ഫെയിം ഇന്ത്യ: കര്‍ണാടക 640 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും

ഫെയിം ഇന്ത്യ: കര്‍ണാടക 640 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും

40 ബസ്സുകളും 100 കാറുകളും 500 മൂന്നുചക്ര വാഹനങ്ങളുമാണ് വാങ്ങുന്നത്

ബെംഗളൂരു : കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ഇന്ത്യ സബ്‌സിഡി പദ്ധതി പ്രകാരം കര്‍ണാടക 640 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും. ദേശീയ വൈദ്യുതി മൊബിലിറ്റി ദൗത്യത്തിനുകീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് ഘന വ്യവസായ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. 40 ബസ്സുകളും 100 കാറുകളും 500 മൂന്നുചക്ര വാഹനങ്ങളുമാണ് വാങ്ങുന്നത്.

പദ്ധതിയനുസരിച്ച് 60 ശതമാനം വരെയാണ് സബ്‌സിഡി നല്‍കുന്നത്. ബെംഗളൂരുവിലുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഫണ്ട് അനുവദിക്കും. സംസ്ഥാന സര്‍ക്കാരിനുകീഴിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായിരിക്കും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഓടിക്കുന്നത്. നഗരത്തില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ സഹായിക്കും.

സംസ്ഥാന സര്‍ക്കാരിനുകീഴിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായിരിക്കും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഓടിക്കുന്നത്

രാജ്യത്ത് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 2015 ലാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് (ഹൈബ്രിഡ് ആന്‍ഡ്) ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി ആരംഭിച്ചത്. സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുകയും ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വിപണി സൃഷ്ടിക്കുകയുമാണ് പദ്ധതി പ്രകാരം ചെയ്യുന്നത്.

ഇരുചക്ര, മൂന്നുചക്ര, നാലുചക്ര വാഹനങ്ങള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ബസ്സുകള്‍ തുടങ്ങി എല്ലാ വാഹന സെഗ്‌മെന്റുകള്‍ക്കും സബ്‌സിഡി നല്‍കുന്നുണ്ട്. സ്‌ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

Comments

comments

Categories: Auto