ക്രിപ്‌റ്റോകറന്‍സിയും യാഥാര്‍ത്ഥ്യങ്ങളും

ക്രിപ്‌റ്റോകറന്‍സിയും യാഥാര്‍ത്ഥ്യങ്ങളും

2008-09 ല്‍ ബിറ്റ്‌കോയിന്റെ വരവോടെയാണ് ക്രിപ്‌റ്റോകറന്‍സികളുടെ സുവര്‍ണ്ണകാലം ആരംഭിക്കുന്നത്. അഞ്ചാറ് വര്‍ഷം കൊണ്ട് ‘ബിറ്റ്‌കോയിന്‍ അക്‌സപ്റ്റഡ്’ എന്ന സ്റ്റിക്കറുകള്‍ ലോകരാജ്യങ്ങളില്‍ പലയിടത്തും കടകളില്‍ കാണുവാന്‍ തുടങ്ങി

ഗവണ്‍മെന്റ് എന്ന സംവിധാനത്തിന്റെ കടമകള്‍ കുറയ്ക്കുന്നതില്‍ പ്രധാന ശക്തികളിലൊന്നാവും ഇന്റര്‍നെറ്റ് എന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ഇല്ലാത്തതും എന്നാല്‍ ഉടനെ തന്നെ വികസിച്ച് വരാവുന്നതുമായ ഒരു കാര്യം വിശ്വാസയോഗ്യമായ ഒരു ഇ-കാഷ് ആണ്. ആ സംവിധാനത്തില്‍ ‘എ’ എന്നയാള്‍ ‘ബി’എന്നയാള്‍ക്ക് ഇന്റര്‍നെറ്റ് മുഖേന പണം കൈമാറുമ്പോള്‍ ‘എ’ ‘ബി’യെയോ’ബി’ ‘എ’യെയോ അറിയുന്നില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഇരുപത് ഡോളറിന്റെ നോട്ട് എടുത്ത് തരുമ്പോള്‍ അത് എവിടെ നിന്ന് വന്നു എന്നതിന് രേഖകളില്ലാത്തത് പോലെ. ഞാന്‍ ആരാണെന്ന് അറിയാതെ നിങ്ങള്‍ക്ക് അത് കിട്ടാം. തീര്‍ച്ചയായും ഇതിനൊരു ഋണാത്മകവശവുമുണ്ട്. അതായത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഇത് കൂടുതല്‍ ആയാസരഹിതമാക്കുന്നു.‘   മില്‍ട്ടണ്‍ ഫ്രീഡ്മാന്‍

സാമ്പത്തിക ശാസ്ത്രത്തിലുള്ള അതുല്യ സംഭാവനകള്‍ക്ക് 1976ലെ നൊബേല്‍ സമ്മാനജേതാവായ മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ഇത് പറഞ്ഞത് 1999ല്‍ ആണ്. അന്ന് ഇന്റര്‍നെറ്റ് ഇത്രത്തോളമൊന്നും വ്യാപകമായ ഉപയോഗത്തിലെത്തിയിട്ടുണ്ടായിരുന്നില്ല. ഫ്രീഡ്മാന് അന്ന് പ്രായം 87 വയസാണ്. ആ പ്രായത്തിലുള്ള അധികം പേര്‍ക്കൊന്നും ഇന്റര്‍നെറ്റ് എന്നൊരു സംഗതിയുണ്ട് എന്നു പോലും അന്ന് അറിയില്ലായിരുന്നു. ആ കാലഘട്ടത്തിലാണ്, ഒരു കാലത്ത് അമേരിക്കന്‍ പ്രസിഡന്റിന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ആ കുറിയ മനുഷ്യന്‍ ഇത്രയും ഫലവത്തായ ഒരു ശാസ്ത്രസാമ്പത്തിക പ്രവചനം നടത്തിയത്; 2006ല്‍ അദ്ദേഹം അന്തരിച്ചതിന് ശേഷം, 2008ലാണ് ആദ്യത്തെ വികേന്ദ്രീകൃത ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഉദയം കൊണ്ടതെങ്കിലും.

ഒരു ബാങ്കിന് പകരം ‘ബ്‌ളോക്‌ചെയിന്‍’ എന്നറിയപ്പെടുന്ന സാംഖ്യക കണക്ക് പുസ്തകത്തെ (Digital Ledger) ഇടനിലക്കാരനായി ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ ചെയ്യുക ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിപ്‌റ്റോകറന്‍സികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ഇ- കാഷ് എന്ന ആശയത്തിന് ബിറ്റ്‌കോയിന്റെ പിറവിയെക്കാളും കാല്‍നൂറ്റാണ്ട് മുന്‍പത്തെ പഴക്കമുണ്ട്. ഡേവിഡ് ലീ ച്വാം എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ 1983ല്‍ ഗോപ്യമായി ഇടപാടുകള്‍ നടത്താവുന്ന ഇലക്ട്രോണിക് കറന്‍സിയെപ്പറ്റി വിശദമായ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം വെറും 28 വയസ്സ്. ഒരു പ്രബന്ധത്തില്‍ ഒതുങ്ങിയില്ല, ഡേവിഡിന്റെ സ്വപ്‌നം. 1990 ല്‍ അദ്ദേഹം ഡിജികാഷ് എന്നൊരു കമ്പനി രൂപീകരിച്ചു. തുടര്‍ച്ചയായ പഠനഗവേഷണങ്ങള്‍ക്കൊടുവില്‍ ഡേവിഡ് മാര്‍ക്വര്‍ട്ട് എന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകന്റെ ഒരു കോടി ഡോളറിന്റെ സാമ്പത്തിക സഹായത്തോടെ 1995 ല്‍ ‘ഇ-കാഷ്’ എന്ന പേരില്‍ ഇലക്ട്രോണിക് കറന്‍സി രംഗത്തിറക്കി. സെന്റ് ലൂയിസിലെ മാര്‍ക്ക്ടൈ്വന്‍ ബാങ്ക് അവരുടെ മൈക്രോ പേയ്‌മെന്റ് പരീക്ഷണങ്ങള്‍ക്കായി ഇ- കാഷ് ഉപയോഗിക്കാന്‍ തുടങ്ങി. മാര്‍ക്ക് ടൈ്വന്‍ ബാങ്ക് അല്ലാതെ മറ്റ് അമേരിക്കന്‍ ബാങ്കുകളൊന്നും ഇതില്‍ താല്‍പര്യം കാണിച്ചില്ല എന്നതായിരുന്നു ഡേവിഡ് ലീ ച്വാമിന്റെ ദൗര്‍ഭാഗ്യം. എന്നാല്‍ വിദേശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വിസ്, ജര്‍മ്മനിയിലെ ഡ്യൂഷെ ബാങ്ക്, ഓസ്ട്രിയയുടെ ബാങ്ക് ഓസ്ട്രിയ, സ്വീഡനിലെ പോസ്റ്റാന്‍ എ ബി, നോര്‍വേയിലെ ഡെന്‍ നോര്‍സ്‌കെ, ഓസ്‌ട്രേലിയയിലെസെന്റ് ജോര്‍ജ് ബാങ്ക്, അഡ്വാന്‍സ് ബാങ്ക് അങ്ങനെ കുറേപ്പേരിലൂടെ ഇ-കാഷ് ലഭ്യമായിത്തുടങ്ങി. പക്ഷേ, മാര്‍ക്ക്ടൈ്വന്‍ ബാങ്കിനെ മെര്‍ക്കന്റൈല്‍ ബാങ്ക് ഏറ്റെടുത്തതോടെ, 1998ല്‍ ഇ-കാഷ് നിര്‍ത്തേണ്ടിവന്നു. അതിനകം വെറും 5000പേര്‍ മാത്രമാണ് ഇ-കാഷ് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നത് ഡേവിഡിനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ‘ഗോപ്യത സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എത്ര പറഞ്ഞാലും ആളുകള്‍ക്ക് മനസിലാവുന്നില്ല’ എന്നാണ് അദ്ദേഹം വിലപിച്ചത്.

തുടര്‍ന്ന് ഏകദേശം ക്രിപ്‌റ്റോകറന്‍സി രൂപത്തില്‍ അവതരിച്ച ബി മണി, ബിറ്റ് ഗോള്‍ഡ് എന്നിവയൊന്നും പ്രായോഗികമായി നടപ്പിലായില്ല. 2008-09 ല്‍ ബിറ്റ്‌കോയിന്റെ വരവോടെയാണ് ക്രിപ്‌റ്റോകറന്‍സികളുടെ സുവര്‍ണ്ണകാലം ആരംഭിക്കുന്നത്. അഞ്ചാറ് വര്‍ഷം കൊണ്ട് ‘ബിറ്റ്‌കോയിന്‍ അക്‌സപ്റ്റഡ്’ എന്ന സ്റ്റിക്കറുകള്‍ ലോകരാജ്യങ്ങളില്‍ പലയിടത്തും കടകളില്‍ കാണുവാന്‍ തുടങ്ങി. ഇന്ന് ലോകത്ത് ഒന്നര കോടി പേര്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ബിറ്റ്‌കോയിന് ക്രിപ്‌റ്റോകറന്‍സി എന്ന നിലയില്‍ കുത്തക സ്ഥാപിക്കാനായില്ല. ലൈറ്റ്‌കോയിന്‍, ഇഥേറിയം, ഇസഡ്കാഷ്, ഡാഷ്, റിപ്പിള്‍, മോണറോ എന്നീ പ്രമുഖര്‍ തുടങ്ങി 1324 ക്രിപ്‌റ്റോകറന്‍സികള്‍ (2017 നവംബര്‍ 27ലെ കണക്ക്) നിലവിലുണ്ട്. ഇഥേറിയം ബിറ്റ്‌കോയിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിപണി മൂല്യത്തില്‍ (ആകെ എണ്ണം X മൂല്യം) ഇഥേറിയം ബിറ്റ്‌കോയിന്റെ തൊട്ടുപുറകില്‍ രണ്ടാമതുണ്ട്. എന്നാല്‍ ഇവ തമ്മില്‍ നേരിട്ടുള്ള മത്സരമില്ലെന്നും രണ്ടിന്റെയും വിപണി സാന്നിധ്യം വ്യത്യസ്തമാണെന്നും കരുതുന്നവരുണ്ട്. അത് ശരിയാവാം. കാരണം ഇഥേറിയം ബ്ലോക്‌ചെയിന്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ബിറ്റ്‌കോയിന്‍ കറന്‍സി എന്ന നിലയിലുള്ള ബ്രാന്‍ഡ് ഇമേജില്‍ ആണ് ശ്രദ്ധിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ലൈറ്റ്‌കോയിന്‍ ആണ് ബിറ്റ്‌കോയിനുമായി നേരിട്ടുള്ള മത്സരം നടത്തുന്നത്.

ക്രിപ്‌റ്റോകറന്‍സികളുടെ പ്രചാരത്തില്‍ ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ക്ക് ആശങ്കയുണ്ട്. ആഭ്യന്തരമായി വിലനിലവാരവും വൈദേശികമായി വിനിമയ നിലവാരവും സ്ഥിരപ്പെടുത്തി നിര്‍ത്തുക എന്ന പ്രധാന കേന്ദ്രബാങ്ക് കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങളുടെ ഉത്തരവാദിത്തത്തിലോ നിയന്ത്രണത്തിലോ അല്ലാത്ത ഒരു വിനിമയ ഉപാധിയുടെ സാന്നിധ്യവും വ്യാപനവും ബുദ്ധിമുട്ടുണ്ടാക്കും. ജനങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ആഭ്യന്തര കറന്‍സി നിഷ്പ്രഭവും നിരര്‍ത്ഥകവുമാവും. ഇതാണ് ആ ആശങ്കയ്ക്ക് അടിസ്ഥാനം. ഇതിന് പുറമേ, ആഭ്യന്തരസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഗവണ്മെന്റുകള്‍ക്കും ഉണ്ട്. തീവ്രവാദ ഫണ്ടിങ്ങിന് നല്ല മാര്‍ഗ്ഗമാണ് കാലടിപ്പാടുകള്‍ തെളിയാത്ത ബ്ലോക്‌ചെയി
നും അതിലധിഷ്ഠിതമായ ക്രിപ്‌റ്റോകറന്‍സികളും. കൂടാതെ, ക്രിപ്‌റ്റോകറന്‍സികള്‍ ഏതെങ്കിലും ആസ്തികളുടെ പിന്‍ബലത്തിലല്ല ഇറക്കുന്നത്. ബിറ്റ്‌കോയിന്റെ യഥാര്‍ത്ഥ മൂല്യം സത്യത്തില്‍ പൂജ്യം മാത്രമാണെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ വിശകലന വിദഗ്ധന്‍ ജെയിംസ് ഫാക്കറ്റ് നിര്‍ണ്ണയിക്കുന്നത്.

പക്ഷേ, കാലത്തിന്റെ പ്രവേഗങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളുടെ ആവേഗങ്ങളെ തടുത്ത് നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഇന്റര്‍നെറ്റിന് അതിരുകളില്ല. അതുകൊണ്ടാണ്, നിയമവിധേയമാണെന്നോ നിയമവിരുദ്ധമാണെന്നോ പ്രത്യേകിച്ച് അടയാളപ്പെടുത്താത്ത ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ ബെര്‍ലിനിലെ ക്രൂസ്‌ബെര്‍ഗില്‍ ഉള്ളവര്‍ക്കൊപ്പം കേരളത്തിലെ മലനിരഗ്രാമങ്ങളില്‍ ഉള്ളവര്‍ പോലും ഭാഗ്യം പ്രതീക്ഷിക്കുന്നത്. അത് തടുത്ത് നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്ക് ആവുന്നില്ല. അങ്ങനെ വന്നപ്പോള്‍ സര്‍ക്കാരുകള്‍ വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു; തെളിച്ച വഴിക്ക് പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെളിക്കുക എന്ന പഴയ തത്വ പ്രകാരം. വികേന്ദ്രീകൃത ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പകരം സ്വന്തം രാജ്യത്തെ കേന്ദ്രീകൃത കറന്‍സിയെ ക്രിപ്‌റ്റോകറന്‍സി ആക്കുക എന്ന മാര്‍ഗം ചിലരെങ്കിലും ആലോചിച്ച് തുടങ്ങിയിരിക്കുന്നു.

സമാന്തര സമ്പദ് വ്യവസ്ഥ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്ന ഇസ്രയേല്‍ ഇത് ഉറക്കെ ചിന്തിക്കുന്നു. ഇപ്പോള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 22% നിയന്ത്രണോപാധികള്‍ക്ക് പുറത്ത് നിയമവിരുദ്ധമായി നടക്കുന്ന ഈ രാജ്യത്ത് ഇതുമൂലം പ്രതിവര്‍ഷം 37000 കോടി രൂപയ്ക്ക് സമാനമായ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിന് തടയിടാനാണ് സ്വന്തം കറന്‍സിയായ ഷെക്കല്‍ ക്രിപ്‌റ്റോകറന്‍സിയായി ഇറക്കുന്ന കാര്യം ബാങ്ക് ഓഫ് ഇസ്രയേല്‍ ആലോചിക്കുന്നത്. 2019ലെ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബിറ്റ്‌കോയിന്റെ മൂല്യവര്‍ധനവിലും ജനപ്രിയതയിലുമുള്ള വിശ്വാസമോ ആകര്‍ഷണീയതയോ അല്ല ഈ ചിന്തക്ക് പുറകില്‍; പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു ഉപാധി എന്ന നിലയിലാണ്. ഷെക്കല്‍ ക്രിപ്‌റ്റോകറന്‍സി ആകുന്നതോടെ കരിഞ്ചന്തയും കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനാവുമെന്ന് ഇസ്രയേല്‍ കരുതുന്നു. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ക്രിപ്‌റ്റോകറന്‍സി ആക്കം കൂട്ടുമെന്നും പ്രവചിക്കപ്പെടുന്നു.

ക്രിപ്‌റ്റോകറന്‍സിക്ക് നിരോധനമുള്ള ചൈനയിലും കടലാസ് നോട്ട് അപ്രസക്തമാവുകയാണ്. കഴിഞ്ഞവര്‍ഷം (2016) 3,19,25,000 കോടി രൂപയ്ക്ക് സമാനമായ തുകയുടെ ഇടപാടുകളാണ് ചൈനയില്‍ മൊബീല്‍ പേമെന്റ് ആയി നടന്നത്. 2021 ല്‍ ചൈനയിലെ ഇലക്ട്രോണിക് പേമെന്റ് 28,73,25,000 കോടി രൂപയ്ക്ക് തുല്യമാവുമെന്ന് പ്രവചിക്കപ്പെടുന്നു

ഇസ്രയേല്‍ ആലോചിക്കുന്നത് ബിറ്റ്‌കോയിന്റെ ഒരു പശ്ചിമേഷ്യന്‍ പതിപ്പല്ല. ബിറ്റ്‌കോയിന്‍ വികേന്ദ്രീകൃതമാവുമ്പോള്‍ ഡിജിറ്റല്‍ ഷെക്കല്‍ പൂര്‍ണ്ണമായും കേന്ദ്ര ബാങ്കിന്റെ നിയന്ത്രണത്തിലാവും. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാവില്ല, ഇത്; എന്നാല്‍ ക്രിപ്‌റ്റോകറന്‍സി ആവും താനും. കേന്ദ്രീകൃതമാകയാല്‍ വലിയ മൂല്യവ്യതിയാനങ്ങള്‍ക്ക് വിധേയമാവില്ല. കള്ളപ്പണ നിരോധനനിയമങ്ങള്‍ ബാധകമാക്കുന്നതിനാല്‍ നിക്ഷേപ സുരക്ഷയും പുതിയ ഡിജിറ്റല്‍ നാണ്യം ഉറപ്പ് വരുത്തും.

ഇസ്രയേല്‍ ചിന്തിക്കുന്നതു പോലെയാണ് സ്വീഡനും ചിന്തിക്കുന്നത്. 2023 ആകുമ്പോഴേക്കും കടലാസ് നോട്ടുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സ്വീഡന്‍; സ്വീഡിഷ് ക്രോണ ഡിജിറ്റല്‍ രൂപത്തിലാവും പ്രചാരത്തില്‍ ഉണ്ടാവുക. 97% കടക്കാരും പണം സ്വീകരിക്കാന്‍ സന്നദ്ധമാണെങ്കിലും യഥാര്‍ത്ഥത്തില്‍ 18% ഇടപാടുകള്‍ മാത്രമേ ഇപ്പോള്‍ പണമായി നടക്കുന്നുള്ളൂ. ആയതിനാല്‍ സ്വീഡന് ഈ മാറ്റം എളുപ്പമായിരിക്കും.

ക്രിപ്‌റ്റോകറന്‍സിക്ക് നിരോധനമുള്ള ചൈനയിലും കടലാസ് നോട്ട് അപ്രസക്തമാവുകയാണ്. കഴിഞ്ഞവര്‍ഷം (2016) 3,19,25,000 കോടി രൂപയ്ക്ക് സമാനമായ തുകയുടെ ഇടപാടുകളാണ് ചൈനയില്‍ മൊബീല്‍ പേമെന്റ് ആയി നടന്നത്. 2021 ല്‍ ചൈനയിലെ ഇലക്ട്രോണിക് പേമെന്റ് 28,73,25,000 കോടി രൂപയ്ക്ക് തുല്യമാവുമെന്ന് പ്രവചിക്കപ്പെടുന്നു. അതോടെ ചൈനീസ് യുവാന്‍ നോട്ടിന് ആവശ്യക്കാരുണ്ടാവില്ല. പകരം ക്രിപ്‌റ്റോകറന്‍സികള്‍ വേണ്ടിവരും. ബിറ്റ്‌കോയിനെ പോലുള്ളവ യുവാന്റെ സ്ഥാനത്ത് കയറിയിരിക്കാതിരിക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന് യുവാന്‍ ഡിജിറ്റല്‍ ആക്കേണ്ടി വന്നേക്കും.

ഒക്‌റ്റോബര്‍ ആദ്യം റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ ഒന്നാം ഡെപ്യൂട്ടി ഗവര്‍ണര്‍ സെര്‍ജിഷ്വെറ്റ്‌സോവ് പറഞ്ഞത് ക്രിപ്‌റ്റോകറന്‍സികളെ സംശയാസ്പദമായി വീക്ഷിക്കണമെന്നും രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികളുടെ വിനിമയം സാധ്യമാക്കുന്ന പുറത്തുനിന്നുള്ള വെബ്‌സൈറ്റുകളുടെ പ്രവേശനം തടയണമെന്നും ആണ്. എന്നാല്‍ ആശ്ചര്യമെന്ന് പറയട്ടെ, പിറ്റേ ദിവസം പ്രധാന ബാങ്കുകളുടെ യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞത് കടകവിരുദ്ധമായിട്ടായിരുന്നു. ക്രി
പ്‌റ്റോകറന്‍സികളോട് തുറന്ന സമീപനമാണ് വേണ്ടതെന്നും അവയുടെ വഴിയില്‍ അനാവശ്യമായ തടസ്സങ്ങള്‍ ആരും ഉണ്ടാക്കരുതെന്നുമാണ് പുടിന്‍ ബാങ്കുകളോട് പറഞ്ഞത്. ‘ആധുനിക സാങ്കേതിക വിദ്യയുടെ ബാങ്കിംഗ് രംഗത്തെ ഉപയോഗം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിരവധി പുതിയ സാധ്യതകള്‍ തുറക്കുന്നു. ഇവ കച്ചവടവും ദൈനംദിന ജീവിതവും കൂടുതല്‍ എളുപ്പമാക്കുന്നു’ എന്ന് പറഞ്ഞ പുടിന്‍ ക്രിപ്‌റ്റോകറന്‍സികളിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് അവയെയും പ്രതിരോധിക്കേണ്ടതുണ്ട് എന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഷ്യ റൂബിള്‍ ക്രിപ്‌റ്റോകറന്‍സി ആക്കുമോ, മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രവേശനം അനുവദിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

ബ്രിട്ടന്‍ ക്രിപ്‌റ്റോകറന്‍സികളെ പ്രോത്സാഹിപ്പിക്കുന്നില്ല. അവയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണ്ണര്‍ മാര്‍ക്ക് കാര്‍ണി തുറന്നടിക്കുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പൊതുവില്‍ ക്രിപ്‌റ്റോകറന്‍സികളെപ്പറ്റി അധികം ചിന്തിക്കുന്നതായി അറിവില്ല.

ഇസ്രയേലിന്റെ ഭൂമിശാസ്ത്രമല്ല ഇന്ത്യയുടേത്. ഇന്ത്യയുടെ വിസ്തീര്‍ണത്തില്‍ 1.18% മാത്രം വരുന്ന കേരളത്തിന്റെ പകുതി മാത്രമുള്ള ഇസ്രയേലിന് പൂര്‍ണ്ണമായും ഡിജിറ്റല്‍ കറന്‍സി ആക്കാന്‍ വിഷമം വരില്ല. ലോകത്തിലേറ്റവുമധികം നിരക്ഷരരുള്ള ഭാരതത്തില്‍ (22%) ഇത് വലിയ വെല്ലുവിളിയാവും. എല്ലാവരുടെ വീട്ടിലും ഓരോ കക്കൂസും എല്ലാവരുടെ വിരല്‍ത്തുമ്പിലും അക്ഷരവും എത്തിക്കുക എന്നതാവണം നമ്മുടെ പ്രഥമ പരിഗണന.

(മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ,ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Comments

comments