200 കിമീ റേഞ്ചും ഇന്‍ഫിനിറ്റ് ബാറ്ററിയുമായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍

200 കിമീ റേഞ്ചും ഇന്‍ഫിനിറ്റ് ബാറ്ററിയുമായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍

ഡെല്‍ഹി സ്റ്റാര്‍ട്ടപ്പായ ഹരിമന്‍ മോട്ടോഴ്‌സാണ് ‘ആര്‍ടി90’ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത്

ന്യൂഡെല്‍ഹി : ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരിമന്‍ മോട്ടോഴ്‌സ് എല്‍എല്‍പി എന്ന സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നു. 2 സീറ്റര്‍ ഇലക്ട്രിക് കാറിന്റെ ബാറ്ററി ഒരിക്കലും റീപ്ലേസ് ചെയ്യേണ്ടിവരില്ല എന്നതാണ് സവിശേഷത. ആര്‍ടി90 എന്ന ഇലക്ട്രിക് കാറില്‍ 4ജി കണക്റ്റഡ് ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സംവിധാനം ഉണ്ടായിരിക്കും. നിലവില്‍ ആര്‍ടി90 റോഡുകളില്‍ പരീക്ഷണ ഓട്ടം നടത്തുകയാണ്. ഈ വര്‍ഷം പകുതിയോടെ കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു തവണ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഫാസ്റ്റ് ഡിസി ചാര്‍ജറുണ്ടെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പത്ത് മിനിറ്റ് മതി. എസി ചാര്‍ജറാണെങ്കില്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയം എടുത്തേക്കും. ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖലയിലെ സൊസൈറ്റി കോംപ്ലക്‌സുകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹകരിക്കണമെന്ന് ഹരിമന്‍ മോട്ടോഴ്‌സ് എല്ലാ സൊസൈറ്റികളോടും അഭ്യര്‍ത്ഥിക്കും.

ആര്‍ടി90 യില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് അമ്പത് പൈസ മാത്രമാണ് ചെലവ്. കാറിന്റെ ആകെ ഉടമസ്ഥാവകാശ വില (ടോട്ടല്‍ കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പ്) കണക്കിലെടുക്കുമ്പോള്‍ കിലോമീറ്ററിന് 6-8 രൂപയാണ് ചെലവ് വരുന്നത്. സീറോ ഡൗണ്‍ പെയ്‌മെന്റില്‍ കാര്‍ വാങ്ങാനുള്ള സൗകര്യം ഹരിമന്‍ മോട്ടോഴ്‌സ് ഒരുക്കും. ക്രെഡിറ്റ് കാര്‍ഡുമായി ഡീലര്‍ഷിപ്പില്‍ പോയി 600 രൂപയ്ക്ക് സൈ്വപ്പ് ചെയ്ത് ഐഒടി എനേബ്ള്‍ഡ് ഇലക്ട്രിക് കാര്‍ ഡ്രൈവ് ചെയ്ത് തിരിച്ചുപോകാം. ഇതിനുശേഷം പേ പെര്‍ ഡേ (പ്രതിദിനം പണമടയ്ക്കുക) സൗകര്യമാണ് കമ്പനി ഒരുക്കുന്നത്.

ആര്‍ടി90 എന്ന ഇലക്ട്രിക് കാറില്‍ 4ജി കണക്റ്റഡ് ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സംവിധാനം ഉണ്ടായിരിക്കും

കേന്ദ്രീകൃത നിയന്ത്രണ സംവിധാനം വഴി 4ജി കണക്റ്റഡ് ഇലക്ട്രിക് കാര്‍ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. മെട്രോകളില്‍ ആര്‍ടി90 വാടകയ്‌ക്കെടുക്കാനും ഷോപ്പിംഗ് നടത്തി തിരിച്ചുവരുമ്പോള്‍ നിശ്ചിത സ്ഥലത്ത് കാര്‍ തിരിച്ചുനല്‍കി പണമടയ്ക്കാനും സാധിക്കും.

രണ്ട് വര്‍ത്തിനുള്ളില്‍ മൂന്ന് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് ഹരിമന്‍ മോട്ടോഴ്‌സിന്റെ പദ്ധതി. 2-സീറ്റര്‍ ഇലക്ട്രിക് കാര്‍, 6-സീറ്റര്‍ ഇലക്ട്രിക് സിറ്റി ട്രാന്‍സ്‌പോര്‍ട്ടര്‍ ബസ്, 4-സീറ്റര്‍ ഇലക്ട്രിക് കാര്‍ എന്നിവയാണ് പുറത്തിറക്കുന്നത്. 5+1 സീറ്റര്‍ ആര്‍ടി ട്രാന്‍സ്‌പോര്‍ട്ടര്‍ ബസ്സില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് അമ്പത് പൈസയാണ് ചെലവ് വരിക. എയര്‍ കണ്ടീഷന്‍ ബസ്സായിരിക്കും. സുരക്ഷയും കംഫര്‍ട്ടും തരുന്നതായിരിക്കും ബസ്സ് എന്ന് ഹരിമന്‍ മോട്ടോഴ്‌സ് സ്ഥാപകന്‍ ക്യാപ്റ്റന്‍ യുവരാജ് കപൂര്‍ പറഞ്ഞു.

Comments

comments

Categories: Auto