കലാപങ്ങളില്ലാത്ത മനസാവട്ടെ നമ്മുടെ ലക്ഷ്യം

കലാപങ്ങളില്ലാത്ത മനസാവട്ടെ നമ്മുടെ ലക്ഷ്യം

 

സിദ്ധാര്‍ത്ഥന്‍ മുറിയുടെ വാതിലിനരുകില്‍ നിന്ന് അകത്തേക്കുനോക്കി. യശോധരയും കുഞ്ഞും ഗാഢനിദ്രയിലാണ്. അവളെ വിളിച്ചുണര്‍ത്തി യാത്ര പറയണം എന്ന് സിദ്ധാര്‍ത്ഥന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍ അവളുടെ നിറഞ്ഞ കണ്ണുകള്‍ തന്റെ യാത്രയെ തടുക്കും എന്ന് സിദ്ധാര്‍ത്ഥന്‍ ഭയപ്പെട്ടു. പത്‌നിയേയും കുട്ടിയേയും ഒരിക്കല്‍ കൂടി നോക്കി സിദ്ധാര്‍ത്ഥന്‍ മെല്ലെ തിരിഞ്ഞുനടന്നു.

സിദ്ധാര്‍ത്ഥന്‍ ആ രാത്രി കൊട്ടാരം വിട്ടിറങ്ങി. ആദ്യത്തെ ആറു വര്‍ഷങ്ങള്‍ കഠിനങ്ങളായിരുന്നു. തന്റെ ശരീരത്തെ അദ്ദേഹം പട്ടിണിക്കിട്ടു. കഠിനമായി പീഡിപ്പിച്ചു. സത്യാന്വേഷണം കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ കടന്നുപോയി. അതായിരുന്നു സമ്പ്രദായം. ശരീരം എല്ലും തോലുമായി. ശരീരത്തെ പീഡിപ്പിച്ചത് കൊണ്ട് ആത്മാവിനെ കണ്ടെത്താനാവില്ല എന്ന് സിദ്ധാര്‍ത്ഥന്‍ പതിയെ തിരിച്ചറിഞ്ഞു.

സ്വയംപീഡനം അവസാനിപ്പിച്ചപ്പോള്‍, കഠിനവ്രതങ്ങള്‍ക്കായുള്ള മാനസിക സംഘര്‍ഷങ്ങള്‍ അവസാനിച്ചപ്പോള്‍, മനസ് തിരമാലകളൊഴിഞ്ഞ കടല്‍ പോലെ ശാന്തമായപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ബോധോദയം പ്രാപിച്ചു. ആഭ്യന്തരകലഹം മനസില്‍ നിന്നും അപ്രത്യക്ഷമായി. അത് ശാന്തവും നിശബ്ദവുമായി. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി മാറി.

നമ്മുടെ മനസ് ആഭ്യന്തര കലാപങ്ങളാല്‍ കലുഷിതമാണ്. അതില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ശബ്ദം നമ്മെ ബധിരരാക്കിയിരിക്കുന്നു. മനസ് പ്രക്ഷുബ്ധമാണ്. കലങ്ങിമറിഞ്ഞ ജലം പോലെ അത് മലിനമാണ്. അത് നമുക്ക് നല്‍കുന്നത് വ്യക്തതയില്ലാത്ത കാഴ്ചകളാണ്. നാം വ്രതം നോല്‍ക്കുന്നു. കഠിനമായ അനുഷ്ഠാനങ്ങളാല്‍ ശരീരത്തെ പീഡിപ്പിക്കുന്നു. എന്നാല്‍ മനസ് ശാന്തവും നിശബ്ദവും ആകുന്നതേയില്ല.

ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ എഴുതി- എന്റെ ജീവിതം പാഴായിപ്പോയോ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. അതിവിദൂരതയിലെ നക്ഷത്രങ്ങളിലേക്ക് ഞാന്‍ അന്വേഷണം നടത്തി. എന്നാല്‍ എന്നിലേക്ക് അന്വേഷണം നടത്താന്‍ ഞാന്‍ മറന്നുപോയി, ഞാന്‍ തന്നെയായിരുന്നു ഏറ്റവും അരികിലത്തെ നക്ഷത്രം.

മനസ് നമ്മുടെ നിയന്ത്രണത്തിലേയല്ല. അത് പിടിവിട്ട് എവിടെയൊക്കെയോ അലഞ്ഞ് നടക്കുകയാണ്. ജീവിതത്തിലെ ഓരോ നിമിഷവും യാന്ത്രികമായി കടന്നുപോകുന്നു. നാം എന്തൊക്കെയോ തേടിക്കൊണ്ടിരിക്കുന്നു. നേട്ടങ്ങള്‍ക്കായി പായുന്നു. എന്നാല്‍ ആന്തരികം നിരാശയാല്‍, നിഷേധ വികാരങ്ങളാല്‍, അസംതൃപ്തിയാല്‍, കുറ്റപ്പെടുത്തലുകളാല്‍ സംഘര്‍ഷഭരിതമാണ്.

അല്‍പ്പ സമയം നമുക്കായി മാറ്റിവെക്കുക. പുറംലോകത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഉള്ളിലേക്ക് നോക്കുക. സ്വയം തിരിച്ചറിയപ്പെടുന്ന നിമിഷം ജീവിതം പ്രകാശമാനമാവും. ജീവിതത്തെ ശാന്തവും തെളിവുള്ളതും നിശബ്ദവുമായ മനസുകൊണ്ട് കാണുവാനും ആസ്വദിക്കുവാനും നമുക്ക് കഴിയണം. അസ്വസ്തതകള്‍ നിറഞ്ഞ ഈ ഭൗതിക ലോകത്ത് അത്തരമൊരു മനസിനേക്കാള്‍ വലിയൊരു സമ്പത്ത് എന്താണുള്ളത്? മനസ് നിശബ്ദമാകുമ്പോള്‍ ഉത്തരങ്ങള്‍ നമ്മെ തേടിയെത്താന്‍ തുടങ്ങും. നാം എന്താഗ്രഹിക്കുന്നുവോ അത് നമ്മെ പിന്തുടരാന്‍ തുടങ്ങും.

മനസിലെ സംഘര്‍ഷങ്ങളെ ശ്രദ്ധിക്കുക. അവയെ വേരോടെ പിഴുതെറിയാം. അവബോധത്തോടെ കുറച്ച് സമയം നമുക്ക് ഒറ്റക്കിരിക്കാം. കലാപങ്ങളില്ലാത്ത മനസാവട്ടെ ഇന്നു മുതല്‍ നമ്മുടെ ലക്ഷ്യം.

 

Comments

comments

Categories: FK Special, Motivation