മുസിരിസിന്റെ വീണ്ടെടുപ്പ്

മുസിരിസിന്റെ വീണ്ടെടുപ്പ്

മുസിരിസ് എന്ന പുരാതന തുറമുഖ നഗരം സ്ഥിതി ചെയ്തിരുന്ന കൊടുങ്ങല്ലൂരിനും നോര്‍ത്ത് പറവൂരിനുമിടയിലുള്ള പ്രദേശം കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന പൈതൃക ടൂറിസം സര്‍ക്യൂട്ട് ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിക്കുകയാണ്. ഇതുവരെ കേരളത്തിലെ ബീച്ചുകളിലും മൂന്നാറിലും വന്നു പോയിക്കൊണ്ടിരുന്ന വിദേശ വിനോദ സഞ്ചാരികളെ മുസിരിസിലേക്ക് ആകര്‍ഷിക്കുന്നന്നത് നിരവധി രാജ്യങ്ങളുമായി മുസിരിസിനുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന് തെളിവ് കണ്ടെത്തിയ പട്ടണം, കോട്ടപ്പുറം കോട്ട ഉല്‍ഖനനങ്ങളും വൈദേശികര്‍ അവശേഷിപ്പിച്ചു പോയ ചരിത്രത്തിന്റെ സ്മാരകങ്ങളുമാണ്.

രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് മുതല്‍ വിദേശ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന മുസിരിസ് എവിടെ. ഗവേഷകരും പര്യവേഷകരും അന്വേഷണം തുടരുകയാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചൈന, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, മലേഷ്യ, മൊസാംബിക്, നെതര്‍ലാന്‍ഡ്‌സ്, ഒമാന്‍, പോര്‍ട്ടുഗല്‍, സ്‌പെയിന്‍, റോം തുടങ്ങി യൂറോപ്പിലെയും ഏഷ്യയിലെയും വിദൂര പൗരസ്ത്യ മേഖലയിലെയും 31 രാജ്യങ്ങളുമായി വാണിജ്യമുണ്ടായിരുന്ന, സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ലോകതലസ്ഥാനമായിരുന്ന മുസിരിസ്. കേരള നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന മുസിരിസ്. കേരള ചരിത്രത്തിന്റെ ഗൃഹാതുരത നിറഞ്ഞ ഏടായ മുസിരിസ്. ചരിത്രകാരന്‍മാരും പുരാവസ്തു ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ, കാലപ്രവാഹത്തില്‍ തിരോധാനം ചെയ്ത മുസിരിസിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

ഇന്നത്തെ കൊടുങ്ങല്ലൂരാണ് മുസിരിസ് എന്ന പരമ്പരാഗതമായ വിശ്വാസത്തിന് ഉലച്ചില്‍ തട്ടുന്ന കണ്ടെത്തലുകള്‍ പറവൂരിനടുത്ത പട്ടണം എന്ന ഗ്രാമത്തില്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയ പര്യവേഷണത്തില്‍ കണ്ടെത്തിയിരുന്നു. പട്ടണമാണോ മുസിരിസ്, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെട്ട മുസിരിസിന്റെ ഭാഗം മാത്രമായിരുന്നോ പട്ടണം. ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. സത്യം കാലത്തിന്റെ അടരുകള്‍ക്കുള്ളില്‍ നിന്ന് എന്നെങ്കിലും വെളിപ്പെടുന്നതു വരെ ഭിന്നസ്വരങ്ങള്‍ തുടരും. ചരിത്രത്തിന്റെ സംരക്ഷണത്തിലും വീണ്ടെടുപ്പിലും നമ്മള്‍ പുലര്‍ത്തുന്ന അലംഭാവത്തിന്റെ അമ്പരപ്പിക്കുന്ന ഉദാഹരണമായി മുസിരിസ് എവിടെ എന്ന ചോദ്യം അതുവരെ നമുക്ക് മുന്നിലുണ്ടാകും.

മുസിരിസ് സ്ഥിതി ചെയ്തിരുന്നത് എവിടെയാണെന്ന കാര്യത്തില്‍ വ്യത്യസ്തമാഭിപ്രായങ്ങളുണ്ടെങ്കിലും ലോകപ്രശസ്തമായ ആ തുറമുഖ പട്ടണം നശിച്ചു നാമാവശേഷമായതും മുസിരിസിന് പകരം കൊച്ചി എന്ന വ്യാപാരകേന്ദ്രം കാലക്രമത്തില്‍ ഉയര്‍ന്നുവന്നതും ചരിത്രത്തിന്റെ ഭാഗം. 1341 ലുണ്ടായ മഹാപ്രളയത്തില്‍ പെരിയാര്‍ ഗതിമാറിയൊഴുകുകയും പുതിയ കരകളും പുതിയ പുഴകളും രൂപപ്പെടുകയും മുസിരിസ് സ്ഥിതി ചെയ്തിരുന്ന പ്രദേശമാകെ മണ്ണിനടിയിലാകുകയും കൊച്ചി ഒരു വ്യാപാര മുനമ്പായി രൂപപ്പെടുകയും ചെയ്തിരിക്കാമെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പട്ടണത്തും കോട്ടപ്പുറം കോട്ടയിലും മറ്റും നടന്ന ഉല്‍ഖനനത്തിന് ശേഷം മുസിരിസ് പൈതൃക മേഖലയില്‍ പുതിയ ഉല്‍ഖനനങ്ങള്‍ക്കുള്ള സാധ്യതകള്‍ ചരിത്ര ഗവേഷണ കൗണ്‍സിലും ആര്‍ക്കിയോളജി വകുപ്പും ആരായുന്നുമുണ്ട്. 16 ഏജന്‍സികള്‍ ഏകോപിതമായാണ് മുസിരിസ് പൈതൃകപദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

മുസിരിസിന്റെ ടൂറിസം സാധ്യത

ഇതിനോടൊപ്പം മുസിരിസിന്റെ പൈതൃക ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിലൂടെ മറ്റൊരു മുന്നേറ്റം കൂടി നടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുള്ള സ്്‌പൈസ് റൂട്ട് ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. മുസിരിസ് കേന്ദ്രമായി രൂപം കൊണ്ടിരിക്കുന്ന സ്‌പൈസ് റൂട്ട് എന്ന ടൂറിസം ഭൂപടത്തില്‍ വടക്ക് ചരിത്രനഗരിയായ കൊടുങ്ങല്ലൂരിലെ മതിലകം മുതല്‍ തെക്ക് പട്ടണം ഉള്‍പ്പെടുന്ന വടക്കന്‍ പറവൂര്‍ വരെയും പടിഞ്ഞാറ് വൈപ്പിന്‍ പള്ളിപ്പുറം മുതല്‍ കിഴക്ക് മാള വരെയും ഉള്‍പ്പെടുന്ന വലിയൊരു പ്രദേശം ഉള്‍പ്പെടുന്നു. മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈതൃക പദ്ധതിയാണ്. മുസിരിസിന്റെ പൈതൃക ഭൂമിയായ ഈ മേഖലയിലെ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിലൂടെയും പുനരുദ്ധാരണത്തിലൂടെയുമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. 21 മ്യൂസിയങ്ങളുള്ള മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തിലൂടെയുള്ള സഞ്ചാരം രണ്ടായിരം വര്‍ഷം മുമ്പുള്ള ചരിത്രത്തെക്കുറിച്ചുള്ള പഠനം കൂടിയാണ്.

സ്‌പൈസ് റൂട്ടിലൂടെ വരുന്ന വിദേശികള്‍

മുസിരിസിനെ കണ്ടെത്താനായി നടത്തുന്ന ചരിത്രാന്വേഷണത്തോടൊപ്പം തന്നെ സ്‌പൈസ്റൂട്ട് എന്ന പൈതൃക പാതയിലൂടെ ടൂറിസ്റ്റുകളായെത്തുന്ന വിദേശ വ്യാപാരികളായ പൂര്‍വികരുടെ പുതിയ തലമുറയെ കേരളം സ്വാഗതം ചെയ്യുകയാണ്. ഇവിടെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവും കലാപരവുമായ വിനിമയത്തിന്റെ സാധ്യതകളാണ് പുതിയൊരു പരിപ്രേഷ്യത്തിലൂടെ പരിശോധിക്കപ്പെടുന്നത്. അതിന്റെ ഏറ്റവും ശക്തമായ ആവിഷ്‌കാരമാണ് കൊച്ചി മുസിരിസ് ബിനാലെ എന്ന കലാപ്രദര്‍ശന മാമാങ്കം. മുസിരിസ് പൈതൃകത്തിന്റെ ചരിത്രമുറങ്ങുന്ന ഭൂമികകളിലൂടെയുള്ള യാത്രയാണ് സ്‌പൈസ് റൂട്ടിലെ പ്രധാന ആകര്‍ഷണം. ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ദേശീയ തലത്തിലും രാജ്യാന്തര

തലത്തിലും പ്രചാരണ പരിപാടികളും സാംസ്‌കാരിക വിനിമയ പരിപാടികളും നയതന്ത്ര ചാനലുകളിലൂടെയുള്ള ഔദ്യോഗിക ചര്‍ച്ചകളും പല തലങ്ങളില്‍ പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുസിരിസ് പൈതൃക മേഖല കേന്ദ്രീകരിച്ച് രൂപംനല്‍കിയിട്ടുള്ള ടൂറിസം സര്‍ക്യൂട്ട് വികസിക്കുന്നതോടെ  കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് അത് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നാണ് പ്രതീക്ഷ.

മുസിരിസ് ടൂറിസം സര്‍ക്യൂട്ട്

ആഭ്യന്തര ടൂറിസ്റ്റുകളെയും ചരിത്ര വിദ്യാര്‍ഥികളെയും കൂടി ആകര്‍ഷിക്കുന്ന വിധത്തിലാണ് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മുനിസിപ്പാലിറ്റികളും എട്ട് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശത്താണ് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെ ചരിത്രസ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബോട്ട് മാര്‍ഗമുള്ള യാത്ര കോട്ടപ്പുറത്ത് നിന്നാണ് ഇപ്പോള്‍ തുടങ്ങുന്നത്. കൊടുങ്ങല്ലൂര്‍ കാവില്‍ കടവിലെ വിസിറ്റേഴ്‌സ് സെന്റര്‍ പൂര്‍ണ സജ്ജമാകുന്നതോടെ യാത്ര ഇവിടെ നിന്നാകും തുടങ്ങുക. ആദ്യ സര്‍ക്യൂട്ടില്‍ എ ഡി 629ല്‍ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും പുരാതന മുസ്ലീം ദേവാലയമായ ചേരമാന്‍ ജൂമാ മസ്ജിദ്, ഇതിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ചേരമാന്‍ ഇസ്ലാമിക് ഹിസ്റ്ററി മ്യൂസിയം, തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, 1800 വര്‍ഷം മുമ്പ് ചേരന്‍ ചെങ്കുട്ടവന്‍ സ്ഥാപിച്ചതെന്ന് കരുതുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, എ ഡി 113 നപ്പുറം ചരിത്രപ്പെരുമയുള്ളതും അധിനിവേശ ശക്തികളുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടും ഗര്‍ഭഗൃഹം മാത്രം പരിക്കുകളില്ലാതെ നിലനില്‍ക്കുന്നതുമായ കീഴ്ത്തളി ശിവക്ഷേത്രം, രണ്ടായിരം വര്‍ഷം പഴക്കമുള്ള വാസ്തുവിസ്മയമായ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, 1523ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ചതും

പില്‍ക്കാലത്ത് ഡച്ചുകാര്‍ തകര്‍ത്തതുമായ കോട്ടപ്പുറത്തെ പോര്‍ച്ചുഗീസ് കോട്ട, ക്‌നാനായ വിഭാഗക്കാര്‍ കേരളത്തില്‍ ആദ്യം എത്തിച്ചേര്‍ന്ന കോട്ടപ്പുറം കോട്ടയിലെ ക്്‌നാനായ തോമന്‍ സ്മാരകം, കോട്ടപ്പുറം ചന്ത, കോട്ടപ്പുറം വാട്ടര്‍ഫ്രണ്ട് ആംഫി തീയറ്റര്‍, സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് സ്മാരക മ്യൂസിയം, മാര്‍ത്തോമ ചര്‍ച്ച്, രണ്ടാമത്തെ സര്‍ക്യൂട്ടില്‍ ഗോതുരുത്ത് ചര്‍ച്ച്, ഗോതുരുത്ത് പെര്‍ഫോമന്‍സ് സെന്റര്‍, കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്‍മാരുടെ ആസ്ഥാനമായിരുന്ന പാലിയം കോവിലകം, പാലിയം നാലുകെട്ട്, ശ്രീപെരുംതൃക്കോവില്‍ ക്ഷേത്രം, ചേന്ദാതൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടയില്‍ കോവിലകം ശ്രീകൃഷ്ണ ക്ഷേത്രം, ജൂത സിനഗോഗ്, പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച മതപഠന കേന്ദ്രമായ വൈപ്പിന്‍കോട്ട സെമിനാരി, ഹോളി ക്രോസ് ചര്‍ച്ച്, ജൂത സെമിനാരി, ചേന്ദമംഗലം മോസ്‌ക്, മൂന്നാം സര്‍ക്യൂട്ടില്‍ പറവൂര്‍ സിനഗോഗിലെ കേരള ജ്യൂ ഹിസ്റ്ററി മ്യൂസിയം, കോട്ടക്കാവ് ചര്‍ച്ച്, കണ്ണന്‍കുളങ്ങര ക്ഷേത്രം, മുസിരിസ് ലൈബ്രറി, സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, ചെറായി ബീച്ച് , ചെറായി ശ്രീവരാഹ ക്ഷേത്രം, ചെറായി സെന്റ് മേരീസ് ചര്‍ച്ച്, പോര്‍ച്ചുഗീസുകാര്‍ ഇന്ത്യ

 

യില്‍ നിര്‍മിച്ച ആദ്യ കോട്ടയായ പള്ളിപ്പുറം കോട്ട, മഞ്ഞുമാതാ ചര്‍ച്ച് എന്നിവയാണ് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍. വിദേശ ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് പ്രധാനപ്പെട്ട എട്ട് കേന്ദ്രങ്ങളിലേക്ക് പാക്കേജ് അടിസ്ഥാനത്തില്‍ എയര്‍ കണ്ടീഷന്‍ഡ് ബോട്ട് സര്‍വീസ് ഹോപ് ഓണ്‍ ഹോപ് ഓഫ് അടിസ്ഥാനത്തില്‍ ലഭ്യമാക്കും. ഒരാള്‍ക്ക് 550 രൂപയാണ് ഫീസ്. ഈ പാക്കേജിനാണ് അന്തര്‍ദേശീയാടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കുന്നത്.

പട്ടണം സൈറ്റ് മ്യൂസിയം, നോര്‍ത്ത് പറവൂര്‍ ക്രിസ്ത്യന്‍ റിലീജിയസ് ആര്‍ട്ട് ആന്റ് ട്രെഡീഷണല്‍ മ്യൂസിയം, കൊടുങ്ങല്ലൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ ഹിസ്റ്ററി മ്യൂസിയം, ചേന്ദമംഗലം ഹാന്റ്‌ലൂം മ്യൂസിയം, പാലിയം ഊട്ടുപുരയില്‍ പാരമ്പര്യ കലാരൂപങ്ങളുടെ പ്രദര്‍ശന കേന്ദ്രം, കേരള മാരിടൈം മ്യൂസിയം എന്നിവ കൂടി വരുന്നതോടെ മുസിരിസ് ടൂറിസം സര്‍ക്യൂട്ട് കൂടുതല്‍ സമ്പന്നമാകും.

 

മുസിരിസിനെ കണ്ടെത്താനായി നടത്തുന്ന ചരിത്രാന്വേഷണത്തോടൊപ്പം തന്നെ സ്‌പൈസ് റൂട്ട് എന്ന പൈതൃക പാതയിലൂടെ ടൂറിസ്റ്റുകളായെത്തുന്ന വിദേശ വ്യാപാരികളായ പൂര്‍വികരുടെ പുതിയ തലമുറയെ കേരളം സ്വാഗതം ചെയ്യുകയാണ്. ഇവിടെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവും കലാപരവുമായ വിനിമയത്തിന്റെ സാധ്യതകളാണ് പുതിയൊരു പരിപ്രേഷ്യത്തിലൂടെ പരിശോധിക്കപ്പെടുന്നത്. അതിന്റെ ഏറ്റവും ശക്തമായ ആവിഷ്‌കാരമാണ് കൊച്ചി മുസിരിസ് 

 

ബിനാലെ എന്ന കലാപ്രദര്‍ശന മാമാങ്കം.

 

വീണ്ടും ജീവന്‍ വെച്ച് മുസിരിസ് പദ്ധതി

ഒരു സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് മുസിരിസ് പൈതൃക പദ്ധതി ഇതുവരെ പ്രവര്‍ത്തിച്ചത്. രണ്ടു മാസം മുമ്പ് പി എം നൗഷാദിനെ മുഴുവന്‍ സമയ എം ഡിയായി നിയമിച്ചതോടെ ഇടക്കാലത്ത് പ്രവര്‍ത്തനം മരവിച്ച മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന് ഇതോടെ പുതുജീവന്‍ വെക്കുകയാണ്. മുസിരിസിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതിന് ബഹുമുഖ കര്‍മപരിപാടികളാണ് മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

 

ഉല്‍ഖനനത്തിലൂടെ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ച പട്ടണത്തെ സൈറ്റിലുള്ള ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ മ്യൂസിയമായി ഉടന്‍ വികസിപ്പിക്കുമെന്ന് പി എം നൗഷാദ് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ പി പി പി മോഡലിലാണ് പാലിയം കോവിലകം ഉള്‍പ്പെടെയുള്ള ചില ചരിത്രസ്മാരകങ്ങളുടെ നവീകരണവും സംരക്ഷണവും നടത്തുന്നത്. മാള ജൂത സിനഗോഗ് നവീകരണവും സംരക്ഷണവും പൂര്‍ത്തിയാക്കും. ഇസ്രായേല്‍ ഗവണ്‍മെന്റ് തന്നെ താല്‍പര്യമെടുത്തിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ ത്വിരത നടപടിയുണ്ടാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപം പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിന് അനുമതിയായിക്കഴിഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മ്യൂസിയത്തില്‍ ലഭ്യമാക്കും.

കേരളത്തിനകത്തും ഇന്ത്യക്ക് പുറത്തും മുസിരിസ് പദ്ധതിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആര്‍ട് എഫ് ആര്‍ എന്ന കള്‍ച്ചറല്‍ ചാനലിന് വേണ്ടി മുസിരിസിനെക്കുറിച്ച് ഷോര്‍ട്ട്ഫിലിമുകള്‍ തയ്യാറാക്കുന്നതിന് ഫ്രഞ്ച് ജേര്‍ണലിസ്റ്റ് സംഘം ജനുവരിയില്‍ വരുന്നുണ്ട്. പാലിയത്തായിരിക്കും ചിത്രീകരണം.

സ്‌പൈസ് റൂട്ട് ടൂറിസം ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഇത്തരത്തിലുള്ള ഇടപെടലുകള്‍ തുടരും. മുസിരിസ് ബിനാലെക്ക് എത്തുന്നവരെ അടുത്ത തവണ മുതല്‍ മുസിരിസ് പദ്ധതി പ്രദേശത്തേക്കും കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നുണ്ട്. പദ്ധതി പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഹെറിറ്റേജ് ക്ലബുകളുണ്ടാക്കി കുട്ടികളുടെ ഇന്‍സ്റ്റലേഷനുകള്‍ അടുത്ത ബിനാലെയുടെ ഭാഗമായി പാലിയം കൊട്ടാരത്തിലും പള്ളിപ്പുറം കോട്ടയിലും സ്ഥാപിക്കും. ചെറായിയില്‍ വരുന്ന വിദേശ വിനോദ സഞ്ചാരികളെ മുസിരിസ് ടൂറിസം പദ്ധതിലേക്ക് ആകര്‍ഷിക്കാന്‍ ചെറായി ടൂറിസം സൊസൈറ്റിയുമായി ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന് സമീപം സ്ഥിരമായി ബോട്ട് സേവനം ഈ മാസം മുതല്‍ ലഭ്യമാക്കും.
സര്‍ക്യൂട്ട് പാക്കേജില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്. സഞ്ചാരികള്‍ക്കായി ചവിട്ടു നാടകം, കഥകളി, കൂടിയാട്ടം എന്നിവ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കും. 20 മിനിറ്റുള്ളതായിരിക്കും കലാപരിപാടികള്‍. കോട്ടപ്പുറത്തെ ആംഫി തീയറ്ററില്‍ സ്ഥിരം കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. അടുത്ത ഓണത്തിന് അഞ്ച് ദിവസം നീളുന്ന കലാപരിപാടികള്‍ ഇവിടെ അരങ്ങേറും.

മുസിരിസ് പദ്ധതിയുടെ പ്രമോഷനു വേണ്ടി റോഡ് ഷോസ് നടത്തും. കൊച്ചി മെട്രോ തൂണുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ചര്‍ച്ച നടക്കുന്നു. പദ്ധതി പ്രദേശത്ത് 2.6 കോടിയുടെ സൈനേജസ് സ്ഥാപിക്കുന്നതിന് അനുമതിയായിട്ടുണ്ട്. പറവൂരിനും കൊടുങ്ങല്ലൂരിനുമിടയില്‍ മൊത്തം പ്രോജക്ട് ഏരിയയില്‍ ഒരേ മാതൃകയിലുള്ള ദിശാസൂചികകള്‍ സ്ഥാപിക്കും. ഇന്‍കെലിനായിരിക്കും ഇതിന്റെ വര്‍ക്ക് നല്‍കുക.
മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് ജനങ്ങള്‍ക്ക് കൂടി പങ്കാളിത്തം നല്‍കി റെസ്‌പോണ്‍സിബിള്‍ ടൂറിസം നടപ്പിലാക്കും. ടൂറിസം റൂട്ടില്‍ സഞ്ചാരികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് താല്‍പര്യമുള്ള നാട്ടുകാര്‍ക്ക് സൗകര്യമൊരുക്കാം. ഭക്ഷണ ശാലയോ വിശ്രമ കേന്ദ്രമോ നിര്‍മിക്കുന്നതിന് ഫണ്ട് നല്‍കും. രണ്ടാം ഘട്ടമായി ഹോംസ്‌റ്റേകളും ഹോട്ടലുകളും വികസിപ്പിക്കും. ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെയും മറ്റും സഹായം തേടും.

മാര്‍ച്ച് 18 മുതല്‍ 21 വരെ ഇന്‍ടാന്‍ജിബിള്‍ ഹെറിറ്റേജിനെക്കുറിച്ച് ദേശീയ ശില്‍പശാല കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കെ കെ ടി എം കോളേജിന് സമീപമുള്ള മുസിരിസ് പൈതൃക കേന്ദ്രത്തില്‍ നടത്തുന്നുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശില്‍പശാല നടക്കുന്നത്. ഇതൊരു സ്ഥിരം ശില്‍പശാലയാക്കാന്‍ ആലോചിക്കുന്നു. പ്രമുഖരടക്കമുള്ളവര്‍ പങ്കെടുപ്പിക്കും. നാല്‍പതോളം പേപ്പറുകള്‍ ഇതില്‍ അവതരിപ്പിക്കും. മുസിരിസ് പൈതൃകം ചരിത്രപാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ട് കുട്ടികളുടെ നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 18ന് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 19, 20 തീയതികളില്‍ മുസിരിസ് പാഡില്‍ എന്ന കയാക്കിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ജെട്ടിയില്‍ നിന്ന് രാവിലെ തുടങ്ങി 40 കിലോ മീറ്റര്‍ പിന്നിട്ട് എറണാകുളം ജെട്ടിയില്‍ പിറ്റേ ദിവസം സമാപിക്കുന്നതാണ് ഈ മത്സരം. 50- 75 തുഴച്ചില്‍ക്കാര്‍ പങ്കെടുക്കും. ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയുമായി സഹകരിച്ചായിരിക്കും പരിപാടി.

മുസിരിസ് പൈതൃക പദ്ധതിക്കായി നിര്‍മിച്ച് ടൂറിസം വകുപ്പിന് കൈമാറിയ ഉരു വര്‍ഷങ്ങളായി കോഴിക്കോട് ബേപ്പൂരില്‍ മഴയും വെയിലും കൊണ്ട് വെറുതെ കിടക്കുകയാണ്. വൈകാതെ ഉരു മുസിരിസിലെത്തിക്കും. സാധ്യമായാല്‍ ഉരുവില്‍ കോട്ടപ്പുറത്തു നിന്നും എറണാകുളത്തേക്ക് യാത്രാ സൗകര്യം ഒരുക്കും. അത്യാധുനിക സജ്ജീകരണങ്ങളുള്ള കൊടുങ്ങല്ലൂരിലെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ആസ്ഥാനത്തെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററായി വളര്‍ത്തിയെടുക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞതായി പി എം നൗഷാദ് വിവരിച്ചു.

 

Comments

comments

Categories: FK Special, Slider, Trending