മീരാസ് കിച്ചന്‍; സംരംഭകത്വം അടുക്കളയില്‍ നിന്നും

മീരാസ് കിച്ചന്‍; സംരംഭകത്വം അടുക്കളയില്‍ നിന്നും

പാചക പരീക്ഷണങ്ങള്‍ സംരംഭകത്വത്തില്‍ വന്നവസാനിച്ച കഥയാണ് മീര മനോജിന് പറയാനുള്ളത്. ഡിസൈനര്‍ കേക്ക് നിര്‍മാണത്തിലൂടെ പ്രതിമാസം 50,000 രൂപയ്ക്ക് മുകളില്‍ മീര നേടുന്നു

ആര് പറഞ്ഞു വീട്ടമ്മമാര്‍ക്ക് ബിസിനസ് ചേരില്ലെന്ന് ? ചോദ്യം മീരാസ് കിച്ചന്‍ എന്ന ഓണ്‍ലൈന്‍ കേക്ക് ഷോപ്പിലൂടെ സംരംഭകരംഗത്തേക്ക് കടന്നു വന്ന മീര മനോജിന്റേതാണ്. വിവാഹം കഴിഞ്, കുട്ടികളും കുടുംബവുമായി ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ച വനിതകള്‍ക്ക് സ്വയം വരുമാനം കണ്ടെത്താന്‍ പ്രചോദനമാകും മീര മനോജിന്റെ കഥ. കൊച്ചി നഗരത്തിലെ നമ്പര്‍ വണ്‍ ഡിസൈനര്‍ കേക്ക് മേക്കറാണ് മീര മനോജ്.

കൊച്ചിയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ അടുക്കളയില്‍ ഇരുന്നുകൊണ്ട്, മികച്ച വരുമാനം കണ്ടെത്താനും മറ്റുള്ള വനിതകള്‍ക്ക് പ്രചോദനമാകാനും മീരയെ സഹായിച്ചത് ഹോബിയെ ബിസിനസ് ആക്കി മാറ്റുക എന്ന തന്ത്രമാണ്. കോട്ടയം സ്വദേശിയായ മീര മനോജ് വിവാഹശേഷം 17 വര്‍ഷത്തോളം പൂര്‍ണമായും ഒരു വീട്ടമ്മ എന്ന റോളില്‍ ആയിരുന്നു. ആവശ്യത്തിന് പാചകം, കുട്ടികളുടെ കാര്യങ്ങള്‍ നോക്കല്‍, ഗൃഹഭരണം അങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകവേ, ഒരു ഹോബി എന്ന നിലയ്ക്കാണ് കേക്ക് ഉണ്ടാക്കാന്‍ തുടങ്ങുന്നത്. ഭര്‍ത്താവിന്റെ അമ്മയുണ്ടാക്കുന്ന രുചികരമായ കേക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മീരയുടെ ബേക്കിംഗ് പരീക്ഷണം. അടുത്തുള്ള ഒരു ബേക്കിംഗ് സ്‌കൂളില്‍ പോയി ശാസ്ത്രീയമായി തന്നെ ബേക്കിംഗ് പഠിച്ചു. രുചിയുടെയും ഗുണത്തിന്റെയും കാര്യത്തില്‍ ഈ പരീക്ഷണം വിജയം കണ്ടതോടെ മീരക്ക് ആത്മവിശ്വാസമായി.

വീട്ടമ്മയായി ഒരു സ്ത്രീയും ഒതുങ്ങിക്കൂടരുത്, വീട്ടമ്മയായിത്തന്നെ വരുമാനം കണ്ടെത്തി ജീവിതം ആസ്വദിക്കണം

കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ബേക്കിംഗ് പഠിച്ചതും കേക്ക് ഉണ്ടാക്കിയതും. പിന്നീട് വീട്ടിലെ ആഘോഷങ്ങള്‍ക്കായി കേക്കുകള്‍ ഉണ്ടാക്കി. അതുകഴിച്ച് ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍ പിന്നീട് ഡിസൈന്‍സ് അയച്ച് തന്നിട്ടു ചെയ്യാമോ എന്നു ചോദിച്ചു. അങ്ങനെയാണ് ഡിസൈനര്‍ കേക്കുകള്‍ എന്ന ആശയം മനസില്‍ ഉദിക്കുന്നത്. ഹോം ബേക്കിംഗിലൂടെ തന്റെ കേക്കുകള്‍ എന്തുകൊണ്ട് വിപണിയില്‍ എത്തിച്ചുകൂടാ എന്ന ചോദ്യമായി പിന്നീട്. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് മനോജും കുട്ടികളും കൂടെ നിന്നപ്പോള്‍ മീരയിലെ സംരംഭക ഉണര്‍ന്നു.

മീരാസ് കിച്ചന്‍, ലാഭം കൊയ്യുന്ന അടുക്കള

കേക്ക് ബേക്കിംഗിലേക്ക് വൈകിയാണ് കടന്നു വന്നത്. എങ്കിലും അതിനുമുന്‍പ് തന്നെ മറ്റു ഭക്ഷ്യ വിഭവങ്ങളില്‍ മീര തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞിരുന്നു. മീരാസ് കിച്ചന്‍ എന്ന പേരില്‍ ബ്ലോഗ് ഉണ്ടാക്കി അതില്‍ താന്‍ ഉണ്ടാക്കിയ വിഭവങ്ങളുടെ റെസിപ്പി മീര പങ്കുവെച്ചിരുന്നു. കേക്ക് ബേക്കിംഗ് ആരംഭിച്ചപ്പോള്‍ മീരാസ് കിച്ചന്‍ എന്ന പേരില്‍ തന്നെ ബ്രാന്‍ഡ് ചെയ്തതും അത് കൊണ്ടാണ്.

ഒരു ഷോപ്പോ, സപ്ലൈ ചെയ്‌നോ ഇല്ലാതെ ഹോം ബേക്കിംഗ് എന്ന നിലയ്ക്കാണ് ഞാന്‍ മീരാസ് കിച്ചനിലൂടെ ഡിസൈനര്‍ കേക്ക് നിര്‍മാണം ആരംഭിക്കുന്നത്. ഫേസ്ബുക്ക് വഴിയുള്ള പ്രൊമോഷന്‍ ബിസിനസ് വര്‍ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. ബേക്കിംഗ് തുടങ്ങി ആദ്യ മാസങ്ങളില്‍ ഒന്നോ രണ്ടോ ഓര്‍ഡറുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഒരു ദിവസം ആറു കേക്കുകള്‍ വില്‍ക്കുന്നുണ്ട്. പ്ലെയിന്‍ കേക്കുകള്‍ ഉണ്ടാക്കുന്നതിനെ അപേക്ഷിച്ച് ഡിസൈനര്‍ കേക്ക് നിര്‍മാണം ഏറെ ശ്രമകരമാണ്. കുറഞ്ഞത് മൂന്നു മണിക്കൂര്‍ എങ്കിലും ഒരു കേക്ക് ഉണ്ടാക്കുന്നതിനായി എടുക്കും. ചില കേക്കുകള്‍ക്കായി 14 മണിക്കൂര്‍ വരെ ഞാന്‍ ചെലവിട്ടിട്ടുണ്ട്-മീര മനോജ് പറയുന്നു.

ഭര്‍ത്താവിന്റെ അമ്മയുണ്ടാക്കുന്ന രുചികരമായ കേക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മീരയുടെ ബേക്കിംഗ് പരീക്ഷണം. പിന്നീട് അടുത്തുള്ള ബേക്കിംഗ് സ്‌കൂളില്‍ പോയി ശാസ്ത്രീയമായി ബേക്കിംഗ് പഠിച്ചു. രുചിയുടെയും ഗുണത്തിന്റെയും കാര്യത്തില്‍ ഈ പരീക്ഷണം വിജയം കണ്ടതോടെ മീരക്ക് ആത്മവിശ്വാസമായി

പോക്കറ്റ് മണിക്ക് വേണ്ടി തുടങ്ങി

പോക്കറ്റ് മണിയായി മോശമല്ലാത്ത ഒരു തുക ലഭിക്കുന്നതിനായാണ് കേക്ക് ബേക്കിംഗ് തുടങ്ങിയത് എങ്കിലും പതിയെ അത് പ്രധാന വരുമാന മാര്‍ഗം ആകുകയായിരുന്നു. ഈ വളര്‍ച്ചയുടെ പ്രധാനപങ്ക് സോഷ്യല്‍ മീഡിയയ്ക്കാണ്. ഫേസ്ബുക്ക് വഴിയാണ് ആവശ്യക്കാര്‍ കൂടുതലും എത്തുന്നത്. ഒരു കിലോ വരുന്ന ഒരു ഡിസൈനര്‍ കേക്കിന് 850 മുതല്‍ 1500 രൂപ വരെയാണ് വില. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്പ്‌ബെറി തുടങ്ങി വിവിധ വെറൈറ്റികളിലുള്ള കേക്കുകള്‍ മീരാസ് കിച്ചണില്‍ നിര്‍മിക്കപ്പെടുന്നു.

പിറന്നാള്‍, വെഡ്ഡിംഗ് ആനിവേഴ്‌സറി, സാലറി ഹൈക്ക്, പ്രൊമോഷന്‍ തുടങ്ങി ഏത് സന്തോഷാവസരങ്ങള്‍ക്കും തീം ബേസ്ഡ് കേക്കുമായി മീര തയാറാണ്. വിദേശത്ത് നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ ആവശ്യാനുസരണം സര്‍പ്രൈസ് ഗിഫ്റ്റ് ആയി ഹോം ഡെലിവറിയും നടത്തുന്നു. തുടക്കക്കാര്‍ക്ക് ഓര്‍ഡറുകള്‍ കുറവായതിനാല്‍ 6000 മുതല്‍ കേക്ക് ബേക്കിംഗില്‍ നിന്നും സമ്പാദിക്കാവുന്നതാണെന്ന് മീര പറയുന്നു.

മീര മനോജ് എന്ന ടീച്ചര്‍

മീര മനോജ് വിദഗ്ധയാണ്. മീരാസ് കിച്ചണില്‍ നിന്നുമുള്ള കേക്ക് ഒരുവട്ടം രുചിച്ചാല്‍, ആ രുചിക്കൂട്ട് തേടി എത്തുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ കുക്കിംഗ് ആന്‍ഡ് ബേക്കിംഗ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി മീര ക്ലാസുകളും നടത്തുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 500 ല്‍ പരം വ്യക്തികളെയാണ് മീര കേക്ക് മേക്കിംഗ് പഠിപ്പിച്ചത്. ഇതില്‍ വീട്ടമ്മമാരും അമ്മൂമ്മമാരുമൊക്കെ ഉള്‍പ്പെടുന്നു. താന്‍ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ കേക്ക് ബേക്കിംഗിലൂടെ മികച്ച വരുമാനം നേടുന്നത് തന്റെ സ്വകാര്യ അഭിമാനമാണെന്ന് മീര പറയുന്നു.

 

കേക്ക് ബേക്കിംഗില്‍ മാത്രമല്ല , ബേക്കിംഗ് പഠിപ്പിക്കുന്നതിലും

 

ഫിനിഷിംഗ് സ്‌കൂള്‍ എന്ന സ്വപ്‌നം

മീര മനോജിനെ സംബന്ധിച്ചിടത്തോളം രണ്ടു സ്വപ്‌നങ്ങളാണ് പ്രൊഫഷനില്‍ ഉള്ളത്. ആദ്യത്തേത് മീരാസ് കിച്ചന്‍ എന്ന പേരില്‍ ഒരു ബ്രാന്‍ഡഡ് കേക്ക് ഷോപ്പ് ആരംഭിക്കുക. രണ്ടാമത്തേത് കുക്കിംഗ്, ഹൗസ് കീപ്പിംഗ് രംഗത്ത് വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനായി ഒരു ഫിനിഷിംഗ് സ്‌കൂള്‍ ആരംഭിക്കുക. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന് പറയുന്നപോലെ, തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടികള്‍ മീര മനോജ് വെച്ചുകഴിഞ്ഞു. വീട്ടമ്മയായി ഒരു സ്ത്രീയും ഒതുങ്ങിക്കൂടരുത്, വീട്ടമ്മയായിത്തന്നെ വരുമാനം കണ്ടെത്തി ജീവിതം ആസ്വദിക്കണം-ഇതാണ് മീര മനോജിന് ലോകത്തോട് പറയാനുള്ളത്.

 

Comments

comments