ഔഡി പുതിയ ഡിസൈന്‍ ഭാഷ അനുവര്‍ത്തിക്കും

ഔഡി പുതിയ ഡിസൈന്‍ ഭാഷ അനുവര്‍ത്തിക്കും

പുതു തലമുറ ഔഡി എ8, വരാനിരിക്കുന്ന ഔഡി ക്യു2 എന്നിവയിലായിരിക്കും ആദ്യമായി പുതിയ ഡിസൈന്‍ ഭാഷ പ്രയോഗിക്കുന്നത്

ഇങ്കോള്‍സ്റ്റാറ്റ് (ജര്‍മ്മനി) : രൂപകല്‍പ്പന സംബന്ധിച്ച പുനരാവൃത്തിയും അതുമൂലമുള്ള ആവര്‍ത്തനദോഷവും ഔഡി കാറുകളുടെ ഒരു പോരായ്മയാണ്. കാലങ്ങളായി, ഒരു ഔഡി കാറിന്റെ അതേ ലുക്കാണ് മറ്റൊരു ഔഡി കാറിനുമുള്ളത്. ഈയൊരു കാര്യത്തില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ വേണ്ടതിലധികം രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കഴിഞ്ഞു. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, ഇപ്പോഴത്തെ ഇമേജ് മാറ്റാന്‍ ഔഡി തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ ഡിസൈന്‍ ഭാഷ മാറ്റാന്‍ തീരുമാനിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ പറഞ്ഞു. ഭാവിയിലെ ഔഡി മോഡലുകള്‍ക്ക് ‘പുതിയ സമീപനം’ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതു തലമുറ ഔഡി എ8 സെഡാന്‍, വരാനിരിക്കുന്ന ഔഡി ക്യു2 എന്നിവയിലായിരിക്കും ആദ്യമായി പുതിയ ഡിസൈന്‍ ഭാഷ പ്രയോഗിക്കുന്നത്.

ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരേ ഡിസൈന്‍ നല്‍കിയത് പുതിയതും വളര്‍ന്നുവരുന്നതുമായ വിപണികളില്‍ ഔഡി കാറുകളെ കൂടുതലായി വേര്‍തിരിച്ചു മനസ്സിലാക്കുന്നതിന് സഹായിച്ചതായി സ്റ്റാഡ്‌ലര്‍ പറഞ്ഞു. ചൈന പോലുള്ള പ്രധാന വിപണികളില്‍ ഇപ്പോള്‍ ഔഡി കാറുകളെ നന്നായി അറിയാം. ഇനി ഓരോ ഔഡി കാറിനും തനതായ ലുക്ക് നല്‍കാവുന്നതാണെന്ന് റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ പറഞ്ഞു.

എല്ലാ മോഡലുകള്‍ക്കും അവരുടേതായ ലുക്ക് നല്‍കുന്നതിന് സമയമായെന്ന് ഔഡിയുടെ ഡിസൈന്‍ ചീഫ് മാര്‍ക്ക് ലിച്ചെ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു

ചൈനയിലും മറ്റ് വളര്‍ന്നുവരുന്ന വിപണികളിലും ഔഡി ബഹുദൂരം മുന്നോട്ടുപോയെന്നും ഈ വിപണികളില്‍ ജനങ്ങള്‍ ഔഡി കാറിനെ ‘കാണുന്ന രീതി’ മാറ്റുന്നതിന് ഉചിതമായ സമയം ഇതാണെന്നും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നു. ആറ് വര്‍ഷത്തിലധികമായി ഈ വിപണികളില്‍ ജര്‍മ്മന്‍ കാറുകളുടെ സാന്നിധ്യമുണ്ടെന്നും എല്ലാ മോഡലുകള്‍ക്കും അവരുടേതായ ലുക്ക് നല്‍കുന്നതിന് സമയമായെന്നും ഔഡിയുടെ ഡിസൈന്‍ ചീഫ് മാര്‍ക്ക് ലിച്ചെ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

ഡിസൈനര്‍മാര്‍ക്ക് തങ്ങളുടെ ഭാവന സാക്ഷാല്‍ക്കരിക്കുന്നതിന് ഇനി കൂടുതല്‍ ‘മെറ്റീരിയല്‍’ ഉണ്ടാകുമെന്ന് ലിച്ചെ കൂട്ടിച്ചേര്‍ത്തു. നീളം കുറഞ്ഞ ഓവര്‍ഹാംഗുകള്‍ ഉള്ളതും താഴ്ന്ന ബോണറ്റുകളുള്ളതുമായ വാഹനങ്ങള്‍ ഇനി നിര്‍മ്മിക്കാന്‍ കഴിയും. ഡിസൈന്‍ കുറേക്കൂടി ആകര്‍ഷകമാകുമെന്നും മാര്‍ക്ക് ലിച്ചെ പറഞ്ഞു.

Comments

comments

Categories: Auto