സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായ്

സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായ്

സാങ്കേതികവിദ്യയ്ക്ക് പതിനൊന്ന് പേറ്റന്റുകളാണ് നേടിയത്

സോള്‍ : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് പനോരമിക് സണ്‍റൂഫ് എയര്‍ബാഗ് അവതരിപ്പിച്ചു. ഇതാദ്യമായാണ് ഒരു കാര്‍ കമ്പനി ഇത്തരമൊരു സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്. ഹ്യുണ്ടായുടെ ഔദ്യോഗിക വാഹനഘടക വിതരണക്കാരായ ഹ്യുണ്ടായ് മൊബിസ് ആണ് പനോരമിക് എയര്‍ബാഗ് വികസിപ്പിച്ചത്.

അപകടത്തെതുടര്‍ന്ന് കാര്‍ മറിയുകയാണെങ്കില്‍ യാത്രക്കാരെ ഈ എയര്‍ബാഗ് സംരക്ഷിക്കും. കാര്‍ മറിയുന്ന സന്ദര്‍ഭങ്ങളില്‍ സണ്‍റൂഫ് തുറക്കുകയോ ഗ്ലാസ് തകരുകയോ ചെയ്ത് യാത്രക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിച്ചേക്കാം. ഇതിന് പരിഹാരമെന്ന നിലയിലാണ് പനോരമിക് സണ്‍റൂഫ് എയര്‍ബാഗ് അവതരിപ്പിച്ചത്.

അപകടത്തെതുടര്‍ന്ന് കാര്‍ മറിയുകയാണെങ്കില്‍ യാത്രക്കാരെ ഈ എയര്‍ബാഗ് സംരക്ഷിക്കും

അപകട സമയങ്ങളില്‍ സണ്‍റൂഫിന്റെ പിറകുവശത്തുനിന്നായിരിക്കും എയര്‍ബാഗ് വിടരുന്നത്. കാര്‍ മറിയുന്നത് മനസ്സിലാക്കിയാല്‍ എയര്‍ബാഗ് വിടരുന്നതിന് 0.08 സെക്കന്‍ഡ് മതി. ജീവന് ഭീഷണിയായേക്കാവുന്ന പരുക്കുകള്‍ ചെറിയ പരുക്കുകളായി രക്ഷപ്പെടുന്നത് സണ്‍റൂഫ് എയര്‍ബാഗിന്റെ പരീക്ഷണ വേളയില്‍ കണ്ടെത്തിയതായി ഹ്യുണ്ടായ് അവകാശപ്പെട്ടു. ഈ സാങ്കേതികവിദ്യയ്ക്ക് കമ്പനി പതിനൊന്ന് പേറ്റന്റുകളാണ് നേടിയത്.

ഹ്യുണ്ടായുടെ പ്രൊഡക്ഷന്‍ മോഡലുകളില്‍ ഈ എയര്‍ബാഗുകള്‍ എപ്പോള്‍ നല്‍കിത്തുടങ്ങുമെന്ന് നിലവില്‍ വ്യക്തമല്ല. ഏതെല്ലാം കാറുകള്‍ക്കാണ് ലഭിക്കുകയെന്നും അറിയില്ല. ആദ്യം ആഡംബര കാറുകളിലും തുടര്‍ന്ന് താരതമ്യേന ചെറിയ വിലയുള്ള കാറുകളിലും നല്‍കുമായിരിക്കും.

Comments

comments

Categories: Auto