ഇനി മനസ്സില്‍ കാണുമ്പോള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെന്ന് നിസ്സാന്‍

ഇനി മനസ്സില്‍ കാണുമ്പോള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെന്ന് നിസ്സാന്‍

ഡ്രൈവിംഗിന്റെ ഭാവി പുനര്‍നിര്‍ണയിച്ച് നിസ്സാന്റെ ബ്രെയിന്‍-ടു-വെഹിക്കിള്‍ സാങ്കേതികവിദ്യ

യോകോഹാമ : ഓട്ടോണമസ് ഡ്രൈവിംഗ് സംബന്ധിച്ച് നിസ്സാന്‍ ഒരു മൈല്‍ കൂടി മുന്നേറി. യഥാസമയം അനുമാനങ്ങള്‍ നടത്തുന്നതിന് കാറുകളിലെ ഓണ്‍ബോര്‍ഡ് കംപ്യൂട്ടറുകള്‍ക്ക് പകരം, കാറിന് സിഗ്നലുകള്‍ നല്‍കുന്നതിന് മനുഷ്യ മനസ്സ് പ്രയോജനപ്പെടുത്താമെന്നാണ് നിസ്സാന്‍ അവകാശപ്പെടുന്നത്. ഡ്രൈവര്‍മാരും കാറുകളും തമ്മിലുള്ള പാരസ്പര്യം മാറ്റിമറിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യയെന്ന് നിസ്സാന്‍ അവകാശപ്പെട്ടു. ബ്രെയ്ന്‍-ടു-വെഹിക്കിള്‍ എന്നാണ് നിസ്സാന്‍ ഈ സാങ്കേതികവിദ്യയെ വിളിക്കുന്നത്. ഈ വര്‍ഷത്തെ ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ബ്രെയിന്‍-ടു-വെഹിക്കിള്‍ പ്രയോഗിച്ച വാഹനത്തിന്റെ അരങ്ങേറ്റം നടക്കും.

ഓട്ടോണമസ് ഡ്രൈവിംഗില്‍ തങ്ങള്‍ നോക്കുകുത്തികളാണെന്നാണ് മിക്കവരുടെയും ധാരണയെന്ന് നിസ്സാന്‍ പറഞ്ഞു. കാര്‍ തനിയെ ഓടിക്കോളുമെന്ന് വിചാരിക്കുകയും മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. തങ്ങളുടെ കാര്‍ നിയന്ത്രണം യന്ത്രങ്ങള്‍ക്ക് അടിയറവ് വെച്ചതായും ഇവര്‍ കരുതുന്നു. എന്നാല്‍ ബി2വി സാങ്കേതികവിദ്യ വ്യത്യസ്തമാണ്. സ്വന്തം തലച്ചോറില്‍നിന്നുള്ള സിഗ്നലുകള്‍ക്ക് അനുസരിച്ചാണ് ഡ്രൈവിംഗ് എന്ന് കാണുന്നത് ആവേശകരവും ആസ്വാദ്യകരവുമാണെന്ന് നിസ്സാന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനിയേല്‍ ഷില്ലാസി പറഞ്ഞു.

മനുഷ്യ മനസ്സിനെ ഡീകോഡ് ചെയ്താണ് ഡ്രൈവര്‍ നടത്താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശകലനം ചെയ്ത് കാര്‍ യുക്തമായ തീരുമാനങ്ങളെടുക്കുന്നത്. സ്റ്റിയറിംഗ് വീല്‍ തിരിക്കണമെങ്കിലോ ആക്‌സിലറേറ്റര്‍ പെഡല്‍ ചവിട്ടണമെങ്കിലോ നിങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍ മതി. ഡ്രൈവറുടെ തലച്ചോറില്‍നിന്നുള്ള സിഗ്‌നലുകള്‍ പിടിച്ചെടുത്ത് കാര്‍ സുരക്ഷിതമായി മുന്നോട്ട് നീങ്ങും. ഡ്രൈവര്‍ എന്തെങ്കിലും അനിഷ്ടമോ അസ്വസ്ഥതയോ പ്രകടിപ്പിച്ചാല്‍ അക്കാര്യം മനസ്സിലാക്കി ഡ്രൈവിംഗ് കോണ്‍ഫിഗറേഷനോ ഡ്രൈവിംഗ് സ്‌റ്റൈലോ മാറ്റുന്നതിന് കാറിന് നല്‍കിയിരിക്കുന്ന കൃത്രിമ ബുദ്ധി സഹായിക്കും. കാര്‍ ഓട്ടോണമസ് മോഡിലായിരിക്കണമെന്ന് മാത്രം.

ഈ വര്‍ഷത്തെ ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ ബ്രെയിന്‍-ടു-വെഹിക്കിള്‍ സാങ്കേതികവിദ്യ പ്രയോഗിച്ച വാഹനത്തിന്റെ അരങ്ങേറ്റം നടക്കും

വ്യക്തികളുടെ ഇഷ്ടത്തിന് അനുസരിച്ച് കാറിന്റെ ഇന്റീരിയര്‍ മാറ്റാനും കഴിയും. തലച്ചോറില്‍നിന്നുള്ള തരംഗങ്ങള്‍ മനസ്സിലാക്കുന്ന ഉപകരണമാണ് ഡ്രൈവര്‍മാര്‍ ധരിക്കേണ്ടതെന്ന് നിസ്സാന്‍ നിര്‍ദ്ദേശിച്ചു. സ്റ്റിയറിംഗ് വീല്‍ തിരിക്കുക, കാറിന്റെ വേഗം കുറയ്ക്കുക തുടങ്ങിയവ മനുഷ്യ ഡ്രൈവറേക്കാള്‍ 0.2 മുതല്‍ 0.5 സെക്കന്‍ഡ് വരെ കൂടുതല്‍ വേഗത്തില്‍ കാറിന് ചെയ്യാന്‍ കഴിയും.

Comments

comments

Categories: Auto