2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

കാറിന് പത്ത് അപ്‌ഡേറ്റുകള്‍ നല്‍കിയപ്പോഴും വില വര്‍ധിപ്പിക്കാന്‍ റെനോ ഇന്ത്യ തയ്യാറായില്ല

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. 2.66 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ്് ഷോറൂം വില തുടങ്ങുന്നത്. 0.8 ലിറ്റര്‍ എംടി, 1.0 ലിറ്റര്‍ എംടി, 1.0 ലിറ്റര്‍ എഎംടി എന്നീ മൂന്ന് വേരിയന്റുകളില്‍ സ്‌പെഷല്‍ എഡിഷന്‍ റെനോ ക്വിഡ് ലഭിക്കും. അവസാന രണ്ട് വേരിയന്റുകള്‍ക്ക് 3.57 ലക്ഷം രൂപ, 3.87 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം ഡെല്‍ഹി എക്‌സ് ഷോറൂം വില. അതാത് വേരിയന്റുകളുടെ സാധാരണ വേര്‍ഷന്റെ അതേ വിലയാണ് 2018 സ്‌പെഷല്‍ എഡിഷന്‍ മോഡലുകള്‍ക്ക് റെനോ ഇന്ത്യ നിശ്ചയിച്ചത്. കാറിന് പത്ത് അപ്‌ഡേറ്റുകള്‍ നല്‍കിയപ്പോഴും വില വര്‍ധിപ്പിക്കാന്‍ റെനോ ഇന്ത്യ തയ്യാറായില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. 2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ സ്വീകരിച്ചുതുടങ്ങി. പരിമിത കാലയളവില്‍ മാത്രമേ കാര്‍ ലഭിക്കൂ.

റെനോ ക്വിഡിന്റെ വശ്യതയും ആകര്‍ഷകത്വവും ഒന്നുകൂടി വര്‍ധിപ്പിച്ചാണ് 2018 സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ ‘തൊലിപ്പുറത്താണ്’ മിക്ക പരിഷ്‌കാരങ്ങളും. ഹുഡ്, റൂഫ്, ഷോള്‍ഡര്‍ ലൈന്‍, സൈഡ് എന്നിവിടങ്ങളില്‍ ചെക്ക് പാറ്റേണിലുള്ള സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സ്് കാണാം. സ്‌പെഷല്‍ സ്റ്റൈലിംഗും കളര്‍ കോമ്പിനേഷനുമാണ് 2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്റെ ഒരു സവിശേഷത. ലൈറ്റ് ബോഡി കളറിന് ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ, ലൈം ആക്‌സന്റുകളും ഡാര്‍ക്ക് ബോഡി കളറിന് ബ്ലാക്ക്, സില്‍വര്‍, ലൈം ആക്‌സന്റുകളും നല്‍കിയിരിക്കുന്നു. എക്‌സ്റ്റീരിയര്‍ ട്രെന്‍ഡിയായി മാറുന്നതിന് ഈ കളര്‍ കോമ്പിനേഷന്‍ സഹായിച്ചു. സ്പീഡ്സ്റ്റര്‍ കൂടാതെ സ്‌പോര്‍ട്‌സ്, റാലിക്രോസ് ഗ്രാഫിക്‌സ് തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്. ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഔട്ട്ബാക്ക് ബ്രോണ്‍സ്, പ്ലാനറ്റ് ഗ്രേ എന്നീ അഞ്ച് ബോഡി കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭിക്കും.

2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത സുരക്ഷാ ഫീച്ചറെന്ന നിലയില്‍ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ നല്‍കി എന്നതാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്‌സ്‌ക്രീന്‍ മീഡിയാനാവ് ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, വണ്‍-ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, കാറിന്റെ സ്പീഡ് അനുസരിച്ച് ഓഡിയോ സിസ്റ്റത്തിന്റെ ശബ്ദം കൂടുകയും കുറയുകയും ചെയ്യുന്ന റേഡിയോ സ്പീഡ്-ഡിപെന്‍ഡന്റ് വോള്യം കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്.

ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഔട്ട്ബാക്ക് ബ്രോണ്‍സ്, പ്ലാനറ്റ് ഗ്രേ എന്നീ അഞ്ച് ബോഡി കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭിക്കും

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി (എസ്‌സിഇ) പവര്‍ട്രെയ്‌നുകളുമായി രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2018 റെനോ ക്വിഡ് സ്‌പെഷല്‍ എഡിഷന്‍ ലഭിക്കും. 799 സിസി 3-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് നല്‍കുന്നത്. 1.0 ലിറ്റര്‍ വേരിയന്റിലെ 999 സിസി 3-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, 5 സ്പീഡ് എഎംടി (ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto