ഡീസല്‍ കാറുകളുടെ വിപണി വിഹിതം 23 ശതമാനമായി കുറഞ്ഞു

ഡീസല്‍ കാറുകളുടെ വിപണി വിഹിതം 23 ശതമാനമായി കുറഞ്ഞു

ഡീസല്‍ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിപണി വിഹിതം 50 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി : രാജ്യത്ത് ഡീസല്‍ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിപണി വിഹിതം 50 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കുറഞ്ഞു. അതായത് നിലവില്‍ വില്‍ക്കുന്ന ഓരോ നാല് കാറുകളില്‍ മൂന്നില്‍ക്കൂടുതല്‍ കാറുകള്‍ പെട്രോള്‍ ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. പെട്രോള്‍, ഡീസല്‍ ഇന്ധന വിലകള്‍ തമ്മിലുള്ള അന്തരം കുറയുന്നത് ഡീസല്‍ കാറുകളുടെ വിപണി വിഹിതം കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പരിസ്ഥിതി പ്രവര്‍ത്തകരെ വളരെയധികം സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണിത്.

പല ഇന്ത്യന്‍ നഗരങ്ങളിലെയും മലിനീകരണ തോത് ഭയാനകമാംവിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡീസല്‍ കാറുകളുടെ വിപണി വിഹിതം കുറയുന്നുവെന്ന കണക്ക് പുറത്തുവരുന്നത്. വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന അന്തരീക്ഷ മലിനീകരണം, പ്രത്യേകിച്ച് ഡീസല്‍ വാഹനങ്ങള്‍, നിയന്ത്രിക്കണമെന്ന മുറവിളി ശക്തമാണ്.

എസ്‌യുവികള്‍ ഒഴികെയുള്ള ഡീസല്‍ കാറുകളുടെ (ഹാച്ച്ബാക്ക്, സെഡാന്‍) വില്‍പ്പന വിഹിതം 2012-13 കാലത്തെ ഏകദേശം 50 ശതമാനത്തില്‍നിന്ന് 23 ശതമാനമായി കൂപ്പുകുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രവണത കൂടുതല്‍ ശക്തമാകുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇപ്പോള്‍ കമ്പനികള്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്‌നുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

എന്നാല്‍ ഈ പ്രവണതയ്ക്ക് മുന്നിലുള്ള ഒരേയൊരു വെല്ലുവിളി രാജ്യത്ത് വര്‍ധിച്ചുവരുന്ന എസ്‌യുവി വില്‍പ്പനയാണ്. എസ്‌യുവി വാങ്ങുന്നവര്‍ മിക്കവരും ഡീസല്‍ വേരിയന്റിനോടാണ് പരമ്പരാഗതമായി ആഭിമുഖ്യം കാണിക്കുന്നത്. എന്നാല്‍ ഈയിടെയായി പെട്രോള്‍ എന്‍ജിന്‍ എസ്‌യുവി വാങ്ങുന്നവരും നിരവധിയാണ്. ഹ്യുണ്ടായ് ക്രേറ്റ എസ്‌യുവി ഉദാഹരണമായെടുത്താല്‍, വില്‍പ്പനയുടെ 30 ശതമാനത്തിലധികം പെട്രോള്‍ വേരിയന്റാണ് വിറ്റുപോകുന്നത്.

ചെറു കാറുകളുടെയും സെഡാനുകളുടെയും വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ഡീസല്‍ എന്‍ജിനുകളോട് പ്രിയം കുറഞ്ഞുവരുന്നതായാണ് വ്യക്തമാകുന്നത്. 2013-14 കാലത്ത് ഹോണ്ട കാര്‍സ് ഇന്ത്യയുടെ ആകെ വില്‍പ്പനയില്‍ 67 ശതമാനം ഡീസല്‍ കാറുകളായിരുന്നുവെങ്കില്‍ 2016-17 അവസാനത്തോടെ 25 ശതമാനത്തോളമായി കുറഞ്ഞു. 2014 ല്‍ ഹോണ്ട സിറ്റി സെഡാന്റെ ആകെ വില്‍പ്പനയുടെ 60 ശതമാനം ഡീസല്‍ വേരിയന്റായിരുന്നുവെങ്കില്‍ ഇപ്പോള്‍ 20 ശതമാനം മാത്രമായി കുറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ ചില മോഡലുകളെ സംബന്ധിച്ചും ഇതുതന്നെ അവസ്ഥ. നേരത്തെ സിയാസ് സെഡാന്റെ ആകെ വില്‍പ്പനയുടെ 60 ശതമാനം ഡീസല്‍ വേരിയന്റ് ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു. അതേസമയം മാരുതി സുസുകിയുടെ ഡീസല്‍ കാറുകള്‍ നല്ലപോലെ വിറ്റുപോകുന്നുണ്ട്. മിനി എസ്‌യുവിയായ ബ്രെസ്സയ്ക്കും മറ്റ് ചില മോഡലുകള്‍ക്കും പെട്രോള്‍ വേരിയന്റ് പുറത്തിറക്കിയിട്ടില്ല.

പെട്രോള്‍, ഡീസല്‍ ഇന്ധന വിലകള്‍ തമ്മിലുള്ള അന്തരം കുറയുന്നത് ഡീസല്‍ കാറുകളുടെ വിപണി വിഹിതം കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്

ഡീസല്‍ കാറുകളുടെ വില്‍പ്പന കുറയുന്ന പ്രവണത, പ്രത്യേകിച്ച് പാസഞ്ചര്‍ കാര്‍ സെഗ്‌മെന്റില്‍ കൂടുതല്‍ ശക്തമാകുമെന്ന് മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഡീസല്‍ കാറുകള്‍ക്ക് വലിയ ഭാവിയുണ്ടെന്ന് താന്‍ കരുതുന്നില്ല. വിപണിക്ക് ഡീസല്‍ കാറുകളെ ഇഷ്ടമല്ല. ഇത്തരം കാറുകളുടെ വിപണി വിഹിതം ഇനിയും കുറയുമെന്ന് ആര്‍സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു.

ഉയര്‍ന്ന ഇന്ധനക്ഷമത സമ്മാനിക്കുന്നതാണ് ഡീസല്‍ കാറുകള്‍. അതേസമയം പെട്രോള്‍ വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപാലന ചെലവുകള്‍ കൂടുതലാണ്. ഉയര്‍ന്ന വില നല്‍കി വാങ്ങുന്ന ഡീസല്‍ കാറുകള്‍ക്കാണ് പിന്നീട് ഉയര്‍ന്ന പരിപാലന ചെലവുകള്‍ വരുന്നത്. പെട്രോള്‍ വേരിയന്റുകളേക്കാള്‍ ഡീസല്‍ വേരിയന്റ് വാങ്ങുന്നതിന് കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും അധികം നല്‍കണം.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിനാല്‍ കൂടുതല്‍ പേരും പെട്രോള്‍ വേരിയന്റുകള്‍ വാങ്ങുന്നതിലാണ് ഇപ്പോള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മില്‍ 2012 ല്‍ 27 രൂപയുടെ വ്യത്യാസമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് പത്ത് രൂപ മാത്രമാണ്.

Comments

comments

Categories: Auto