പിഎസ്എ ഗ്രൂപ്പ് ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിക്കുന്നു ; അംബാസഡര്‍ തിരിച്ചുവന്നേക്കും

പിഎസ്എ ഗ്രൂപ്പ് ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിക്കുന്നു ; അംബാസഡര്‍ തിരിച്ചുവന്നേക്കും

ആദ്യ ഉല്‍പ്പന്നം ഹാച്ച്ബാക്ക് ആയിരിക്കുമെന്നും തുടര്‍ന്ന് അധികം വൈകാതെ ക്രോസ്ഓവര്‍ പുറത്തിറക്കുമെന്നുമാണ് ലഭിക്കുന്ന വിവരം

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യാ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയിലേക്കുള്ള മൂന്നാം വരവില്‍ കാര്യങ്ങളെല്ലാം ശുഭകരമായിരിക്കുമെന്ന് പ്യൂഷോ, സിട്രോണ്‍, ഡിഎസ് ബ്രാന്‍ഡുകളുടെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ അംബാസഡര്‍ ബ്രാന്‍ഡ് ഏറ്റെടുത്ത പിഎസ്എ ഗ്രൂപ്പ്, സികെ ബിര്‍ള ഗ്രൂപ്പുമായി 50: 50 അനുപാതത്തില്‍ സംയുക്ത സംരംഭത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ തമിഴ്‌നാട്ടിലെ ഹൊസൂറില്‍ പവര്‍ട്രെയ്ന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഇരുകമ്പനികളും ചേര്‍ന്ന് ശിലാസ്ഥാപനം നടത്തിയിരുന്നു.

സംയുക്ത സംരംഭമനുസരിച്ച് വാഹന, പവര്‍ട്രെയ്ന്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിന് ആകെ 700 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം യൂണിറ്റായിരിക്കും പവര്‍ട്രെയ്ന്‍ പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി. 2019 തുടക്കത്തില്‍ ഹൊസൂര്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായേക്കും. ഗിയര്‍ബോക്‌സുകളും എന്‍ജിനുകളും ഇവിടെ നിര്‍മ്മിക്കും. ഇന്ത്യയെയും വിദേശ വിപണികളെയും മനസ്സില്‍കണ്ടാണ് പവര്‍ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്നത്.

പിഎസ്എ ഗ്രൂപ്പ് വളരെക്കാലമായി ഇന്ത്യയെ നോട്ടമിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ഇതാദ്യമായല്ല കടന്നുവരുന്നത്. ഇവിടെ ഒരു കാര്‍ മാത്രം പുറത്തിറക്കിയശേഷം പ്രീമിയര്‍ ഓട്ടോമൊബീല്‍സുമായുള്ള പങ്കാളിത്തത്തില്‍നിന്ന് കമ്പനി പിന്‍വാങ്ങിയിരുന്നു. ഇന്ത്യയില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിന് 2011 ല്‍ പിഎസ്എ ഗ്രൂപ്പ് ഗുജറാത്തില്‍ സ്ഥലം വാങ്ങി. എന്നാല്‍ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. 2020 ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യ കാര്‍ ഓടിക്കാനാകുമെന്നാണ് പിഎസ്എ ഗ്രൂപ്പ് കരുതുന്നത്. ആദ്യ ഉല്‍പ്പന്നം ഹാച്ച്ബാക്ക് ആയിരിക്കുമെന്നും തുടര്‍ന്ന് അധികം വൈകാതെ ക്രോസ്ഓവര്‍ പുറത്തിറക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍നിന്ന് 80 കോടി രൂപ ചെലവഴിച്ചാണ് അംബാസഡര്‍ ബ്രാന്‍ഡ് പ്യൂഷോ ഏറ്റെടുത്തത്

ഇന്ത്യയില്‍ എന്‍ട്രി-ലെവല്‍ സെഗ്‌മെന്റില്‍ കളിക്കാന്‍ പിഎസ്എ ഗ്രൂപ്പിന് താല്‍പ്പര്യമില്ല. കയറ്റുമതി ആവശ്യങ്ങള്‍ക്കുവേണ്ടിയും ഇവിടെ കാറുകള്‍ നിര്‍മ്മിക്കും. വളര്‍ന്നുവരുന്ന വിപണികളിലേക്കായി മിഡ്-സൈസ് സെഡാന്‍, മറ്റൊരു കോംപാക്റ്റ് എസ്‌യുവി എന്നിവ നിര്‍മ്മിക്കും. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്ലാന്റില്‍നിന്നായിരിക്കും വാഹനങ്ങള്‍ പുറത്തിറക്കുന്നത്. പ്രശസ്തമായ അംബസാഡര്‍ കാര്‍ ഒരിക്കല്‍ക്കൂടി അവതരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍നിന്ന് 80 കോടി രൂപ ചെലവഴിച്ചാണ് അംബാസഡര്‍ ബ്രാന്‍ഡ് പ്യൂഷോ ഏറ്റെടുത്തത്. ഇത്രയും വില കൊടുത്ത് ബ്രാന്‍ഡ് നാമം ഏറ്റെടുത്തെങ്കില്‍ അംബാസഡര്‍ ഒരു വരവ് കൂടി വരുമെന്ന് തന്നെ വിശ്വസിക്കാം.

Comments

comments

Categories: Auto