പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകിനേവ

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകിനേവ

ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രീതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ധനങ്ങളുടെ വിലയിലെ വര്‍ദ്ധനവും മലിനീകരണവും മറ്റും ഇതിന് വഴിവെക്കുന്നുണ്ട്. ഇലക്ട്രിക് വിപണിയില്‍ സ്‌കൂട്ടറുകള്‍ക്കൊപ്പം തന്നെ കാറുകളും ഇന്ന് നിരവധിയായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. നഗരത്തിലെ ഉപയോഗങ്ങള്‍ക്കും മറ്റും വളരെ ഫലപ്രദമായതിനാല്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

 

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തെ മുന്‍നിര നിര്‍മാതാക്കളായ ഒകിനേവ തങ്ങളുടെ പുതിയ മോഡല്‍ വിപണിയിലിറക്കിയിരിക്കുകയാണ്. പ്രെയിസ് എന്ന പേരില്‍ വിപണിയിലെത്തിയിരിക്കുന്ന വാഹനം, കണ്ടു ശീലിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് അല്പം ഗൗരവ ഭാവത്തിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പൊതുവെ ഇലക്ട്രിക് സ്‌കൂട്ടറുകളുടേതായ തനത് ഡിസൈനുകളും മറ്റും നിലനിര്‍ത്തിക്കൊണ്ടാണ് ഭൂരിഭാഗം കമ്പനികളും ഇത്തരത്തിലുള്ളവയെ വിപണിയിലെത്തിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ ആണെന്ന കാര്യം മനസിലാക്കിയെടുക്കാന്‍ സാധിക്കും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിംഗ് ആണ് പ്രെയിസ് കാഴ്ചവെക്കുന്നത്. ഇതിനൊപ്പം തന്നെ നിരവധി സവിശേഷതകളും ഇതില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രെയിസിന് സാധിക്കും. ഇതിനൊപ്പം തന്നെ ഒറ്റ ചാര്‍ജിംഗില്‍ 170 മുതല്‍ 200 കിലോമീറ്റര്‍ വരെ മൈലേജും ലഭിക്കും. 45 മിനുട്ട് കൊണ്ട് ബാറ്ററിയുടെ 80 ശതമാനവും ചാര്‍ജ് ചെയ്യപ്പെടും. ഇതര വാഹനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള ചാര്‍ജിംഗ് ആണ് ഇതിലൂടെ സാധ്യമാകുന്നത്. റിമൂവബിള്‍ ബാറ്ററി ഉപയോഗിച്ചിരിക്കുന്നതിനാല്‍ തന്നെ ഇത് വാഹനത്തില്‍ നിന്നും പുറത്തിറക്കി വെച്ച് ചാര്‍ജ് ചെയ്യാനും സാധിക്കും. മൂന്ന് വര്‍ഷത്തെ വാറണ്ടി ഈ ബാറ്ററിക്ക് ലഭിക്കുകയും ചെയ്യും. ഇക്കണോമി, സ്‌പോര്‍ട്ടി, ടര്‍ബോ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളില്‍ വാഹനം ലഭ്യമാണ്. പര്‍പ്പിള്‍ ഗോള്‍ഡന്‍, ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് പ്രെയിസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. 18 മുതല്‍ 40 എന്‍എം വരെയാണ് ടോര്‍ക്ക്. ഡല്‍ഹി എക്‌സ് ഷോറൂം വില 59,889 രൂപ.

Comments

comments

Categories: Auto, FK Special