2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഘന വ്യവസായ സഹ മന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി

ന്യൂഡെല്‍ഹി : 2030 ഓടെ ഇലക്ട്രിക് കാര്‍ രാജ്യമാകുകയെന്ന പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഘന വ്യവസായ സഹ മന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2030 ഓടെ രാജ്യത്തെ എല്ലാ വാഹനങ്ങളും വൈദ്യുതിയില്‍ ഓടിക്കുന്ന പദ്ധതി നിലവില്‍ ഘന വ്യവസായ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്നാണ് മറുപടി. കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞതിന് കടകവിരുദ്ധമാണിത്.

2030 ഓടെ രാജ്യത്തെ എല്ലാ കാറുകളും വൈദ്യുതിയില്‍ ഓടുന്നതായിരിക്കുമെന്ന് 2017 ഓഗസ്റ്റിലാണ് പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. കാര്‍ നിര്‍മ്മാതാക്കളെ അല്‍ഭുതപ്പെടുത്തുന്നതായിരുന്നു പ്രഖ്യാപനം. 2030 ഓടെ ലക്ഷ്യം നിറവേറുമോയെന്ന കാര്യത്തില്‍ വാഹന വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരും സംശയം പ്രകടിപ്പിച്ചിരുന്നു.

2030 ഓടെ രാജ്യത്തെ എല്ലാ കാറുകളും വൈദ്യുതിയില്‍ ഓടുന്നതായിരിക്കുമെന്ന് 2017 ഓഗസ്റ്റിലാണ് പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്

പീയൂഷ് ഗോയലിന്റെ പ്രസ്താവനയെതുടര്‍ന്ന് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് ഒരു ഡസനിലധികം കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് കാറുകള്‍ സംബന്ധിച്ച ദര്‍ശനരേഖ തയ്യാറാക്കുന്നതിനും ഇവി സംബന്ധിച്ച് നയരേഖ തയ്യാറാക്കുന്നതിനും നിതി ആയോഗിനെ ഈയിടെ ചുമതലപ്പെടുത്തിയിരുന്നു. വാഹനങ്ങളുടെ പൂര്‍ണ്ണ വൈദ്യുതീകരണത്തിന് പതിനഞ്ച് വര്‍ഷത്തെ റോഡ്മാപ്പാണ് നിതി ആയോഗ് തയ്യാറാക്കിയത്.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ നിതി ആയോഗാണ് പ്രധാന ചുമതല വഹിക്കുന്നത്. 2030 എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് കാര്‍ നിര്‍മ്മാതാക്കള്‍ ഗിയര്‍ മാറ്റിയിരുന്നു. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനെക്കുറിച്ചും വിപണി തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും കൂടിയാലോചനകള്‍ സജീവമായിരുന്നു.

Comments

comments

Categories: Auto