കൈലാസനാഥനും മോദിയും പിന്നെ ‘കൈലാസനാഥനും’

കൈലാസനാഥനും മോദിയും പിന്നെ ‘കൈലാസനാഥനും’

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ മലയാളിയായ കെ കൈലാസനാഥന്റെ കാലാവധി 2 വര്‍ഷം കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നു. ഏറ്റവും വിശ്വസ്തനായ ഈ ഉദ്യോഗസ്ഥനെ ഡല്‍ഹിയിലെ തന്റെ ഓഫിസിലെ പ്രധാന ചുമതലയിലേക്ക് എത്തിക്കാതെ മാതൃസംസ്ഥാനത്തു തന്നെ നിര്‍ത്താന്‍ പ്രധാനമന്ത്രി മോദി പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ സന്ദേശം വ്യക്തമാണ്. തന്റെ പ്രതിപുരുഷനായി തന്നെയാണ് കൈലാസനാഥനെ മോദി അഹമ്മദാബാദില്‍ അവരോധിച്ചിരിക്കുന്നത്.

 

2014ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുജറാത്തിലെ സ്വന്തം നാടായ വട്‌നഗര്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി, ഏറെ വികാരപരമായ പ്രസംഗത്തില്‍ സോമനാഥന്റെ മണ്ണില്‍ നിന്നും കാശിവിശ്വനാഥന്റെ ഭൂമികയിലേക്കുള്ള തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചാണ് സംസാരിച്ചത്. 2001 മുതല്‍ തന്റെ നേര്‍ക്ക് ശത്രുക്കള്‍ ചീറ്റിയ വിഷമെല്ലാം പാനം ചെയ്യാനും ദഹിപ്പിച്ചില്ലാതാക്കാനും കരുത്തു നല്‍കിയത് ഭഗവാന്‍ ശിവന്റെ അനുഗ്രഹം കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നേപ്പാളിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രം മുതല്‍ ഹിമാലയത്തിലെ കേദാര്‍നാഥ് വരെ കൈലാസനാഥന്റെ ചരണങ്ങളിലേക്കാണ് തൊഴുകൈയുമായി പ്രതിസന്ധിഘട്ടങ്ങളില്‍ മോദി സഞ്ചരിച്ചിട്ടുള്ളത്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോളും വാരാണസി തെരഞ്ഞെടുത്തത് കാശി വിശ്വനാഥനോടുള്ള ഭക്തിയുടെ സൂചനയായിരുന്നു. സാക്ഷാല്‍ കൈലാസനാഥനും നവതി പിന്നിട്ട മാതാവും കഴിഞ്ഞാല്‍ പിന്നെ നരേന്ദ്രന് വിശ്വാസം ദശാബ്ദത്തിലേറെയായി മനസാക്ഷി സൂക്ഷിപ്പുകാരനായി ഒപ്പമുള്ള കെ കൈലാസനാഥനെന്ന മലയാളി ബ്യൂറോക്രാറ്റിലാണെന്ന് നിസംശയം പറയാം. പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് നീങ്ങിയ സാഹചര്യത്തിലും സ്വന്തം സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തിലും പദ്ധതികളിലും ഏറെ താല്‍പര്യപ്പെടുന്ന അദ്ദേഹം കെ കൈലാസനാഥനിലൂടെയാണ് ഇപ്പോഴാ പൊക്കിള്‍ക്കൊടി ബന്ധം നിലനിര്‍ത്തുന്നത്. 2001ല്‍ സംസ്ഥാന മുഖ്യമന്ത്രിയായ ശേഷം മലപോലെ മുന്നില്‍ വളര്‍ന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാനും ഗുജറാത്തിന്റെ വികസന നായകനെന്ന പ്രതിച്ഛായ നേടിയടുക്കാനും മോദിയെ അളവറ്റ് സഹായിച്ചത് കുനിയില്‍ കൈലാസനാഥനെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യമാണ്. ഔദ്യോഗികമായി വിരമിച്ചിട്ട് 4 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തെ വിശ്രമജീവിതത്തിനയക്കാതെ കൂടുതല്‍ കൂടുതല്‍ ചുമതലകളിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി. ഇപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹത്തിന്റെ കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കിയിരിക്കുന്നതും മോദിയുടെ ഇടപെടല്‍ കൊണ്ടാണ്.

കോഴിക്കോട് വടകരയിലെ മണിയൂരില്‍ കുനിയില്‍ വീട്ടില്‍ ജനിച്ച കെ കൈലാസനാഥന്‍ 1979 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സബ്കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സുരേന്ദ്ര നഗറിലും സൂറത്തിലും മറ്റും കളക്ടറായി സേവനമനുഷ്ഠിച്ച കാലം മുതല്‍ക്കേ കര്‍ക്കശക്കാരനെന്ന് പേരെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റെടുത്ത സമയത്ത് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണറായിരുന്നു. താന്‍ മനസില്‍ കാണുന്നത് മാനത്ത് കണ്ട് നടപ്പാക്കുന്ന വിശ്വാസ്തനും ഉത്സാഹിയുമായ ഉദ്യോഗസ്ഥനായുള്ള മോദിയുടെ നിരന്തര അന്വേഷണം കൈലാസനാഥനിലെത്തിയാണ് നിന്നത്. 2006ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും വൈകാതെ നരേന്ദ്രമോദിയുടെ കോര്‍ ടീമിന്റെയും ഭാഗമായി അദ്ദേഹം മാറി. പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍ വിളിച്ചു കൂട്ടുക മോദിയുടെ രീതിയായിരുന്നു. തടസവാദങ്ങളുന്നയിച്ചിരുന്ന ഉദ്യോഗസ്ഥരോട്, നിങ്ങളുടെ ഉടക്കല്ല പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗങ്ങളാണ് എനിക്ക് കേള്‍ക്കേണ്ടതെന്നാണ് അദ്ദേഹം തുറന്നടിച്ച് പറഞ്ഞിരുന്നത്. വികസനത്തിന് തടസമായി നില്‍ക്കുന്ന ചുവപ്പുനാടകള്‍ പൊട്ടിച്ചെറിഞ്ഞ് കാര്യങ്ങള്‍ നടത്താനുള്ള കൈലാസനാഥന്റെ ശേഷി സ്വാഭാവികമായും അദ്ദേഹത്തെ മോദിയുടെ ഇഷ്ടക്കാരനാക്കി. പ്രവചനാതീത സ്വഭാവം പുലര്‍ത്തിയിരുന്ന മോദിയുടെ രീതികള്‍ പിടിച്ചെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ കാട്ടിയ മെയ്‌വഴക്കം ഗുജറാത്ത് വികസനത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഭരണപരമായ പരിചയം കുറവായിരുന്ന മോദിയുടെ ഗുജറാത്ത് വികസന മോഡലെന്ന ആശയത്തിന് ബഌപ്രിന്റുണ്ടാക്കിയത് ‘കെകെ’ എന്ന വിളിപ്പേരുള്ള കൈലാസനാഥനാണ്. ഏതറ്റം വരെയും പോയി ഉദ്ദേശിച്ച കാര്യം നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ നിഷ്പ്രഭമാക്കി നര്‍മദ നദിയിലെ ജലം കനാലുകളിലൂടെയൊഴുക്കി സംസ്ഥാനത്തിന്റെ 70 ശതമാനം ജനങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചതും സൗരാഷ്ട്രയിലേക്ക് ജലമെത്തിച്ച സൗനി പദ്ധതിയും ആദിവാസികള്‍ക്ക് സഹായമെത്തിക്കുന്ന വന ബന്ധു പദ്ധതിയും ഹൈവേ പദ്ധതിയുമെല്ലാം കെകെയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്. ഗുജറാത്ത് വികസന നായകനെന്ന പ്രതിച്ഛായയിലേക്ക് മോദിയെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം വൈകാതെ മോദിയുടെ രാഷ്ട്രീയ നീക്കങ്ങളിലും കേന്ദ്ര ബിന്ദുവായി മാറി.

എല്ലാ തിരക്കുകള്‍ക്കിടയിലും മുടങ്ങാതെ മല ചവിട്ടുന്ന അയ്യപ്പ ഭക്തനാണ് കൈലാസനാഥന്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് ഒരാഴ്ച മുന്‍പും അദ്ദേഹം ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയിരുന്നു.

2013ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുന്ന വിരമിച്ചെങ്കിലും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി നല്‍കി അദ്ദേഹത്തെ മോദി കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി. 2014ല്‍ മോദി ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് നീങ്ങിയപ്പോഴും പിന്നാലെ വന്ന ആനന്ദിബെന്‍ പട്ടേലിന്റെയും പിന്നീട് വിജയ് രൂപാണിയുടേയും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തന്നെ തുടര്‍ന്നു. ഗുജറാത്തിന്റെ വികസന കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ അദ്ദേഹം സംസ്ഥാനത്തെ രാഷ്ട്രീയ സമസ്യകളിലും മോദിക്ക് തുണയാകുന്നതാണ് സമീപവര്‍ഷങ്ങളില്‍ കണ്ടത്. പട്ടേല്‍ സംവരണ പ്രക്ഷോഭം പ്രതിരോധിക്കാനാവാതെ ആനന്ദിബെന്‍ ആടിയുലഞ്ഞപ്പോളും വിജയ് രൂപാണിയും പരാജയ്‌പെടുന്ന അവസ്ഥയെത്തിയപ്പോഴും സര്‍ദാര്‍ പട്ടേല്‍ മഞ്ച് അടക്കമുള്ള സംഘടകളെ ഒപ്പം നിര്‍ത്തി സമരം പൊളിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനും പിന്നില്‍ നിന്നു കളിച്ചത് കെ കൈലാസനാഥനായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ണായക വഴിത്തിരിവായിരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈമെയ് മറന്ന് മോദി പ്രചാരണത്തിനിറങ്ങിയപ്പോഴും പിന്നില്‍ തന്നെ കെകെ ഉണ്ടായിരുന്നു. ഗുജറാത്തിലെ നിറം മങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയ പരിതസ്ഥിതികളെ മാറ്റിമറിച്ചിരിക്കുന്നു. കൂടുതല്‍ കരുത്തരായ പ്രതിപക്ഷം ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പരിചയ സമ്പന്നനായ കൈലാസനാഥന്റെ സാമീപ്യം കൂടുതല്‍ ആവശ്യമായി വരിക മുഖ്യമന്ത്രി വിജയ് രൂപാണിക്കായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഏറ്റവും അടുപ്പക്കാരനായ ഈ ഉദ്യോഗസ്ഥനോട് അഹമ്മദാബാദില്‍ തന്നെ തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ ഗുജറാത്തിന്റെ വികസനത്തിലും ദൈനംദിന രാഷ്ട്രീയത്തിലും തന്റെ സാമീപ്യം ഉറപ്പാക്കുകയാണ് കൈലാസനാഥനിലൂടെ മോദി.

Comments

comments

Categories: Politics, Slider