കുക്-ഹ്യുന്‍ ഷിം കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ എംഡി & സിഇഒ

കുക്-ഹ്യുന്‍ ഷിം കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ എംഡി & സിഇഒ

ഇന്ത്യയില്‍ 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് തങ്ങളുടെ ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി കുക്-ഹ്യുന്‍ ഷിമ്മിനെ നിയമിച്ചു. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഷിമ്മിനായിരിക്കുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ആന്ധ്ര പ്രദേശില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മാനുഫാക്ച്ചറിംഗ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുക്-ഹ്യുന്‍ ഷിം മേല്‍നോട്ടം വഹിക്കും. പ്ലാന്റിനായി 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുന്നതായി കിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ ലോകോത്തര കാറുകള്‍ക്ക് വലിയ സാധ്യതകളുള്ള പ്രധാന വിപണിയാണ് ഇന്ത്യയെന്ന് തിരിച്ചറിയുന്നതായി കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ഹാന്‍-വൂ പാര്‍ക്ക് പറഞ്ഞു. ഷിമ്മിന്റെ നേതൃത്വത്തില്‍ കമ്പനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യ നിര്‍ണ്ണായക വിപണിയാണെന്നും മറ്റ് പല പ്രധാന വിപണികളിലും കിയ കൈവരിച്ച നേട്ടം ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്നും കുക്-ഹ്യുന്‍ ഷിം പ്രത്യാശ പ്രകടിപ്പിച്ചു.

2019 ന്റെ രണ്ടാം പകുതിയില്‍ കിയ ഇന്ത്യയില്‍ കാര്‍ നിര്‍മ്മിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

58 കാരനായ കുക്-ഹ്യുന്‍ ഷിമ്മിന് വാഹന വ്യവസായത്തില്‍ മുപ്പതിലധികം വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. ഏറ്റവുമൊടുവില്‍ ‘കിയ മോട്ടോഴ്‌സ് മാനുഫാക്ച്ചറിംഗ് ജോര്‍ജിയ’യുടെ പ്ലാന്റ് കോര്‍ഡിനേഷന്‍ ഗ്രൂപ്പ് തലവനായിരുന്നു. ഇതിനുമുമ്പ് കമ്പനിയുടെ സ്ലോവാക്യയിലെ കാര്‍ ഉല്‍പ്പാദന ചുമതല നിര്‍വ്വഹിച്ചു. 2019 ന്റെ രണ്ടാം പകുതിയില്‍ കിയ ഇന്ത്യയില്‍ കാര്‍ നിര്‍മ്മിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 അവസാനത്തോടെ വില്‍പ്പന ആരംഭിക്കും.

Comments

comments

Categories: Auto