മഞ്ഞ് പുതഞ്ഞ ഫാം സ്റ്റേ : കാന്തല്ലൂരിലെ തോപ്പന്‍സിന്റെ ആപ്പിള്‍ത്തോട്ടം

മഞ്ഞ് പുതഞ്ഞ ഫാം സ്റ്റേ : കാന്തല്ലൂരിലെ തോപ്പന്‍സിന്റെ ആപ്പിള്‍ത്തോട്ടം

മൂന്നാര്‍ മേഖലയില്‍ ആദ്യമായി വ്യാവസായിക തലത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഫാം, കേരളത്തില്‍ ബ്ലാക്ക്‌ബെറി കൃഷി ചെയ്യുന്ന ഏക സ്ഥലം, മലഞ്ചെരിവിലെ മഞ്ഞില്‍ മൂടുന്ന കോട്ടേജുകള്‍, ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് തോപ്പന്‍സ് ഫാം സ്റ്റേ

കീഴക്കിന്റെ കാശ്മീരായ മൂന്നാറിന്റെ മലമ്പാത പിന്നിട്ട് മറയൂരിലെ ചന്ദനക്കാടുകളിലേക്ക് കടക്കുമ്പോള്‍ മഞ്ഞിന്റെ കാഠിന്യത്തിനൊപ്പം കാഴ്ചയുടെ മാസ്മരികതയും കൂടും. കമ്പിവേലിക്കെട്ടിനപ്പുറം ചന്ദനമരങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കും. മറയൂരിനപ്പുറം കാന്തല്ലൂരാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന അടുത്ത കേന്ദ്രം. മലഞ്ചെരിവുകളെ വരുതിയിലാക്കി വളഞ്ഞൊഴുകുന്ന മലമ്പാതകള്‍ കയറി കാന്തല്ലൂരിലെത്തുന്ന സഞ്ചാരികള്‍ അധികവും അന്വേഷിക്കുന്നത് ഒരേ പേരായിരിക്കും. കാശ്മീരിന്റെ പ്രതീതിയുമായി ആപ്പിള്‍ ചെടികളും ഓറഞ്ച് മരങ്ങളും നിറഞ്ഞ, മഞ്ഞില്‍ പുതഞ്ഞ ഒരു കൃഷിയിടത്തെ. തോപ്പന്‍സ് ഫാം സ്റ്റേ ശ്രദ്ധിക്കപ്പെടുന്നത് മണ്ണില്‍ വിളയിച്ച വിത്തുകളുടെ രാജകീയപ്രൗഢി കൊണ്ട് തന്നെയാണ്.

തോപ്പന്‍സ്-വൈവിധ്യമാര്‍ന്ന കൃഷിത്തോട്ടം

കേരളത്തില്‍ ബ്ലാക്ക്‌ബെറി കൃഷി ചെയ്യുന്ന ഏക കൃഷിയിടമാണ് തോപ്പന്‍സ് ഫാം. ഇതിനുപുറമെ ആപ്പിള്‍, ഓറഞ്ച്, പ്ലം, ലിച്ചി, അവകാഡോ, റാസ്‌ബെറി, പീച്ചി, പാഷന്‍ ഫ്രൂട്ട് തുടങ്ങി നിരവധി പഴവര്‍ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. റെഡ് ഡെലീഷ്യസ്, ഗ്യാനി ഗോള്‍ഡ്, ഗ്യാനിസ്മിത്, പാര്‍ലെ ബട്ടി തുടങ്ങി 45 ഇനത്തില്‍പെട്ട ആപ്പിളുകള്‍ ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന കൃഷിത്തോട്ടം എന്നാണ് തോപ്പന്‍സ് അറിയപ്പെടുന്നത്. കാന്തല്ലൂര്‍ എസ്എച്ച് ഹൈസ്‌കൂളിലെ അധ്യാപകനായ ജോര്‍ജ് ജോസഫ് തോപ്പനാണ് ഈ ഫാമിന്റെ ഉടമ. പാലായില്‍ നിന്ന് കാന്തല്ലൂരിന്റെ മലഞ്ചെരിവുകളിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ് ജോര്‍ജിന്റേത്. കൃഷിയോട് പണ്ടുമുതലേയുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ കരുത്തില്‍ മലഞ്ചെരിവുകളിലെ തട്ടുകളായ പ്രദേശത്ത് അദ്ദേഹം കൃഷിയിറക്കുകയായിരുന്നു. ആദ്യം സാധാരണ കൃഷിയിനങ്ങളിലായിരുന്നു തുടക്കം. പിന്നീട് ആപ്പിളിലേക്കും ഓറഞ്ചിലേക്കും പരീക്ഷണാര്‍ത്ഥം ചുവടുമാറ്റി. ഇത് വിജയിച്ചതോടെ കൂടുതല്‍ വ്യത്യസ്ത ഇനങ്ങള്‍ മണ്ണിലിറക്കി അദ്ദേഹം തന്റെ കൃഷിയിടത്തെ വികസിപ്പിച്ചു.

45 ഇനത്തില്‍പെട്ട ആപ്പിളുകള്‍ തോപ്പന്‍സിലുണ്ട് ഇതിന് പുറമെ പാഷന്‍ ഫ്രൂട്ടിന്റെ മറ്റെങ്ങും കാണാനാവാത്ത വ്യത്യസ്ത ഇനങ്ങളും ഒട്ടേറയാണ്. ഓറഞ്ച്, പ്ലം, ലിച്ചി, അവകാഡോ, റാസ്‌ബെറി, പീച്ചി തുടങ്ങിയ ഫലവര്‍ഗങ്ങളും ഒട്ടുമിക്ക പച്ചക്കറികളും വിളയുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന കൃഷിത്തോട്ടം എന്ന് തോപ്പന്‍സ് അറിയപ്പെടുന്നതിന് ഈ കാര്യങ്ങള്‍ തന്നെ ധാരാളം.

 

ബ്ലാക്ക്‌ബെറി, ആപ്പിള്‍ത്തോട്ടങ്ങളുടെ സങ്കലനം

വിദേശങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും അവിടങ്ങളിലെ വിത്തുകള്‍ അയച്ച് നല്‍കി തോപ്പന്‍സിലേക്ക് നവീന വിളകള്‍ എത്തിക്കാന്‍ കരുത്ത് പകര്‍ന്നു. ഇത്തരത്തില്‍ ഒരു സഹോദരനാണ് ഇംഗ്ലണ്ടില്‍ നിന്ന് ബ്ലാക്ക്‌ബെറി വിത്ത് അയച്ചുനല്‍കിയത്. കാന്തല്ലൂരിന്റെ മണ്ണില്‍ ബ്ലാക്ക്‌ബെറി പടര്‍ന്നുപിടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. എങ്കിലും ബ്ലാക്ക്‌ബെറി തോപ്പന്‍സില്‍ വേരിട്ടു, വളര്‍ന്നു, വില്‍പ്പനയോളമെത്തി. മൂന്നാര്‍ പ്രദേശത്ത് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചതും തോപ്പന്‍സിലാണ്. അഞ്ചേക്കര്‍ വരുന്ന തന്റെ കൃഷിയിടത്തില്‍ ഒരു സ്ഥലം പോലും അദ്ദേഹം വെറുതെയിട്ടിട്ടില്ല. തോപ്പന്‍സിന്റെ ഓരോ തരിയിലും പുത്തന്‍ വിത്തുകള്‍ പാകി വ്യത്യസ്ത ഫലവര്‍ഗങ്ങളുടെ പ്രൗഢിയിലേക്ക് ഫാമിനെ ഉയര്‍ത്തി.

ഇന്ന് മൊത്തക്കച്ചവടക്കാര്‍ ഇവിടെ നിന്നും ബ്ലാക്ക്‌ബെറി വാങ്ങാന്‍ എത്തുന്നുണ്ട്. 1500 രൂപയാണ് ഒരു കിലോഗ്രാമിന് ഈടാക്കുന്നത്. വിത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലാക്ക് ബെറി ഫലം നല്‍കിത്തുടങ്ങും. 12 വര്‍ഷത്തോളം ഒരു ചെടി കായ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വിദേശി ഇനമായതിനാല്‍ വളത്തിന്റെ കാര്യത്തില്‍ ആ പ്രതാപം വേണമെന്നൊന്നുമില്ല. ചാണകമാണ് ഇതിന് വളമായി ജോര്‍ജ് പ്രയോഗിക്കുന്നത്. ബ്ലാക്ക് ബെറിക്ക് മാത്രമല്ല, തോപ്പന്‍സിലെ എല്ലാ വിളകള്‍ക്കും വളം ചാണകം തന്നെ. അഞ്ഞൂറിലധികം ആപ്പിള്‍ചെടികളാണ് ഫാമിലുള്ളത്. വിളവെടുപ്പ് സമയമായ ഓഗസ്റ്റ്- സെപ്തംബര്‍ കാലഘട്ടമാകുമ്പോഴേക്കും ഇവയെല്ലാം ഒരുമിച്ച് കായ്ക്കും. ആ സമയത്താണ് സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നതും.

അഞ്ഞൂറിലധികം ആപ്പിള്‍ചെടികളാണ് ഫാമിലുള്ളത്. വിളവെടുപ്പ് സമയമായ ഓഗസ്റ്റ്- സെപ്തംബര്‍ കാലഘട്ടമാകുമ്പോഴേക്കും ഇവയെല്ലാം ഒരുമിച്ച് കായ്ക്കും. ആ സമയത്താണ് സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നതും

കൃഷിയിടത്തിലെ മിനി റിസോര്‍ട്ട്

കൃഷിയിടത്തിനകത്ത് തന്നെ ഒരു മിനി റിസോര്‍ട്ട് തയാറാക്കിക്കൊണ്ടാണ് തോപ്പന്‍സ് ഫാം സ്റ്റേ എന്ന ഗണത്തിലേക്ക് കടക്കുന്നത്. തട്ടുകളായി താഴേക്കൊഴുകുന്ന മലഞ്ചെരുവിലാണ് ഈ കോട്ടേജുകള്‍ തയാറാക്കിയിരിക്കുന്നതും. ഒരു വശം നിലത്തും മറു വശം കുന്നിന്‍ ചെരിവില്‍ നിന്ന് ഉയരുന്ന തൂണുകള്‍ക്ക് മുകളിലുമായതിനാല്‍ ഇവിടെ നിന്നും മികച്ച കാഴ്ചാനുഭവം ലഭിക്കും. ചുറ്റും നിറഞ്ഞ ആപ്പിള്‍ ചെടികളും ഓറഞ്ച് മരങ്ങളും ഇവയുടെ മനോഹാരിത വര്‍ധിപ്പിക്കും. കാട്ടാനകളും മറ്റ് വന്യജീവികളും ഈ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടും. മഞ്ഞില്‍ പുതഞ്ഞ ആപ്പിള്‍തോട്ടത്തിലെ താമസം തന്നെയാണ് തോപ്പന്‍സിലെ പ്രധാന ഹൈലൈറ്റ്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിക്കൊണ്ടാണ് ഈ കോട്ടേജുകള്‍ തയാറാക്കിയിരിക്കുന്നത്. അധ്യാപകരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും ഒഴിവ് സമയം പ്രായോഗികമാക്കിയാണ് അദ്ദേഹം തോപ്പന്‍സിനെ ഫലവര്‍ഗങ്ങള്‍ കൊണ്ട് നിറയ്ക്കുന്നത്. കാന്തല്ലൂരിന്റെ പ്രകൃതിഭംഗിയെ ഫാമിന്റെ വശ്യതയിലേക്ക് സമന്വയിപ്പിച്ച് തോപ്പന്‍സ് സന്ദര്‍ശകരുടെ മനസു നിറയ്ക്കുകയാണ്.

 

Comments

comments

Related Articles