കായല്‍പ്പരപ്പിലെ ആനച്ചന്തം

കായല്‍പ്പരപ്പിലെ ആനച്ചന്തം

ആലപ്പുഴയിലെ ബാക്ക് വാട്ടര്‍ ടൂറിസത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഹൗസ്‌ബോട്ടുകള്‍. വേമ്പനാട്ടുകായലിന്റെ ഓളങ്ങള്‍ക്ക് മുകളില്‍ തലയെടുപ്പോടെ ഹൗസ്‌ബോട്ടുകള്‍ സഞ്ചാരികളെ വരവേല്‍ക്കുമ്പോള്‍ സംസ്ഥാന ഖജനാവിലെത്തുന്നത് കോടികളാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച് ഇന്ന് കേരള ടൂറിസത്തിന്റെ പ്രധാനഘടമായി നിലകൊള്ളുന്ന ഹൗസ് ബോട്ട് വ്യവസായത്തിന്റെ വിശേഷങ്ങളിലൂടെ..

വശ്യസൗന്ദര്യം നിറഞ്ഞ ആലപ്പുഴയുടെ ഓളങ്ങള്‍ക്ക് മുകളില്‍ ആഡംബരം നിറച്ച ഹൗസ്‌ബോട്ടുകള്‍ യാത്ര തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നഗരത്തിരക്കിന്റെ ഒച്ചപ്പാടുകളില്‍ നിന്നകന്ന് ഗ്രാമീണ കാഴ്കള്‍ക്കിടയിലെ കൈവഴികളിലൂടെയും വേമ്പനാട്ട് കായലിന്റെ വിരിമാറിലൂടെയും ഇന്ന് ഈ കൊട്ടാരങ്ങള്‍ തലങ്ങും വിലങ്ങും ഒഴുകി നടക്കുന്നു. ആഗോള സഞ്ചാരികളുടെ സ്വപ്‌നഭൂമികയായി ആലപ്പുഴക്കൊപ്പം കേരളത്തെ മാറ്റിയെടുത്തതില്‍ ഈ ഹൗസ്‌ബോട്ടുകള്‍ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. അത്രനാള്‍ മൂന്നാറിന്റെ മഞ്ഞും തേക്കടി തടാകവും പിന്നിട്ട് കോവളത്തേക്ക് സഞ്ചരിച്ചിരുന്ന വിദേശികളുള്‍പ്പടെയുള്ളവരെ ആലപ്പുഴയിലേക്ക് ആകര്‍ഷിച്ചതും ഈ വള്ളങ്ങള്‍ തന്നെ. കാലക്രമത്തില്‍ കോവളത്തേക്കാളും തേക്കടിയേക്കാളുമെല്ലാം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ആലപ്പുഴ. ഇന്ന് കേരളത്തിലെ ടൂര്‍ പാക്കേജ് വ്യവസായത്തിലെ പ്രധാന റൂട്ട് തന്നെയാണ് മൂന്നാര്‍-തേക്കടി- ആലപ്പുഴ. വള്ളങ്ങള്‍ക്ക് മേല്‍ കൊട്ടാരം കെട്ടിയ നൗകകളും ആലപ്പുഴയുടെ വശ്യസൗന്ദര്യവും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് ചെറുതല്ല.

 

കച്ചവടം ‘വെള്ളത്തിലായ’ നാട്

കര ഗതാഗതത്തിനൊപ്പം നഗരത്തിന്റെ ജീവനാഡിയായി മാറിയ ജലപാതകള്‍ നിരവധിയുള്ള നാടാണ് ആലപ്പുഴ. നഗരത്തിനത്ത് റോഡുകള്‍ക്ക് സമാന്തരമായി നിരവധി കൈവഴികളും പുഴയില്‍ നിന്നകന്ന് ഒഴുകുന്നുണ്ട്. അതിനാല്‍ കച്ചവടത്തിന്റെ പ്രധാന വഴിത്താരകളായിരുന്നു ഈ കനാലുകള്‍. കച്ചവട സാമഗ്രികള്‍ കൊണ്ടുപോകാന്‍ കര ഗതാഗതത്തിനൊപ്പമോ അതിനേക്കാളുപരിയായോ ആലപ്പുഴ ആശ്രയിച്ചത് കനാലുകളെയും വള്ളങ്ങളെയുമാണ്. വ്യക്തമായ ആശയങ്ങളുടെ പിന്‍ബലത്തിന്‍ അവയൊക്കെയും പുത്തന്‍ വ്യവസായത്തിലേക്ക് കൂട്ടിക്കെട്ടിയതോടെ, ആലപ്പുഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഹൗസ് ബോട്ടിന്റെ ചിത്രം മനസിലേക്കെത്തുന്ന സ്ഥിതിയായി. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിന്റെ സാമീപ്യം ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാണ്. ആദ്യകാലങ്ങളില്‍ ഏതാനും ഹൗസ്‌ബോട്ടുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന സാഹചര്യത്തില്‍ നിന്നും ഏറെ പിന്നിട്ട് ഇന്ന് 1500 ഓളം ഹൗസ് ബോട്ടുകളാണ് നിലവിലുള്ളത്. സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതും മേഖലയിലെ വരുമാന ലഭ്യതയുമെല്ലാം അക്കാലത്തെ നവസംരംഭകരെ ഹൗസ്‌ബോട്ട് വ്യവസായ മേഖലയിലേക്ക് ആകര്‍ഷിച്ചു. കടന്നുവന്ന ഓരോ സംരംഭകരും പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിച്ചതോടെ ഹൗസ്‌ബോട്ട് വ്യവസായം കൂടുതല്‍ കാര്യക്ഷമവും മല്‍സരബുദ്ധിയുള്ളതുമായി മാറി.

ലോകസഞ്ചാര ഭൂപടത്തില്‍ ഹൗസ്‌ബോട്ടുകളുടെ തലസ്ഥാനമായാണ് ആലപ്പുഴ അറിയപ്പെടുന്നത്. ജലപ്പരപ്പിന്റെയും ഗ്രാമീണഭംഗിയുടെയും അനന്തസാധ്യതകളെ ആലപ്പുഴയോളം വിനിയോഗിച്ച മറ്റൊരു സ്ഥലം കേരളത്തിലില്ലെന്ന് പറയാം. കേരളത്തിന്റെ ഏറ്റവും മികച്ച വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസത്തില്‍ മികച്ച സംഭാവന നല്‍കുന്നത് ഹൗസ്‌ബോട്ടുകളാണ്

കനാലുകളില്‍ നിന്ന് കായലിലേക്ക്

ആദ്യകാലത്ത് ആലപ്പുഴ നഗരത്തിലെ കനാലുകള്‍ വഴി കൊപ്രയും മറ്റു വ്യാപാര സാധനങ്ങളും ശേഖരിച്ചിരുന്ന കെട്ടുവള്ളങ്ങളാണ് മുറികളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിക്കൊണ്ട് ഹൗസ്‌ബോട്ടുകളിലേക്ക് വേഷപ്രഛന്നരായി എത്തിയത്. ‘വളവര’ എന്നറിയപ്പെട്ടിരുന്ന മേല്‍ക്കൂരയും അത്യാവശ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു അവ നീറ്റിലിറങ്ങിയത്. ആദ്യകാലങ്ങളില്‍ തുഴഞ്ഞ് നീങ്ങിയിരുന്ന ഹൗസ്‌ബോട്ടുകള്‍ 1994ഓടുകൂടി യന്ത്രക്കരുത്തിലേക്ക് വഴിമാറി. പിന്നീട് എസി ഘടിപ്പിച്ചുള്ളവയിലേക്കും. പത്ത് മുറികള്‍ വരെയുള്ള ഹൗസ്‌ബോട്ടുകള്‍ ഇവിടെയുണ്ട്. പലതിലും എസി സമ്മേളന ഹാളുകള്‍ വരെ ഒരുക്കിയിരിക്കുന്നു. ആഞ്ഞിലിത്തടിയും മുളയും വാരിയും കയറും ഉപയോഗിച്ച് നിര്‍മിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് ഇന്ന് ഇരുമ്പും തടിയും ഫൈബറുമെല്ലാമായി നിര്‍മാണമേഖലയും പുരോഗമിച്ചു. ഇതോടെ വള്ളങ്ങളുടെ രൂപവും ഡിസൈനുമെല്ലാം പുതുമയുള്ളതും കാര്യക്ഷമവുമായി മാറി. ഇന്ന് പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ഹൗസ്‌ബോട്ടുകള്‍ വരെ ഇവിടെയുണ്ട്. പലകുറി മാറ്റങ്ങള്‍ക്ക് വിധേയമായി ഹൗസ്‌ബോട്ടുകള്‍ ചിന്തിക്കാവുന്നതിലും അപ്പുറം സജ്ജീകരണങ്ങളുമായാണ് ഇന്ന് നീറ്റിലിറങ്ങുന്നത്.

ആദ്യകാലത്ത് ഹൗസ് ബോട്ട് പണി തീര്‍ത്ത് നീറ്റിലിറക്കാന്‍ 5 ലക്ഷത്തോളം രൂപയായിരുന്നത് ഇന്ന് 50 ലക്ഷത്തോളമായി മാറി. കാലഘട്ടത്തിനൊപ്പം സജ്ജീകരണങ്ങളും സേവനങ്ങളുമെല്ലാം മാറ്റപ്പെട്ടതും ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സേവനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ് ഹൗസ്‌ബോട്ടുകള്‍ നിലവില്‍ സജ്ജമാക്കുന്നത്. സെപ്റ്റംബര്‍ മാസം പകുതിയോടെയാണ് ആലപ്പുഴയില്‍ സീസണ്‍ ആരംഭിക്കുന്നത്. മഴ കഴിഞ്ഞ് അറ്റകുറ്റപണി തീര്‍ത്ത് ബോട്ടുകള്‍ അപ്പോഴേക്കും സജ്ജമാക്കിയിരിക്കും. ലോകസഞ്ചാര ഭൂപടത്തില്‍ ഹൗസ്‌ബോട്ടുകളുടെ തലസ്ഥാനമായാണ് ആലപ്പുഴ അറിയപ്പെടുന്നത്. ജലപ്പരപ്പിന്റെയും ഗ്രാമീണഭംഗിയുടെയും അനന്തസാധ്യതകളെ ആലപ്പുഴയോളം വിനിയോഗിച്ച മറ്റൊരു സ്ഥലം കേരളത്തിലില്ലെന്ന് പറയാം. കേരളത്തിന്റെ ഏറ്റവും മികച്ച വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസത്തില്‍ മികച്ച സംഭാവന നല്‍കുന്നത് ഹൗസ്‌ബോട്ടുകളാണ്. പ്രതിവര്‍ഷം രണ്ടായിരം കോടിയോളം രൂപയുടെ വരുമാനമാണ് 20,000ല്‍ പരം തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്. ഒരു ബോട്ടിന് കുറഞ്ഞത് മൂന്ന് ജീവനക്കാര്‍ വേണമെന്നാണ് നിയമം. ഡ്രൈവര്‍, ലാസ്‌കര്‍, കുക്ക് എന്നിവരാണ് പ്രധാനമായും വേണ്ടത്. വള്ളങ്ങളുടെ പ്രവര്‍ത്തങ്ങളെ കുറിച്ചും കായലിനെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരായിരിക്കും ഇവര്‍. ഇവര്‍ക്ക് പ്രത്യേകം ലൈസന്‍സുകളും ആവശ്യമാണ്.

കരയിലോടുന്ന വാഹനങ്ങള്‍പോലെ തന്നെ ഹൗസ്‌ബോട്ടുകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും മറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏതാനും പ്രധാന ജെട്ടികളില്‍ നിന്നാണ് ഇവ യാത്ര ആരംഭിക്കുന്നത്. പട്ടണത്തിനകത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഫിനിഷിംഗ് പോയിന്റ് ജെട്ടിയാണ് ഇതില്‍ പ്രധാനി. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ളതും ബസ് സ്റ്റാന്റിന്റെയും റെയില്‍വേ സ്റ്റേഷന്റെയും സാമിപ്യവും മറ്റും ആളുകളെ ഫിനിഷിംഗ് പോയിന്റിലേക്ക് എളുപ്പം എത്തിക്കുന്നു. ഇതിനൊപ്പം തന്നെ ഹൗസ്‌ബോട്ടുകള്‍ ഏറ്റവും അധികമായി കാണുന്നതും ഈ പ്രദേശത്ത് തന്നെയാണ്. ഇതിന് പുറമെ എടിഡിസി ജെട്ടി, പുന്നമട തുടങ്ങി നിരവധി ബോട്ടുജെട്ടികളും പ്രവര്‍ത്തിക്കുന്നുണ്ട്. ടിജി രഘു, ബാബു വര്‍ഗീസ്, ടോമി പുലിക്കാട്ടില്‍ എന്നിവരാണ് ആദ്യകാലങ്ങളില്‍ ഹൗസ്‌ബോട്ടുകള്‍ നീറ്റിലിറക്കിയത്. ഇന്നും രംഗത്തെ അതികായര്‍ ഇവര്‍ തന്നെ. ആദ്യത്തെ എസി ഹൗസ്‌ബോട്ടും, എസി കോണ്‍ഫറന്‍സ് ഹാളുമെല്ലാം ആലപ്പുഴയുടെ ഓളങ്ങളിലിറക്കിയത് ടോമി പുലിക്കാട്ടിലായിരുന്നു. രാവിലെ 9 മണി മുതല്‍ പിറ്റേന്ന് രാവിലെ 11 വരെയാണ് സാധാരണഗതിയില്‍ ഹൗസ്‌ബോട്ടുകള്‍ യാത്രയൊരുക്കുന്നത്. അന്നേ ദിവസത്തെ പ്രാതല്‍, ഉച്ചഭക്ഷണം, ചായ വിഭവങ്ങള്‍, രാത്രി ഭക്ഷണം, പിറ്റേന്നത്തേക്കുള്ള പ്രഭാതഭക്ഷണം എന്നിവയെല്ലാം ഒരുക്കിക്കൊണ്ടാണ് ഈ യാത്രയുടെ ആരംഭം. ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് കൂടുതല്‍ ബോട്ടുകളും ബുക്കിംഗ് നടത്തുന്നത്. വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങളും ചിത്രങ്ങളും മറ്റും ചേര്‍ത്തിരിക്കുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് സുതാര്യമായ തെരഞ്ഞെടുക്കലും സാധ്യമാകും. ഹൗസ്‌ബോട്ടുകള്‍ക്ക് പുറമെ ഷിക്കാര എന്നറിയപ്പെടുന്ന കാശ്മീരി ബോട്ടുകളും സ്പീഡ് ബോട്ടുകളും ചെറു വള്ളങ്ങളുമെല്ലാം ഇവിടെ സേവന സജ്ജരാണ്. ഓരോന്നിനും നിശ്ചിത നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വിലപേശലിനൊടുവില്‍ നിശ്ചിത നിരക്കിന് തയാറാവുകയാണ് പതിവ്.

260 ഹൗസ്‌ബോട്ടുകളെ മാത്രം ഉള്‍ക്കാള്ളാന്‍ സാധിക്കുന്ന വേമ്പനാട്ട് കായലില്‍ ഇന്നുള്ളത് 1500ല്‍ അധികം ബോട്ടുകളാണ്. അതുകൊണ്ടുതന്നെ കായലില്‍ രൂപപ്പെടുന്ന മലിനീകരണത്തിന്റെ അളവും ഊഹിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ കൊടുങ്ങല്ലൂരും മറ്റ് പ്രദേശങ്ങളിലുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്ന വള്ളങ്ങള്‍ ഇവിടെയിറക്കുന്നതും ഇവിടുത്തെ ഹൗസ്‌ബോട്ട് സംഘങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു

വെല്ലുവിളികള്‍ ഏറെ

സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് കനത്ത സംഭാവന നല്‍കുന്ന രംഗമാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരും ഉടമകളും പറയുന്നത്. രംഗത്തെ വര്‍ധിച്ച മല്‍സരവും വെല്ലുവിളിയുടെ കാഠിന്യം ഇരട്ടിയാക്കുന്നുണ്ട്. ഇതിനെല്ലാമുപരിയായി പരിസ്ഥിതി മലിനീകരണമാണ് ഹൗസ്‌ബോട്ടുകള്‍ക്ക് മുന്നില്‍ വിലങ്ങ് തടിയാകുന്ന പ്രധാന ഘടകം. 260 ഹൗസ്‌ബോട്ടുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വേമ്പനാട്ട് കായലില്‍ ഇന്നുള്ളത് 1500ല്‍ അധികം ബോട്ടുകളാണ്. അതുകൊണ്ടുതന്നെ കായലില്‍ രൂപപ്പെടുന്ന മലിനീകരണത്തിന്റെ അളവും ഊഹിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ കൊടുങ്ങല്ലൂരും മറ്റ് പ്രദേശങ്ങളിലുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്ന വള്ളങ്ങള്‍ ഇവിടെയിറക്കുന്നതും ഇവിടുത്തെ ഹൗസ്‌ബോട്ട് സംഘങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. അതത് പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഹൗസ്‌ബോട്ടുകള്‍ അവിടങ്ങളില്‍ മാത്രം സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. ഹൗസ് ബോട്ട് ജീവനക്കാര്‍ക്കിടയില്‍ നിന്നും പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിഥികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍, മികച്ച സേവനം കാഴ്ചവെക്കുന്നവരെ കൂടി ബാധിക്കും. ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കി സേവനത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഒരു വ്യാവസായിക മേഖലയുടെ തന്നെ നാശത്തിലേക്ക് അത് വഴിവെക്കും. ഇതിനൊപ്പം ആലപ്പുഴയിലേതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കായല്‍ ടൂറിസം പ്രദാനം ചെയ്തുകൊണ്ട് ശ്രീലങ്ക ശക്തി പ്രാപിക്കുകയാണ്. ആലപ്പുഴയുടെ ദൃശ്യഭംഗിയും തനത് നാടന്‍ കാഴ്ചകളുമാണ് ഇവിടെ പിടിവള്ളിയാകുന്നത്. എങ്കിലും ചെലവിന് മുന്‍തൂക്കം നല്‍കുന്ന സഞ്ചാരികളെ ശ്രീലങ്ക തട്ടിയെടുക്കും. പുത്തന്‍ സേവനങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്നതിലൂടെ മാത്രമേ സഞ്ചാരികളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സാധിക്കൂ. ഇതിനൊപ്പം തന്നെ മലിനീകരണം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഹൗസ് ബോട്ടിനൊപ്പം ആലപ്പുഴയിലെ കായല്‍ ടൂറിസം തന്നെ ഇല്ലാതാവും.

Comments

comments

Categories: FK News, FK Special, Slider