ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നല്‍കാന്‍ നിതി ആയോഗ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നല്‍കാന്‍ നിതി ആയോഗ്

മൂന്ന് വര്‍ഷത്തേക്ക് സൗജന്യ പാര്‍ക്കിംഗ്, റോഡുകളില്‍ ചുങ്കം ഒഴിവാക്കി നല്‍കുക എന്നിവയും പരിഗണിക്കുന്നു

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ വ്യവസ്ഥ ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ നയ രൂപീകരണ-ആസൂത്രണ സമിതിയായ നിതി ആയോഗ് ആലോചിക്കുന്നു. മൂന്ന് വര്‍ഷത്തേക്ക് സൗജന്യ പാര്‍ക്കിംഗ്, റോഡുകളില്‍ ചുങ്കം ഒഴിവാക്കി നല്‍കുക എന്നിവയും നിതി ആയോഗ് പരിഗണിക്കുന്നു. ഇലക്ട്രിക് വാഹന നയത്തിന്റെ കരട് നിതി ആയോഗ് തയ്യാറാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പത്ത് ശതമാനം പാര്‍ക്കിംഗ് സ്ഥലം പ്രത്യേകം വേര്‍തിരിക്കണമെന്ന് റസിഡന്‍ഷ്യല്‍, ഷോപ്പിംഗ്, ഓഫീസ് കെട്ടിട സമുച്ചയങ്ങളോട് നിര്‍ദ്ദേശിക്കുമെന്ന് കരട് നയത്തില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആറ് തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകളാണ് കണ്ടുവരുന്നത്. വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത നമ്പറുകളുള്ള പ്ലേറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിഷ്‌കര്‍ഷിക്കുന്നതാണ്. കറുത്ത നമ്പറുകളുള്ള മഞ്ഞ നമ്പര്‍ പ്ലേറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കുള്ളതാണ്. മഞ്ഞ നമ്പറുകളുള്ള കറുത്ത നമ്പര്‍ പ്ലേറ്റുകള്‍ വാടക വാഹനങ്ങള്‍ക്കും സെല്‍ഫ്-ഡ്രൈവ് വാഹനങ്ങള്‍ക്കും മാത്രമാണ്. ഈ കാറുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. കൊമേഴ്‌സ്യല്‍ ലൈസന്‍സ് ഇല്ലാതെ തന്നെ ഇത്തരം കാറുകള്‍ ഡ്രൈവ് ചെയ്യാം.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പത്ത് ശതമാനം പാര്‍ക്കിംഗ് സ്ഥലം പ്രത്യേകം വേര്‍തിരിക്കണമെന്ന് റസിഡന്‍ഷ്യല്‍, ഷോപ്പിംഗ്, ഓഫീസ് കെട്ടിട സമുച്ചയങ്ങളോട് നിര്‍ദ്ദേശിക്കും

ഇളം നീല പശ്ചാത്തലത്തില്‍ വെളുത്ത നമ്പറുകള്‍ എംബസി വാഹനങ്ങളിലാണ് കണ്ടുവരുന്നത്. രാഷ്ട്രപതിയും സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും സഞ്ചരിക്കുന്നത് ചുവന്ന നിറത്തിലുള്ള പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ്. സൈനിക വാഹനങ്ങള്‍ക്ക് പ്രത്യേക തരം നമ്പര്‍ പ്ലേറ്റുകളാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ അന്തരീക്ഷ മലിനീകരണം കുറയുമെന്നും എണ്ണ ഇറക്കുമതിക്കായി ചെലവഴിക്കുന്ന ഭീമമായ തുക കുറച്ചുകൊണ്ടുവരാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Auto