല്കുന്നത്.

ഇയോബിന്റെ പുസ്‌കതം എന്ന സിനിമയിലൂടെയാണ് ഉളുപ്പുണി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ വെട്ടുന്നത് ഇവിടെ വെച്ചാണ്. മലമുകളിലൂടെ നീണ്ട് പോകുന്ന വഴി തിരിച്ചിറക്കത്തിലും കാഠിന്യമേറിയതാണ്. അമിതമായി ആളുകളെ കയറ്റിയോ അമിതവേഗത്തിലോ ഇറങ്ങാന്‍ ശ്രമിക്കരുത്. ഇത് അപകടം വിളിച്ച് വരുത്തും. അതിനേക്കാളുപരിയായി യൂടൂബ് വീഡിയോകളിലോ മത്സരങ്ങളിലോ കണ്ട് ശീലിച്ച വിധത്തില്‍ വാഹനം ഓടിച്ച് പരീക്ഷിക്കാനും മുതിരരുത്. ഫോര്‍വീല്‍ ഡ്രൈവുള്ള വാഹനങ്ങള്‍ മാത്രമാണ് ഉളുപ്പുണി മല കയറാന്‍ പര്യാപ്തമായവ. ഫോര്‍വീല്‍ ഡ്രൈവ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ആദ്യ ഘട്ടം സുഗമമായിരിക്കുമെങ്കിലും കുത്തനെയുള്ള കയറ്റങ്ങള്‍ അത്ര എളുപ്പമാവില്ല. അതിനൊപ്പം തന്നെ കയറ്റത്തിലോ മറ്റോ വാഹനം നിന്നുപോയാല്‍ അത് വന്‍ അപകടത്തിനും വഴിവെക്കും. ഓഫ്‌റോഡ് ഡ്രൈവുകളില്‍ ശ്രദ്ധിക്കേണ്ട നിരവധി വസ്തുതകളുണ്ട്. ചെറിയ അശ്രദ്ദ പോലും വലിയ അപകടത്തിലേക്കെത്തിച്ചേക്കാം. കുന്ന് കയറുന്ന സാഹചര്യത്തിലും മറ്റും വാഹനം ഗ്രിപ്പ് കിട്ടാത്ത അവസ്ഥയുണ്ടായാല്‍ അവിടെ തന്നെ നിര്‍ത്തി വീണ്ടൂം ആക്‌സിലേറ്റര്‍ അമര്‍ത്തിക്കൊണ്ടിരിക്കരുത്. വാഹനം മുന്നോട്ട് നീങ്ങുന്നില്ലെന്ന് മനസിലാക്കിയാല്‍ സാവധാനം പിന്നോട്ടെടുത്ത് വീണ്ടും കയറാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം വാഹനം നിരങ്ങി തിരിഞ്ഞ് കുന്നിന് വിലങ്ങനെ വരാന്‍ സാധ്യതയുണ്ട്. ഇങ്ങനെയെത്തിയാല്‍ വാഹനം തീര്‍ച്ചയായും മറിഞ്ഞിരിക്കും. ടയറിലെ പ്രഷര്‍ കുറയ്ക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ നിലവുമായുള്ള ടയറിന്റെ പിടുത്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

കുന്നിന്‍ മുകളിലെ ഓഫ്‌റോഡിനൊപ്പം തന്നെ മറ്റ് വ്യത്യസ്ത പാതകളിലൂടെയുള്ള ഓഫ്‌റോഡിംഗും ഉളുപ്പുണിയില്‍ ആസ്വദിക്കാവുന്നതാണ് പുഴ വട്ടം കടന്ന് പോകുന്ന കാനന പാതയും മറ്റും ഉളുപ്പുണിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. ജീപ്പുകള്‍ക്കും എസ്‌യുവികള്‍ക്കും പുറമെ ബൈക്കുകളിലും നിരവധി ആളുകളാണ് മല കലകയറിയെത്തുന്നത്. വാഗമണ്‍-പുള്ളിക്കാനം റോഡില്‍ ചോറ്റുപാറയില്‍ നിന്ന് തിരിഞ്ഞാണ് ഉളുപ്പുണിയിലേക്ക് പോകുന്നത്. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉളുപ്പുണിയിലെത്താം. കുളമാവ് ഡാം ഉള്‍പ്പടെ നിരവധി പ്രദേശങ്ങളുടെ മികച്ച ദൃശ്യം ഇവിടെ നിന്ന് കാണാവുന്നതാണ്. മറ്റ് സ്ഥലങ്ങളെ പോലെ അധികം ആളുകള്‍ അറിയാത്ത പ്രദേശമായതിനാല്‍ തന്നെ ആള്‍ത്തിരക്കില്‍ നിന്നൊഴിഞ്ഞ് സ്വസ്ഥമായ ഡ്രൈവിംഗ് അനുഭവമായിരിക്കും ഉളുപ്പുണി.

 

Comments

comments

Categories: Auto, FK Special