തിരിച്ചുവരവിന്റെ ഇരമ്പവുമായി ടാറ്റ

തിരിച്ചുവരവിന്റെ ഇരമ്പവുമായി ടാറ്റ

 

ദീര്‍ഘവൃത്താകൃതിക്കകത്ത് വെട്ടിയൊതുക്കിയ ‘ടി’ എന്ന എംബ്ലം ഇന്ത്യന്‍ നിരത്തുകളില്‍ ഉരുണ്ട് തുടങ്ങിയിട്ട് പതിറ്റാണ്ടുകളേറെയായി. ഇതര വാഹനക്കമ്പനികള്‍ തങ്ങളുടെ പേര് വിപണിയില്‍ ഉറപ്പിക്കാന്‍ പാടുപെട്ട സമയത്തേ ആളുകള്‍ ആ എംബ്ലം മനസില്‍ കൊത്തിയിരുന്നു. മലയും പുഴയും താണ്ടിയുള്ള ഒരു കാലഘട്ടത്തിന്റെ സഞ്ചാരങ്ങളില്‍ ഉരുക്കുബോഡിയുടെ കരുത്തുമായി നിലകൊണ്ട അവനെ ഒരു കാലഘട്ടം ഉറക്കെ വിളിച്ചു, ടാറ്റ.

രാജ്യത്തെ ഏറ്റവും വലിയ ട്രക്ക് നിര്‍മാതാക്കളില്‍ നിന്ന് ടാറ്റാ വിവിധ മേഖലകളിലേക്ക് കടന്നുചെന്നു. അതിര്‍ത്തിയിലെ മലയിടുക്കുകളില്‍ പട്ടാളത്തിനൊപ്പവും ഹൈറേഞ്ചിന്റെ കുന്നുകളില്‍ പണിയാളര്‍ക്കൊപ്പവും ടാറ്റ ട്രക്കുകള്‍ ‘കട്ടയ്ക്ക്’ നിന്നു. ഭാരത് ബെന്‍സ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ ടിപ്പറുകളുമായി വിപണിയിലെത്തിയെങ്കിലും ടിപ്പര്‍ എന്ന വാക്കിനൊപ്പം മലയാളികളുടെ മനസിലെത്തുന്നത് നീളന്‍ മൂക്കുമായി വരുന്ന ടാറ്റയുടെ ടിപ്പര്‍ തന്നെയായിരിക്കും. തടിലേറിയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന ടാറ്റ 1613 കേരളത്തിന്റെ തന്നെ പ്രതീകമായി മലയാളികള്‍ ഏറ്റെടുത്തിട്ടുള്ളതാണ്.

ട്രക്കുകളില്‍ നിന്ന് കാറുകളിലേക്കെത്തിയപ്പോഴും നവീന ആശയങ്ങള്‍ മുറുകെപ്പിടിച്ച ടാറ്റ, സിയേറ എന്ന മള്‍ട്ടി യൂറ്റിലിറ്റി വാഹനവുമായാണ് അരങ്ങേറ്റം കുറിച്ചത്. ഒരു കാലഘട്ടത്തിന്റെ നായകസങ്കല്‍പങ്ങള്‍ക്ക് പരുക്കന്‍ രൂപം പകര്‍ന്ന് നിറഞ്ഞാടിയ സിയേറയ്ക്ക് ശേഷം എസ്റ്റേറ്റും പുറത്തിറങ്ങി. തുടര്‍ന്ന് ടാറ്റയുടെ പ്രതീകായി മാറിയ ടാറ്റ സുമോ, സഫാരി തൂടങ്ങിയവയും വിപണിയിലിറങ്ങി. ഇന്‍ഡിക്ക കാറുകളുടെ ശൃംഖല അവതരിപ്പിച്ചതോടെ ചെറുകാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ടാറ്റയ്ക്ക് സാധിക്കുകയായിരുന്നു. ലോകോത്തര സാങ്കേതിക വിദ്യകളുമായി വന്ന എതിരാളികളെ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ടാറ്റ എതിരിട്ടു.

ഇന്‍ഡിക്ക, ഇന്‍ഡിഗോ, വിസ്ത, വി2, മാഗ്ന തുടങ്ങി നിരവധി കാറുകള്‍ വിപണിയിലിറക്കിയെങ്കിലും എഞ്ചിന്‍ സംബന്ധമായി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ലക്ഷങ്ങള്‍ നല്കി വാങ്ങുന്ന ആഡംബര വാഹനങ്ങളിലേതിനേക്കാള്‍ ഉറപ്പുള്ള ബോഡിയും സുരക്ഷയും ടാറ്റ നല്കിയിട്ടും എഞ്ചിന്‍ പ്രകടനത്തിന്റെ കാര്യത്തില്‍ പഴി തുടര്‍ന്നു. എന്നാല്‍ ഇന്ന് ടാറ്റ അടിമുടി പരിഷ്‌കാരത്തിന്റെ പാതയിലാണ്. സാധാരണക്കാരന് ഒരു ലക്ഷം രൂപയുടെ വാഹനം നല്കിക്കൊണ്ട് വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ച ടാറ്റ പരിമുതികള്‍ക്കപ്പുറത്തേക്ക് പ്രയാണം ആരംഭിച്ചുകഴിഞ്ഞു.

ഹെക്‌സയും, നെക്‌സണും ബോള്‍ട്ടുമെല്ലാം ആധുനികകാലത്തിനൊപ്പം മുഖം മിനുക്കിയ ടാറ്റയുടെ പുത്തന്‍ ഭാവങ്ങള്‍ ആയി മാറി. ഏതാനും നാളുകള്‍ക്ക് മുമ്പ് മുകളില്‍ മരം ഒടിഞ്ഞ് വീണിട്ടും തകരാത്ത ബോഡിയുമായി നില്‍ക്കുന്ന ടാറ്റ ഹെക്‌സയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഹനത്തിന്റെ കരുത്ത് ഈ ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതിനൊപ്പം തന്നെ ജാഗ്വാര്‍, റെയ്ഞ്ച് റോവര്‍ തുടങ്ങി വന്‍കിട കമ്പനികളെ സ്വന്തമാക്കിക്കൊണ്ട് ടാറ്റ വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയായിരുന്നു. ഒരിക്കല്‍ അപമാനിച്ച് വിട്ട കമ്പനിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഇതെന്ന് മറ്റൊരു തരത്തില്‍ പറയാം.

ഇപ്പോള്‍ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ നെക്‌സണിനെ അവതരിപ്പിച്ചുകൊണ്ടാണ് ടാറ്റ മികവ് തെളിയിക്കുന്നത്. റിസ്റ്റ് ബാന്‍ഡ് കീ, ഡ്രൈവിംഗ് മോഡ്, സ്ലൈഡിംഗ് ടാംബൂര്‍, തുടങ്ങി ശ്രേണിയിലെ തന്നെ ആദ്യമായുള്ള നിരവധി സജ്ജീകരണങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ ഇരട്ട എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ് ആധുനിക ഡ്യൂവല്‍ പാത്ത് സസ്‌പെന്‍ഷന്‍, കോര്‍ണര്‍ സ്‌റ്റെബിലിറ്റി, റിയര്‍വ്യൂ പാര്‍ക്കിംഗ് സെന്‍സര്‍ ക്യാമറ, ഐസോഫിക്‌സ് റിയര്‍ ഔട്ട്‌ഡോര്‍ തുടങ്ങി വന്‍ സജ്ജീകരണങ്ങള്‍ തന്നെ ഒരുക്കിയിരിക്കുന്നു. കാഴ്ചയിലും തികച്ചും പുതുമയോടെയാണ് ടാറ്റ പുതിയ അവതാരത്തെ തയ്യാറാക്കിയിരിക്കുന്നത്. 1.2 ലിറ്റര്‍ റേവ്‌ട്രോണ്‍ പെട്രോള്‍ എഞ്ചിനിലും 1.5 ലിറ്റര്‍ റേവ്‌ട്രോര്‍ക്ക് ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 5.84 ലക്ഷം മുതല്‍ 5.89 ലക്ഷം വരെയും ഡീസല്‍ പതിപ്പിന് 6.85 ലക്ഷം മുതല്‍ 9.44 ലക്ഷം വരെയുമാണ് വില. ചുരുങ്ങിയ വിലയ്ക്കുള്ളില്‍ ഉപഭോക്താവിന് മികച്ച സേവനം നല്കി ചരിത്രമാവര്‍ത്തിക്കുന്ന ടാറ്റ ആധുനികതയിലേക്കുള്ള സഞ്ചാരത്തിനാണ് നെക്‌സണിലൂടെ വേഗം കൂട്ടിയിരിക്കുന്നത്.

Comments

comments

Categories: Auto, FK News